Explained: ബ്രിട്ടനെ പിടിച്ചുകുലുക്കിയ ട്രസോണമിക്‌സ്

രാജ്യത്തെ വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞത്. തെരഞ്ഞെടുപ്പ് വേളയില്‍ ആകര്‍ഷകമായി തോന്നിയ നയങ്ങള്‍ പ്രയോഗത്തില്‍ തിരിച്ചടിയായി. ഏറ്റവും കുറഞ്ഞ കാലം രാജ്യത്തെ പ്രധാനമന്ത്രി പദം വഹിച്ച, വിമര്‍ശകര്‍ ട്രസോണമിക്‌സ് എന്ന് വിളിച്ച ലിസ് ട്രസിന്റെ സാമ്പത്തിക നയവും അതിന്റെ പരാജയവും...
Explained: ബ്രിട്ടനെ പിടിച്ചുകുലുക്കിയ ട്രസോണമിക്‌സ്
Published on

അധികാരത്തിലെത്തി 45 ദിവസം മാത്രം തികയുമ്പോഴാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് (Liz Truss) രാജി പ്രഖ്യാപിച്ചത്. ഏറ്റവും കുറഞ്ഞ കാലം രാജ്യത്തെ പ്രധാനമന്ത്രി പദം വഹിച്ച വ്യക്തിയെന്ന റെക്കോര്‍ഡ് ഇനി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ട്രസിനാണ്. വളര്‍ച്ച മുരടിച്ച (Stagflation) ബ്രിട്ടനെ വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്നത്. വിമര്‍ശകര്‍ ട്രസോണമിക്‌സ് (Trussonomics) എന്ന് വിളിച്ച ട്രസിന്റെ സാമ്പത്തിക നയവും അതിന്റെ പരാജയവും വിശദീകരിക്കുകയാണ് ഇവിടെ.

ട്രസോണമിക്‌സ്; അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ നികുതി ഇളവ്

സെപ്റ്റംബര്‍ 23ന് ആണ് ട്രസിന്റെ, അന്നത്തെ ചാന്‍സിലര്‍ (ധനമന്ത്രി) ആയിരുന്ന ക്വാസി ക്വാര്‍ട്ടംഗ് പണപ്പെരുപ്പത്തില്‍ വലയുന്ന രാജ്യത്ത് മിനി ബജറ്റ് അവതരിപ്പിച്ചത്. 50 വര്‍ഷത്തിനിടയിലെ രാജ്യത്തെ ഏറ്റവും വലിയ നികുതി ഇളവായിരുന്നു ബജറ്റിന്റെ ഉള്ളടക്കം. പ്രഖ്യാപനത്തിലൂടെ അഞ്ച് വര്‍ഷം കൊണ്ട് ഏകദേശം 45 ബില്യണ്‍ പൗണ്ടിന്റെ നികുതി നഷ്ടമാണ് കണക്കാക്കപ്പെട്ടത്. സമ്പന്നര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന 45 ശതമാനം നികുതി പിന്‍വലിക്കല്‍, അടിസ്ഥാന നികുതി നിരക്ക് (കോര്‍പറേറ്റ് ടാക്‌സ്) 20ല്‍ നിന്ന് 19 ശതമാനം ആയി പുതുക്കുക, ഗ്യാസ്-ഇലക്ട്രിസിറ്റി ബില്ലിന്മേല്‍ 60 ബില്യണ്‍ പൗണ്ടിന്റെ സബ്‌സിഡി എന്നിവയായിരുന്നു പ്രഖ്യാപനങ്ങള്‍.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ സര്‍ക്കാരിന്റെ കടമെടുപ്പ് 72.4ല്‍ നിന്ന് 234.1 ബില്യണ്‍ പൗണ്ടായി ഉയര്‍ത്തുകയും ചെയ്തു. നികുതി നിരക്ക് കുറച്ച്, പ്രതിരോധ മേഖലയക്കായി കൂടുതല്‍ പണം മാറ്റിവെച്ച മുന്‍ യുഎസ് പ്രസിഡന്റ് റോണാള്‍ഡ് റീഗന്റെ റീഗണോമിക്‌സിനോടാണ് (Reaganomics) ട്രസിന്റെ നയം താരതമ്യം ചെയ്യപ്പെട്ടത്.

പ്രത്യാഘാതം

മാന്ദ്യത്തിലേക്ക് നീങ്ങിയ സമ്പദ് വ്യവസ്ഥയെ പിടിച്ചുനിര്‍ത്താന്‍ എന്ന പേരില്‍ കൊണ്ടുവന്ന നയങ്ങള്‍ (Fiscal plan) വലിയ പ്രതിസന്ധിയിലേക്കാണ് രാജ്യത്തെ തള്ളിവിട്ടത്. പ്രഖ്യാപനം ഓഹരി വിപണി ഇടിയാന്‍ കാരണമായി. രാജ്യം വന്‍തോതില്‍ കടമെടുക്കുമെന്ന ധാരണയില്‍ നിക്ഷേപകര്‍ സര്‍ക്കാര്‍ ബോണ്ടുകള്‍ വില്‍ക്കാന്‍ തുടങ്ങി. ബോണ്ടുകളുടെ വില ഇടിഞ്ഞത് പെന്‍ഷന്‍ ഫണ്ടുകളെയും പ്രതിസന്ധിയിലാക്കി. ഒരു പൗണ്ടിന് 1.15 ഡോളര്‍ എന്ന നിലയില്‍ നിന്ന് 1.03 ഡോളര്‍ എന്ന റെക്കോര്‍ഡ് താഴ്ചയിലേക്ക് ബ്രിട്ടീഷ് കറന്‍സി വീണു.

തുടര്‍ന്ന് സമ്പദ് വ്യവസ്ഥയെ പിടിച്ചുനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വന്‍തോതില്‍ ബോണ്ടുകള്‍ വാങ്ങുകയായിരുന്നു. സെപ്റ്റംബര്‍ 11ന് 2.34 ശതമാനം ആയിരുന്ന പാര്‍പ്പിട പലിശ നിരക്ക് (Mortage Rate) കുത്തനെ ഉയര്‍ന്ന് 6 ശതമാനത്തിന് മുകളിലെത്തി. ഇത് ജനങ്ങളുടെ ജീവിതച്ചെലവ് കുത്തനെ ഉയര്‍ത്തി. 40 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലയായ 10.1 ശതമാനമാണ് ബ്രിട്ടനിലെ പണപ്പെരുപ്പം. വില വര്‍ധനവ് മൂലം ബ്രിട്ടണിലെ ഏഴില്‍ ഒരാളും ഉച്ചയൂണ് ഒഴിവാക്കുകയാണെന്നാണ് ട്രേഡ്‌സ് യൂണിന്‍ കോണ്‍ഗ്രസ് പറയുന്നത്. രാജ്യത്തെ കുറഞ്ഞ വേതനം മണിക്കൂറിന് 15 പൗണ്ട് ആക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

തെറ്റ് സമ്മതിച്ച ട്രസ്

വേഗത കൂടിപ്പോയെന്നും തെറ്റ് പറ്റിയെന്നും സമ്മദിച്ച ട്രസ് ആദ്യം ചെയ്തത് ക്വാസി ക്വാര്‍ട്ടംഗിനെ പുറത്താക്കുകയാണ്. ബജറ്റ് അവതരിപ്പിച്ചെന്ന പേരില്‍ ക്വാര്‍ട്ടംഗാണോ അതോ നയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ട്രസാണോ പുറത്തുപോവേണ്ടതെന്ന ചോദ്യം അന്ന് മുതല്‍ ഉയര്‍ന്നതാണ്. ട്രസിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായി പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിച്ച റിഷി സുനക്കിന്റെ അടുപ്പക്കാരന്‍ ജെറമി ഹണ്ട് പകരക്കാരനായി എത്തി. നയങ്ങളില്‍ നിന്ന് പിന്നോക്കം പോയ ട്രസ് നികുതി നിരക്ക് 19 ശതമാനത്തിലേക്ക് കുറയ്ക്കുകയല്ല, 25 ശതമാനം ആയി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചു.

തുടര്‍ന്ന് മറ്റ് നികുതി ഇളവുകളും സര്‍ക്കാര്‍ പിന്‍വലിച്ചു. ട്രസിന്റെ തീരുമാനത്തോടെ പോസിറ്റീവ് ആയി് വിപണി പ്രതികരിച്ചെങ്കിലും അധികാരത്തില്‍ തുടരാന്‍ അത് മതിയായ കാരണമായില്ല. ഏല്‍പ്പിച്ച ചുമതല നിര്‍വഹിക്കാന്‍ സാധിച്ചില്ലെന്നാണ് രാജി പ്രഖ്യാപന വേളയില്‍ ഡൗണിംഗ് സ്ട്രീറ്റിലെ പത്താംനമ്പര്‍ ഓഫീസ് മുറിക്ക് മുന്നില്‍ നിന്ന് ട്രസ് പറഞ്ഞത്. വരുമാന ശ്രോതസില്ലാതെ നികുതി കുറയ്ക്കുന്നത് തിരിച്ചടിയാകുമെന്ന് എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന റിഷി സുനക്ക് വാദിച്ചിരുന്നു. ഇപ്പോള്‍ തിരിച്ചടിയായ നികുതി വെട്ടിച്ചുരുക്കുന്ന നയങ്ങളാണ് 47കാരിയായ ട്രസിന് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള് വഴിയൊരുക്കിയതെന്നത് മറ്റൊരു വൈരുദ്ധ്യം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com