സാം ബാങ്ക്മാന്‍ : ക്രിപ്‌റ്റോ ലോകത്തെ 'ജെപി മോര്‍ഗന്‍'

അടുത്തിടെ ഒരു പ്രമുഖ ടിവി ചാനല്‍ അവതാരകന്‍ സാം ബാങ്ക്മാന്‍ ഫ്രൈഡിനെ (Sam Bankman-Fried) വിശേഷിപ്പിച്ചത് ക്രിപ്‌റ്റോ ലോകത്തെ ജെപി മോര്‍ഗന്‍ എന്നാണ്. ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ എഫ്ടിഎക്‌സിന്റെ സിഇഒ സാമിന്റെ പ്രവര്‍ത്തനങ്ങളെ, അമേരിക്കന്‍ സര്‍ക്കാരിന് മോര്‍ഗന്റെ നേതൃത്വത്തില്‍ നല്‍കിയ സഹായത്തോടാണ് അവതാരകന്‍ താരതമ്യം ചെയ്തത്. 10 പേര്‍ക്കൊപ്പം മുറി പങ്കിടുന്ന, ടൊയോട്ട കൊറോളയില്‍ സഞ്ചരിക്കുന്ന, ലാളിത്യം കൊണ്ട് പ്രശസ്തനായ ഈ മുപ്പതുകാരന്‍ ശതകോടീശ്വരന്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത് ക്രിപ്‌റ്റോ ലോകത്തെ താങ്ങിനിര്‍ത്താനുള്ള ശ്രമങ്ങളിലൂടെയാണ്.

ക്രിപ്‌റ്റോ വിപണി തകര്‍ന്നപ്പോള്‍ പ്രതിസന്ധിയിലായ എക്‌സ്‌ചേഞ്ചുകളെയും സ്ഥാപനങ്ങളെയും സഹായിക്കാന്‍ ബില്യണുകളാണ് സാം ബാങ്ക്മാന്‍ ചെലവഴിക്കുന്നത്. കടക്കെണിയിലായ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് സെല്‍ഷ്യസിനെ ഏറ്റെടുക്കാന്‍ ഒരുങ്ങുകയാണ് എഫ്ടിഎക്‌സ്. ക്രിപ്‌റ്റോ ലെന്‍ഡിംഗ് പ്ലാറ്റ്‌ഫോമുകളായ വൊയേഗര്‍, ബ്ലോക്ക്‌ഫൈ തുടങ്ങിയവ സാമിന്റെ സഹായം ലഭിച്ച സ്ഥാപനങ്ങളാണ്. ത്രീ ആരോസ് ക്യാപിറ്റല്‍ എന്ന ക്രിപ്‌റ്റോ ഹെഡ്ജ് ഫണ്ട് തകര്‍ന്നപ്പോഴും നിക്ഷേപം നടത്തിയ എക്‌സ്‌ചേഞ്ചുകള്‍ക്ക് സാം ബാങ്ക്മാന്‍ സഹായം എത്തിച്ചിരുന്നു.

ദി സിംപിള്‍ കോടീശ്വരന്‍

ക്രിപ്‌റ്റോ മേഖലയെ സഹായിക്കാന്‍ ഈ വര്‍ഷം ജനുവരിയില്‍ 2 ബില്യണ്‍ ഡോളറാണ് എഫ്ടിഎക്‌സ് നീക്കിവെച്ചത്. വൊയേഗറിന്റെ ആസ്തികള്‍ 1.4 ബില്യണ്‍ ഡോളറിന് എഫ്ടിഎക്‌സ് ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. സാധിക്കുന്നിടത്തോളം സഹായങ്ങള്‍ ചെയ്യുമെന്നാണ് ഒരു അഭിമുഖത്തില്‍ സാം പറഞ്ഞത്. ക്രിപ്‌റ്റോ മേഖലയെ താങ്ങി നിര്‍ത്താനും നിക്ഷേപകരുടെ ആന്മവിശ്വസം ഉയര്‍ത്താനും അത് ആവശ്യമാണ്. സ്ഥാപനങ്ങളെ സഹായിക്കുന്നതിലൂടെ ഈ പ്രതിസന്ധി പകര്‍ച്ചവ്യാധി പോലെ പകരുന്നതിനെ തടയാമെന്നും സാം കരുതുന്നു.

പണം എന്തിനാണെന്ന് ചോദിച്ചാല്‍ എല്ലാവര്‍ക്കും ഉത്തരങ്ങള്‍ പലതുണ്ടാകും. പണം കൈയില്‍ വന്നാല്‍ അതിന് നൂറു കൂട്ടം ചെലവും കാണും. എന്നാല്‍ സാം ബാങ്ക്മാന്‍ ഫ്രൈഡ് അങ്ങനെയല്ല. ആവശ്യത്തിലേറെ പണമുണ്ട്. പക്ഷേ, സ്വന്തമായി ആവശ്യങ്ങള്‍ ഇല്ല. പിന്നെന്തിനാണ് സമ്പാദിക്കുന്നതെന്ന് ചോദിച്ചാല്‍ സാം പറയും. 'I want to get rich, not because i like money. But because I wanted to give that money to charity'. അതെ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സമ്പാദിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരന്‍. മട്ടിലും ഭാവത്തിലും എല്ലാം സാം ലാളിത്യം കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. കഴിഞ്ഞ വര്‍ഷം 50 മില്യണ്‍ ഡോളറാണ് സാം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്.

വരും വര്‍ഷങ്ങളില്‍ ഈ തുക 500 മില്യണായും അടുത്ത ദശാബ്ദത്തോടെ 10 ബില്യണിലധികമായും ഉയര്‍ത്തുകയാണ് സാമിന്റെ ലക്ഷ്യം. കഴിഞ്ഞ ഫെബ്രുവരിയില്‍ സാമിനെ യുഎസ് സെനറ്റ് വിളിച്ചുവരുത്തിയിരുന്നു, എന്തിനാണെന്നല്ലേ. ക്രിപ്‌റ്റോ ആസ്തികളുടെ നിയന്ത്രണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍. ഫോബ്‌സിന്റെ ബിറ്റ്‌കോയ്നില്‍ നിന്ന് പണമുണ്ടാക്കിയവരുടെ പട്ടികയില്‍ കോയ്ന്‍ബേസ് സ്ഥാപകന്‍ ബ്രെയിന്‍ ആംസ്‌ട്രോംഗിന് പിന്നില്‍ രണ്ടാമതാണ് സാമിന്റെ സ്ഥാനം. 9.44 ബില്യണ്‍ ആസ്തിയുമായി ബ്ലൂംബെര്‍ഗ് ശതകോടീശ്വരപ്പട്ടികയില്‍ നൂറ്റിഎണ്‍പത്താഞ്ചാമനാണ് ഈ മുപ്പതുകാരന്‍. എന്നാല്‍, ഈ വര്‍ഷം ഇതുവരെ സാമിന്റെ ആസ്തിയില്‍ 6 ബില്യണിന്റെ ഇടിവാണ് ഉണ്ടായത്.

സാമും ബിറ്റ്‌കോയ്നും

വാള്‍സ്ട്രീറ്റില്‍ ഒരു ബ്രോക്കറായി ജോലി ചെയ്യവെ 2017ലാണ് സാം ക്രിപ്‌റ്റോയിലേക്ക് തിരിയുന്നത്. മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (എംഐടി) നിന്ന് പുറത്തിറങ്ങിയ കാലം മുതല്‍ പണക്കാരനാവുക എന്നതായിരുന്നു ലക്ഷ്യം. വഴിത്തിരിവായതാകട്ടെ, യുഎസിലെയും ജപ്പാനിലെയും ബിറ്റ്‌കോയ്‌നിലുണ്ടായിരുന്ന 1000 ഡോളറിന്റെ വ്യത്യാസം. യുഎസില്‍ നിന്ന് ബിറ്റ്‌കോയ്ന്‍ വാങ്ങി ജപ്പാനില്‍ വിറ്റ് സാമും സംഘവും എല്ലാ ആഴ്ചയും നേടിയത് ഒരു മില്യണ്‍ ഡോളറിന്റെ ലാഭമാണ്. ഈ മറിച്ചു വില്‍പ്പനയിലൂടെ 20 മില്യണ്‍ ഡോളറായിരുന്നു സാം സമ്പാദിച്ചത്. അവിടെ നിന്ന് സാം തുടങ്ങുകയായിരുന്നു. പിന്നീട് പൂര്‍ണ സമയ ക്രിപ്‌റ്റോ ട്രേഡറായ സാം, 2019ല്‍ സുഹൃത്ത് ഗ്യാരി വാംഗുമായി ചേര്‍ന്ന് എഫ്ടിഎക്‌സ് എന്ന ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് കമ്പനി ആരംഭിച്ചു. വെറും രണ്ട് വര്‍ഷംകൊണ്ട് ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളിലൊന്നായി എഫ്ടിഎക്‌സ് മാറി. ഇന്ന് 32 ബില്യണോളം മൂല്യമുള്ള കമ്പനിയാണ് എഫ്ടിഎക്‌സ്.

Amal S
Amal S  

Sub Editor

Related Articles
Next Story
Videos
Share it