Begin typing your search above and press return to search.
ബാറ്ററിക്ക് പണം വേണ്ട, പ്രമുഖന്മാര്‍ക്ക് പണിയുമായി എം.ജി; 10 ലക്ഷത്തിന് താഴെ വിലയില്‍ വിന്‍സര്‍ ഇ.വിയെത്തി
വാഹനലോകം കാത്തിരുന്ന ഇലക്ട്രിക് കാറായ വിന്‍സര്‍ (MG Windsor) പുറത്തിറക്കി ജെ.എസ്.ഡബ്ല്യൂ എം.ജി മോട്ടോര്‍ ഇന്ത്യ. എസ്.യു.വിയുടെ സ്വഭാവവും സെഡാന്റെ സൗകര്യങ്ങളും ചേര്‍ന്ന ഇന്ത്യയിലെ ആദ്യ വാഹനമാണിതെന്ന് കമ്പനി അവകാശപ്പെട്ടു. ലൈഫ് ടൈം ബാറ്ററി വാറന്റി പോലുള്ള ഓഫറുകള്‍ അടക്കം 9.99 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്. ഒറ്റച്ചാര്‍ജില്‍ 331 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും.
ബാറ്ററി ആസ് എ സര്‍വീസ്
വാഹനം ഓടുന്ന ഓരോ കിലോമീറ്ററിനും 3.5 രൂപ വീതം കമ്പനിക്ക് വാടക നല്‍കുന്ന സംവിധാനമാണ് ബാറ്ററി ആസ് എ സര്‍വീസ്. സാധാരണ ഇന്റേണല്‍ കമ്പസ്റ്റ്യന്‍ എഞ്ചിന്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ ചെലവ് ഇലക്ട്രോണിക് വാഹനങ്ങള്‍ക്ക് വരുമെന്ന ആശങ്ക ഉപയോക്താക്കള്‍ക്കിടയില്‍ സജീവമാണ്. ഒരുനിശ്ചിത കാലയളവ് കഴിഞ്ഞാല്‍ ബാറ്ററി മാറ്റിവയ്‌ക്കേണ്ടി വരുമെന്ന ചിന്തയാണ് ഇതിന് ആധാരം. എന്നാല്‍ ബാറ്ററി വാടകയ്ക്ക് നല്‍കുന്നതിലൂടെ ഇതൊഴിവാക്കാമെന്നാണ് എം.ജിയുടെ പദ്ധതി. പെട്രോള്‍, ഡീസല്‍ വാഹനങ്ങളേക്കാള്‍ ഇന്ധനച്ചെലവില്‍ 40 ശതമാനം ലാഭിക്കാമെന്നാണ് കമ്പനി പറയുന്നത്. കൂടാതെ ആദ്യ ഉപയോക്താവിന് വിന്‍സര്‍ ഇവിയുടെ ബാറ്ററിയ്ക്ക് ആജീവനാന്ത വാറന്റി ലഭിക്കും. എല്ലാ പൊതു ചാര്‍ജറുകളിലും ഉപയോക്താക്കള്‍ക്ക് ഒരു വര്‍ഷംവരെ സൗജന്യ ചാര്‍ജിംഗും ലഭിക്കാം.
കുഞ്ഞനെങ്കിലും കരുത്തന്‍
ഐപി 67 റേറ്റിംഗുള്ള പി.എം.എസ് മോട്ടറിനെ ചലിപ്പിക്കാന്‍ 38 കിലോവാട്ട് അവര്‍ ശേഷിയുള്ള ലിഥിയം-അയണ്‍ ബാറ്ററിയാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. 163 എച്.പി കരുത്തും 200 എന്‍.എം ടോര്‍ക്കും വാഹനം പുറപ്പെടുവിക്കും. 331 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന റേഞ്ച്. 40 മിനിറ്റു കൊണ്ട് വാഹനം ചാര്‍ജ് ചെയ്യാമെന്നും കമ്പനി അവകാശപ്പെടുന്നു. ക്രോസ് ഓവര്‍ യൂട്ടിലിറ്റി (സി.യു.വി) സെഗ്‌മെന്റില്‍ പുതിയ താരമാകുമെന്ന് കരുതുന്ന വാഹനം ഒക്ടോബര്‍ മൂന്ന് മുതല്‍ പ്രീ ബുക്ക് ചെയ്യാം. ഒക്ടോബര്‍ 12 മുതലാണ് ഡെലിവറി.
മികച്ച സൗകര്യങ്ങള്‍
2,700 മില്ലീമീറ്റര്‍ വീല്‍ബേസുള്ള വാഹനത്തിനുള്ളില്‍ മികച്ച സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുറകിലെ ലെതര്‍ ബെഞ്ച് സീറ്റ് 135 ഡിഗ്രീ വരെ ചരിക്കാന്‍ പറ്റും. സെഗ്‌മെന്റിലെ ആദ്യ എയറോലോഞ്ച് സീറ്റുകള്‍ എന്നാണ് എം.ജി ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്‍ഫിനിറ്റി വ്യൂ സണ്‍റൂഫ്, 15.6 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് യൂണിറ്റ്, 9 സ്പീക്കറുകളുള്ള ഓഡിയോ സിസ്റ്റം, കളര്‍ ആംബിയന്റ് ലൈറ്റ്, വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജര്‍, വെന്റിലേറ്റഡ് മുന്‍നിര സീറ്റുകള്‍, മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിംഗ് കണ്‍ട്രോള്‍, ആറുതരത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, 604 ലിറ്റര്‍ ബൂട്ട് സ്‌പേസ് എന്നീ സംവിധാനങ്ങളും ഇന്റീരിയറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ഭാഗത്തെ എല്‍.ഇ.ഡി ഹെഡ്‌ലാംപും ഡി.ആര്‍.എല്ലും ഇല്യൂമിനേറ്റഡ് എം.ജി ലോഗോയും വാഹനത്തിന് കിടിലന്‍ ലുക്ക് നല്‍കുന്നുണ്ട്. കണക്ടഡ് എല്‍.ഇ.ഡി ടെയില്‍ ലാംപാണ് പിന്‍ഭാഗത്ത് നല്‍കിയിരിക്കുന്നത്. ഡയമണ്ട് കട്ട് അലോയ് വീല്‍, ഗ്ലാസ് ആന്റിന തുടങ്ങിയ ഘടകങ്ങള്‍ വാഹനത്തിന്റെ ഭംഗി കൂട്ടുന്നവയാണ്.
വിന്‍സര്‍
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കൊട്ടാരങ്ങളിലൊന്നായ, യു.കെയിലെ വിന്‍സര്‍ കാസിലില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് എം.ജി വിന്‍സര്‍ എന്ന പേര് സ്വീകരിച്ചത്. മിനിമലിസ്റ്റിക് ഡിസൈനില്‍ ആധുനിക സൗകര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയാണ് വാഹനം നിരത്തിലെത്തിച്ചിരിക്കുന്നത്. സ്റ്റാര്‍ബസ്റ്റ് ബ്ലാക്ക്, പേള്‍ വൈറ്റ്, ക്ലേ ബീജ്, ടര്‍കോയിസ് ഗ്രീന്‍ എന്നീ നിറങ്ങളിലാണ് വാഹനം ലഭ്യമാവുക.
ടാറ്റയും മഹീന്ദ്രയും എതിരാളികള്‍
ഇന്ത്യന്‍ വാഹന വിപണിയില്‍ ഏറ്റവും കൂടുതല്‍ മത്സരം നടക്കുന്ന വാഹന ശ്രേണികളില്‍ ഒന്നിലേക്കാണ് വിന്‍സറിന്റെ വരവ്. ടാറ്റ നെക്‌സോണ്‍ ഇവി, മഹീന്ദ്ര എക്‌സ്.യു.വി 400 ഇവി, ടാറ്റ പഞ്ച് ഇവി എന്നിവരായിരിക്കും എതിരാളികള്‍.
Next Story
Videos