Begin typing your search above and press return to search.
കൂടെ ഉറച്ചുനില്‍ക്കുന്ന ജീവനക്കാരെ എങ്ങനെ വളര്‍ത്താം?
വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ബിസിനസ് സാമ്രാജ്യങ്ങളുടെ വിജയത്തിന് പിന്നിലെ രഹസ്യങ്ങള്‍ അനവധിയാണ്. അവയില്‍ വളരെ പ്രധാനമായ ഒന്ന് പതിറ്റാണ്ടുകളോളം, മിക്കപ്പോഴും ആരംഭം മുതല്‍ക്ക് തന്നെ അതിന്റെ പ്രമോട്ടര്‍മാരുടെ കൂടെ ഉറച്ചുനിന്ന ഒരുകൂട്ടം ജീവനക്കാരാണ്. പലപ്പോഴും വലിയ വിദ്യാഭ്യാസ യോഗ്യതയോ മറ്റു സ്ഥാപനങ്ങളിലെ അനുഭവ പരിചയമോ ഇവര്‍ക്ക് കൈമുതലായി ഉണ്ടാകാറില്ല. സ്ഥാപനത്തോടുള്ള കൂറും മാറ്റങ്ങളെ അംഗീകരിക്കാനുള്ള മനോഭാവവും ഇവരില്‍ കാണാം. ഇത്തരം ആളുകളെ കൂടെ നിര്‍ത്തുന്നതിനും വാര്‍ത്തെടുക്കുന്നതിലും വിജയിച്ച സംരംഭകര്‍ക്കുള്ള പങ്ക് വളരെ വലുതാണ്. ചെറുകിട സ്ഥാപനങ്ങളായി തുടങ്ങിയ പലതുമാണല്ലോ വലിയ വിജയങ്ങളിലേക്ക് പിന്നീട് പോകുന്നത്. അതുകൊണ്ട് നിലവിലുള്ള ജീവനക്കാരെ ദീര്‍ഘകാലത്തേക്ക് കൂടെ നിര്‍ത്തി, വളര്‍ത്തിയെടുക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് നമുക്കൊന്ന് ചിന്തിച്ചുനോക്കാം.
. ജോലി ചെയ്യുന്ന സ്ഥാപനം തങ്ങളുടേത് കൂടി ആണെന്നുള്ള ഒരു ധാരണ ജീവനക്കാരില്‍ സൃഷ്ടിച്ചെടുക്കുക എന്നത് വളരെ പ്രധാനമാണ്.
. പ്രധാന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ഇവരെക്കൂടി അതില്‍ പങ്കാളികള്‍ ആക്കേണ്ടതാണ്. ഇഷ്ടങ്ങള്‍ക്ക് വിരുദ്ധമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നേക്കാം. അങ്ങനെ ചെയ്യേണ്ടി വരുമ്പോള്‍ അതിനുള്ള കാരണങ്ങള്‍ അവരെ ബോധ്യപ്പെടുത്തേണ്ടതാണ്.
. നിരന്തരമായി ട്രെയിനിംഗുകളും മറ്റും നല്‍കി ക്കൊണ്ട് ഇവരുടെ കഴിവുകളെ വികസിപ്പിച്ചെടുക്കാന്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്.
. സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കൊപ്പം അവര്‍ക്കുള്ള ആനുകൂല്യങ്ങളും അവരുടെ ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താന്‍ മറക്കരുത്.
. താഴേത്തട്ടു മുതല്‍ വ്യത്യസ്ത കാര്യങ്ങളില്‍ ഉള്ള അഭിപ്രായങ്ങള്‍ അറിയുന്നതിനും, പ്രതികരണങ്ങള്‍ എടുക്കുന്നതിനും ഉള്ള രീതികള്‍ വികസിപ്പിച്ച് എടുക്കേണ്ടതാണ്.
ഒഴിവാക്കേണ്ട കാര്യങ്ങള്‍
. മറ്റുള്ളവരുടെ മുമ്പില്‍ വച്ച് പരസ്യമായി ശകാരിക്കുകയോ, തരംതാഴ്ത്തി സംസാരിക്കുകയോ ചെയ്യുക.
. അവരുടെ നേട്ടങ്ങളുടെ ക്രെഡിറ്റ് അവര്‍ക്ക് കൊടുക്കാതിരിക്കുക.
. കൊടുത്ത ഉത്തരവാദിത്വങ്ങളില്‍പ്പെടാത്ത കാര്യങ്ങളെക്കുറിച്ച് ചോദ്യം ചെയ്യുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുക.
. ചെയ്യാന്‍ സാധിക്കുകയില്ല എന്ന് അറിയാവുന്ന ജോലികള്‍ കൊടുക്കുക.
. മറ്റുള്ളവരുടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ മാനേജ്മെന്റിന്റെ ഒരു ചാരന്‍ ആയി പ്രവര്‍ത്തിപ്പിക്കുക.
. ഒരു ജീവനക്കാരന്റെ മനസാക്ഷിക്ക് ബുദ്ധിമുട്ടുണ്ടാവുന്ന കാര്യങ്ങള്‍ അയാളെക്കൊണ്ട് ചെയ്യിക്കുക.
പല കാരണങ്ങള്‍ കൊണ്ട് സ്ഥാപനത്തില്‍ നിന്നും പല ഘട്ടങ്ങളില്‍ ആളുകളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടാവും. ഇങ്ങനെ പോകുന്ന ആളുകളെ ശത്രുതാ മനോഭാവത്തോടെ കാണുന്ന പ്രവണത പലയിടത്തും കാണാറുണ്ട്. ഇത് അവിടെ തുടരുന്ന ആളുകളുടെ മനസില്‍ പ്രതികൂലമായ വികാരങ്ങള്‍ സൃഷ്ടിക്കുകയും ഒരുനാള്‍ തങ്ങളും ഇത്തരത്തില്‍ പുറന്തള്ളപ്പെട്ടേക്കാം എന്ന ഭയം ജനിപ്പിക്കുകയും ചെയ്യും. അതിനാല്‍ കഴിവതും മാന്യവും സൗഹാര്‍ദപരവുമായ ഒരു യാത്രയയപ്പ് നല്‍കുന്നതാണ് ഉചിതം.
ഒരു സ്ഥാപനത്തിന്റെ സംസ്‌കാരം പരസ്പരം സ്നേഹത്തോടെ സഹകരിക്കുന്ന ഒരു കുടുംബത്തിനകത്ത് ദീര്‍ഘകാലം അതിലെ അംഗങ്ങള്‍ തുടരുന്നത് പോലെ ആക്കിയെടുക്കാന്‍ സാധിച്ചാല്‍ നമ്മള്‍ തുടക്കത്തില്‍ പറഞ്ഞ വലിയ വിജയത്തിലേക്കുള്ള ഒരു പ്രധാന ചേരുവ സ്വായത്തമാക്കി എന്നുറപ്പിക്കാം.
Next Story
Videos