താങ്ങു വില പുതുക്കി; പോരെന്ന് പറയാന്‍ കര്‍ഷകര്‍ക്ക് കാരണമുണ്ട്

കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം പുതുക്കി നിശ്ചയിച്ച വിവിധ കാര്‍ഷിക വിളകളുടെ മിനിമം താങ്ങുവിലയില്‍ തൃപ്തരാകാതെ കര്‍ഷകര്‍. നേരത്തെ കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ കാറ്റില്‍ പറത്തുന്നതാണ് താങ്ങുവില പുനര്‍നിര്‍ണയമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച കുറ്റപ്പെടുത്തി. കര്‍ഷകരേക്കാള്‍ കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണനയെന്നും സംഘടന ആരോപിച്ചു.
കര്‍ഷക സംഘടന ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍: കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചതിന്റെ അഞ്ചു മുതല്‍ ഏഴു ശതമാനം വരെ മാത്രമാണ് മിനിമം താങ്ങുവിലയില്‍ വര്‍ധന വരുത്തിയത്. എം.എസ് സ്വാമിനാഥന്‍ കമ്മിറ്റി മുന്നോട്ടു വെച്ച 'സി2 പ്ലസ് 50 ശതമാനം' എന്ന ഫോര്‍മുലക്ക് അടുത്തെങ്ങും എത്തുന്നതല്ല പുതുക്കി താങ്ങുവില.
നേട്ടം ഇടനിലക്കാര്‍ക്ക്
ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റവുമായി തട്ടിച്ചു നോക്കിയാല്‍ ഈ വര്‍ധനവ് ഒന്നുമാകുന്നില്ല. റീട്ടെയില്‍ സാധനങ്ങളുടെ കാര്യത്തില്‍ വിലക്കയറ്റം അഞ്ചു ശതമാനമാണ്. ഭക്ഷ്യസാധനങ്ങളുടെ കാര്യത്തില്‍ ഇത് 7.9 ശതമാനവും പച്ചക്കറി ഇനങ്ങളുടെ കാര്യത്തില്‍ 10 ശതമാനവുമാണ്. പച്ചക്കറി ചന്തയില്‍ നിശ്ചിത വിലക്ക് സാധനങ്ങള്‍ വാങ്ങുമെന്ന ഉറപ്പും പാലിക്കപ്പെട്ടിട്ടില്ല. ചന്തയില്‍ എത്തുന്ന ഉല്‍പന്നങ്ങള്‍ക്ക് വിലയില്‍ ഗാരണ്ടി നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം. ഇപ്പോള്‍ കര്‍ഷകനല്ല, ഇടനിലക്കാര്‍ക്കാണ് നേട്ടം.
നെല്ലിന് ക്വിന്റലിന് 2,300 രൂപ നിശ്ചയിച്ചത് യഥാര്‍ഥ ഉല്‍പാദന ചെലവിനു തുല്യമായ തുക മാത്രമാണ്. സ്വാമിനാഥന്‍ കമ്മിറ്റി നിര്‍ദേശിച്ച ഫോര്‍മുല പ്രകാരം ചുരുങ്ങിയത് 3,100 രൂപയെങ്കിലും കിട്ടേണ്ടതാണ്. സ്വാമിനാഥന്‍ കമ്മിറ്റി ശിപാര്‍ശ അനുസരിച്ചു കണക്കാക്കിയാല്‍ പരുത്തിക്ക് കര്‍ഷകന്‍ നേരിടുന്ന നഷ്ടം ക്വിന്റലിന് 2,224 രൂപയാണ്. സൂര്യകാന്തിക്ക് 2,611 രൂപയും ഉഴുന്നിന് 2,344 രുപയും നിലക്കടലക് 1,713 രൂപയുമാണ്.
ബജറ്റില്‍ മെച്ചപ്പെട്ട വിഹിതത്തിനായി ശ്രമം
ബജറ്റ് അടുത്ത മാസം പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കേ, വിവിധ കര്‍ഷക സംഘടനകളുടെ പ്രതിനിധികള്‍ ധനമന്ത്രി നിര്‍മല സീതാരാമനു മുമ്പാകെ ചില ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. കാര്‍ഷിക ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കുക, മിനിമം താങ്ങുവില സമ്പ്രദായം പുതുക്കുക, സബ്‌സിഡി ഏറ്റവും അര്‍ഹരായവരിലേക്ക് എത്തിക്കാന്‍ നടപടി സ്വീകരിക്കുക, പി.എം-കിസാന്‍ ഗഡു യഥാസമയം നല്‍കുക, കയറ്റുമതിക്കുള്ള വിലക്കുകള്‍ പിന്‍വലിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍.
Sureshkumar A.S.
Sureshkumar A.S. - Associate Editor - DhanamOnline  
Related Articles
Next Story
Videos
Share it