Top

സംരംഭകരേ വരൂ, ആഫ്രിക്ക വിളിക്കുന്നു!

ഗള്‍ഫിന്റെ പ്രതാപം മങ്ങിത്തുടങ്ങിയിരിക്കുന്നു. സൗദി അറേബ്യയിലടക്കം പല മേഖലകളിലും സ്വദേശിവല്‍ക്കരണം വ്യാപകമാകുകയാണ്. ക്രൂഡ് ഓയ്‌ലുമായി ബന്ധപ്പെട്ട തിരിച്ചടികള്‍ മൂലവും മറ്റും ഗള്‍ഫ് രാഷ്ട്രങ്ങളിലെ സാധ്യതകളും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ലക്ഷക്കണക്കിന് പ്രവാസികള്‍ മറ്റു വഴികള്‍ തേടിക്കൊണ്ടിരിക്കുന്ന സാഹചര്യം.

എന്താണ് ഇതിനൊരു പോംവഴിയെന്ന് ആലോചിച്ചു കൊണ്ടിരിക്കുന്ന മലയാളിക്കു പ്രതീക്ഷയുമായെത്തുകയാണ് ആഫ്രിക്ക. 55 ലേറെ രാഷ്ടങ്ങളായി വിശാലമായ ഭൂപ്രദേശം. ജനസംഖ്യ വളരെ കുറവ്. പ്രകൃതി വിഭവങ്ങളുടെ ധാരാളിത്തം, മികച്ച കാലാവസ്ഥ തുടങ്ങി ആകര്‍ഷകമായ ഒട്ടേറെ ഘടകങ്ങളുണ്ട് ആഫ്രിക്കയ്ക്ക്.

എന്നാല്‍ ആഫ്രിക്കയെന്നു കേള്‍ക്കുമ്പോഴേ ശരാശരി മലയാളി ഒന്നു പേടിക്കും. എന്നാല്‍ സത്യത്തില്‍ ആഫ്രിക്ക ഇപ്പോള്‍ അത്ര പേടിക്കേണ്ട നാടൊന്നുമല്ല. ഏറെക്കുറെ സ്ഥിരതയുള്ള സര്‍ക്കാരുകളും കേരളത്തിലെ നഗരങ്ങളേക്കാള്‍ സുരക്ഷയുമൊക്കെയുണ്ട് പല ആഫ്രിക്കന്‍ രാജ്യങ്ങളിലും. മിക്ക രാഷ്ട്രങ്ങളും ഭരിക്കുന്നത് ജനാധിപത്യ സര്‍ക്കാരുകളാണ്. മാത്രമല്ല, ഇന്ത്യക്കാരോട് ഇഷ്ടമാണ് ഇന്നാട്ടുകാര്‍ക്ക്.

പല ബാങ്കുകളും നിശ്ചിത ഫീസ് നല്‍കിയാല്‍ നമ്മുടെ സ്ഥാപനത്തിനകത്ത് കാഷ് റെമിറ്റന്‍സ് മെഷീനുകള്‍ സ്ഥാപിച്ചു തരും. അതില്‍ പണം നിക്ഷേപിച്ച് നിമിഷങ്ങള്‍ക്കകം തന്നെ എക്കൗണ്ടില്‍ ക്രെഡിറ്റ് ആകും. ഇനി ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിലൂടെയോ കൊള്ളയിലൂടെയോ മെഷീനകത്ത് നിക്ഷേപിച്ച് പണം നഷ്ടപ്പെട്ടാലും എക്കൗണ്ടിലെ നമ്മുടെ പണം സുരക്ഷിതമായിരിക്കുകയും ചെയ്യും.

ടാറ്റയടക്കമുള്ള ഇന്ത്യന്‍ കമ്പനികള്‍ അവിടെ വന്‍തോതില്‍ നിക്ഷേപം നടത്തി പ്രവര്‍ത്തിക്കുന്നുണ്ട്. ബജാജും ടിവിഎസും മഹീന്ദ്രയുമൊക്കെ അവിടെ നിരത്തുകള്‍ കീഴടക്കിയിരിക്കുന്നു.

ഉഗാണ്ടന്‍ തലസ്ഥാനമായ കംപാലയിലെ മലയാളി സമാജത്തില്‍ ആയിരത്തിലേറെ അംഗങ്ങളുണ്ട്. ബോട്‌സ്വാനയിലെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ചോപ്പീസിന്റെ ഉടമ രാമചന്ദ്രന്‍ തൃശൂരുകാരനാണ്. പതിറ്റാണ്ടുകളായി അവിടെ മികച്ച രീതിയില്‍ സംരംഭം നടത്തിപ്പോരുന്ന മലയാളികള്‍ വേറെയും നിരവധിയുണ്ട്. ഉഗാണ്ടയിലും റുവാണ്ടയിലും താന്‍സാനിയയിലും എബിസി ഗ്രൂപ്പ് സംരംഭങ്ങളുമുണ്ട്.

ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ പലതും 25 വര്‍ഷം മുമ്പ് ഇന്ത്യ എവിടെയായിരുന്നോ അതേ അവസ്ഥയിലാണ്. അതായത് സര്‍വ മേഖലയിലും വികസനം എത്തേണ്ടിയിരിക്കുന്നു. ഇത് അവസരങ്ങളുടെ വലിയ വാതിലാണ് നമുക്ക് മുന്നില്‍ തുറക്കുന്നത്. ആഫ്രിക്കയിലെ ഏറ്റവും മികച്ച ബിസിനസ് അവസരങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കൃഷി

ഉഗാണ്ടയടക്കമുള്ള രാജ്യങ്ങളില്‍ സമശീതോഷ്ണ കാലാവസ്ഥയാണ്. ഇടയ്ക്ക് ചാറ്റല്‍മഴ പെയ്യും. ജലലഭ്യതയും മികച്ചതാണ്. ഇഷ്ടം പോലെ ഭൂമിയും ലഭ്യമാണ്. 500 ഡോളറില്‍ താഴെ നല്‍കിയാല്‍ ഒരേക്കര്‍ ഭൂമി എവിടെയും ലഭിക്കും. റബ്ബര്‍, കാപ്പി, തേയില, പൈനാപ്പിള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഏത് വിളയും ഇവിടെ വിളയും. തൊഴിലാളികളുടെ ലഭ്യതയും എടുത്തു പറയണം. ജോലിക്ക് കൂലി ഭക്ഷണം എന്ന നിലയില്‍ എത്ര തൊഴിലാളികളെയും ലഭിക്കുന്ന സാഹചര്യമുണ്ട്. എന്നാല്‍ വിദഗ്ധരായ ഒറ്റത്തൊഴിലാളിയെ പോലും കിട്ടാനുമുണ്ടാവില്ല. ഭൂമി നമുക്ക് 100 ശതമാനം ഉടമസ്ഥതയില്‍ സ്വന്തമാക്കാനാകും എന്നതാണ് വലിയ നേട്ടം. മാത്രമല്ല കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ കാലത്തേക്ക് ലീസിനും ഭൂമി ലഭിക്കും.

ഉല്‍പ്പാദന മേഖല

പല ആഫ്രിക്കന്‍ രാജ്യങ്ങളിലും ഒരു മണിക്കൂറിനുള്ളില്‍ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രൂപീകരിക്കാം. റുവാണ്ട ഡെവലപ്‌മെന്റ് അഥോറിറ്റി പോലെ പല രാജ്യങ്ങളും വ്യവസായത്തിനായി ഫ്രീ സോണുകളും ഒരുക്കിയിട്ടുണ്ട്. ഇടമുറിയാത്ത വൈദ്യുതി ഇവിടങ്ങളില്‍ ലഭ്യമാകും. മാത്രമല്ല പ്രീപെയ്ഡ് സംവിധാനമാണ് അവിടെ. ഭൂമിയും നിയമ സഹായവുമൊക്കെ ഇങ്ങനെ ലഭ്യമാകും. മരം, ധാതുക്കള്‍, ഡയമണ്ട്, സ്വര്‍ണം, ക്രൂഡ് ഓയ്ല്‍ തുടങ്ങിയവയടക്കം പ്രകൃതി വിഭവങ്ങളെ അടിസ്ഥാനമാക്കിയും വ്യവസായങ്ങള്‍ ആരംഭിക്കാം. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയാണ് വലിയ ആകര്‍ഷണം. അവിടെ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ സാധിക്കും.

വ്യാപാര മേഖല

ചോപ്പീസ് അടക്കമുള്ള നിരവധി വ്യാപാര സ്ഥാപനങ്ങള്‍ മലയാളികളുടേതായി ആഫ്രിക്കയിലുണ്ട്. ഏത് ഉല്‍പ്പന്നവും വിറ്റഴിക്കാവുന്ന വിപണിയാണ് ആഫ്രിക്ക. മാത്രമല്ല ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളെ വിശ്വാസവുമാണ് അവര്‍ക്ക്. സൂപ്പര്‍മാര്‍ക്കറ്റുകള്‍ മാത്രമല്ല, റിന്യൂവബ്ള്‍ എനര്‍ജിയുമായ ബന്ധപ്പട്ട ഉല്‍പ്പന്നങ്ങള്‍, ഫാഷന്‍ മേഖലയിലെ സംരംഭങ്ങള്‍ റെസ്റ്റൊറന്റ് എന്നിങ്ങനെ നിരവധി മേഖലകൡ അവസരങ്ങളുണ്ട്. പ്രമുഖ റെസ്റ്റൊറന്റ് ശൃംഖലയായ കഫെ ജാവാസിന്റെ തലപ്പത്ത് മലയാളികളാണ് എന്നത് അവിടെ റെസ്റ്റൊറന്റ് ശൃംഖല വിജയിപ്പിച്ചെടുക്കാന്‍ നമുക്കാകും എന്നതിന്റെ തെളിവാണ്. വലിയ സാമ്പത്തിക ശക്തിയൊന്നുമല്ലെങ്കിലും ആഫ്രിക്ക മികച്ചൊരു ഉപഭോക്തൃ വിപണി തന്നെയാണ്.

ആരോഗ്യം

ചെറു നഗരങ്ങളില്‍ ചെറിയ ക്ലിനിക്കുകള്‍ നടത്തുന്നത് വലിയ സാധ്യതയുള്ള മേഖലയാണ്. ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക് വലിയ സ്വീകാര്യത ആഫ്രിക്കന്‍ രാജ്യങ്ങളിലുണ്ട്. ഒരു വലിയ ഹോസ്പിറ്റലും അതിന് പോഷകമാകുന്ന രീതിയില്‍ നിരവധി ചെറു ക്ലിനിക്കുകളും എന്ന മാതൃകയില്‍ ആഫ്രിക്കയിലുടനീളം ആതുരശുശ്രൂഷാ രംഗത്ത് അവസരങ്ങളുണ്ട്.

മറ്റു മേഖലകള്‍

വിദ്യാഭ്യാസ മേഖല, അടിസ്ഥാന സൗകര്യ മേഖല, പോള്‍ട്രി , ക്ഷീരവ്യവസായ മേഖല എന്നിവയിലും നിരവധി അവസരങ്ങള്‍ ആഫ്രിക്കയില്‍ ഉണ്ടാകും. മലാവി, ബുറുണ്ടി പോലുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ തന്നെ പോള്‍ട്രി രംഗത്ത് വലിയ നേട്ടങ്ങളിലെത്തിയിട്ടുണ്ട്.

തൊഴില്‍ സാധ്യതകള്‍

പൊതുവേ അവിദഗ്ധരായ തൊഴിലാളികള്‍ക്ക്, ഗള്‍ഫ് രാഷ്ട്രങ്ങളെ പോലെ ആഫ്രിക്കയില്‍ വലിയ സാധ്യതയില്ല. കാരണം കുറഞ്ഞ കൂലി നല്‍കിയാല്‍ തദ്ദേശിയരെ തന്നെ ജോലിക്കായി ലഭിക്കും. എന്നാല്‍ വിദഗ്ധ തൊഴിലാളികളെയും മാനേജീരിയല്‍ ജീവനക്കാരെയും ആവശ്യമുണ്ട്. മാത്രമല്ല ഇന്ത്യയില്‍ നിന്ന് കൂടുതല്‍ സംരംഭകര്‍ എത്തുമ്പോള്‍ അവസരങ്ങള്‍ വര്‍ധിക്കുകയും ചെയ്യും.

ശ്രദ്ധിക്കേണ്ടതെന്ത്?

  • ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലെല്ലാം ഒരേ പരിതസ്ഥിതിയല്ല ഉള്ളത്. അതാത് രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി വിപുലമായ രീതിയില്‍ തന്നെ വിപണിയെ പഠിച്ച് മാത്രമേ ഏതൊരു സംരംഭത്തിനും മുതിരാവൂ.
  • ഒറ്റയ്ക്ക് പോയി ബിസിനസ് ആരംഭിക്കുന്നതിനേക്കാള്‍ ക്ലസ്റ്ററുകള്‍ രൂപീകരിച്ച് സംഘങ്ങളായി പോകാം. തട്ടിപ്പും വെട്ടിപ്പും നടത്തുന്നവര്‍ എവിടെയെന്നതു പോലെ അവിടെയുമുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മുമ്പു തന്നെ പോയി പരിചയമുള്ളവരുടെ സഹായം അഭ്യര്‍ത്ഥിക്കാം.

കണ്ണൂര്‍ ആസ്ഥാനമായുള്ള എബിസി ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മുഹമ്മദ് മദനിയാണ് ലേഖകൻ. ഇ മെയ്ല്‍: mdn@abcgroupindia.com

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it