ഹിന്‍ഡന്‍ബര്‍ഗില്‍ തുടര്‍നടപടി എന്ത്? മാധബി ബുച്ചിനെ മാറ്റുമോ, സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുമോ?

ഓഹരി വിപണി നിയന്ത്രണ സ്ഥാപനമായ 'സെബി'യെ നയിക്കുന്ന മാധബി പുരി ബുച്ചിനും ഭര്‍ത്താവിനുമെതിരെ ഹിന്‍ഡന്‍ബര്‍ഗ് നടത്തിയ ഗുരുതരമായ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഇനിയുള്ള തുടര്‍നടപടി എന്താണ്? സെബി അധ്യക്ഷ സ്ഥാനം മാധവി ബുച്ച് രാജിവെക്കുമോ? ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്മേല്‍ അധികൃതര്‍ നടത്തേണ്ട അന്വേഷണം തീരുന്നതു വരെ ചുമതലയില്‍ നിന്ന് മാറിനില്‍ക്കുമോ? പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്ന സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം, സുപ്രീംകോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം എന്നിവക്ക് സര്‍ക്കാര്‍ തയാറാവുമോ? എല്ലാ കണ്ണുകളും മാധബി ബുച്ചിന്റെ അടുത്ത നീക്കത്തില്‍ കേന്ദ്രീകരിച്ചു നില്‍ക്കുന്നതിനിടയില്‍, സമ്മിശ്ര പ്രതികരണങ്ങളാണ് ഈ വിഷയങ്ങളില്‍ ഉയര്‍ന്നു വരുന്നത്.
സ്വതന്ത്ര പ്രവര്‍ത്തനാധികാരമുള്ള ഒരു സ്ഥാപനത്തിന്റെ മേധാവിക്കു നേരെ സംശയത്തിന്റെയും ക്രമക്കേടിന്റെയും ചൂണ്ടുവിരല്‍ നീണ്ടാല്‍, ആ പദവിയില്‍ ഇരിക്കുന്നയാള്‍ മാറി നിന്നുകൊണ്ട് സ്ഥാപന വിശ്വാസ്യത സംരക്ഷിക്കാന്‍ ശ്രമിക്കുന്നതാണ് സ്വാഭാവിക കീഴ്‌വഴക്കം. എന്നാല്‍ തന്റെയോ ഭര്‍ത്താവിന്റെയോ ഭാഗത്ത് തെറ്റില്ലെന്ന് ന്യായീകരിച്ചു പിടിച്ചു നില്‍ക്കാനുള്ള എല്ലാ ശ്രമവുമാണ് മാധവി ബുച്ച് ചെയ്തുവരുന്നത്. അതിനായി അവരും സെബിയും പുറത്തിറക്കിയ പ്രസ്താവന സംശയങ്ങള്‍ നീക്കിയില്ല. എന്നു മാത്രമല്ല, ഹിന്‍ഡന്‍ബര്‍ഗ് പുതിയ ചോദ്യങ്ങളുമായി രംഗത്തു വന്നിരിക്കുകയുമാണ്. മാധബിയുടെ വിശദീകരണം, തങ്ങളുടെ റിപ്പോര്‍ട്ട് ഒന്നുകൂടി സാധൂകരിക്കുന്നതാണെന്നും ഹിന്‍ഡന്‍ബര്‍ഗ് വിശദീകരിക്കുന്നു.
സര്‍ക്കാറിനു മുന്നിലെ തടസങ്ങള്‍
ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ ഓഹരി വിപണിയുടെ വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് എന്തു നടപടി ഉണ്ടാകുമെന്ന ഉദ്വേഗം വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. അധ്യക്ഷ സ്ഥാനത്തു നിന്ന് തല്‍ക്കാലം മാറിനില്‍ക്കാന്‍ വാക്കാല്‍ സര്‍ക്കാര്‍ ഉപദേശിക്കുമോ? അദാനി ഗ്രൂപ്പിന് ബന്ധമുള്ള വിദേശ ഫണ്ടില്‍ നിക്ഷേപം വർഷങ്ങള്‍ക്കു മുമ്പ് നടത്തിയ നിക്ഷേപത്തിന്റെ പേരില്‍ അത്തരമൊരു നടപടിക്ക് രാഷ്ട്രീയ-ബിസിനസ് താല്‍പര്യങ്ങള്‍ കൂടി സര്‍ക്കാറിനു തടസമായേക്കും. ആഗോള ഫണ്ടില്‍ നിക്ഷേപിക്കാന്‍ സ്വകാര്യ വ്യക്തിക്ക് അവകാശമുണ്ടെന്ന ന്യായീകരണങ്ങളാണ് ധനമന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്നത്.
ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ റിപ്പോര്‍ട്ട് രണ്ട് നിര്‍ണായക ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്: സെബിയില്‍ എത്തുന്നതിനു മുമ്പോ ശേഷമോ വിദേശ നിക്ഷേപം, അദാനി ഗ്രൂപ്പിന് ബന്ധമുള്ള വിദേശ ഫണ്ടില്‍ തങ്ങള്‍ക്കുള്ള നിക്ഷേപം എന്നിവയെക്കുറിച്ച് മാധബി ബുച്ച് സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ടോ? ഭര്‍ത്താവിനും തനിക്കും പ്രത്യക്ഷ/പരോക്ഷ ബന്ധമുള്ള നിയന്ത്രണ സ്ഥാപനത്തിന്റെ തലപ്പത്തു നിന്ന് അന്വേഷണ കാലത്ത് ഒഴിഞ്ഞു നില്‍ക്കാന്‍ മാധബി ബുച്ച് സന്നദ്ധമാണോ? ഈ രണ്ടു ചോദ്യങ്ങളും സെബിയുടെ പ്രവര്‍ത്തന സുതാര്യത, ഓഹരി വിപണിയുടെ വിശ്വാസ്യത എന്നിവ നിലനിര്‍ത്തുന്നതില്‍ ഏറെ പ്രധാനവുമാണ്.
മാധബി ബുച്ച് അദാനി ഗ്രൂപ്പിനായി വിട്ടുവീഴ്ച ചെയ്‌തോ?
സുപ്രീംകോടതിയുടെ കൂടി നിര്‍ദേശത്തിന് അനുസൃതമായി അദാനിക്കെതിരായ പരാതികള്‍ അന്വേഷിക്കുന്ന സ്ഥാപനത്തിന്റെ അധ്യക്ഷയായി മാധബി ബുച്ച് തുടരുന്നത് അനുചിതമാണെന്ന് ഇതിനകം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തിയ മറുനാടന്‍ ഫണ്ടില്‍ തന്നെ ബുച്ച്‌ ദമ്പതികള്‍ക്ക് നിക്ഷേപമുള്ളത് തള്ളിക്കളയാവുന്ന വിഷയമല്ലെന്ന് മുന്‍പ് സെബിയുടെ തലപ്പത്തിരുന്നവര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം, സ്വതന്ത്ര സ്ഥാപനമായ സെബിയുടെ പ്രവര്‍ത്തനത്തില്‍ ഇടപെടുന്നതിന് സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയുടെ കാര്യത്തിലെന്ന പോലെ, കേന്ദ്ര വിജിലന്‍സ് കമീഷന്‍ പോലുള്ള ഉന്നത സ്ഥാപനങ്ങള്‍ക്ക് വലിയ പരിമിതികളുണ്ട്.
മാധവി ബുച്ച് അധ്യക്ഷയായ സെബി അദാനി ഗ്രൂപ്പിനെക്കുറിക്കുറിച്ചുള്ള അന്വേഷണത്തില്‍ നടത്തിയ 'വിട്ടുവീഴ്ച'കളെക്കുറിച്ച് സി.ബി.ഐയുടെയോ പ്രത്യേകാന്വേഷണ സംഘത്തിന്റെയോ വിശദാന്വേഷണത്തിന് സുപ്രീംകോടതി വിടണമെന്നാണ് കോണ്‍ഗ്രസ് തിങ്കളാഴ്ച ആവശ്യപ്പെട്ടത്. സെബി അന്വേഷിക്കുന്ന വിഷയത്തേക്കാള്‍ വിപുലമാണ് അദാനി മെഗാ കുംഭകോണമെന്ന് പാര്‍ട്ടി വക്താവ് ജയ്‌റാം രമേശ് ആരോപിച്ചു. അദാനി ഗ്രൂപ്പിന് വിവിധ മേഖലകളില്‍ കുത്തക നല്‍കുന്ന മോദി സര്‍ക്കാറിനു കീഴില്‍ സെബിയുടെ പ്രവര്‍ത്തനം സുതാര്യമല്ലെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.
Sureshkumar A.S.
Sureshkumar A.S. - Associate Editor - DhanamOnline  
Related Articles
Next Story
Videos
Share it