എന്താണ് Right to Repair, നമുക്കും വേണ്ടേ ഇത്തരം ഒരു അവകാശം

നിങ്ങളില്‍ പലരും സ്മാര്‍ട്ട് ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ റിപ്പെയര്‍ ചെയ്യാന്‍ കമ്പനികളുടെ സര്‍വീസ് സെന്ററുകളില്‍ പോവുന്നവരാവും. പാര്‍ട്ട്‌സുകള്‍ക്ക് പ്രത്യേകിച്ച് സ്മാര്‍ട്ട് ഫോണുകളുടേതിന് ലോകത്തെങ്ങും കേള്‍ക്കാത്ത വിലയാവും പലപ്പോഴും ഇവര്‍ ഈടാക്കുക. നന്നാക്കുന്നതിലും നല്ലത് പുതിയൊരെണ്ണം വാങ്ങുന്നതാണ് നല്ലതെന്ന് കരുതി തിരികെ പോരുന്നവര്‍ ധാരാളമാണ്.

പലപ്പോഴും വാറന്റി കഴിഞ്ഞാല്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ നാട്ടിലെ ചെറിയ കടകളില്‍ നന്നാക്കാനാണ് പലരും ശ്രമിക്കുന്നത്. കമ്പനികള്‍ നേരിട്ട് നടത്തുന്ന സര്‍വീസ് സെന്ററുകള്‍ ഈടാക്കുന്ന പണം തന്നെയാ ണ് ഇതിന് കാരണം. ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ മാത്രമല്ല, വണ്ടികളുടെ കാര്യത്തിലും ഇങ്ങനൊക്കെ തന്നെയാണ്. എന്നാല്‍ റിപ്പയറുകള്‍ നടത്തുന്ന ചെറിയ കടകള്‍ക്ക് പലപ്പോഴും ഉപകരണങ്ങളുടെ ഒര്‍ജിനല്‍ പാര്‍ട്ട്‌സുകള്‍ നല്‍കുകയോ ഇവ നന്നാക്കേണ്ട രീതികള്‍ പങ്കുവെയ്ക്കുകയോ ഒന്നും വന്‍കിട കമ്പനികള്‍ ചെയ്യാറില്ല.

ഈ സാഹചര്യത്തിലാണ് ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് നിയമ നിര്‍മാണ സഭ കഴിഞ്ഞ ജൂണ്‍ ഒന്നിന് പാസാക്കിയ Digital Fair Repair Atcനെ കുറിച്ച് നിങ്ങള്‍ അറിയേണ്ടത്. എന്താണ് ഈ നിയമത്തിന് ഇത്ര വലിയ പ്രത്യേകത എന്ന് നിങ്ങള്‍ ആലോചിക്കുന്നുണ്ടാവാം. ലോകത്ത് തന്നെ ആദ്യമായാണ് ഇത്തരം ഒരു നിയമം പാസാക്കുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ നന്നാക്കുന്നതിനുള്ള അവകാശം ( Right to Repair) ആണ് ഈ നിയമം ന്യൂയോര്‍ക്കിലെ ജനങ്ങള്‍ക്ക് നല്‍കുന്നത്.

അതായത് ഒരു ഇലക്ട്രോണിക് നിര്‍മാതാക്കള്‍ക്ക് ഒരിക്കലും ഉപഭോക്താക്കളെ തങ്ങളുടെ സര്‍വീസ് സെന്ററില്‍ തന്നെ എത്തണമെന്ന് നിര്‍ബന്ധിക്കാനാവില്ല. ന്യൂയോര്‍ക്ക് സ്റ്റേറ്റിന്റെ അതിര്‍ത്തിക്കുള്ളില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന എല്ലാ നിര്‍മ്മാതാക്കളും അവ നന്നാക്കാന്‍ ആവശ്യമായ വിവരങ്ങള്‍, ടൂള്‍സ് , പാര്‍ട്ട്‌സുകള്‍ തുടങ്ങിയവയെല്ലാം ഉപഭോക്താക്കള്‍ക്കും പ്രാദേശിക റിപ്പയര്‍ ഷോപ്പുകള്‍ക്കും നല്‍കണം. ഈ നിയമം ഉപഭോക്താക്കള്‍ക്ക് ഉണ്ടാക്കുന്ന നേട്ടം തിരിച്ചറിഞ്ഞ് യുഎസിലെ മറ്റ് സ്‌റ്റേറ്റുകളും ഈ നിയമം നടപ്പാക്കിയേക്കാം.

ആപ്പിളും സാംസംഗും (തിരഞ്ഞെടുത്ത മോഡലുകള്‍) ഉപഭോക്താക്കള്‍ക്ക് ഫോണുകള്‍ സ്വയം റിപെയര്‍ ചെയ്യാനുള്ള പദ്ധതി അവതരിപ്പിച്ചിരുന്നു. എന്നാല്‍ സാധാരണക്കാരെ സംബന്ധിച്ച് സ്വയം റിപ്പെയറിംഗ് എത്രത്തോളം പ്രായോഗികം ആണെന്ന് വ്യക്തമല്ല. അതേ സമയം പാര്‍ട്ട്‌സുകളും റിപ്പെയര്‍ ചെയ്യാനുള്ള വഴികളും എല്ലാവര്‍ക്കും നല്‍കാന്‍ ഇലക്ട്രോണിക്‌സ് കമ്പനികള്‍ തയ്യാറാവുകയാണെങ്കില്‍ ചുരുങ്ങിയ ചെലവില്‍ ഗാഡ്ജറ്റുകള്‍ നന്നാക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും.

വര്‍ഷങ്ങളോളം ഉപയോഗിക്കാവുന്ന ഒരു സ്മാര്‍ട്ട് ഫോണ്‍, ഭൂമിക്ക് വേണ്ടി

Amal S
Amal S  

Sub Editor

Related Articles

Next Story

Videos

Share it