Begin typing your search above and press return to search.
ട്രംപിന്റെ വിജയം; ഇന്ത്യന്‍ കമ്പനികളുടെ ഭാവി എന്താകും?
ഡൊണാള്‍ഡ് ട്രംപ് ജനുവരി 20ന് അമേരിക്കയുടെ പ്രസിഡന്റായി സ്ഥാനമേല്‍ക്കുമ്പോള്‍ ഇന്ത്യയിലെ ഓഹരി വിപണിയില്‍ അത് എന്ത് മാറ്റമാണ് ഉണ്ടാക്കാന്‍ പോകുന്നത്? നിക്ഷേപങ്ങള്‍ എവിടെ നടത്തണം? ഇന്ത്യയുടെ പ്രമുഖ ഐടി കമ്പനികളുടെ ബിസിനസിന്റെ ഭൂരിഭാഗം അമേരിക്കയില്‍ നിന്നും ലഭിക്കുന്നവയാണ്. ചില കമ്പനികളുടെ വരുമാനത്തിൽ 90 ശതമാനം വരെ അമേരിക്കയില്‍ നിന്നാണ്. ഇന്ത്യയുടെ ഐടി വ്യവസായത്തിന്റെ കയറ്റുമതിയുടെ 55 ശതമാനം അമേരിക്കയിലേക്കാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഐടി വ്യവസായത്തിന്റെ വിറ്റുവരവ് 25,400 കോടി ഡോളര്‍ ആയിരുന്നു. ഇതില്‍ 20,000 കോടി ഡോളര്‍ കയറ്റുമതിയില്‍ നിന്നു ലഭിച്ചു. അതില്‍ 55 ശതമാനം എന്നാല്‍ 11,000 കോടി ഡോളര്‍.
പരമ്പരാഗത ഐടി സേവന കമ്പനികള്‍ക്കു പുറമേ ഇപ്പോള്‍ യുഎസ് കമ്പനികളുടെ ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററു (ജിസിസി) കളും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ധനകാര്യ വര്‍ഷം 40 ശതമാനം വര്‍ധനയോടെ അവയില്‍ നിന്നുള്ള കയറ്റുമതി വരുമാനം 6,400 കോടി ഡോളര്‍ ആയിരുന്നു. 1,700 ജിസിസികളിലായി 19 ലക്ഷം പേര്‍ ജോലി ചെയ്യുന്നു.
ട്രംപിന്റെ തിരിച്ചുവരവ് ഐടി സേവന മേഖലയ്ക്ക് യാതൊരു ക്ഷീണവും വരുത്തില്ല എന്നാണ് നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വീസസ് കമ്പനീസ് (നാസ്‌കോം) മേധാവികള്‍ പറയുന്നത്. ജിസിസികള്‍ തുടങ്ങുകയും ഐടി സേവന കമ്പനികളുടെ ഡെലിവറി സംവിധാനം കൂടുതല്‍ കാര്യക്ഷമമാകുകയും ചെയ്തതോടെ എച്ച് വണ്‍ ബി വീസകളിലെ ആശ്രിതത്വം ഗണ്യമായി കുറഞ്ഞു എന്നാണ് നാസ്‌കോം ചൂണ്ടിക്കാണിക്കുന്നത്.
എച്ച് വണ്‍ ബി വീസ പ്രയാസമാകും
എച്ച് വണ്‍ ബി വീസകളുടെയും സ്റ്റുഡന്റ് വീസകളുടെയും കാര്യത്തില്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കുകയാകും ട്രംപ് ആദ്യം ചെയ്യുക. കഴിഞ്ഞ തവണ ട്രംപ് കൊണ്ടുവന്ന നിബന്ധനകളെ തുടര്‍ന്ന് ഇന്ത്യന്‍ കമ്പനികള്‍ സാധിക്കുന്നിടത്തോളം അമേരിക്കക്കാരെ അവിടത്തെ ജോലികള്‍ക്കായി റിക്രൂട്ട് ചെയ്യുന്നുണ്ട്. എങ്കിലും ഇപ്പോഴും വലിയ സംഖ്യ എച്ച് വണ്‍ ബി വീസകള്‍ വേണ്ടിവരുന്നു. 2023 ധനകാര്യ വര്‍ഷത്തെ കണക്കനുസരിച്ച് എച്ച് വണ്‍ ബി വീസകളില്‍ 72 ശതമാനം ഇന്ത്യക്കാര്‍ക്കായിരുന്നു. ഇപ്പോള്‍ എച്ച് വണ്‍ ബി വീസ ക്വോട്ട വര്‍ഷം 85,000 എണ്ണമാണ്. പുതിയ ഭരണകൂടം അവയുടെ എണ്ണം കുറയ്ക്കുകയും വീസ ഫീസ് കൂട്ടുകയും ചെയ്യും.
കഴിഞ്ഞ ട്രംപ് ഭരണം വീസ പ്രോസസിംഗ് സമയവും മറ്റും ദീര്‍ഘിപ്പിച്ചും യോഗ്യതാ വ്യവസ്ഥകള്‍ മാറ്റി മറിച്ചും വീസ നല്‍കല്‍ വൈകിപ്പിച്ചിരുന്നു. അക്കാലത്ത് 24 ശതമാനം അപേക്ഷകള്‍ നിരസിക്കപ്പെട്ടിരുന്നു. ആ രീതി വീണ്ടും ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
നാസ്‌കോം അവകാശവാദം
എന്തായാലും ഇന്ത്യന്‍ ഐടി കമ്പനികള്‍ പ്രയാസമേറിയ ഒരു കാലത്തേക്കാണ് കടക്കുന്നത്. ബിസിനസും വരുമാനവും ലാഭവും കുറയും എന്നത് സാധ്യതയായി തുടരുന്നു. 2017-21 കാലത്തെ കാര്യങ്ങള്‍ ആവര്‍ത്തിക്കാം.
കയറ്റുമതിക്ക് ഭീഷണി ചെറുതല്ല
ഇന്ത്യന്‍ കയറ്റുമതി വ്യവസായവും പ്രശ്നം ഒന്നുമില്ലെന്ന് നടിക്കാനാണ് ആഗ്രഹിക്കുന്നത്. പക്ഷേ അമേരിക്കയില്‍ നഷ്ടമായ തൊഴിലവസരം തിരികെ ഉണ്ടാക്കിക്കൊടുക്കും എന്ന് അവകാശപ്പെടുന്ന ട്രംപ് പല വ്യവസായ മേഖലകളെയും വിഷമത്തിലാക്കും. അമേരിക്കയിലെ മൃതപ്രായമായ മെറ്റല്‍ വ്യവസായത്തിന് പുതുജീവന്‍ നല്‍കാന്‍ ട്രംപ് ശ്രമിക്കുമ്പോള്‍ ഇന്ത്യയിലെ പല കമ്പനികളും ബുദ്ധിമുട്ടിലായേക്കാം. 2017-21 കാലത്ത് ട്രംപ് ഇന്ത്യയില്‍ നിന്നുള്ള സ്റ്റീല്‍, അലൂമിനിയം ഇറക്കുമതികള്‍ക്ക് പിഴച്ചുങ്കം ചുമത്തിയത് മറക്കാറായിട്ടില്ല. പകരം അമേരിക്കയില്‍ നിന്നുള്ള ആപ്പിള്‍, ആല്‍മണ്ട്, കടല, പരിപ്പ്, പയര്‍, വോള്‍നട്ട് തുടങ്ങിയവയ്ക്ക് ഇന്ത്യയും പിഴച്ചുങ്കം ചുമത്തി. ബൈഡന്‍ ഭരണകൂടമാണ് ആ പിഴച്ചുങ്കം നീക്കിയത്.
എന്‍ജിനീയറിംഗ്, വാഹന ഭാഗങ്ങള്‍, വാഹന അനുബന്ധ ഘടകങ്ങള്‍, രാസവസ്തുക്കള്‍ തുടങ്ങിയ മേഖലകളിലെ കയറ്റുമതിക്ക് തടസങ്ങള്‍ പ്രതീക്ഷിക്കാം. റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ബനിയന്‍ വസ്ത്രങ്ങള്‍, സമുദ്രോല്‍പ്പന്നങ്ങള്‍, രത്നങ്ങള്‍, രത്ന - സ്വര്‍ണ ആഭരണങ്ങള്‍ തുടങ്ങിയവയുടെ കയറ്റുമതിക്കും അധികച്ചുങ്കം പ്രതീക്ഷിക്കണം.
ഇന്ത്യയില്‍ നിന്നുള്ള ഔഷധ കയറ്റുമതിക്കും ട്രംപ് ഭരണകൂടം വിലങ്ങുതടി തീര്‍ക്കും. 2017-21 കാലയളവില്‍ ജനറിക് (പേറ്റന്റ് കഴിഞ്ഞ ശേഷം മറ്റു കമ്പനികള്‍ നിര്‍മിക്കുന്ന ഔഷധങ്ങള്‍) മരുന്നുകളുടെ വില കുറയ്ക്കാന്‍ ട്രംപ് നിയമനിര്‍മാണം നടത്തി. അവശ്യ ജീവരക്ഷാ മരുന്നുകള്‍ അമേരിക്കയില്‍ തന്നെ നിര്‍മിക്കാന്‍ നിര്‍ബന്ധിക്കുന്ന നിയമവും തയാറാക്കി. ഇനി അവ കര്‍ശനമായി നടപ്പാക്കാന്‍ ട്രംപ് ശ്രമിച്ചാല്‍ ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ ബുദ്ധിമുട്ടിലാകും.
എല്ലാവര്‍ക്കും ചുങ്കം കൂട്ടും
അമേരിക്കയുടെ വ്യാപാര കമ്മി കുറയ്ക്കാന്‍ വാശിപിടിക്കുന്ന ട്രംപ് എല്ലായിടത്തു നിന്നുള്ള എല്ലാത്തരം ഇറക്കുമതിക്കും കൂടുതല്‍ ചുങ്കം ചുമത്തുമെന്നാണ് പറഞ്ഞിട്ടുള്ളത്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 60 ശതമാന മാണ് ട്രംപ് ചുങ്കം നിര്‍ദേശിക്കുന്നത്. കഴിഞ്ഞ ഭരണത്തില്‍ 7.5 മുതല്‍ 25 വരെ ശതമാനമായിരുന്നു ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തിയ ചുങ്കം.
ചുങ്കത്തിന്റെ കാര്യത്തില്‍ ഇന്ത്യയോട് അത്ര നല്ല രസത്തിലല്ല ട്രംപ്. ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുകളുടെ ചുങ്കം 150 ശതമാനത്തില്‍ നിന്ന് കുറയ്ക്കാന്‍ നാല് വര്‍ഷം ട്രംപ് ശ്രമിച്ചിട്ടും സാധിച്ചില്ല. അദ്ദേഹം പറയുന്നത് ഇന്ത്യ ചുമത്തുന്ന ചുങ്കം താനും ചുമത്തും എന്നാണ്. ട്രംപ് പറയുന്നതില്‍ കാര്യമുണ്ട്. യുഎസുമായി ഇന്ത്യക്ക് വലിയ വ്യാപാര മിച്ചമുണ്ട്. ഇങ്ങോട്ട് വാങ്ങുന്നതില്‍ കൂടുതല്‍ വിലയ്ക്കുള്ള സാധനങ്ങള്‍ ഇന്ത്യ അങ്ങോട്ട് വില്‍ക്കുന്നു. ഇങ്ങോട്ട് വാങ്ങുന്നവയ്ക്ക് ശരാശരി ചുങ്കം 18 ശതമാനമുണ്ട്. 2014ല്‍ 13 ശതമാനമായിരുന്നത് 2022 ആയപ്പോഴേക്ക് 18 ശതമാനമാക്കിയതാണ്. ഇന്ത്യ നിരക്ക് കുറച്ചില്ലെങ്കില്‍ ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 20 ശതമാനം ചുങ്കം ചുമത്തും എന്ന ഭീഷണിയുണ്ട് ട്രംപിന്റെ വക.
അംബാനിക്കും മിത്തലിനും പാര
ട്രംപിന്റെ വിജയത്തിന് വലിയ സഹായം ചെയ്തവരാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ഇലോണ്‍ മസ്‌കും രണ്ടാമത്തെ വലിയ സമ്പന്നനായ ജെഫ് ബെസോസും. മസ്‌ക് എക്സിലും മറ്റും ട്രംപ് അനുകൂല പ്രചാരണം നടത്തി. ആമസോണ്‍ മേധാവി ബെസോസ് തന്റെ ഉടമസ്ഥതയിലുള്ള വാഷിംഗ്ടണ്‍ പോസ്റ്റ് പത്രം കമല ഹാരിസിനെ തുറന്ന് അനുകൂലിക്കാന്‍ ശ്രമിച്ചപ്പോള്‍ വിലക്കി. രണ്ട് അതി സമ്പന്നരും ട്രംപിന്റെ പ്രചാരണത്തിന് ഗണ്യമായ ധനസഹായവും ചെയ്തു.
ഇവര്‍ക്ക് പ്രത്യുപകാരം ചെയ്യുന്നതാകും ട്രംപിന്റെ നയങ്ങള്‍ എന്നതില്‍ സംശയമില്ല. ഇരുവരുടെയും ബിസിനസുകള്‍ ഇന്ത്യയിലും വളര്‍ത്താന്‍ ട്രംപ് സഹായിക്കും എന്ന് കരുതുന്നതാണ് യുക്തിസഹം. ആമസോണിന്റെ ഓണ്‍ലൈന്‍ വ്യാപാരത്തിന് ഭീഷണിയാകുന്നവയെല്ലാം നീക്കാന്‍ സമ്മര്‍ദ്ദമുïാകും. മസ്‌കിന്റെ ടെസ്‌ല ഇന്ത്യയില്‍ നിര്‍മിക്കാന്‍ കൂടുതല്‍ നികുതിയിളവ് നല്‍കാനും സമ്മര്‍ദ്ദം കൂടും.
മസ്‌കും ബെസോസും ഉപഗ്രഹകമ്യൂണിക്കേഷന്‍ രംഗത്ത് മത്സരിക്കുന്നവരാണ്. മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ലേലം കൂടാതെ നേരിട്ട് ഉപഗ്രഹ വാര്‍ത്താവിനിമയ സ്പെക്ട്രം അനുവദിക്കാന്‍ സര്‍ക്കാര്‍ നയം കൊണ്ടുവന്നപ്പോള്‍ ഇന്ത്യയിലെ വമ്പന്മാരായ റിലയന്‍സും ഭാരതി എയര്‍ടെലും അതിനെ എതിര്‍ത്തു. (ഉപഗ്രഹങ്ങളിലൂടെ ബ്രോഡ്ബാന്‍ഡ് സര്‍വീസ് നടത്താന്‍ നിശ്ചിത തരംഗദൈര്‍ഘ്യമുള്ള സ്പെക്ട്രം വേണം). തന്മൂലം നയം നടപ്പാക്കാതെ നില്‍ക്കുകയാണ് സര്‍ക്കാര്‍. ഇനി മസ്‌കും ബെസോസും ഒന്നിച്ച് ആവശ്യപ്പെടുകയും ട്രംപ് സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുമ്പോള്‍ മുകേഷ് അംബാനിയുടെയും സുനില്‍ ഭാരതി മിത്തലിന്റെയും എതിര്‍പ്പുകള്‍ വിഫലമാകും എന്നു തീര്‍ച്ച.
Next Story
Videos