3D പ്രിന്റിംഗ്, ചെറുകിടക്കാര്‍ക്കും

പ്രൊഫ. വര്‍ക്കി പട്ടിമറ്റം

കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് പുതു സാങ്കേതിക വിദ്യകളുടെ വരവും പോക്കും. പച്ചക്കറി പോലെ പലതിനും തീരെ ആയുസില്ല. വിപണിയില്‍ പച്ച പിടിച്ചു തുടങ്ങുന്നതിനുമുമ്പേ അവയെ ആര്‍ക്കും വേണ്ടാതാകും. ചീഞ്ഞുപോകുന്നതു കൊണ്ടല്ല, കൂടുതല്‍ മെച്ചപ്പെട്ടത്, വിപണിയില്‍ പെട്ടെന്നെത്തുന്നതാണ് കാരണം.

കാലത്തിനൊത്തു കോലം മാത്രമല്ല സാങ്കേതികവിദ്യകളും യഥാസമയം, ആവശ്യമെങ്കില്‍ മാത്രം മാറുന്നവര്‍ക്കാണ് ആത്യന്തിക വിജയം. ഇവിടെയാണ് ഒരു മാര്‍ഗനിര്‍ദേശത്തിന്റെ പ്രസക്തി. പുതിയ സാങ്കേതികവിദ്യകളെ ഒന്നൊന്നായി പരിചയപ്പെടാം. അതോടൊപ്പം ഉല്‍പ്പാദന സേവനമേഖലകളില്‍ അവയുടെ വര്‍ത്തമാനകാല പ്രസക്തിയും ഭാവിസാധ്യതകളും വിലയിരുത്താം.

3D പ്രിന്റിംഗ് എത്ര സങ്കീര്‍ണമായ സാങ്കേതിക വിദ്യയായാലും കുറഞ്ഞ വിലയ്ക്ക് എളുപ്പം ഉപയോഗിക്കാവുന്ന വിധത്തില്‍ അവതരിപ്പിച്ചാല്‍ അത് പെട്ടെന്ന് പ്രചാരത്തിലാകും. മൊബീല്‍ഫോണ്‍ തന്നെ ഉദാഹരണം. അതുപോലൊരു സങ്കീര്‍ണ സാങ്കേതിക വിദ്യയാണ് 3-ഡി പ്രിന്റിംഗ് (3D Printing) 200 ഡോളറിനു പോലും ഇപ്പോള്‍ 3-ഡി പ്രിന്ററുകള്‍ ലഭ്യമായതിനാല്‍ ചെറുകിട സംരംഭകര്‍ക്കും, കുടില്‍ വ്യവസായികള്‍ക്കുമൊക്കെ ഈ സാങ്കേതികവിദ്യ പ്രാപ്യമായിരിക്കുകയാണ്.

നമ്മുടെ ഭാവനയില്‍ കാണാവുന്ന ഏത് രൂപത്തിലുമുള്ള ഉല്‍പ്പന്നത്തിന്റ ത്രിമാന രൂപം ഉണ്ടാക്കാന്‍ കഴിവുള്ള പ്രിന്ററുകളാണ് 3-ഡി പ്രിന്ററുകള്‍. 3 Diamentional എന്നത് ചുരുക്കിയാണ് 3-ഡി എന്നെഴുതുന്നത്.

ഉല്‍പ്പന്നത്തിന്റെ ആകൃതി വിവരിക്കുന്ന സോഫ്റ്റ്‌വെയറും അസംസ്‌കൃത വസ്തുക്കളും കൊടുത്താല്‍ ഒരു മില്ലി മീറ്ററിന്റെ പത്തിലൊന്നു വീതം കനമുള്ള പാളികള്‍ ഒന്നിന് മുകളില്‍ പ്രിന്റു ചെയ്ത് ഉല്‍പ്പന്നം നിര്‍മിക്കുകയാണ് 3-ഡി പ്രിന്ററിന്റെ രീതി. കംപ്യൂട്ടര്‍ എയിഡഡ് ഡിസൈന്‍ വിഭാഗത്തിലുള്ള സോഫ്റ്റ്‌വെയറുകളാണ് ഇതിനുപയോഗിക്കുന്നത്. വൈദ്യുതി ചെലവ് ഇതിന് വളരെ കുറവാണ്.

കളിപ്പാട്ടങ്ങള്‍ മുതല്‍ വീടുകള്‍ വരെ

കളിപ്പാട്ടങ്ങള്‍, ആഭരണങ്ങള്‍, ചെരുപ്പുകള്‍, വാഹനങ്ങള്‍, ഗിത്താര്‍, തോക്ക്, ചായക്കപ്പ് എന്ന് തുടങ്ങി ആഹാരസാധനങ്ങളും മനുഷ്യന്റെ അവയവങ്ങളുടെ മോഡലുകളും വരെ ത്രിമാന പ്രിന്റിംഗിലൂടെ നിര്‍മിക്കുന്നുണ്ട്. മരപ്പൊടി കൊടുത്താല്‍ തടിയുല്‍പ്പന്നങ്ങള്‍ നിര്‍മിക്കാം. ചോക്‌ളേറ്റുണ്ടാക്കാന്‍ ChocEdge' എന്ന പ്രിന്ററാണ് ഉപയോഗിക്കുന്നത്.

വില കുറഞ്ഞ 3-ഡി പ്രിന്ററുകള്‍ വാങ്ങി വേണ്ടത്ര നൈപുണ്യം നേടിയതിനുശേഷം കൂടുതല്‍ ശേഷിയുള്ള വില കൂടിയ 3-ഡി പ്രിന്ററുകള്‍ വാങ്ങിക്കുന്നതാണ് ബുദ്ധി. കൈയില്‍ പണമില്ലെങ്കില്‍ നിങ്ങള്‍ പ്രിന്റര്‍ വാങ്ങേണ്ടതില്ല. ഓണ്‍ലൈനായി ഉല്‍പ്പന്നത്തിന്റെ വിശദാംശങ്ങള്‍ സഹിതം ഓര്‍ഡര്‍ കൊടുത്താല്‍ ഉല്‍പ്പന്നം നിര്‍മിച്ച് വീട്ടിലെത്തിക്കുന്ന 'Shapewys.com' പോലുള്ള ഓണ്‍ലൈന്‍ സ്ഥാപനങ്ങളുണ്ട്. ഡിസൈന്‍ തയാറാക്കാനുള്ള വൈദഗ്ധ്യം നിങ്ങള്‍ക്കില്ലെങ്കില്‍ അത് ചെയ്തുതരുന്ന ഡിസൈന്‍ സര്‍വീസസ് സ്ഥാപനങ്ങളുമുണ്ട്. വിദ്യാസമ്പന്നരായവര്‍ക്ക് ഇത്തരം പുതിയ ബിസിനസുകള്‍ തുടങ്ങാവുന്നതേയുള്ളൂ.

സമയവും പണവും ലാഭിക്കാം

വ്യവസായ സ്ഥാപനങ്ങളില്‍ യന്ത്രങ്ങള്‍ കേടാകുമ്പോള്‍ ഒരു പ്രത്യേക യന്ത്ര ഘടകം കിട്ടാന്‍ വേണ്ടി ദിവസങ്ങള്‍ കാത്തിരുന്ന് ഉല്‍പ്പാദനം മുടങ്ങുന്നത് പതിവാണ്. 3-ഡി പ്രിന്റര്‍ കൈയിലുണ്ടെങ്കില്‍ ഉടനെതന്നെ അത് പ്രിന്റ് ചെയ്തുണ്ടാക്കാം. ചെറുകിട വ്യവസായങ്ങള്‍ക്കാണ് ഇത് ഏറെ പ്രയോജനപ്പെടുന്നത്.

നാലഞ്ച് വര്‍ഷത്തിനുള്ളില്‍ 3-ഡി പ്രിന്റിംഗ് വിപണി 10 ബില്യണ്‍ ഡോളര്‍ കടക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. സങ്കീര്‍ണമായ ആകൃതിയിലുള്ള വലുപ്പം കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ക്കാണ് 3-ഡി പ്രിന്റിംഗ് ഏറ്റവും അനുയോജ്യമായിട്ടുള്ളത്. പാലങ്ങളും വീടുകളുമൊക്കെ ഇങ്ങനെ നിര്‍മിച്ചിട്ടുണ്ടെങ്കിലും അതിന് പരമ്പരാഗത നിര്‍മാണ രീതിയേക്കാള്‍ പണച്ചെലവ് വളരെ കൂടുതലാണ്. ഇങ്ങനെ നോക്കുമ്പോള്‍ ആഭരണ നിര്‍മാണം പോലുള്ള വ്യവസായങ്ങള്‍ക്കും അതിസങ്കീര്‍ണമായ യന്ത്ര ഘടക നിര്‍മാണത്തിനുമൊക്കെ 3-ഡി പ്രിന്റിംഗ് ലാഭകരമായി ഉപയോഗപ്പെടുത്താവുന്നതാണ്.

3-ഡി പ്രിന്റിംഗ് വ്യാപകമാകുന്നതോടെ നിലവിലുള്ള പല വ്യവസായശാലകളും പൂട്ടേണ്ടിവരും. അതിന് കുറെ കാലതാമസമുണ്ടാകുമെന്ന് മാത്രം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it