

കോവിഡും അതിന് പിന്നാലെയെത്തിയ റഷ്യയുടെ യുക്രെയ്ന്‍ ആക്രമണവും ലോക രാജ്യങ്ങളെ തള്ളിവിട്ടത് സമീപ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ്. പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രിച്ച് രൂപയെ പിടിച്ചു നിര്‍ത്താന്‍ നമ്മുടെ സര്‍ക്കാരും റിസര്‍വ് ബാങ്കും നടത്തുന്ന ശ്രമങ്ങള്‍ തന്നെയാണ് മറ്റ് രാജ്യങ്ങളിലും നടക്കുന്നത്. വീണ്ടും ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് ലോകം നീങ്ങുമോ എന്ന ആശങ്ക പലരില്‍ നിന്നും ഉയരുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യം ഗ്രേറ്റ് ഡിപ്രഷന്‍ (Great Depression) വീണ്ടും ചര്‍ച്ചയാവുന്നത്. 1929ല്‍ ആരംഭിച്ച് ഏകദേശം ഒരു ദശകത്തോളം നീണ്ടുനിന്ന ഗ്രേറ്റ് ഡിപ്രഷനെ മലയാളത്തില്‍ മഹാ സാമ്പത്തിക മാന്ദ്യം എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്. സാധാരണ രീതിയില്‍ ഒരു സാമ്പത്തിക മാന്ദ്യത്തെ റിസെഷന്‍ എന്നാണ് പറയുക. റിസഷനും ഡിപ്രഷനും തമ്മിലുള്ള വ്യത്യാസം വളരെ ലളിതമാണ്. ഒരു സാമ്പത്തിക വര്‍ഷത്തെ തുടര്‍ച്ചയായ രണ്ട് ക്വാട്ടറില്‍ സാമ്പത്തിക വളര്‍ച്ച ചുരുങ്ങുകയാണെങ്കില്‍ നമുക്ക് അതിനെ സാമ്പത്തിക മാന്ദ്യം അല്ലെങ്കില്‍ റിസഷനായി കണക്കാക്കാം. ഈ അവസ്ഥ വര്‍ഷങ്ങളോളം നീണ്ടു നിന്നാലോ.. ആ സാഹചര്യത്തെയാണ് ഡിപ്രഷന്‍ എന്ന് വിശേഷിപ്പിക്കുന്നത്.
1929ല്‍ അമേരിക്കയില്‍ തുടങ്ങി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് വ്യാപിച്ച ഗ്രേറ്റ് ഡിപ്രഷന്റെ കാരണങ്ങള്‍ പലതായിരുന്നു. ആ കാരണങ്ങളിലേക്ക് കടക്കും മുമ്പ് ഗ്രേറ്റ് ഡിപ്രഷന് മുമ്പുള്ള അമേരിക്കന്‍ സമ്പത്ത് വ്യവസ്ഥയെ കുറിച്ച് അറിയേണ്ടതുണ്ട്. റോറിംഗ് ട്വന്റീസ്് എന്നറിയപ്പെടുന്ന 1920കള്‍ അമേിക്കന്‍ സമ്പത്ത് വ്യസ്ഥയ്ക്ക് വലിയ ഉണര്‍വാണ് നല്‍കിയത്. 1922-29 കാലയളവില്‍ രാജ്യത്തിന്റെ മൊത്ത ദേശീയ ഉല്‍പാദനം 4.7 ശതമാനം ആണ് വളര്‍ന്നത്. തൊഴിലവസരങ്ങള്‍ വര്‍ധിച്ചു...ആളുകള്‍ കൂടുതല്‍ പണം ചെലവഴിക്കാന്‍ തുടങ്ങി. ബാങ്കുകള്‍ ധാരാളം ലോണുകള്‍ നല്‍കി. എല്ലാ നാട്ടിലെയും പോലെ സമ്പന്നര്‍ വലിയ നേട്ടമുണ്ടാക്കി. ഇക്കാലയളവില്‍ നിരവധി അമേരിക്കക്കാരാണ് സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപം നടത്തിയത്. ആളുകള്‍ പണം ചെലവഴിക്കാന്‍ തുടങ്ങിയതോടെ ഉല്‍പ്പാദനവും വളരെയധികം ഉയര്‍ന്നു.
ഗ്രേറ്റ് ഡിപ്രഷന്റെ തുടക്കം
ഈ ഒരു സാഹചര്യത്തില്‍ നിന്നാണ് സമ്പദ് വ്യവസ്ഥ കൂപ്പുകുത്തിയത്. അതിന് തുടക്കം കുറിച്ചതാകട്ടെ ബ്ലാക്ക് ട്യൂസ്ഡെ ( Black Tuesday) എന്നറിയപ്പെടുന്ന 1929 ഒക്ടോബര്‍ 29ലെ ഓഹരി വിപണിയുടെ തകര്‍ച്ചയും. ഓഹരി വിറ്റ് നിക്ഷേപകര്‍ ലാഭമെടുക്കാന്‍ തുടങ്ങിയതോടെയാണ് ഓഹരി വിപണി ഇടിയാന്‍ തുടങ്ങിയത്. 1929നും 32നും ഇടയില്‍ മാര്‍ക്കറ്റ് 85 ശതമാനം ആണ് ഇടിഞ്ഞത്. ഇതായിരുന്നു തുടക്കം. ബ്ലാക്ക് ട്യൂസ്ഡെയെന്ന് നെറ്റില്‍ സര്‍ച്ച് ചെയ്താല്‍ മാര്‍ക്കറ്റ് ഇടിഞ്ഞതിനെ തുടര്‍ന്ന് വാള്‍സ്ട്രീ്റ്റില്‍ തടിച്ചു കൂടിയവരുടെ ഫോട്ടോസ് കാണാന്‍ സാധിക്കും.ഗ്രേറ്റ് ഡിപ്രഷന്റെ കാലത്ത് ഡൊറോത്തിയോ ലാംഗ് പകര്‍ത്തിയ മൈഗ്രന്റ് മദര്‍ എന്ന ഫോട്ടോഗ്രാഫ് അന്നത്തെ ജീവിത സാഹചര്യങ്ങളുടെ തീവ്രത അടയാളപ്പെടുത്തുന്ന ഒന്നാണ്.
സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തപ്പോ സാധനങ്ങളുടെ ഡിമാന്‍ഡ് ഇടിഞ്ഞു. റോറിംഗ് ട്വന്റീസില്‍ വന്‍തോതില്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചതുകൊണ്ട് കാര്‍ഷിക മേഖലയില്‍ ഉള്‍പ്പടെ സപ്ലെ ആവശ്യത്തിലും അധികമായിരുന്നു. ഈ സാഹചര്യത്തില്‍ കമ്പനികള്‍ തൊഴിലാളികളെ പിരിച്ചുവിടാന്‍ തുടങ്ങി. 1933 ആയപ്പോഴേക്കും രാജ്യത്തെ തൊഴിലില്ലായ്മ 25%ല്‍ എത്തിയിരുന്നു.
ഡിപ്രഷനെ നേരിടുന്നതില്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് വലിയ പരാജയം ആയിരുന്നു. 1920 കളില്‍ പലിശ നിരക്ക് കുറച്ചുവെച്ചിട്ട് സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് ഫെഡ് റിസര്‍വ് അത് ഉയര്‍ത്തുകയാണ് ചെയ്തത്. വന്‍തോതില്‍ വായ്പകള്‍ വിതരണം ചെയ്ത ബാങ്കുകള്‍ തകരാതിരിക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. പലിശ നിരക്ക് ഇരട്ടിയോളം വര്‍ധിച്ചതോടെ പണലഭ്യത കുറഞ്ഞു. ഇത് ഡീഫ്ലേഷന് കാരണമായി. മോണിറ്ററി പോളിസിയുടെ പ്രാധാന്യം ലോകത്തിന് മനസിലായത് തന്നെ ഗ്രേറ്റ് ഡിപ്രഷന്റെ സമയത്താണ്.
രാജ്യം നേരിട്ടുകൊണ്ടിരുന്ന സാമ്പത്തിക പ്രതിസന്ധിയോട് അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന ഹെര്‍ബര്‍ട്ട് ഹൂവെര്‍ വളരെ നിസംഗമായ സമീപമനമാണ് സ്വീകരിച്ചത്.വിപണിയിലെ സ്വതന്ത്ര മത്സരത്തെ ഉള്‍പ്പടെ പിന്തുണയ്ക്കുന്ന റഗ്ഗ്ഡ് ഇന്‍ഡിവിജ്വലിസത്തിന്റെ വക്താവായിരുന്നു അദ്ദേഹം. ഇക്കോണമിയിലേക്ക് പണം ഇറക്കാനുള്ള നടപടികള്‍ ഹൂവെര്‍ തുടങ്ങിയപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. ഇന്‍ഡസ്ട്രിയല്‍ പ്രോഡക്ഷന്‍ 47 ശതമാനവും ജിഡിപി 30 ശതമാനവും ആണ് ഇടിഞ്ഞത്. രാജ്യത്തെ പകുതിയോളം ബാങ്കുകളും തകര്‍ന്നു.
ഗ്രേറ്റ് ഡിപ്രഷന്‍ ഇന്ത്യയെ ബാധിച്ചത് ബ്രിട്ടീഷ് നയങ്ങളുടെ ഫലമായിട്ടായിരുന്നു. ഡിപ്രഷന്‍ ബ്രിട്ടന്റെയും ബ്രിട്ടന്റെ കോളനിയായിരുന്ന ഇന്ത്യയുടെയും കയറ്റുമതി കുത്തനെ ഇടിയാന്‍ കാരണമായി. ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം അമേരിക്ക, ജര്‍മനി ഉള്‍പ്പടെയുണ്ടായ റോറിംഗ് 20സ് ബ്രിട്ടണില്‍ ഉണ്ടായിരുന്നില്ല. മാന്ദ്യത്തിന്റെ കാലത്ത് ഇറക്കുമതി കുറയ്ക്കാന്‍ അമേരിക്ക ഇംപോര്‍ട്ട് ഡ്യൂട്ടി ഉയര്‍ത്തിയിരുന്നു. ഇതിന്റെ പ്രതികരണം എന്ന നിലയില്‍ മറ്റ് രാജ്യങ്ങളും ഇതേ സമീപനം സ്വീകരിച്ചു. എല്ലാവരും സ്വന്തം ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു.
ഇക്കാലയളവില്‍ ഇന്ത്യയിലെ ഗോതമ്പിന്റെ വില 50 ശതമാനത്തോളം ആണ് ഇടിഞ്ഞത്. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില ഇടിഞ്ഞിട്ടും ബ്രിട്ടീഷ് സര്‍ക്കാര്‍ നികുതി കുറയ്ക്കാന്‍ തയ്യാറായില്ല. ഇത് കര്‍ഷകരെ വലിയ പ്രതിസന്ധിയിലാക്കി. അതേ സമയം അതേ സമയം സ്ഥിര വരുമാനം രാജ്യത്തെ അപ്പര്‍ക്ലാസിനെയും സ്ഥിരവരുമാനം ഉണ്ടായിരുന്നവരെയും ഗ്രേറ്റ് ഡിപ്രഷന്‍ വലിയ തോതില്‍ ബാധിച്ചില്ല. പിടിച്ചു നില്‍ക്കാനായി ഇന്ത്യന്‍ കര്‍ഷകര്‍ സമ്പാദ്യമായി ഉണ്ടായിരുന്ന സ്വര്‍ണവും വെള്ളിയുമൊക്കെ വില്‍ക്കാന്‍ തുടങ്ങി. ഇന്ത്യക്കാര്‍ വിറ്റ സ്വര്‍ണം സമ്പത്ത് വ്യവസ്ഥയെ് പിടിച്ചു നിര്‍ത്താന്‍ ബ്രിട്ടീഷുകാരെ സഹായിച്ചെന്ന ഒരു വാദം ഉണ്ട്. ഇക്കാലഘട്ടത്തിലാണ് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഉപ്പ് നിയമ ലംഘനമൊക്കെ നടക്കുന്നത്. ഗ്രേറ്റ് ഡിപ്രന്റെ സമയത്ത് ബ്രിട്ടണ്‍ സ്വീകരിച്ച നയങ്ങള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലേക്ക് ജനങ്ങളെ കൂടുതല്‍ അടുപ്പിച്ചു.
ഫ്രാങ്ക്ളിൻ റൂസ്‌വെല്‍റ്റിന്റെ ന്യൂ ഡീല്‍
1933ല്‍ ആണ് ഫ്രാങ്ക്ളിൻ റൂസ് വെല്‍റ്റ് അമേരിക്കയുടെ പ്രസിഡന്റ് ആവുന്നത്. അതോടെയാണ് അമേരിക്കയില്‍ കാര്യങ്ങള്‍ ചെറിയ തോതിലെങ്കിലും മാറാന്‍ തുടങ്ങിയത്. ന്യൂ ഡീല്‍ എന്ന പേരില്‍ അദ്ദേഹം കുറെ പോളിസികള്‍ അവതരിപ്പിച്ചു. ഇക്കണോമിയെ സ്റ്റെബിലൈസ് ചെയ്യാന്‍ ഇത് ഒരു പരിധിവരെ സഹായിച്ചത് ഈ പോളിസികളാണ്. കണ്‍സ്ട്രക്ഷന്‍ പ്രോജക്ടുകളിലൂടെ തൊഴിലവസരങ്ങള്‍, പെന്‍ഷന്‍ സ്‌കീം, അണ്‍ എംപ്ലോയിമെന്റ് ഇന്‍ഷുറന്‍സ്,ഇന്‍വസ്റ്റ്മെന്റ് ബാങ്കിംഗിനെ കൊമേഴ്സ്യല്‍ ബാങ്കിംഗില്‍ നിന്ന് വേര്‍തിരിക്കല്‍, സ്റ്റോക്ക് മാര്‍ക്കറ്റിനെ നിയന്ത്രിക്കാന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ തുടങ്ങിയവയൊക്കെ റൂസ് വെല്‍റ്റിന്റെ കീഴില്‍ നടപ്പാക്കി.
പക്ഷെ അപ്പോഴും ഉല്‍പ്പാദനം കുറവും തൊഴിലില്ലായ്മ കൂടുതലും ആയിരുന്നു.ജനങ്ങളുടെ ജീവിത നിലവാരത്തില്‍ മാറ്റമൊന്നും ഉണ്ടായില്ല. 1939ലെ രണ്ടാം ലോക മഹായുദ്ധത്തോടെയാണ് ഗ്രേറ്റ് ഡിപ്രഷന്‍ അവസാനിക്കുന്നത് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ആയുധ നിര്‍മാണവും യുദ്ധത്തില്‍ പങ്കെടുക്കാന്‍ 10 മില്യണോളം ചെറുപ്പക്കാര്‍ പട്ടാളത്തില്‍ ചേര്‍ന്നതും തൊഴിലില്ലായ്മ കുറച്ചു. അതേ സമയം യുദ്ധം ഡിപ്രഷനെ ഇന്‍സ്റ്റിറ്റിയൂഷനലൈസ് ചെയ്യുകയായിരുന്നു എന്നും രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ് അമേരിക്ക രാജ്യം സാമ്പത്തിക മാന്ദ്യത്തെ മറികടന്നതെന്നുമാണ് മറ്റൊരു വാദം. ഗ്രേറ്റ് ഡിപ്രഷന്‍ പോലൊരു സാഹചര്യം ഇനി ലോകത്തുണ്ടാകുമോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാണ് പല സാമ്പത്തിക വിദഗ്ദരും പറയുന്നത്. അന്നത്തേതില്‍ നിന്ന് വ്യത്യസ്തമായി എല്ലാ രാജ്യങ്ങള്‍ക്കും തീരുമാനങ്ങള്‍ എടുക്കാന്‍ ശേഷിയുള്ള കേന്ദ്ര ബാങ്കുകളും മെച്ചപ്പെട്ട ധനനയങ്ങളും മറ്റ് നിയന്ത്രണ സംവിധാനങ്ങളും ഉണ്ട് എന്നത് തന്നെയാണ് അതിനുള്ള കാരണം.
Read DhanamOnline in English
Subscribe to Dhanam Magazine