തെരഞ്ഞെടുപ്പു ഫലം പുറത്ത്; അവസാന ചിരി കോൺഗ്രസിന്റെയോ, സി.പി.എമ്മിന്റെയോ, ബി.ജെ.പിയുടെയോ?

തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ ചിരിക്കാവുന്നത് ആർക്കൊക്കെയാണ്? വയനാട്ടിൽ രാഹുൽ ഗാന്ധിയേയും കടത്തിവെട്ടി ​പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം നാലു ലക്ഷം കടന്നതിന്റെ അഭിമാനം കേരളത്തിൽ മാത്രമല്ല ദേശീയ തലത്തിലും കോൺഗ്രസിന് പറയാം. കടുത്ത ഭരണവിരുദ്ധ വികാരത്തിനിടയിലും ചേലക്കര നിയമസഭ സീറ്റ് മെച്ചപ്പെട്ട ഭൂരിപക്ഷത്തോടെ നിലനിർത്താൻ കഴിഞ്ഞതിൽ സി.പി.എമ്മിനും ഇടതു മുന്നണിക്കും സമാശ്വസിക്കാം. കേരളത്തിലെ കഥ മോശമാണെങ്കിലും, വാണിജ്യ തലസ്ഥാനവും പ്രമുഖ സംസ്ഥാനവുമായ മഹാരാഷ്ട്രയിൽ അമ്പരപ്പിക്കുന്ന മുന്നേറ്റം നടത്താൻ കഴിഞ്ഞത് ബി.ജെ.പിക്കും സഖ്യകക്ഷികൾക്കും കിട്ടിയ വൻനേട്ടമാണ്. പ്രതിസന്ധികൾ മറികടന്ന് ജാർഖണ്ഡിൽ ഭരണം പിടിച്ച് മുഖം രക്ഷിച്ചതിന് ഇന്ത്യ സഖ്യത്തിലെ ഓരോ കക്ഷിയും ജെ.എം.എം നേതാവും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനോട് കടപ്പെട്ടിരിക്കുന്നു. എല്ലാറ്റിനുമിടയിൽ അവസാനത്തെ ചിരി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബി.ജെ.പിയുടേതുമായിരിക്കും.

എന്താണ് കാരണം?

മഹാരാഷ്ട്രയിൽ ബി.ജെ.പിയും സഖ്യകക്ഷികളും ചേർന്ന് നടത്തിയത് അസംഭവ്യമെന്ന് കരുതിയ മുന്നേറ്റമാണ്. താഴെത്തട്ടിൽ ശക്തിയുണ്ടെന്ന് കരുതിപ്പോന്ന ഉദ്ധവ് താക്കറെയുടെ ശിവസേനയും കരുത്തനായ ശരത് പവാറിന്റെ എൻ.സി.പിയും ലോക്സഭ തെരഞ്ഞെടുപ്പിലൂടെ ഉയിർപ്പിന്റെ ലക്ഷണം കാണിച്ച കോൺഗ്രസുമാണ് മറാത്തയുടെ മണ്ണിൽ മൂക്കുകുത്തി വീണത്. ദുർബലനെന്നു കരുതിയ ഏകനാഥ് ഷിൻഡെയേയും പവാറിന്റെ നിഴൽപറ്റി ജീവിച്ചു പോന്ന അജിത് പവാറിനെയും കൂട്ടുപിടിച്ച് അട്ടിമറി നടത്തി ഭരണം പിടിക്കുകയും നിലനിർത്തുകയും ചെ​യ്തെങ്കിലും, നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടത്. എന്നാൽ ഫലം വന്നപ്പോൾ ബി.ജെ.പി ഒന്നാം കക്ഷിയെന്ന നിലയിൽ ബഹുദൂരം മുന്നിൽ. മുഖ്യമന്ത്രി കസേര വിട്ടുകൊടുക്കാൻ ഏകനാഥ് ഷിൻഡെ ബാധ്യസ്ഥൻ. വോട്ടുയന്ത്ര തിരിമറി അടക്കം പതിവ് ആരോപണങ്ങൾ ഒരിക്കൽക്കൂടി ഉന്നയിക്കാമെന്നല്ലാതെ, ഇന്ത്യ സഖ്യത്തിലെ കക്ഷികൾ ഏറ്റുവാങ്ങുന്നത് കനത്ത തിരിച്ചടി എന്ന യാഥാർഥ്യം തന്നെ.

സോറന് അഭിമാനിക്കാം, കോൺഗ്രസിനോ?

ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത തിരിച്ചടിയിൽ നിന്ന് ഉയിർത്തെഴുന്നേൽക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങൾ മാസങ്ങൾക്കകം ഫലം കാണുന്നതാണ് ഹരിയാനക്കു പിന്നാലെ മഹാരാഷ്ട്രയിലും ദൃശ്യമാകുന്നത്. ഒറ്റക്ക് കേവല ഭൂരിപക്ഷം കിട്ടാതെ വന്നപ്പോൾ ബി.ജെ.പിയുടെ അജയ്യത തകർക്കാൻ പറ്റുമെന്ന പ്രതിപക്ഷ ബോധത്തിന് കരുത്തു കൂടിയിരുന്നു. എന്നാൽ പല വിധ കാരണങ്ങളാൽ ബി.ജെ.പിക്ക് സംഭവിച്ച ക്ഷീണം യഥാർഥത്തിൽ തങ്ങളുടെ തനതായ കരുത്താണെന്ന് തെറ്റിദ്ധരിക്കാമോ എന്ന ചോദ്യമാണ് ഈ സന്ദർഭത്തിൽ പ്രധാന പ്രതിപക്ഷമായ കോൺഗ്രസിനെയും മറ്റും വേട്ടയാടുന്നത്. ജാർഖണ്ഡിൽ ജാർഖണ്ഡ് മുക്തിമോർച്ചക്കുള്ള തനത് വോട്ടുകളുടെ ശക്തിയാണ് ഹേമന്ത് സോറന്റെ വിജയം. കോൺഗ്രസോ മറ്റു സഖ്യകക്ഷികളോ പ്രതീക്ഷിച്ച സംഭാവന ചെയ്തിട്ടില്ലെന്ന് സീറ്റുനില വ്യക്തമാക്കുന്നു.

ചേലക്കര കാട്ടി സി.പി.എമ്മിന് അർമാദിക്കാമോ?

രണ്ടു സഖ്യകക്ഷികളെ താങ്ങിനിൽക്കുന്ന കേന്ദ്രഭരണമെന്ന വാടിയ പ്രതിഛായ മാറ്റാൻ ബി.ജെ.പിക്ക് കിട്ടിയ വലിയ ഊർജമാണ് മഹാരാഷ്ട്ര ഫലം. ബി.ജെ.പിയെ തകർത്തെറിയാൻ ശക്തി​ കൈവരിച്ചു വരുന്നുവെന്ന മിഥ്യാധാരണ തിരുത്താൻ കോൺഗ്രസ് പ്രേരിതമാകുന്ന സന്ദർഭം കൂടിയാണ് പുതിയ തെരഞ്ഞെടുപ്പു ഫലങ്ങൾ. അതേസമയം, കേരളത്തിലേക്കു വന്നാൽ ചേലക്കര കൊണ്ട് അർമാദിക്കാൻ സി.പി.എമ്മിന് കഴിയുമോ? പി.വി അൻവറിനോടും കോൺഗ്രസിനോടും ഒരുപോലെ പറഞ്ഞു നിൽക്കാൻ പറ്റുമെങ്കിലും, ഭരണവിരുദ്ധ വികാരം മുഴുവനായി ചേലക്കരയിൽ പ്രതിഫലിച്ചുവെന്ന് പറയാനാവില്ല. കുറഞ്ഞു പോയ പോളിംഗ് ശതമാനം ഏതു കക്ഷിയോടുള്ള വിരക്തിയാണെന്ന് വായിച്ചെടുക്കാൻ സി.പി.എമ്മിനും മറ്റു പാർട്ടികൾക്കും ഇനിയും സമയയുണ്ട്. തദ്ദേശ സ്ഥാപന, നിയമസഭ തെരഞ്ഞെടുപ്പാരവങ്ങളിലേക്ക് കടക്കാനിരിക്കേ, പ്രത്യേകിച്ചും.
Sureshkumar A.S.
Sureshkumar A.S. - Associate Editor - DhanamOnline  
Related Articles
Next Story
Videos
Share it