ഈസ്റ്റ് ഇന്ത്യ കമ്പനി; ഇന്ത്യയുടെ സമ്പത്ത് തട്ടിയെടുത്തിട്ടും കടംകയറിയ സ്ഥാപനം

നമ്മള്‍ പൊതുവെ പറയാറുണ്ട് ബ്രിട്ടീഷുകാര്‍ ഇന്ത്യ കീഴടക്കി എന്നൊക്കെ. എന്നാല്‍ ഇന്ത്യയെ കീഴടക്കിയതും ഇവിടെ ഭരണം തുടങ്ങിയതുമൊക്കെ ബ്രിട്ടീഷ് ഭരണകൂടം ആയിരുന്നോ എന്ന് ചോദിച്ചാല്‍ ഉത്തരം അല്ല എന്നാണ്. ഇവിടെയാണ് ഇംഗ്ലീഷ്/ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി എന്ന പേര് കടന്നുവരുന്നത്. ഈസ്റ്റ് ഇന്‍ഡീസ് എന്നറിയപ്പെട്ടിരുന്ന ഇന്ത്യന്‍ ഉപഭുഖന്ധം സുഗന്ധ വ്യഞ്ജനങ്ങള്‍ക്കും കോട്ടനും മറ്റ് അപൂര്‍വ ആഡംബരം വസ്തുക്കള്‍ക്കുമൊക്കെ പ്രശസ്തമായിരുന്നു. അന്ന് ഇന്ത്യന്‍ മേഖലയില്‍ നിന്നുള്ള കച്ചവടത്തിന്റെ കുത്തക സ്‌പെയിനും പോര്‍ച്ചുഗീസുമാണ് കയ്യടക്കിയിരുന്നത്. 1588ല്‍ ബ്രിട്ടണ്‍ പിടിച്ചടക്കാനുള്ള സ്പെയിന്റെ ശ്രമം പരാജയപ്പെടുന്നിടത്താണ് പുതിയ സാധ്യതകള്‍ തേടി ഇംഗ്ലീഷുകാര്‍ ഏഷ്യയിലേക്ക് എത്തുന്നത്.

1600ല്‍ ആണ് ഒരുകൂട്ടം ബിസിനസുകാര്‍ ഏഷ്യന്‍ പ്രദേശങ്ങളില്‍ കച്ചവടം ചെയ്യാന്‍ അനുമതി തേടി എലിസമ്പത്ത് രാജ്ഞിയുടെ അടുക്കല്‍ ചെല്ലുന്നത്. Governor and Company of Merchants of London Trading into the East-Indies എന്നറിയപ്പെട്ട ഈ കോര്‍പറേഷന് 1600 ഡിസംബര്‍ 31ന് ആണ് രാഞ്ജി അനുമതി നല്‍കുന്നത്. ഈ കോര്‍പറേഷന്‍ ആണ് ഈസ്റ്റ് ഇന്ത്യ കമ്പനിയായി മാറിയത്. 15 കൊല്ലത്തേക്ക് കേപ്പ് ഓഫ് ഗുഡ് ഹോപ്പിന് അപ്പുറമുള്ള എല്ലാ രാജ്യങ്ങളുമായും കച്ചവടം ചെയ്യാനുള്ള കുത്തകാവകാശം അങ്ങനെ കമ്പനിക്ക് ലഭിച്ചു. സൗത്ത് ആഫ്രിക്കന്‍ തീരത്തുന്നിന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കുള്ള പ്രവേശന കവാടമായിരുന്നു കേപ്പ് ഓഫ് ഗുഡ് ഹോപ്പ്.

കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍

1600ല്‍ പ്രവര്‍ത്തനം തുടങ്ങിയ കമ്പനിയുടെ പ്രതിനിധി ഇന്ത്യയിലെത്തുന്നത് 1608ല്‍ ആണ്. ഡൊമനിക് ലാപ്പിയറും ലാറി കോളിന്‍സും ചേര്‍ന്ന് എഴുതിയ ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്ന പുസ്തകത്തില്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രൂപീകരണവും, ഹെക്റ്റര്‍ എന്ന പടക്കപ്പലില്‍ കമ്പനിയുടെ പ്രതിനിധിയായ വില്യം ഹോക്കിന്‍സ് സൂറത്തില്‍ എത്തിയതും..അന്നത്തെ മുഗള്‍ ചക്രവര്‍ത്തി ആയിരുന്ന ജഹാംഗീറിനെ കാണുന്നതും ഒക്കെ അതിശയോക്തി കലര്‍ന്ന രീതിയില്‍ വിശദീകരിക്കുന്നുണ്ട്. തന്റെ രാജധാനിയിലെത്തിയ ആദ്യത്തെ ഇംഗ്ലീഷുകാരനെ ജഹാംഗീര്‍ സ്വീകരിച്ചത്, ഈസ്റ്റ് ഇന്ത്യ ട്രേഡിങ് കമ്പനിയുടെ 125 ഓഹരിയുടമകളെയും അമ്പരിപ്പിക്കാവുന്ന വിധത്തിലായിരുന്നു എന്നാണ് പുസ്തകത്തില്‍ പറയുന്നത്.

കമ്പനി ഇന്ത്യയില്‍ ഒരു ട്രേഡ് പോസ്റ്റ് സ്ഥാപിക്കുന്നത് 1613ല്‍ സൂറത്തില്‍ തന്നെയാണ്. ഇന്ത്യയുമായി വ്യാപാരബന്ധം സ്ഥാപിക്കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമായിരുന്നില്ല ബ്രിട്ടണ്‍. മുഗള്‍ രാജാക്കന്മാര്‍ ഇന്ത്യ ഭരിക്കും മുന്‍പേ, 1498ല്‍ പോര്‍ച്ചുഗീസുകാരനായ വാസ്‌കോഡി ഗാമ ഇന്ത്യയില്‍ എത്തിയിരുന്നു. ഡച്ചുകാര്‍ എത്തുന്നത് 1595ല്‍ ആണ്. വ്യാപാരത്തിനായി എത്തിയ സ്വകാര്യ കമ്പനി ഇന്ത്യയിലെ രാഷ്ട്രീയ ശക്തിയായി പരിണമിച്ച ആ ഒരു രീതിയാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ചരിത്രം ആകര്‍ഷകമാക്കുന്നത്. കമ്പനിയുടെ ഇന്ത്യയിലെ വളര്‍ച്ച കണ്ണടച്ചു തുറക്കും മുന്‍പ് ഉണ്ടായ ഒന്നല്ല. 100ല്‍ അധികം വര്‍ഷങ്ങള്‍ മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഒരു നൂറ്റാണ്ടിനും മുകളില്‍ എടുത്താണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയില്‍ ആധിപത്യം നേടിയത്.

ഇന്ത്യയില്‍ നിന്നുള്ള സാധനങ്ങള്‍ യുറോപ്യന്‍ വിപണിയില്‍ വിറ്റ് നേട്ടമുണ്ടാക്കുക എന്നത് മാത്രമായിരുന്നു കമ്പനിയുടെ ലക്ഷ്യം. ഈ കച്ചവടത്തില്‍ കമ്പനിയോട് മത്സരിക്കാന്‍ പോര്‍ച്ചുഗീസ്, ഡച്ച്, ഡാനിഷ്, ഫ്രഞ്ച് കച്ചവടക്കാരും ഉണ്ടായിരുന്നു. ഇത് ഈ യൂറോപ്യന്‍ ശക്തികള്‍ തമ്മിലുള്ള മത്സരത്തിലേക്കും പോരാട്ടത്തിലേക്കും നയിച്ചു. ഈ ആക്രമണങ്ങളെ തുടര്‍ന്നാണ് യൂറോപ്യന്മാരെല്ലാം ഇന്ത്യയില്‍ കോട്ടകള്‍ പണിയാനും കൂടുതല്‍ പരിഗണനകള്‍ക്കായി പ്രാദേശിക ഭരണകര്‍ത്താക്കളുമായി ബന്ധം സ്ഥാപിക്കാനും സൈന്യത്തെ നിലനിര്‍ത്താനും ഒക്കെ തുടങ്ങിയത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് പിന്നാലെ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി, ഡാനിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി, പോര്‍ച്ചുഗീസ് ഈസ്റ്റ് ഇന്ത്യ കമ്പനി,ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി തുടങ്ങിയവയൊക്കെ രൂപം കൊള്ളുന്നുണ്ട്.

1651ല്‍ ഈസ്റ്റ് ഇന്ത്യ കമ്പനി ബംഗാളിലെ ഹൂഗ്ലിനദീ തീരത്ത് ഒരു ഫാക്ടറി പണിതു. വെയര്‍ ഹൗസും കമ്പനി ഓഫീഷ്യല്‍സും വ്യാപാരികളുമൊക്കെയായി ഇന്ത്യയിലെ ആദ്യ ബ്രിട്ടീഷ് സെറ്റില്‍മെന്റ് അവിടെ സ്ഥാപിക്കപ്പെടുകയായിരുന്നു. ഔറംഗസീബില്‍ നിന്ന് കൊല്‍ക്കത്ത ഉള്‍പ്പടെയുള്ള മൂന്ന് ഗ്രാമങ്ങളിലെ സെമിന്ദാരി അവകാശവും നികുതി ഇളവുകളും കമ്പനി നേടി. 1700കളില്‍ ബ്രിട്ടീഷ് യുവാക്കളുടെ സ്വപ്ന ഭൂമിയായി ഇന്ത്യ മാറുകയായിരുന്നു. കമ്പനിയുടെ ജീവനക്കാരായി ഇന്ത്യയിലെത്തിയ നല്ലൊരു വിഭാഗം ആളുകളും അഴിമതിയിലൂടെയും സ്വകാര്യ കച്ചവടങ്ങളിലൂടെയും വലിയ സമ്പത്തുമായാണ് ബ്രിട്ടണില്‍ തിരിച്ചെത്തിയത്.

1757ലെ പ്ലാസി യുദ്ധം 1764ലെ ബക്‌സാര്‍ യുദ്ധം എന്നിവയിലൂടെ ബംഗാളിലെ ഭരണം കമ്പനിയുടെ കൈകളില്‍ എത്തുന്നതോടെ ആണ് ഇന്ത്യയില്‍ ബ്രിട്ടീഷ് അതിപത്യം തുടങ്ങുന്നത്. ബാക്സാറില്‍ തോറ്റ മുഗള്‍ ഭരണാധികാരിയായിരുന്ന ഷാ ആലം രണ്ടാമന്‍ ബംഗാള്‍ ബീഹാര്‍ ഒഡീഷ മേഖലയില്‍ നിന്ന് നികുതി പിരിക്കാനുള്ള അവകാശവും കമ്പനിക് നല്‍കി. അങ്ങനെ ഏകദേശം ഒന്നര നൂറ്റാണ്ടുകൊണ്ട് ബ്രിട്ടീഷ് ഈസ്റ്റ് കമ്പനി സ്വയം പര്യാപ്തമായി മാറി. അതുവരെ ഇംഗ്ലണ്ടിലെ പണം ഉപയോഗിച്ച് ഇന്ത്യയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി കച്ചവടം ചെയ്തിരുന്ന കമ്പനി ഇന്ത്യക്കാരുടെ നികുതി പണം ഉപയോഗിച്ച് തന്നെ ഇവിടെ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ കച്ചവടം തുടങ്ങി. ഈയൊരു സമയത്താണ് ഇന്ത്യന്‍ സമ്പത്ത് ബ്രിട്ടണിലേക്ക് ഒഴുകാന്‍ തുടങ്ങുന്നതും. ഇന്ത്യയിലെത്തി പണമുണ്ടാക്കിയ ഇംഗ്ലീഷുകാരൊക്കെ അവരുടെ നാട്ടില്‍ നൊബോബ്‌സ് അഥവാ നവാബുമാര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.

കമ്പനിയുടെ തകര്‍ച്ച യാഥാര്‍ത്ഥ കോളനിവല്‍ക്കരണവും

ഈസ്റ്റ് ഇന്ത്യ കമ്പനിയെ നിയന്ത്രിച്ചിരുന്നത് ലണ്ടനിലെ ഈസ്റ്റ് ഇന്ത്യ ഹൗസ് ആണ്. ഓഹരി ഉടമകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 24 പേരടങ്ങിയ കോര്‍ട്ട് ഓഫ് ഡയറക്ടേഴ്‌സ് ആണ് കമ്പനി ഭരിച്ചിരുന്നത്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഓഹരി ഉടമകളില്‍ പലരും പാര്‍ലമെന്റ് അംഗങ്ങളും പ്രഭുക്കന്മാരും ആയിരുന്നു. കമ്പനിയുടെ നേട്ടത്തിനായി ശക്തമായ സ്വാധീമാണ് ഇവര്‍ ബ്രിട്ടീഷ് സര്‍ക്കാരില്‍ ചെലുത്തിയിരുന്നത്. അങ്ങനെയാണ് സ്വന്തമായി കറന്‍സി പുറത്തിറക്കാനും ബ്രിട്ടന്റെ പിന്തുണയോടെ സ്വകാര്യ സൈന്യത്തെ നിലനിര്‍ത്താനും ഒക്കെ കമ്പനിക് കഴിഞ്ഞത്. പ്രധാപകാലത്ത് രണ്ടര ലക്ഷത്തിന് മുകളില്‍ അംഗങ്ങള്‍ ഉള്ള സൈന്യവും ബ്രിട്ടീഷ് വ്യാപരത്തിന്റെ പകുതിയും ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് സ്വന്തമായിരുന്നു.

ഫ്രഞ്ച് റെവല്യൂഷനെ തുടര്‍ന്നുണ്ടായ സാമുഹിക മാറ്റങ്ങളും ബംഗാളിലെ ഗവര്‍ണര്‍ ജനറല്‍ ആയിരുന്ന വാറന്‍ഹേസ്റ്റിംഗ്‌സ് ഉള്‍പ്പടെയുള്ളവര്‍ നടത്തിയ അഴിമതികളും ഒക്കെ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയമായി ചോദ്യം ചെയ്യപ്പെടുന്നതിലേക്ക് നയിച്ചു. 1770കളില്‍ ബംഗാളില്‍ ഉണ്ടായ ക്ഷാമവും അഴിമതിയും യുദ്ധച്ചിലവുകളും കമ്പനിയെ കടത്തിലാക്കി. ഒടുവില്‍ പണത്തിനായി കമ്പനിക് ബ്രിട്ടീഷ് പാര്‍ലമെന്റിനെ സമീപിക്കേണ്ടി വന്നു. ഈ അവസരം പ്രേയോജനപ്പെടുത്തിയ ബ്രിട്ടീഷ് പാര്‍ലമെന്റ് 1773ല്‍ റെഗുലേറ്റിംഗ് ആക്ടിലൂടെ കമ്പനിക്ക് കീഴില്‍ ഉണ്ടായിരുന്ന ഭൂപ്രദേശങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു. പിന്നീട് പിറ്റ്‌സ് ഇന്ത്യ ആക്ട് , വിവിധി ചാര്‍ട്ടര്‍ ആക്ടുകള്‍ എന്നിവയിലൂടെ ബ്രിട്ടീഷ് സര്‍ക്കാര്‍ കമ്പനിയെ അപ്രസക്തമാക്കി.

1833ലെ ചാര്‍ട്ടര്‍ ആക്ടിലൂടെ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഇന്ത്യയിലെ കൊമേഴ്‌സ്യല്‍ ആക്ടിവിറ്റികളെല്ലാം അവസാനിക്കുകയും വെറും ഒരു അഡ്മിനിസ്‌ട്രേറ്റീവ് ബോഡിയായി കമ്പനി മാറുകയും ചെയ്തു. ചൈനയിലെ വ്യാപാരത്തില്‍ കമ്പനിക് ഉണ്ടായിരുന്ന കുത്തകയും ബ്രിട്ടന്‍ എടുത്തു കളഞ്ഞു. അന്ന് കമ്പനി ബ്രിട്ടീഷ് സര്‍ക്കാരിന് നല്‍കാനുള്ള പണം, ഇന്ത്യയില്‍ നിന്ന് നികുതിയായി പിരിക്കാന്‍ ആണ് പാര്‍ലമെന്റ് തീരുമാനിച്ചത്. 40 വര്‍ഷത്തേക്ക് 10.5% divident നല്‍കാമെന്ന വ്യവസ്ഥയില്‍ ഈസ്റ് ഇന്ത്യ കമ്പനിയുടെ ഓഹരി ഉടമകള്‍ ഈ തീരുമാനം അംഗീകരിച്ചു. അങ്ങനെ 1883ലെ ചാര്‍ട്ടര്‍ ആക്റ്റീലൂടെ ഇന്ത്യയില്‍ യഥാര്‍ത്ഥ ബ്രിട്ടീഷ് കോളനി വല്‍ക്കരണം ആരംഭിച്ചു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ 250 വര്‍ഷത്തന് മേല്‍ നിണ്ടുനിന്ന യാത്ര അവസാനിക്കുന്നത് 1857ലെ കലാപത്തെ തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം ബ്രിട്ടീഷ് ഗവണ്‍മെന്റ് കൊണ്ടുവന്ന ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ടോടെയാണ്. 1858ല്‍ ദേശസാത്കരിക്കപ്പെട്ട കമ്പനി 1874ല്‍ പിരിച്ചുവിടുകയായിരുന്നു.

ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കൊളോണിയല്‍ ചരിത്രം അവിടെ അവസാനിച്ചെങ്കിലും ഗൂഗിളും, ആമസോണും ഒക്കെപോലെ ഒരു കാലത്ത് ലോകം മുഴുവന്‍ അറിയപ്പെട്ടിരുന്ന കമ്പനി എന്ന പേര് പലരും പലകാലത്തും ഉപയോഗിച്ചു പോന്നു. 1980ല്‍ ആണ് ഒരു കൂട്ടം നിക്ഷേപകര്‍ ഈസ്റ്റ് ഇന്ത്യ കമ്പനി എന്ന പേരില്‍ ഒരു കമ്പനി തുടങ്ങാനുള്ള അനുമതിയും അതിന്റെ ആസ്തികളും ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്ന് സ്വന്തമാക്കിയത്. തേയില വ്യാപാരവുമായി ബന്ധപ്പെട്ട് ഈസ്റ്റ് ഇന്ത്യ കമ്പനി നിക്ഷേപത്തിനായി സഞ്ജീവ് മേഹ്ത എന്ന ബ്രിട്ടീഷ് ഇന്ത്യന്‍ വ്യവസായിയുടെ അടുത്തെത്തുന്നത് 2003ല്‍ ആണ്. തന്റെയടുത്ത് എത്തുമ്പോള്‍ ഉടമകള്‍ക്ക് കമ്പനി ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ചൊന്നും അറിയില്ലായിരുന്നു എന്നാണ് മേഹ്ത, ദി ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

ഒരു കാലത്ത് ഇന്ത്യ ഭരിച്ച കമ്പനിയെ സ്വന്തമാക്കണമെന്ന ആഗ്രഹത്തില്‍ നിക്ഷേപം തുടങ്ങിയ മെഹ്ത, പിന്നീടുള്ള വര്‍ഷങ്ങളില്‍ തന്റെ സമയം ചെലവഴിച്ചത് ബ്രിട്ടീഷ് ലൈബ്രറികളില്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ചരിത്രം പഠിക്കാനാണ്. 2005 ആവുമ്പോഴേക്കും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മുഴുവന്‍ ഓഹരികളും മെഹ്ത സ്വന്തമാക്കിയിരുന്നു. ചരിത്രത്തില്‍ നിന്ന് ലഭിച്ച അറിവുകളുമായി കമ്പനി വ്യാപാരം നടത്തിയിരുന്ന സ്ഥലങ്ങളിലൊക്കെ മേഹ്ത സഞ്ചരിച്ചു. ഇന്ന് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വ്യാപാര മുദ്ര മുതല്‍ ലോകത്തെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന കമ്പനിയുടെ ആസ്തികളും രേഖകളും അത് റീപ്രിന്റ് ചെയ്യാനുള്ള അവകാശവുമെല്ലാം മേഹ്തയ്ക്കാണ്. ഇന്ന് ഈസ്റ്റ് ഇന്ത്യ കമ്പനി ഒരു ലക്ഷ്വറി ഫൂഡ് ബ്രാന്‍ഡ് ആണ്.


Amal S
Amal S  

Sub Editor

Related Articles
Next Story
Videos
Share it