ഷൂസ് വൃത്തിയാക്കി ഈ സംരംഭക നേടുന്നത് മാസം ഒന്നരലക്ഷം വരുമാനം; സെലബ്രിറ്റികള്‍ വരെ കസ്റ്റമേഴ്‌സ്

ഒന്നു പുറത്തിറങ്ങി തിരിച്ചെത്തുമ്പോഴേക്കും തന്നെ ഷൂസ് ആകെ പൊടിയും ചെളിയുമായിരിക്കും. ഇതൊന്നു വൃത്തിയാക്കുക എന്നത് ഒട്ടുമിക്ക ആളുകള്‍ക്കും വലിയ പണി തന്നെയാണ്. വൃത്തിയാക്കനുള്ള മടി വേറെയും. ഈ പ്രശ്‌നത്തിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് 'ഷൂ ലോണ്‍ഡ്രി' എന്ന് ആശയം. ഈ ആശയവുമായി ഫോര്‍ട്ടുകൊച്ചി സ്വദേശി കൃഷ്ണ ആരംഭിച്ച 'ഹിദ ദി ഷൂ ഷൈനി' (Hidha the shoe shiny) ഇന്ന് ജനശ്രദ്ധ നേടുകയാണ്. ചെളിപിടിച്ച ഷൂസ് നല്‍കിയാല്‍ നല്ല പുതുപുത്തന്‍പോലെ തിരിച്ചുതരുന്നൊരിടമാണ് കൊച്ചിയിലെ 'ഹിദ ദി ഷൂ ഷൈനി'.

ഒമ്പതു മാസം മുമ്പ് പിറവിയെടുത്തു

ഇന്റീരിയര്‍ ഡിസൈനിംഗ് ഡിഗ്രിക്കു ശേഷം സിനിമാട്ടോഗ്രഫിയും ഫോട്ടോഗ്രഫിയുമെല്ലാം കൃഷ്ണ പരീക്ഷിച്ചു. എന്നാല്‍ സ്വന്തം കാലില്‍ മുന്നോട്ട് പോകാന്‍ ഇതൊന്നും കൃഷ്ണയ്ക്ക് പര്യപ്തമായിരുന്നില്ല. അങ്ങനിരിക്കേ സുഹൃത്ത് പകര്‍ന്ന ആശയമാണ് ഷൂ ലോണ്‍ഡ്രി. ഇന്ന് ഒട്ടുമിക്ക ആളുകളും ഉപയോഗിക്കുന്ന ഒന്നാണ് ഷൂസ്. അതുകൊണ്ടു തന്നെ തുടങ്ങിയാല്‍ പാളിപോകില്ല എന്നൊരു ആത്മവിശ്വാസവും ഉണ്ടായിരുന്നു. ഇതോടെ വിദേശ രാജ്യങ്ങളിൽ സാധാരണമായ ഷൂ ലോണ്‍ഡ്രി എന്ന സംരംഭക്കെത്തെ കുറച്ച് കൃഷ്ണ കൂടുതല്‍ പഠിക്കാന്‍ തുടങ്ങി.

Image courtesy: Hidha the shoe shiny/insta

പഠിച്ച പാഠങ്ങളെല്ലാം പ്രയോഗികമാക്കി കൃഷ്ണ ഷൂസുകള്‍ വൃത്തിയാക്കി തുടങ്ങി. ഇതിന്റെ വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. വൈകാതെ ഷൂ ലോണ്‍ഡ്രി വീഡിയോകള്‍ വൈറലായി. അങ്ങനെ ഒമ്പതു മാസം മുമ്പ് 'ഹിദ ദി ഷൂ ഷൈനി' എന്ന ഈ സംരംഭം കൃഷ്ണ ആരംഭിച്ചു. സോഷ്യല്‍മീഡയയിലൂടെ 'ഹിദ ദി ഷൂ ഷൈനി' ഏറെ ശ്രദ്ധ നേടി. ആവശ്യക്കാര്‍ തേടിയെത്തി തുടങ്ങി. ഇന്ന് സാധരണക്കാര്‍ മുതല്‍ വ്യവസായികള്‍, സിനിമാതാരങ്ങള്‍ ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികള്‍ വരെ ഹിദ ദി ഷൂ ഷൈനിയുടെ കസ്റ്റമേഴ്‌സാണ്.

ഷൂസ് വൃത്തിയാക്കി മാസം നേടുന്നത്

എല്ലാത്തരം ഷൂസും ഇവിടെ വൃത്തിയാക്കാറുണ്ട്. ദിവസവും 15 ജോഡിയിലേറെ ഷൂസെത്തും. സാധാരണ ഷൂസ് മുതല്‍ ബ്രാന്‍ഡഡ് ഷൂസുകള്‍ വരെ ഹിദ ദി ഷൂ ഷൈനിയില്‍ എത്താറുണ്ട്. വരുന്ന ഷൂസെല്ലാം നോക്കി കൃത്യമായി ഏതു രീതിയിലാണ് അവ വൃത്തിയാക്കേണ്ടതെന്ന് പരിശോധിച്ച് ശേഷം 3-4 ദിവസത്തിനുള്ളില്‍ അവ വൃത്തിയാക്കി കസ്റ്റമറിന് തിരിച്ചുകൊടുക്കും. വൃത്തിയാക്കലിനു പുറമേ റിപ്പയര്‍, പോളിഷ് എന്നിവയുമുണ്ട്. വിവിധയിടങ്ങളില്‍ നിന്നും ഓര്‍ഡറുകള്‍ വരാറുണ്ടെന്ന് കൃഷ്ണ പറയുന്നു. അടുത്തിടെ മൂന്നാറില്‍ നിന്ന് വന്ന ഷൂസുകള്‍ വൃത്തിയാക്കി കൊറിയര്‍ ചെയ്തിരുന്നു. ഇത്തരത്തില്‍ ഇന്ന് ഷൂസ് വൃത്തിയാക്കി കൃഷ്ണ മാസം നേടുന്നത് ഒന്നര ലക്ഷത്തോളം രൂപയാണ്.

Image courtesy: Hidha the shoe shiny/insta

തുടക്കത്തില്‍ ഷൂസ് മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ ലോഫേഴ്‌സും സ്ലൈഡ്‌സും ലക്ഷ്വറി ബാഗുകളും സ്യൂട്ട്‌കേസുമെല്ലാം ഹിദ ദി ഷൂ ഷൈനിയില്‍ വൃത്തിയാക്കുന്നുണ്ട്. ഇനി കേരളത്തിലെ മറ്റു ജില്ലകളിലും ബ്രാഞ്ചുകള്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ് കൃഷ്ണ. മാത്രമല്ല ന്യൂസിലന്‍ഡ്, യു.എ.ഇ എന്നിവിടങ്ങളിലേക്കും സംരംഭം വ്യപിപ്പിക്കാനും പദ്ധതിയുണ്ട്. കൂടാതെ ഈ സംരംഭത്തിന്റെ ഫ്രാഞ്ചൈസി ആരംഭിക്കാനും ജീവനക്കരുടെ എണ്ണം വര്‍ധിപ്പിച്ച് നിലവിലുള്ള സംരംഭം വീപുലീകരിക്കാനും കൃഷ്ണ ലക്ഷ്യമിടുന്നു.

പരമാവധി പരിശ്രമിക്കുക

സ്വന്തമായൊരു ബിസിനസ് തുടങ്ങന്‍ ആഗ്രഹിക്കുന്നവരോട് കൃഷ്ണയ്ക്ക് പറയാനുള്ളത് ഇതാണ് "സ്വപ്നങ്ങള്‍ കാണുക. അതിലേക്ക് എത്തിചേരാന്‍ പരമാവധി പരിശ്രമിക്കുക. നമ്മള്‍ മനുഷ്യര്‍ വളരെ പവര്‍ഫുളാണ്. നമ്മുക്ക് നേടാന്‍ കഴിയാത്തതായി ഒന്നുമില്ല. അതുകൊണ്ടതന്നെ സ്വപ്‌നങ്ങള്‍ എത്തിപ്പിടിക്കാന്‍ പരമാവധി പരിശ്രമിക്കുക തന്നെ വേണം". അങ്ങനെ സ്വപ്‌നം കാണുകയും അതിനായി പരിശ്രമിക്കുകയും അത് സാധ്യമാക്കുകയും അതുവഴി സ്വന്തം കാലില്‍ ഉറച്ച് നില്‍ക്കനുമായ സംരംഭകയാണ് കൃഷ്ണ. മറ്റൊരു വനിതാദിനം കൂടി കടന്നുപോകുമ്പോള്‍ ഏവര്‍ക്കും മാതൃകയായി മാറിയിരിക്കുകയാണ് ഈ ഫോര്‍ട്ട്‌കൊച്ചിക്കാരി.

Related Articles

Next Story

Videos

Share it