ബജറ്റിൻ്റെ വിശദാംശങ്ങൾ തേടി വിപണി; ബജറ്റിനു ശേഷം തകർച്ച എന്ന ആഖ്യാനം മാറി; ബുള്ളുകൾ പ്രതീക്ഷയോടെ; മൂലധനനേട്ട നികുതി വിപണിക്കു തിരിച്ചടി

ബജറ്റിൻ്റെ വിശദാംശങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അമ്പുകൾ കണ്ടെത്തുന്ന തിരക്കിലാകും ഇന്നു വിപണി. മൂലധനനേട്ട നികുതിയിൽ വരുത്തിയിട്ടുള്ള സമഗ്രമാറ്റം ഒറ്റനോട്ടത്തിൽ കാണുന്നതിനേക്കാൾ ആഴമുള്ളവയാണ്. ഏതൊക്കെ ആസ്തികളിൽ നിക്ഷേപിക്കണം എന്നത് കൂടുതൽ ഗൗരവമേറിയ പഠനത്തിനു ശേഷം നടത്തേണ്ട ഒന്നായി മാറിയിരിക്കുന്നു. ധനകാര്യ ആസ്തികൾ മാത്രമല്ല സ്ഥാവര ആസ്തികളും ഇനി നികുതി ബാധ്യത മനസിലാക്കി മാത്രമേ സമ്പാദിക്കാവൂ. ഇതനുസരിച്ചുള്ള മാറ്റം വ്യക്തികളുടെ നിക്ഷേപ ശെെലിയിൽ വരണം.
ബജറ്റിൻ്റെ പ്രതികരണം തന്നെയാകും ഇന്നു വ്യാപാരത്തുടക്കത്തിൽ ഉണ്ടാവുക. പിന്നീടു സാധാരണ നിലയിലേക്കു നീങ്ങാം. ബജറ്റിനു ശേഷം തകർച്ച എന്ന ആഖ്യാനം മാറിയതു വിപണിക്ക് ആശ്വാസം പകരുന്ന കാര്യമാണ്. ബുള്ളുകൾക്ക് ആവേശം പകരുന്ന സാഹചര്യമാണുള്ളത്.
രാജ്യാന്തര വിപണികളിൽ നിന്നുള്ള സൂചനകൾ അത്ര പോസിറ്റീവ് അല്ല.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചാെവ്വാഴ്ച രാത്രി 24,436 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 24,400 ലാണ്. ഇന്ത്യൻ വിപണി അൽപം താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ച ഭിന്നദിശകളിലായി.
യുഎസ് വിപണി ചൊവ്വാഴ്ച ചെറിയ താഴ്ചയിൽ ക്ലോസ് ചെയ്തു. യുഎസ് രാഷ്ട്രീയവും പലിശയും സംബന്ധിച്ച കാര്യങ്ങളിൽ അനിശ്ചിതത്വം മാറി. അതേ സമയം ടെസ്ല നിരാശപ്പെടുത്തുന്ന റിസൽട്ട് പുറത്തിറക്കി. വാഹന വരുമാനം ഏഴു ശതമാനം കുറഞ്ഞു. ലാഭ പ്രതീക്ഷയും താഴ്ന്നു. മാെത്തം വരുമാനവും ലാഭവും മികച്ചതായെങ്കിലും ഗൂഗിളിൻ്റെ മാതൃകമ്പനി ആൽഫബെറ്റ് യൂട്യൂബ് പരസ്യ വരുമാനത്തിൽ പിന്നോട്ടു പോയി. രണ്ടു കമ്പനികളും വിപണിക്കു ശേഷം കുത്തനേ താണു.
ഇന്നലെ ഡൗ ജോൺസ് സൂചിക 57.35 പോയിൻ്റ് (0.14%) നഷ്ടത്തിൽ 40,358.09 ൽ അവസാനിച്ചു. എസ് ആൻഡ് പി 8.67 പോയിൻ്റ് (0.16%) താഴ്ന്ന് 5555.74 ൽ ക്ലോസ് ചെയ്തു. നാസ്ഡാക് 10.22 പോയിൻ്റ് (0.06%) കുറഞ്ഞ് 17,997.35 ൽ വ്യാപാരം അവസാനിപ്പിച്ചു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നഷ്ടത്തിലാണ്. ഡൗ 0.21 ഉം എസ് ആൻഡ് പി 0.40 ഉം നാസ്ഡാക് 0.59 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.
ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ഓസ്ട്രേലിയയിലും ജപ്പാനിലും സൂചികകൾ താഴ്ന്നു. ദക്ഷിണ കൊറിയയിലും ചെെനയിലും സൂചികകൾ കയറ്റത്തിലാണ്.
ഇന്ത്യൻ വിപണി
ബജറ്റ് ദിവസമായ ഇന്നലെ ഇന്ത്യൻ വിപണി വലിയ ചാഞ്ചാട്ടത്തിനു ശേഷം ചെറിയ നഷ്ടത്തിൽ അവസാനിച്ചു. ബജറ്റ് ധനകാര്യ സന്തുലനം വീണ്ടെടുക്കുന്നതിന് മുന്തിയ പരിഗണന നൽകിയതു വിപണിക്ക് ഇഷ്ടമായി.ധനകമ്മി ലക്ഷ്യം 5.1 ശതമാനത്തിൽ നിന്ന് 4.9 ശതമാനമായി കുറച്ചു. റിസർവ് ബാങ്കിൽ നിന്നു കിട്ടിയ അധിക ലാഭവീതവും നികുതി വരുമാനത്തിലെ വർധനയും കമ്മി കുറയ്ക്കാൻ ഉപയോഗിച്ചു. ഇതു വഴി ഈ വർഷത്തെ കടമെടുപ്പ് കുറയും. കടപ്പത്രങ്ങൾ കുറവാകും എന്നതുകൊണ്ടു കടപ്പത്രങ്ങളുടെ വില കൂടി. ഇപ്പോഴത്തേതിലും കുറഞ്ഞ പലിശയ്ക്കു കടപ്പത്രം ഇറക്കാൻ സാധിക്കും. കടത്തിൻ്റെ അളവ് കുറയുമ്പോൾ പലിശ ബാധ്യതയും കുറയും. ഒപ്പം രാജ്യത്തെ പലിശനിലവാരവും താഴും.
ഇങ്ങനെ നല്ല ധനകാര്യ മാനേജ്മെൻ്റ് കാണിച്ച ബജറ്റ് തന്നെ മൂലധന നേട്ട (Capital Gains) നികുതിയിലും ഓഹരി കൈമാറ്റ (Securities Transaction) നികുതിയിലും വിപണിക്കു രസിക്കാത്ത മാറ്റങ്ങൾ പ്രഖ്യാപിച്ച് ഇന്നലെത്തന്നെ നടപ്പാക്കി. വിപണി കുത്തനെ താഴാൻ കാരണമായത് ഇതാണ്. പിന്നീടു സർക്കാർ വക്താക്കൾ പല വിശദീകരണങ്ങൾ പുറപ്പെടുവിച്ച ശേഷമാണു വിപണി നഷ്ടം കുറച്ചത്.
രാവിലെ 222 പോയിൻ്റ് ഉയർന്നു വ്യാപാരമാരംഭിച്ച സെൻസെക്സ് ബജറ്റ് പ്രസംഗം കഴിഞ്ഞതോടെ 1500 പോയിൻ്റ് ഇടിഞ്ഞ് 79,224 ൽ എത്തി. പിന്നീടു തിരിച്ചുകയറി 80,600 വരെ എത്തിയെങ്കിലും പിടിച്ചു നിന്നില്ല. 73.04 പോയിൻ്റ് (0.09%) നഷ്ടത്തിൽ 80,429.04 ൽ ക്ലോസ് ചെയ്തു. നിഫ്റ്റിയും ഇതേ പാതയിലായിരുന്നു. രാവിലെ 60 പോയിൻ്റ് നേട്ടത്തിൽ ഓപ്പൺ ചെയ്തിട്ട് 24,582.55 വരെ കയറി. പ്രസംഗം കഴിഞ്ഞപ്പോൾ 500 പോയിൻ്റ് താഴെ 24,074 വരെ എത്തി. തിരിച്ചു കയറിയിട്ട് 30.2 പോയിൻ്റ് (0.12%) നഷ്ടത്തിൽ 24,479.05 ൽ ക്ലാേസ് ചെയ്തു.
ബാങ്ക് നിഫ്റ്റി 0.96% (502.10 പോയിൻ്റ്) ഇടിഞ്ഞ് 51,778.30 ൽ അവസാനിച്ചു.
മിഡ് ക്യാപ് സൂചിക 0.60 ശതമാനം താഴ്ന്ന് 56,285.25 ലും സ്മോൾ ക്യാപ് സൂചിക 0.88% ഇടിഞ്ഞ് 18,400.50 ലും ക്ലോസ് ചെയ്തു.
സ്വർണത്തിൻ്റെ ഇറക്കുമതിച്ചുങ്കം കുറച്ചതു ജ്വല്ലറികളെ കയറ്റുകയും സ്വർണപ്പണയ കമ്പനികളെയും ബാങ്കുകളെയും താഴ്ത്തുകയും ചെയ്തു. റിയൽ എസ്റ്റേറ്റ് കമ്പനികൾക്കു ബജറ്റ് ക്ഷീണമായി.
എഫ്എംസിജി, കൺസ്യൂമർ ഡ്യുറബിൾസ്, ഐടി, ഫാർമ, ഹെൽത്ത് കെയർ എന്നിവ ഇന്നലെ നല്ല നേട്ടം ഉണ്ടാക്കി. റിയൽറ്റി, ഓയിൽ - ഗ്യാസ്, മെറ്റൽ, ബാങ്ക്, ധനകാര്യ സേവന മേഖലകൾ താഴ്ചയിലായി.
വിദേശനിക്ഷേപകർ ബജറ്റ് ദിവസം വലിയ വിൽപന നടത്തി. ക്യാഷ് വിപണിയിൽ അവർ 2975.31 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1418.82 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ബജറ്റിൻ്റെ സൂക്ഷ്മ വശങ്ങൾ പരിശോധിച്ച് ഇന്നും വിപണി ചാഞ്ചാടാം. എങ്കിലും വിപണിയുടെ ബുള്ളിഷ് പ്രവണതയ്ക്കു മാറ്റം ഇല്ലെന്നാണു കരുതപ്പെടുന്നത്. ഇന്നു നിഫ്റ്റി സൂചികയ്ക്ക് 24,185 ലും 24,065 ലും പിന്തുണ ഉണ്ട്. 24,530 ലും 24,690 ലും തടസം ഉണ്ടാകാം.
സ്വർണം ചാഞ്ചാടുന്നു
സ്വർണം ദിശാബോധം നഷ്ടപ്പെട്ട നിലയിലാണ്. ഇന്നലെ ചെറിയ മേഖലയിൽ സ്വർണ വില കയറി ഇറങ്ങി. ഇന്നലെ ഔൺസിന് 2410 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഔൺസിന് 2406 ഡോളർ വരെ താഴ്ന്നിട്ട് 2409 ലേക്കു കയറി..
കേരളത്തിൽ സ്വർണവില ഇന്നലെ രാവിലെ പവന് 200 രൂപ കുറഞ്ഞ് 53,960 രൂപയായി. പിന്നീട് ബജറ്റിൽ കസ്റ്റംസ് ഡ്യൂട്ടി കുറച്ചതോടെ (10-ൽ നിന്ന് ആറു ശതമാനത്തിേലേക്ക്) വില 2000 രൂപ കണ്ട് കുറച്ച് 51,960 രൂപയാക്കി. ചിലേടങ്ങളിൽ വില 51,880 രൂപയായി. ഇന്നു വീണ്ടും കുറയും എന്നാണു സൂചന.
വെള്ളിവില ഔൺസിന് 29.10 ഡോളറിലാണ്. നികുതി കുറച്ചതിനെ തുടർന്നു കേരളത്തിൽ വെള്ളി കിലോഗ്രാമിനു 92,000 രൂപയിലേക്ക് ഇടിഞ്ഞു.
ഡോളർ സൂചിക തിങ്കളാഴ്ച താഴ്ന്ന് 104.45 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.48 ലാണ്.
ക്രൂഡ് ഓയിൽ
ക്രൂഡ് ഓയിൽ വില ഇന്നലെയും താഴ്ന്നു. ബ്രെൻ്റ് ഇനം 81.01 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 81.18 ഡോളറിലാണ്. ഡബ്ല്യുടിഐ ഇനം 77.12 ഉം യുഎഇയുടെ മർബൻ ക്രൂഡ് 80.22 ഉം ഡോളറിലാണ്.
വ്യാവസായിക ലോഹങ്ങൾ വീണ്ടും താഴ്ന്നെങ്കിലും താഴ്ചയുടെ തോതു കുറഞ്ഞു. ചെമ്പ് 0.48 ശതമാനം താണു ടണ്ണിന് 9046.54 ഡോളറിൽ എത്തി. അലൂമിനിയം 0.49 ശതമാനം താഴ്ന്ന് ടണ്ണിന് 2300.75 ഡോളറായി. ടിൻ 3.13 ഉം ലെഡ് 0.92 ഉം സിങ്ക് 0.83 ഉം നിക്കൽ 0.54 ഉം ശതമാനം ഇടിഞ്ഞു.
ക്രിപ്റ്റാേ കറൻസികൾ താഴ്ന്നു. ട്രംപിൻ്റെ വിജയസാധ്യത കുറയുന്നതാണു കാരണം. ബിറ്റ്കോയിൻ 65,800 ഡോളറിനു മുകളിലാണ്. ഈഥർ 3450 ഡോളറിലാണ്.
വിപണിസൂചനകൾ
(2024 ജൂലെെ 23, ചാെവ്വ)
സെൻസെക്സ് 30 80,429.04 -0.09%
നിഫ്റ്റി50 24,479.05 -0.12%
ബാങ്ക് നിഫ്റ്റി 51,778.30 -0.96%
മിഡ് ക്യാപ് 100 56,285.25 -0.60%
സ്മോൾ ക്യാപ് 100 18,400.50 -0.88%
ഡൗ ജോൺസ് 30 40,358.10 -0.14%
എസ് ആൻഡ് പി 500 5555.74 -0.16%
നാസ്ഡാക് 17,997.30 -0.06%
ഡോളർ($) ₹83.66 ₹0.00
ഡോളർ സൂചിക 104.45 +0.14
സ്വർണം (ഔൺസ്) $2410.00 +$10.40
സ്വർണം (പവൻ) ₹51,960 -₹2200
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $81.01 -$01.39
T C Mathew
T C Mathew  

Related Articles

Next Story

Videos

Share it