ട്രംപിന്റെ വരവ് ഇന്ത്യന്‍ രൂപക്ക് ഭീഷണി; മൂല്യം കുറയുമെന്ന് എസ്.ബി.ഐ റിപ്പോര്‍ട്ട്

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വീണ്ടുമെത്തിയത് ഇന്ത്യന്‍ രൂപക്ക് ഗുണകരമല്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ട്രംപ് ഭരണത്തില്‍ അമേരിക്കന്‍ ഡോളറിന് കരുത്ത് കൂടുമെന്നും ഇത് ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്കില്‍ എട്ട് മുതല്‍ 10 ശതമാനം വരെ ഇടിവിന് കാരണമാകുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിനിമയ നിരക്ക് ഇപ്പോള്‍ 84.38 രൂപയാണെങ്കിലും ഇത് 87-92 നിരക്കിലേക്ക് ഉയരാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ' അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2024: ട്രംപ് 2.0 ഇന്ത്യയുടെയും ആഗോളതലത്തിലെയും സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിക്കും' എന്ന റിപ്പോര്‍ട്ടിലാണ് ഇന്ത്യന്‍ രൂപ നേരിടാനിരിക്കുന്ന തിരിച്ചടിയെ കുറിച്ച് സൂചിപ്പിക്കുന്നത്. ഡോളറിനെതിരെ ചെറിയൊരു കാലയളവിലേക്ക് ഇന്ത്യന്‍ രൂപക്ക് തിരിച്ചടിയുണ്ടാകുമെന്നും പിന്നീട് രൂപയുടെ വിനിമയ നിരക്ക് വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നാണ്യപെരുപ്പം വര്‍ധിക്കും, കയറ്റുമതിക്ക് ഗുണം

രൂപയുടെ മൂല്യതകര്‍ച്ച രാജ്യത്ത് നാണ്യപെരുപ്പം വര്‍ധിപ്പിക്കുമെന്ന് എസ്.ബി.ഐ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കി. രൂപയുടെ വിനിമയ നിരക്കില്‍ അഞ്ച് ശതമാനം ഇടിവുണ്ടായാല്‍ നാണ്യപെരുപ്പത്തില്‍ 25-30 ബി.പി.എസ് വര്‍ധനയുണ്ടാകും. ഇത് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പടെയുള്ള വസ്തുക്കളുടെ ഇറക്കുമതി ചിലവ് വര്‍ധിപ്പിക്കാനും ഇടയുണ്ട്. ഇതേസമയം, ഡോളറിന്റെ മൂല്യവര്‍ധന ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി മേഖലക്ക് ഇത് ഗുണം ചെയ്യും. ടെക്‌സ്റ്റൈല്‍, മാനുഫാക്ചറിംഗ്, കാര്‍ഷിക രംഗങ്ങളില്‍ ഇത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് നേട്ടമുണ്ടാക്കും.

ഒബാമ മുതല്‍ ട്രംപ് വരെ

കഴിഞ്ഞ 13 വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഡോളറുമായി ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് വ്യത്യസ്ത തോതില്‍ മാറി മറിയുന്നുണ്ട്. 2012 മുതല്‍ 16 വരെയുള്ള ഒബാമ ഭരണകാലത്താണ് ഇന്ത്യന്‍ രൂപക്ക് വലിയ തിരിച്ചടിയുണ്ടായത്. ഈ കാലയളവിലെ ശരാശരി വിനിമയ നിരക്ക് 62.2 രൂപയായിരുന്നു. 28.7 ശതമാനം ആയിരുന്നു രൂപയുടെ മൂല്യശോഷണം. 2016 മുതല്‍ 2020 വരെ ട്രംപ് ഭരിച്ചപ്പോള്‍ രൂപക്ക് 11.3 ശതമാനം ഇടിവുണ്ടായി. 60.2 രൂപയായിരുന്നു അക്കാലത്തെ വിനിമയ നിരക്ക്. 2020 മുതല്‍ 2024 വരെയുള്ള ബൈഡന്‍ കാലത്ത് വിനിമയ നിരക്ക് 84.1 രൂപയില്‍ എത്തി. 2029 വരെയുള്ള വര്‍ഷങ്ങളിലെ ശരാശരി നിരക്ക് 87 നും 92 നും ഇടയിലായിരിക്കുമെന്നാണ് എസ്.ബി.ഐ റിപ്പോര്‍ട്ടില്‍ പ്രവചിക്കുന്നത്. ഇപ്പോഴത്തെ ഇടിവില്‍ ആശങ്കപ്പെടാനില്ല. എല്ലാകാലത്തും വിനിമയ നിരക്കുകളില്‍ ഏറ്റകുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്. രൂപക്ക് മെച്ചപ്പെടലുകളുടെ സമയം വരാനിരിക്കുന്നുണ്ട്. റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles
Next Story
Videos
Share it