ഓസ്‌കര്‍ ചരിത്രം തിരുത്തി കൊറിയയുടെ 'പാരസൈറ്റ്'

ഓസ്‌കര്‍ വേദിയില്‍ ചരിത്രം കുറിച്ച് കൊറിയന്‍ ചിത്രം പാരസൈറ്റ്. ഇത്തവണത്തെ മികച്ച ചിത്രത്തിനുള്ളതുള്‍പ്പെടെ 92-ാമത് ഓസ്‌കര്‍ വേദിയില്‍ നാല് പുരസ്‌കാരങ്ങളാണ് പാരസൈറ്റ് സ്വന്തമാക്കിയത്.

മികച്ച തിരക്കഥ, മികച്ച സംവിധായകന്‍, മികച്ച വിദേശ ഭാഷ ചിത്രം എന്നിവയുടെ പുരസ്‌കാരങ്ങളും പാരസൈറ്റ് നേടിയെടുത്തു. ആദ്യമായാണ് ഒരു ദക്ഷിണ കൊറിയന്‍ ചിത്രം ഓസ്‌കറില്‍ ഈ വിഭാഗങ്ങളില്‍ പുരസ്‌കാരം കരസ്ഥമാക്കുന്നത്. ബോന്‍ ജൂന്‍ ഹോ, ഹാന്‍ ജിന്‍ വോന്‍ എന്നിവര്‍ ചേര്‍ന്നാണ് പാരസൈറ്റിന്റെ തിരക്കഥ ഒരുക്കിയത്. ബോന്‍ ജൂന്‍ ഹോയ്ക്കാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത്.

ലോകമെങ്ങുമുള്ള ജോക്കര്‍ ആരാധകര്‍ പ്രതീക്ഷിച്ചതുപോലെ ജോക്കറിനെ വെള്ളിത്തിരയില്‍ അനശ്വരനാക്കിയ വാക്കിന്‍ ഫീനിക്സ് മികച്ച നടനായി. ഷോബിസ് ഇതിഹാസം ജ്യൂഡിയെ പുനരാവിഷ്‌കരിച്ച റെനെയ് സെല്‍വെഗറാണ് മികച്ച നടി. മികച്ച നടന് പുറമെ ജോക്കര്‍ ഒരു പുരസ്‌കാരം കൂടി സ്വന്തമക്കാക്കി. ഹില്‍ഡന്‍ ഗുഡ്നഡോട്ടിര്‍ മികച്ച സംഗീത സംവിധാനത്തിനുളള പുരസ്‌കാരം കരസ്ഥമാക്കി.

പാരസൈറ്റിനും ജോക്കര്‍ക്കും പുറമെ തിളങ്ങിനിന്ന മറ്റൊരു ചിത്രം യുദ്ധത്തിന്റെ കഥ പറഞ്ഞ 1917 ആണ്. പതിനൊന്ന് നോമിനേഷനുകള്‍ ലഭിച്ച ചിത്രം മൊത്തം മൂന്ന് പുരസ്‌കാരങ്ങളാണ് നേടിയത്. മികച്ച ഛായാഗ്രഹണം, മികച്ച സൗണ്ട് മിക്സിങ്, മികച്ച വിഷ്വല്‍ ഇഫക്ട്സ് എന്നിവ.

വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡില്‍ സ്റ്റണ്ട് ഡ്യൂപ്പിനെ അവതരിപ്പിച്ച ബ്രാഡ് പിറ്റാണ് മികച്ച സഹനടന്‍. മാര്യേജ് സ്റ്റാറിയിലെ അഭിനയത്തിന് ലോറ ഡെന്‍ മികച്ച സഹനടിയായി.

മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം-ദ നൈബേഴ്സ് വിന്‍ഡോ,പ്രൊഡക്ഷന്‍ ഡിസൈന്‍- ബാര്‍ബറ ലിങ്, വസ്ത്രാലങ്കാരം ജോക്വലിന്‍ ഡ്യൂറണ്‍,ഡോക്യുമെന്ററി ഫീച്ചര്‍ ചിത്രം- അമേരിക്കന്‍ ഫാക്ടറി, ഡോക്യുമെന്ററി ( ഷോര്‍ട്ട് സബ്ജക്റ്റ്)- ലേണിങ് ടു സ്‌കേറ്റ്ബോര്‍ഡ് ഇന്‍ എ വാര്‍സോണ്‍.റോക്കറ്റ്മാനിലെ ലവ് മി എഗെയ്ന്‍ എന്ന ഗാനം ആലപിച്ച എല്‍ട്ടണ്‍ ജോണാണ് മികച്ച ഗായകന്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it