Begin typing your search above and press return to search.
₹1.5 ലക്ഷം കോടി നിക്ഷേപം, 10 ലക്ഷം ജോലി, വരുമാനം ഡോളറില്‍! സെമി കണ്ടക്ടറുകള്‍ തലവര മാറ്റും; ഒപ്പമെത്താന്‍ കേരളവും
സെമി കണ്ടക്ടര്‍ നിര്‍മാണ മേഖലയിലെ കേരളത്തിലെ ആദ്യ കമ്പനിയായ ട്രാസ്ന കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ടെക്നോസിറ്റിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ കേരളത്തില്‍ സെമി കണ്ടക്ടര്‍ മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകളടക്കം ഇരുപതിലധികം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എത്ര പേര്‍ക്കറിയാം. ലോകോത്തര കമ്പനികളില്‍ നിന്നടക്കം 1.5 ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപം നേടി രാജ്യം സെമി കണ്ടക്ടര്‍ മേഖലയില്‍ മറ്റൊരു സിലിക്കണ്‍ വാലിയാകാന്‍ കുതിക്കുമ്പോഴാണ് നേട്ടമുണ്ടാക്കാന്‍ കേരളത്തിന്റെയും ശ്രമം. അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ 110 ബില്യന്‍ ഡോളറിന്റെ (ഏകദേശം 9.25 ലക്ഷം കോടി രൂപ) വിപണിയാകുമെന്ന് കരുതുന്ന സെമികണ്ടക്ടര്‍ വ്യവസായത്തിനായി നമ്മുടെ രാജ്യം എന്തിനാണ് ഇത്രയധികം പണം നിക്ഷേപിക്കുന്നത്. എന്തൊക്കെ നിക്ഷേപ സാധ്യതകളാണ് സെമി കണ്ടക്ടറുകള്‍ക്കുള്ളത്. പരിശോധിക്കാം
എന്താണ് സെമി കണ്ടക്ടറുകള്‍
ചില സന്ദര്‍ഭങ്ങളില്‍ മാത്രം വൈദ്യുതി കടത്തിവിടുന്ന ഖരപദാര്‍ത്ഥങ്ങളാണ് അര്‍ധ ചാലകങ്ങള്‍ അല്ലെങ്കില്‍ സെമി കണ്ടക്ടറുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.
താപനിലയില്‍ വ്യത്യാസം വരുത്തിയോ ചില പദാര്‍ത്ഥങ്ങള്‍ കൂട്ടിച്ചേര്‍ത്തോ ഇവയുടെ ചാലകതയില്‍ വ്യത്യാസം വരുത്താന്‍ കഴിയും. ഈ കഴിവ് ഉപയോഗിച്ച് ഇലക്ട്രോണിക് ഉപകരണങ്ങളിലെ വൈദ്യുതിയുടെ പ്രവാഹം നിയന്ത്രിക്കാന്‍ സെമി കണ്ടക്ടറുകള്‍ക്കാകും. വീട്ടിലെ വാഷിംഗ് മെഷീന്‍ മുതല്‍ സൂപ്പര്‍ സോണിക് മിസൈലുകള്‍ വരെ പ്രവര്‍ത്തിക്കാന്‍ ഇന്ന് മൈക്രോ ചിപ്പുകളെന്നും ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകളെന്നും (ഐ.സി) വിളിക്കുന്ന ഇവ ആവശ്യമാണ്. സിലിക്കണ്‍ പോലുള്ള പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മാണം.
ഭൂഗോളത്തിന്റെ സ്പന്ദനം സെമി കണ്ടക്ടറുകളില്‍
ഇന്ന് നിലവിലുള്ള ഏതാണ്ടെല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളുടെയും തലച്ചോറും ഹൃദയവുമാണ് സെമി കണ്ടക്ടറുകള്‍. പുതുതലമുറ വാഹനങ്ങള്‍, വീട്ടുപകരണങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, വിമാനങ്ങള്‍, വാര്‍ത്താ വിനിമയോപാധികള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കാന്‍ സെമി കണ്ടക്ടറുകള്‍ വേണം. ചൈന, ഹംഗറി, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയ്ക്ക് ആവശ്യമായ സെമി കണ്ടക്ടറുകള്‍ ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍ കൊറോണക്കാലത്ത് ആഗോളതലത്തിലുണ്ടായ സെമി കണ്ടക്ടര്‍ പ്രതിസന്ധിയാണ് ഇന്ത്യയെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.
സെമി കണ്ടക്ടര്‍ ഹബ്ബാകാന്‍ ഇന്ത്യ
2019ല്‍ 22 ബില്യന്‍ ഡോളര്‍ (1.8 ലക്ഷം കോടി) മാത്രമുണ്ടായിരുന്ന രാജ്യത്തെ സെമികണ്ടക്ടര്‍ ഉപയോഗം 2026 എത്തുമ്പോള്‍ 64 ബില്യന്‍ ഡോളറാകുമെന്നാണ് ഇന്ത്യ ഇലക്ട്രോണിക്സ് ആന്‍ഡ് സെമികണ്ടക്ടര്‍ അസോസിയേഷന്റെ കണക്ക്.
2030 ആകുമ്പോള്‍ ഇത് 110 ബില്യന്‍ ഡോളറായി (ഏകദേശം 9.25 ലക്ഷം കോടി രൂപ) വര്‍ധിക്കുമെന്നും ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് ലോകത്തെ സെമി കണ്ടക്ടര്‍ ഉപയോഗത്തിന്റെ 10 ശതമാനവും ഇന്ത്യയിലായിരിക്കും. സെമി കണ്ടക്ടര്‍ ഡിസൈനുമായി ബന്ധപ്പെട്ട ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ 20 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവരാണെന്നതും ചേര്‍ത്തുവായിക്കണം. സെമി കണ്ടക്ടര്‍ മേഖലയിലെ ഉത്പാദനം കൂട്ടാനായി ഇതുവരെ 1.5 ലക്ഷം കോടി രൂപയാണ് ഇന്ത്യയില്‍ നിക്ഷേപം നടത്തിയത്. ലോകത്തെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കമ്പനിയായി എന്‍വിഡിയ ഇന്ത്യയില്‍ ചിപ്പ് നിര്‍മാണം ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ആദ്യ പ്ലാന്റ് ഗുജറാത്തില്‍
സെമി കണ്ടക്ടര്‍ വ്യവസായത്തിന്റെ സാധ്യതകള്‍ വൈകി മനസിലാക്കിയ രാജ്യമാണ് ഇന്ത്യ.
വിവിധ സ്‌കീമുകള്‍ പ്രഖ്യാപിച്ച് വിദേശ കമ്പനികളുടെ കൂടി സഹായത്തോടെ സെമി കണ്ടക്ടര്‍ നിര്‍മാണ ശാലകള്‍ നിര്‍മിക്കാനാണ് ഇന്ത്യയുടെ നീക്കം. ടാറ്റ ഇലക്ട്രോണിക്സ് തായ്വാന്‍ കമ്പനിയായ പി.എസ്.എം.സിയുമായി ചേര്‍ന്ന് 92,485 കോടി രൂപ മുതല്‍ മുടക്കില്‍ ഇന്ത്യയിലെ ആദ്യ സെമി കണ്ടക്ടര്‍ നിര്‍മാണ ശാല ഗുജറാത്തിലെ ധൊലേരയില്‍ ആരംഭിക്കും. 50,000 ചിപ്പുകള്‍ പ്രതിമാസം ഉത്പാദിപ്പിക്കാന്‍ കഴിയുന്ന കേന്ദ്രത്തില്‍ ഒരുലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് ഇത് സംബന്ധിച്ച് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍ പറയുന്നത്. പവര്‍ മാനേജ്മെന്റ്, ഡിസ്പ്ലേ ഡ്രൈവേഴ്സ്, മൈക്രോ കണ്‍ട്രോളേഴ്സ്, ഹൈ പെര്‍ഫോമന്‍സ് കംപ്യൂട്ടര്‍ ലോജിക്ക് എന്നീ മേഖലകളില്‍ ഉപയോഗിക്കുന്ന ചിപ്പുകളാണ് ഇവിടെ നിര്‍മിക്കുന്നത്. ഇതിന് പുറമെ അസാമിലെ ജഗിറോഡില്‍ 27,325 കോടി രൂപ മുടക്കി മറ്റൊരു പ്ലാന്റും നിര്‍മിക്കും. ജാപ്പനീസ് കമ്പനിയായ റെനെസാസ്, തായ് കമ്പനി സ്റ്റാര്‍സ് മൈക്രോ ഇലക്ട്രോണികസ്, ഇന്ത്യന്‍ കമ്പനിയായ സി.ജി പവര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സൊലൂഷ്യന്‍സ് എന്നിവര്‍ ചേര്‍ന്ന് 7,500 കോടി രൂപ മുടക്കി ഗുജറാത്തിലെ സാനന്ദില്‍ മറ്റൊരു പ്ലാന്റും സ്ഥാപിക്കുന്നുണ്ട്.
70 ശതമാനം വരെ സബ്സിഡി
രാജ്യത്തെ സെമി കണ്ടക്ടര്‍ നിര്‍മാണം വര്‍ധിപ്പിക്കാന്‍ ഏകദേശം 84,000 കോടി രൂപ ചെലവില്‍ സെമി കണ്ടക്ടര്‍ മിഷന് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. 50 ശതമാനം കേന്ദ്ര സബ്സിഡിയും 20-25 ശതമാനം സംസ്ഥാനങ്ങളുടെ സബ്സിഡിയും സെമി കണ്ടക്ടര്‍ പ്രോജക്ടുകള്‍ക്ക് ലഭിക്കും. ഇതിന് പുറമെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പി.എല്‍.ഐ), ചിപ്പ്സ് ടു സ്റ്റാര്‍ട്ടപ്പ് (സി2എസ്), സെമി കണ്ടക്ടര്‍ മേഖലയിലെ തൊഴില്‍ പരിശീലനം തുടങ്ങിയ പദ്ധതികളും സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ട്.
ഓടിയെത്താന്‍ കേരളവും
രാജ്യം സെമി കണ്ടക്ടര്‍ മേഖലയില്‍ നേടിയ മുന്നേറ്റത്തിനൊപ്പം എത്താന്‍ കഴിഞ്ഞില്ലെങ്കിലും കേരളത്തില്‍ നിന്നും ഈ രംഗത്ത് മികച്ച പ്രകടനം കാഴ്ച വക്കുന്ന നിരവധി സ്റ്റാര്‍ട്ടപ്പ് കമ്പനികളുണ്ട്. നേത്രസെമി, ഇഗ്നിറ്റേറിയം, സിലിസിയം , എന്‍ഫിന്‍ഡ് എനര്‍ജി സൊലൂഷ്യന്‍സ്, നാനോമാറ്റര്‍ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ടോസില്‍, ആറ്റ്വിക്ക് തുടങ്ങിയ ഇരുപതിലധികം കമ്പനികളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഇതിനിടയിലാണ് അയര്‍ലന്‍ഡ് ആസ്ഥാനമായ ട്രാസ്ന കേരളത്തിലെത്തിയത്. തിരുവനന്തപുരം ടെക്നോപാര്‍ക്കിന്റെ ഫേസ്-4ലാണ് കമ്പനിയുടെ ആദ്യ ഓഫീസ്. കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് സെമി കണ്ടക്ടര്‍ നിര്‍മിക്കാന്‍ പദ്ധതിയുണ്ടെന്ന് ട്രാസ്ന ടെക്നോളജീസ് സൊല്യൂഷന്‍സ് ഗ്രൂപ്പ് സി.ഇ.ഒ സ്റ്റെഫാന്‍ ഫണ്ട് പറഞ്ഞു.
കേരളത്തിന്റെ സ്വന്തം ചിപ്പ് അടുത്ത ഫെബ്രുവരിയില്‍
തദ്ദേശീയമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച ഇന്ത്യയിലെ ആദ്യ എ.ഐ-എം.എല്‍ (ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ്-മെഷീന്‍ ലേണിംഗ്) ചിപ്പ് അടുത്ത ഫെബ്രുവരിയില്‍ പുറത്തിറങ്ങും.
കേരള സര്‍ക്കാരിന്റെ തിരുവനന്തപുരം ശ്രീകാര്യത്തുള്ള ട്രെസ്റ്റ് റിസര്‍ച്ച് പാര്‍ക്ക് (TrEST Research Park) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നേത്രാസെമി (Netrasemi) എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഇതിന് പിന്നില്‍. നാല് വര്‍ഷത്തോളം നീണ്ട ഗവേഷണത്തിലൂടെയാണ് ഇത് വികസിപ്പിച്ചതെന്ന് നേത്രാസെമി ചീഫ് സ്ട്രാറ്റജിക്ക് ഓഫീസര്‍ ഹരിപ്രസാദ് സി ധനം ഓണ്‍ലൈനോട് പറഞ്ഞു. സെമി കണ്ടക്ടര്‍ മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ഡിസൈന്‍ ഇന്‍സെന്റീവ് സ്‌കീമില്‍ രാജ്യത്ത് നിന്നും ആദ്യമായി തിരഞ്ഞെടുത്ത നാല് കമ്പനികളില്‍ ഒന്നാണ് നേത്രാസെമി. സെമി കണ്ടക്ടര്‍ മേഖലയില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയ പാരമ്പര്യമുള്ള ജ്യോതിസ് ഇന്ദിരാബായി, ശ്രീജിത്ത് വര്‍മ, ദീപ എന്നിവര്‍ ചേര്‍ന്നാണ് കമ്പനി തുടങ്ങിയത്. കംപ്യൂട്ടര്‍ വിഷന്‍, ക്യാമറ ഇമേജിംഗ് മേഖലയിലെ ഉപകരണങ്ങള്‍ക്ക് വേണ്ടിയുള്ള അത്യാധുനിക ചിപ്പുകളാണ് ഇവിടെ നിര്‍മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
10 ലക്ഷം പേര്‍ക്ക് തൊഴില്‍ സാധ്യത
സെമി കണ്ടക്ടര്‍ മേഖലയില്‍ അടുത്ത രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് ഹ്യൂമന്‍ റിസോര്‍സ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ എന്‍.എല്‍.ബി സര്‍വീസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. മൂന്ന് ലക്ഷം പേര്‍ക്ക് സെമി കണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ മേഖലയിലും 2 ലക്ഷം പേര്‍ക്ക് എ.ടി.എം.പി ( അസംബ്ലി, ടെസ്റ്റിംഗ്, മാര്‍ക്കിംഗ്, പാക്കേജിംഗ്) രംഗത്തും തൊഴില്‍ ലഭിക്കും. ചിപ്പ് ഡിസൈന്‍, സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ്, സിസ്റ്റം സര്‍ക്യൂട്ട്, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലും നിരവധി തൊഴിലവസരങ്ങളാണ് കാത്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു.
Next Story
Videos