'മാലിന്യ സംസ്‌കരണ പ്ലാന്റോ? എന്റെ നാട്ടിൽ വേണ്ട', എന്നുമാറും ഈ മനോഭാവം?

ഒരു ദിവസം കേരളം പുറംതള്ളുന്ന മാലിന്യ ശേഖരത്തിന്റെ കണക്കുകൾ ആരെയും ഞെട്ടിക്കും: 9000 മുതൽ 10000 ടൺ ഗാർബേജുകൾ.

എന്നാൽ, ശുചിത്വത്തെ കുറിച്ച് എപ്പോഴും വാചാലരാകാറുള്ള മലയാളികളുടെ സ്വന്തം നാട്ടിൽ ഇവയുടെ സംസ്‌കരണത്തിനായി ഇന്നേവരെ ഒരു പ്ലാന്റ് കാര്യക്ഷമമായി പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് ഏറ്റവും ദയനീയം.

മാലിന്യവും അവയുടെ സംസ്‌കരണവുമായി ബന്ധപ്പെട്ടുയരുന്ന വിഷയം കേരളത്തിൽ അതിരൂക്ഷവും ഗൗരവമേറിയതുമാണ്, ധനം ബിസിനസ് സമ്മിറ്റ് & അവാർഡ് നൈറ്റിൽ പങ്കെടുത്ത് സംസാരിക്കവെ ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു.

"ഈ വിഷയം എത്ര കണ്ടില്ലെന്നു നടിക്കുന്നോ അത്രമേൽ അതിന്റെ പ്രതിസന്ധിയും വർധിക്കും. സർക്കാരിനൊപ്പം ഓരോരുത്തരും അണിനിരന്നാൽ മാത്രമേ ഇതിനൊരു ശാശ്വതമായ പരിഹാരം കാണാൻ സാധിക്കു. നമ്മുടെ ഉപഭോഗ വർദ്ധനവ് കൊണ്ടുണ്ടാകുന്ന മാലിന്യങ്ങൾ അയൽ സംസ്ഥാനത്ത് കൊണ്ടുപോയി തള്ളാൻ പറ്റുമോ? അപ്പോൾ ഇത് നമ്മൾ തന്നെ കൈ കാര്യം ചെയ്യണം. നിങ്ങളുടെ വീടിനടുത്തു മാലിന്യ സ്റ്റോറേജിനായി ഒരു ഇടം കണ്ടെത്തിയാൽ, അല്ലെങ്കിൽ നാട്ടിൽ ഒരു സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാൻ സർക്കാർ ശ്രമിച്ചാൽ ഒക്കെ മലയാളികൾക്ക് തോന്നുന്ന 'ഇവിടെ വേണ്ട, മറ്റെവിടെ എങ്കിലും കൊണ്ട് പോകു' എന്ന മനോഭാവം അത് മാറേണ്ട കാലം അതിക്രമിച്ച് കഴിഞ്ഞു. ഇനിയും ആ മനോഭാവം നമ്മൾ മാറ്റി എടുത്തില്ലെങ്കിൽ, വരാൻ പോകുന്ന തലമുറ നമ്മുക്ക് മാപ്പു തന്നെന്നു വരില്ല," അദ്ദേഹം പറഞ്ഞു.

Tom Jose

കേരളാ സർക്കാർ അടുത്ത രണ്ട് വർഷത്തിനുള്ളിൽ നവീന മാതൃകയിലുള്ള ഏഴ് മാലിന്യ സംസ്‌കരണ പ്ലാന്റുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കാൻ ഉള്ള ഒരുക്കത്തിലാണ്. ആദ്യത്തെ പ്ലാന്റ് അടുത്ത ഒന്നര വർഷത്തിനുള്ളിൽ കോഴിക്കോട് പ്രവർത്തിച്ച് തുടങ്ങും.

അതിനായുള്ള അനുബന്ധ ചർച്ചകളും, പഠനങ്ങളും ഒക്കെ നടത്തി ടെൻഡറും നല്‌കി. കണ്ണൂർ, പാലക്കാട്, എറണാകുളം, കൊല്ലം എന്നിവടങ്ങളിലും സമാന മാതൃകയിലുള്ള പ്ലാന്റുകൾ സ്ഥാപിക്കാൻ ഉള്ള ജോലികൾ സർക്കാർ ത്വരിതപ്പെടുത്തി വരുകയാണ്.

മുൻപ് ഇരുന്ന സർക്കാരുകൾ മാലിന്യ സംസ്‌കരണ വിഷയത്തെ കുറിച്ച് ആഴത്തിൽ പഠിക്കുകയോ, ഉചിതമായ നടപടികൾ കൈകൊള്ളുകയോ ചെയ്തിട്ടുണ്ടോ എന്ന് സംശയമാണ്, ജോസ് പറയുന്നു. "അതിനു സർക്കാരിന് പൊതുജനത്തിന്റെ വലിയ പിന്തുയാണ് വേണ്ടത്. ഞങ്ങൾ അടുത്തിടെ സ്വിറ്റ്സർലാൻഡിലെ ഒരു മാലിന്യ സംസ്‌കരണ പ്ലാന്റ് സന്ദർശിക്കുക ഉണ്ടായി. അവിടെ ഒക്കെ ജനങ്ങൾ തന്നെ വേസ്റ്റുകൾ ഓരോന്ന് വേർതിരിച്ച് ആ പ്ലാന്റിൽ കൊണ്ട് വരുന്ന കാഴ്ച്ച അത്ഭുതപെടുത്തി. ശരിയാണ് മറ്റു മാർഗ്ഗമില്ലാത്തതിനാലാകാം മലയാളികൾ മാലിന്യങ്ങൾ റോഡിലേക്കും, പുഴകളിലേക്കും, കാട് പ്രദേശത്തും മറ്റും വലിച്ചെറിയുന്നത്. പക്ഷെ അത് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ നമ്മൾ ചിന്തിക്കുന്നില്ല. എന്നാൽ അതിനു നിവർത്തി ഉണ്ടാക്കാൻ സർക്കാർ ഒരു സംസ്‌കരണ പ്ലാന്റുമായി നിങ്ങളുടെ അടുത്ത് വന്നാലോ, അപ്പോൾ സമരമായി, ബഹളമായി. മലിനമല്ലാത്ത ഒരു പുഴയോ, കായലോ കേരളത്തിൽ കാണിക്കാമോ?"

എറണാകുളത്ത് ബ്രഹ്മപുരത്തിനടുത്ത് ഒരു മാലിന്യ സംസ്ക്കരണ പ്ലാൻറ് സ്ഥാപിക്കാൻ സർക്കാർ ആദ്യം പദ്ധതിയിട്ടിരുന്നു. പക്ഷെ നാട്ടുകാരുടെ ഇടപെടൽ മൂലം ആ പദ്ധതി ഉപേക്ഷിക്കേണ്ടതായി വന്നു. എറണാകുളത്തും പുതിയ പ്ലാൻറ് അടുത്ത രണ്ട് വർഷത്തിനുള്ളിൽ തുറക്കാൻ ആണ് സർക്കാരിന്റെ ശ്രമം.

ചില പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ ഒക്കെ തന്നെ മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമം നടത്തുന്നുണ്ട്, ജോസ് പറയുന്നു. "ശാസ്ത്രീയമായ രീതികൾ അവലംബിക്കാൻ അവർക്കു പരമതികൾ ഉണ്ടാവും. ഈ ഏഴ് പ്ലാന്റുകൾ പ്രവർത്തിച്ച് തുടങ്ങുന്ന പക്ഷം നമ്മുടെ റോഡുകളും, പുഴകളും, കാടുകളും ഒക്കെ ഒരു പരിധി വരെ എങ്കിലും മാലിന്യ വിമുക്തമാകാൻ സാധിക്കും."

അടുത്തിടെ ഞങ്ങൾ നമ്മുടെ കാടുകൾ ഒന്ന് ശുചീകരിക്കാൻ ഇറങ്ങി തിരിച്ചു, ജോസ് ഓർക്കുന്നു. "അപ്പോഴാണ് മനസിലായത് ആളുകൾ റോഡുകളിൽ മാത്രമല്ല കാടുകളെ പോലും വെറുതെ വിടുന്നില്ല എന്ന്. നേരിമംഗലത്ത് നിന്ന് തുടങ്ങി മൂന്നാറിലേക്ക് പോകുന്ന കാനന പാതയുടെ ഇരു വശവും നിന്ന് മാത്രം കിട്ടിയത് മൂവായിരം ടൺ മാലിന്യങ്ങൾ ആണ്. ആഹാര മാലിന്യങ്ങൾ, മെഡിക്കൽ വേസ്റ്റ്, ഫർണിച്ചറുകൾ, കംപ്യൂട്ടർ എന്ന് വേണ്ട എല്ലാം അവിടെ നിന്ന് കിട്ടി. വനത്തിലൂടെ റോഡ്‌ പോകുന്ന ഏതാണ്ട് 129 പ്രദേശങ്ങളിലും അവസ്ഥ ഇത് തന്നെ. അതെ പോലെ അടുത്തിടെ നമ്മുടെ റോഡുകൾ വൃത്തിയാക്കാനും ശ്രമം നടത്തിയിരുന്നു അന്നും നാലായിരം തൊട്ടു അയ്യായിരം ടൺ വേസ്റ്റ് ആണ് നീക്കം ചെയ്തത്, പക്ഷെ അത് വീണ്ടും റോഡിലേക്ക് തന്നെ വരികയല്ലേ," അദ്ദേഹം കൂട്ടിച്ചേർത്തു.

Vishnu Rageev R
Vishnu Rageev R  

Related Articles

Next Story

Videos

Share it