മാസം 68 ലക്ഷം രൂപ! യുട്യൂബിൽ നിന്ന് ഈ റിയൽ എസ്റ്റേറ്റ് ഏജന്റ് നേടിയ വരുമാനം

ഒരു വീഡിയോ വൈറൽ ആയി. എന്നാലിനി റെസ്റ്റ് എടുക്കാം എന്ന് വിചാരിക്കരുത്. കാരണം ഗ്രഹാം സ്റ്റീഫൻ പറയും!

Graham Stephen

യുട്യൂബ് ചാനലിൽ കൂടി വലിയ വരുമാനം നേടണമെന്ന് ആഗ്രഹമുണ്ടോ? എങ്കിൽ നിങ്ങൾക്ക് പിന്തുടരാവുന്ന ഒരു നല്ല റോൾ മോഡലാണ് ഗ്രഹാം സ്റ്റീഫൻ. ഒരു മാസം 100,000 ഡോളർ വരെയാണ് ഈ 28 കാരനായ റിയൽ എസ്റ്റേറ്റ് ഏജന്റ് തന്റെ യുട്യൂബ് ചാനലിൽ നിന്ന് നേടുന്ന വരുമാനം. 

തനിക്ക് സാധിച്ചെങ്കിൽ എല്ലാവർക്കുമിത് കഴിയുമെന്നാണ് ഗ്രഹാം സ്റ്റീഫൻ വിശ്വസിക്കുന്നത്. എന്താണ് സ്റ്റീഫന്റെ വീഡിയോകളുടെ പ്രധാന ഉള്ളടക്കം? ലോകത്ത് ആളുകൾക്ക് ഏറ്റവും താല്പര്യമുള്ള വിഷയം തന്നെ. ‘എങ്ങനെ പണമുണ്ടാക്കാം.’          

സ്വയം പരീക്ഷിച്ചു വിജയിച്ച വിജയ തന്ത്രങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുന്ന വീഡിയോകളാണ് ഇവയിൽ പ്രധാനം.  “എങ്ങനെ ഞാൻ 30 ദിവസത്തിനുള്ളിൽ 10 ദശലക്ഷം വ്യൂസ്” നേടി എന്ന വീഡിയോ ഇതിനുദാഹരമാണ്. 15 മിനുറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ അദ്ദേഹത്തിന്റെ അടുക്കളയിൽ വെച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്താണ് തന്റെ വീഡിയോ ക്ലിക്ക് ആകാൻ കാരണം, എന്തൊക്കെ അബദ്ധങ്ങൾ ഒഴിവാക്കാം എന്നിങ്ങനെയുള്ള കാര്യങ്ങൾ സത്യസന്ധമായി മറ്റുള്ളവരുമായി പങ്കുവെക്കുന്ന വീഡിയോ ആണിത്. 

എന്താണ് സ്റ്റീഫന്റെ വിജയതന്ത്രം? 

കാലിഫോർണിയക്കാരനായ സ്റ്റീഫന്റെ പ്രഥമ കരിയർ ഇപ്പോഴും റിയൽ എസ്റ്റേറ്റ് തന്നെയാണ്. 2016 ഡിസംബറിലാണ് സ്റ്റീഫൻ യൂട്യൂബ് ചാനൽ തുടങ്ങിയത്. മറ്റ് മികച്ച യൂട്യൂബർമാരെക്കുറിച്ച് കണ്ടും കേട്ടുമാണ് സ്റ്റീഫൻ ഇതിലേക്കാകർഷിക്കപ്പെട്ടത്. പണത്തെക്കുറിച്ച് സംസാരിക്കാൻ ഇഷ്ടമുള്ളതുകൊണ്ടാണ് താൻ ചാനൽ തുടങ്ങിയതെന്ന് അദ്ദേഹം പറയുന്നു.

നിക്ഷേപങ്ങൾ, സാമ്പത്തിക സ്വാതന്ത്ര്യം, ഏർലി റിട്ടയർമെന്റ്, പണം സമ്പാദിക്കൽ, ക്രെഡിറ്റ്, പണം സമ്പാദിക്കാനുള്ള മാർഗങ്ങൾ എന്നിവയാണ് സ്റ്റീഫന്റെ പ്രധാന യൂട്യൂബ് വിഷയങ്ങൾ. 

കഴിഞ്ഞ നവംബറിൽ ചെയ്ത ഒരു വീഡിയോ ആണ് സ്റ്റീഫന്റെ ആദ്യത്തെ വൈറൽ ഹിറ്റ്. ജെ.പി. മോർഗൻ റിസർവ് ക്രെഡിറ്റ് കാർഡിനെക്കുറിച്ചായിരുന്നു ആ വീഡിയോ. 1.2 മില്യൺ വ്യൂസ് കിട്ടിയ ഈ വിഡിയോയിൽ നിന്ന് 7,293 ഡോളർ (ഏകദേശം 5 ലക്ഷം രൂപ) നേടിയെന്ന് സ്റ്റീഫൻ പറയുന്നു. 

2018 ൽ ആകെ സ്റ്റീഫൻ നേടിയത് 253,318.02 ഡോളർ (ഏകദേശം 1.74 കോടി രൂപ). ഇതിൽ പരസ്യ വരുമാനം, പ്രോഗ്രാം സെയ്ൽസ്, സ്‌പീക്കിങ് എൻഗേജ്മെന്റ്സ്, ആമസോൺ അഫിലിയേറ്റ്സ്, സ്‌പോൺസർഷിപ് എന്നിവ ഉൾപ്പെടും. 

ഇതിനുശേഷം 10 മില്യൺ വ്യൂസ് നേടുന്ന വീഡിയോകൾ ഉണ്ടാക്കണമെന്ന് സ്റ്റീഫൻ പദ്ധതിയിട്ടു. ഇതിനു ശേഷമുള്ള വീഡിയോയ്ക്ക് കിട്ടിയത്; 10.3 മില്യൺ വ്യൂസ്, 69 മില്യൺ മിനിറ്റ് വാച്ച് ടൈം. അതും 30 ദിവസം കൊണ്ട്! ഒരു മിനിറ്റിന് 1 സെന്റ് എന്ന കണക്കിനാണ് സ്റ്റീഫൻ പണം വാരിയത്.

ആദ്യത്തെ ദിവസം ലഭിക്കുന്ന ട്രാഫിക്കും വരുമാനവുമാവില്ല അടുത്ത ദിവസം ലഭിക്കുന്നതെന്ന് സ്റ്റീഫൻ പറയുന്നു. ചാനൽ ലോഞ്ച് ചെയ്ത് ഒരു വർഷം കഴിഞ്ഞപ്പോൾ 80 വീഡിയോകൾ സ്റ്റീഫൻ പോസ്റ്റ് ചെയ്തു കഴിഞ്ഞിരുന്നു. ഒരു ദിവസം ഇതിൽ നിന്ന് 200 ഡോളർ (മാസം 6000 ഡോളർ അതായത് ഏകദേശം 4 ലക്ഷം രൂപ) ആണ് വരുമാനം. 

സാധാരണ യൂട്യൂബ് ചാനലുകൾ ഉണ്ടാക്കുന്നതിലേറെ പണം തന്റെ ചാനൽ ഉണ്ടാക്കുന്നുണ്ടെന്ന് സ്റ്റീഫൻ സമ്മതിക്കുന്നു. ഏതു വിഷയമാണ് നിങ്ങൾ കൈകാര്യം ചെയ്യുന്നത്, വീഡിയോ പോസ്റ്റ് ചെയ്യുന്നതിലെ consistency എന്നിവ പ്രധാന ഘടകങ്ങളാണെന്ന് അദ്ദേഹം പറയുന്നു.

ഒരു വീഡിയോ വൈറൽ ആയി. എന്നാലിനി റെസ്റ്റ് എടുക്കാം എന്ന് വിചാരിക്കരുത്. കാരണം ഒരു തവണ വ്യൂവർഷിപ് ഗണ്യമായി ഉയർന്നാൽ അടുത്ത വീഡിയോ ഹിറ്റ് ആകാൻ സാധ്യത കൂടുതലാണ്. അതുപോലെ തന്നെ നിങ്ങളുടെ, ഒരു വൈറൽ വീഡിയോയ്ക്ക് പിന്നാലെ ലഭിക്കുന്ന വരുമാനത്തിലും വലിയ വർദ്ധനവ് ഉണ്ടാകും. 

ഉദാഹരണത്തിന് സ്റ്റീഫന്റെ നവംബർ മാസത്തെ വൈറൽ വീഡിയോയ്ക്ക് മുൻപും ശേഷവും ലഭിച്ച വരുമാനത്തിൽ വലിയ അന്തരമുണ്ടായിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അതായത് നവംബറിന് മുൻപ് ദിവസം 300 ഡോളർ കിട്ടിയിരുന്ന സ്ഥാനത്ത്, അതിനുശേഷം 2000 ഡോളർ ആണ് വരുമാനം ലഭിച്ചത്. 

സ്റ്റീഫന്റെ അഭിപ്രായത്തിൽ മൂന്ന് കാര്യങ്ങളിലാണ് ഒരു യൂട്യൂബർ ശ്രദ്ധിക്കേണ്ടത്
  • നീതിപൂര്‍വ്വമായ, നല്ല കണ്ടെന്റ് (കാണികളുടെ ജീവിതത്തിൽ എന്തെങ്കിലും വാല്യൂ കൊണ്ടുവരാൻ സാധിക്കുന്നവ)
  • വീഡിയോ പോസ്റ്റ് ചെയ്യുന്നതിലെ സ്ഥിരത 
  • സബ്സ്ക്രൈബേഴ്‌സിനോട് ബഹുമാനം  
ആരായിരുന്നു ഗ്രഹാം സ്റ്റീഫൻ? 

റിയൽ എസ്റ്റേറ്റ് ഏജന്റാണ് എന്നതു ശരിതന്നെ! എന്നാൽ ഒരു സീരിയൽ എൻട്രപ്രണർ എന്ന് അദ്ദേഹത്തെ വിളിക്കുന്നതായിരിക്കും കൂടുതൽ ഉചിതം. കോളേജിൽ പോയിട്ടില്ല. പക്ഷെ 13 വയസു മുതൽ പല പല തൊഴിലുകൾ അദ്ദേഹം പരീക്ഷിച്ചിട്ടുണ്ട്. 

അക്വേറിയം മൊത്ത വില്പനക്കാരന്റെ കടയിലായിരുന്നു ആദ്യ ജോലി. പുതിയതായി കടയിൽ എത്തിക്കുന്ന അക്വേറിയങ്ങളുടെ ഫോട്ടോ എടുത്ത് ഫോട്ടോഷോപ്പ് ചെയ്ത് വെബ്സൈറ്റിൽ ഇടുക. ഒരു ഫോട്ടോയ്ക്ക് 1 ഡോളർ വെച്ച് കിട്ടുമായിരുന്നു. അങ്ങനെ ദിവസം 100 ഡോളർ വരെ ഉണ്ടാക്കിയിരുന്നു. 16 മത്തെ വയസിൽ റോക്ക് ബാൻഡിൽ ഡ്രമ്മർ; 18 മത്തെ വയസിൽ റിയൽ എസ്റ്റേറ്റ് ഏജന്റ്. 27 മത്തെ വയസിൽ 120 മില്യൺ ഡോളറിന്റെ ഡീലുകൾ പൂർത്തീകരിക്കാനായെന്ന് സ്റ്റീഫൻ പറയുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here