പ്രീമിയം വിസ്‌കി വിപണി പിടിച്ച് സഞ്ജയ് ദത്തിന്റെ കമ്പനി; കേരളത്തിലേക്കും വൈകില്ല

ബോളിവുഡ് താരം സഞ്ജയ് ദത്തിന് പങ്കാളിത്തമുള്ള പ്രീമിയം സ്‌കോച്ച് വിസ്‌കി ബ്രാന്‍ഡായ ദ ഗ്ലെന്‍വോക്കിന്റെ വിപണി വിഹിതത്തില്‍ വന്‍ വര്‍ധന. 2025 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ ഏഴുമാസം കൊണ്ട് ആറുലക്ഷം കുപ്പി വിസ്‌കിയാണ് കമ്പനി വിറ്റത്. നിലവില്‍ 10 സംസ്ഥാനങ്ങളിലാണ് ഈ പ്രീമിയം ബ്രാന്‍ഡിന് മാര്‍ക്കറ്റുള്ളത്. കേരളത്തില്‍ ഇതുവരെ വില്‍പന തുടങ്ങിയിട്ടില്ല.
ഗ്ലെന്‍വോക്ക്‌സിന്റെ വിസ്‌കിയില്‍ നിന്നുള്ള വരുമാനത്തിന്റെ 45 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ്. ഹരിയാന (25), ഉത്തര്‍പ്രദേശ് (20) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. നിലവില്‍ ഗോവ, ഡല്‍ഹി, പഞ്ചാബ്, ചണ്ഡിഗഡ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ദാമന്‍ ദിയു എന്നിവിടങ്ങളിലും ഗ്ലെന്‍വോക്ക്‌സിന് സാന്നിധ്യമുണ്ട്. കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടുത്ത ഘട്ടത്തില്‍ ലക്ഷ്യംവയ്ക്കാനാണ് കമ്പനിയുടെ നീക്കം.

പരീക്ഷണം കുപ്പിയിലും

കഴിഞ്ഞ മാസം ഒരു ലിറ്ററിന്റെ ബോട്ടില്‍ പുറത്തിറക്കിയ കമ്പനി ഈ മാസം200 മില്ലി ലിറ്ററിന്റെ ബോട്ടിലും വിപണിയിലിറക്കാന്‍ പദ്ധതിയിടുന്നുണ്ട്. ചെറിയ ബോട്ടില്‍ പുറത്തിറക്കുന്നതിലൂടെ വില്പന വര്‍ധിപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് കമ്പനി.
പ്രീമിയം വിസ്‌കി നിര്‍മാതാക്കളായ കാര്‍ട്ടല്‍ ബ്രോസുമായി ചേര്‍ന്നാണ് സഞ്ജയ് ദത്ത് പുതിയ വ്യവസായത്തിലേക്ക് ചുവടുറപ്പിച്ചത്. 1,500-1,600 നിരക്കില്‍ ഇടത്തരക്കാരെ ലക്ഷ്യം വച്ചുള്ള വില്പന തന്ത്രമാണ് ഗ്ലെന്‍വാക്കിന്റെ വിജയരഹസ്യം. വില കുറവുള്ള എന്നാല്‍ പ്രീമിയം ബ്രാന്‍ഡിലുള്ള വിസ്‌കിയെന്ന തോന്നല്‍ ഉണ്ടാക്കിയെടുക്കാന്‍ കമ്പനിക്ക് സാധിച്ചു.പുതിയ വിപണികളിലേക്ക് എത്തുന്നതിന്റെ ഭാഗമായി അടുത്തിടെ ദുബൈയില്‍ കമ്പനി സാന്നിധ്യം അറിയിച്ചിരുന്നു.
Related Articles
Next Story
Videos
Share it