ഓണം റിലീസുകള്‍ക്ക് തിരിച്ചടി കായംകുളം കൊച്ചുണ്ണിയുടെ റിലീസ് മാറ്റി

പ്രളയം മലയാള സിനിമയ്ക്കും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഓണത്തിനായി റിലീസിനൊരുങ്ങിയ പല സിനിമകളുടെയും റിലീസിംഗ് തീയതി മാറ്റിവെച്ചിരിക്കുകയാണ്. നിവിന്‍ പോളിയും മോഹന്‍ലാലും പ്രധാന വേഷങ്ങളിലെത്തുന്ന കായംകുളം കൊച്ചുണ്ണിയുടെ റിലീസിംഗ് പ്രളയത്തെത്തുടര്‍ന്ന് മാറ്റി. മോഹന്‍ലാലിന്‍റെ പുതിയ ചിത്രമായ ഡ്രാമ, മമ്മുട്ടി നായകനാകുന്ന കുട്ടനാടന്‍ ബ്ലോഗ്, പടയോട്ടം തുടങ്ങിയ സിനിമകളുടെയും റിലീസിംഗ് മാറ്റിവെച്ചു. ഇവയുടെ പുതിയ റീലീസിംഗ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

പ്രളയത്തെത്തുടര്‍ന്ന് ഓണം ആഘോഷത്തിന്‍റെ നിറം മങ്ങിയതും ഓണം കഴിയുന്ന ഉടനേ തന്നെ സ്കൂളുകള്‍ തുറക്കുന്നതുകൊണ്ടും കുടുംബപ്രേക്ഷകര്‍ കൂടുതലായി തീയറ്ററിലെത്താനുള്ള സാധ്യത വളരെ കുറവാണ്. ഈ സാഹചര്യം മുന്നില്‍ക്കണ്ടാണ് റിലീസിംഗ് മാറ്റിവെച്ചത്.

പൃഥ്വിരാജും റഹ്മാനും പ്രധാന വേഷങ്ങളിലെത്തുന്ന രണം എന്ന സിനിമയുടെയും റിലീസിംഗ് മാറ്റിവെച്ചതായാണ് വിവരം. ഷൂട്ടിംഗ് നടന്നുകൊണ്ടിരുന്ന സിനിമകളുടെയും ഷൂട്ടിംഗ് ആരംഭിക്കാനിരുന്നവയുടെയും പ്രവര്‍ത്തനങ്ങളെ ബാധിച്ചു.

ദിലീപിന് തന്‍റെ തിരിച്ചുവരവില്‍ പ്രതീക്ഷയുള്ള പ്രൊഫസര്‍ ഡിങ്കന്‍റെ നിര്‍മാണപ്രവര്‍ത്തനങ്ങളും മുടങ്ങിയിട്ടുണ്ട്. മോഹന്‍ലാല്‍ നായകനാകുന്ന ഒടിയന്‍റെ പ്രി പ്രൊഡക്ഷന്‍ വര്‍ക്കുകളെയും പ്രളയം ബാധിച്ചു. പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫര്‍ എന്ന ചിത്രത്തിന്‍റെയും ഷൂട്ടിംഗ് മുടങ്ങി. കുഞ്ഞാലിമരയ്ക്കാര്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് ജോലികളെയും പ്രളയം ബാധിച്ചിട്ടുണ്ട്. സത്യന്‍ അന്തിക്കാട് ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റുകള്‍ പ്രളയത്തില്‍ ഒലിച്ചുപോയിരുന്നു. ചിത്രീകരണം മുടങ്ങിയ സിനിമകളുടെ ഷൂട്ടിംഗ് ഇനി സെപ്റ്റംബര്‍ ആദ്യവാരമേ തുടങ്ങാനാകൂ.

Related Articles

Next Story

Videos

Share it