Begin typing your search above and press return to search.
ശര്‍ക്കര നിര്‍മാണം; ടൂറിസം-വാണിജ്യ രംഗത്തെ ലാഭ സംരംഭം
കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ അധിഷ്ഠിതമായ ചെറുകിട സംരംഭങ്ങള്‍ക്ക് കേരളത്തില്‍ വലിയ സാധ്യത നിലനില്‍ക്കുന്നുണ്ട്. കാര്‍ഷിക വിളകളില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സംരംഭങ്ങള്‍ കൂടുതലായി ആരംഭിക്കാന്‍ കഴിഞ്ഞാല്‍ വിളകളുടെ വിലയിടിവ് തടയുന്നതിനും കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കുന്നതിനും സാധിക്കും. വിപണിയില്‍ പ്രിയമേറുന്ന ഉല്‍പ്പന്നങ്ങളായി കാര്‍ഷിക വിളകളെ രൂപാന്തരപ്പെടുത്തണം.
നാടന്‍ വിളകളുടെ ഗുണമേന്മയും രുചിയും നിലനിര്‍ത്തി നിര്‍മ്മിക്കുന്ന ഏതൊരു ഉല്‍പ്പന്നത്തിനും നാട്ടില്‍ തന്നെ വലിയ വിപണിയുണ്ട്. ഇത്തരത്തില്‍ നാട്ടില്‍ ആവശ്യക്കാര്‍ ധാരാളമുള്ള വേഗത്തില്‍ വിറ്റഴിക്കാന്‍ കഴിയുന്ന ഉല്‍പ്പന്നമാണ് ശര്‍ക്കര.
ടൂറിസം - വ്യാപാര സാധ്യതകള്‍
മൂന്നാറില്‍ വിനോദയാത്രയ്ക്ക് എത്തുന്ന ആഭ്യന്തര - വിദേശ ടൂറിസ്റ്റുകളില്‍ നല്ലൊരു ശതമാനം മറയൂരില്‍ എത്തുന്നത് ശര്‍ക്കര നിര്‍മ്മാണം കാണുന്നതിനായാണ്. പാദേശികമായി കൃഷി ചെയ്യുന്ന കരിമ്പില്‍ നിന്ന് ശര്‍ക്കര ഉല്‍പ്പാദിപ്പിക്കുന്നത് നേരിട്ട് കാണുന്നതിന് ടൂറിസ്റ്റുകള്‍ക്കും അവസരമുണ്ട്. ശര്‍ക്കര നിര്‍മ്മാണം കാണുന്നതിന് മറയൂരില്‍ എത്തുന്നവര്‍ ഓരോരുത്തരും ഒരു കിലോ ശര്‍ക്കരയെങ്കിലും വാങ്ങിയാണ് മടങ്ങുന്നത്. ഉല്‍പ്പാദന സ്ഥലത്തുതന്നെ ഉല്‍പ്പന്നം പൂര്‍ണമായി വിറ്റഴിക്കുന്ന ലളിതമായ മാര്‍ക്കറ്റിംഗ്.
മലയാളികളുടെ ശര്‍ക്കര ഉപഭോഗത്തിന്റെ ചെറിയ അളവ് മാത്രമാണ് കേരളത്തില്‍ നിര്‍മ്മിക്കുന്നത്. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ശര്‍ക്കരയാണ് കൂടുതലായി വിപണി കൈയടക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ കരിമ്പ് കൃഷിയും ശര്‍ക്കര ഉല്‍പ്പാദനവും വലിയ സാധ്യതയായി നിലനില്‍ക്കുന്നു.
കാര്‍ഷിക സര്‍വകലാശാലയുടെ ഗവേഷണ വിഭാഗം വികസിപ്പിച്ചെടുത്ത മാധുരി, മധുരിമ, തിരുമധുരം എന്നീ ഇനങ്ങളും കോയന്പത്തൂര്‍ കരിമ്പ് ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത CO86032 എന്ന കോയമ്പത്തൂര്‍ ഇനവുമാണ് പൊതുവെ ജ്യൂസ് കൂടുതല്‍ ലഭിക്കുന്ന ഇനങ്ങള്‍. അതുകൊണ്ട് തന്നെ ശര്‍ക്കര നിര്‍മ്മാണത്തില്‍ പ്രയോജനപ്പെടുത്തുന്നതും ടി ഇനങ്ങളാണ്. കരിമ്പ് കൃഷി ചെയ്ത് 10 മാസം കൊണ്ട് വിളവ് എടുക്കാം.
80 മുതല്‍ 90 ടണ്‍ വരെ ഒരു ഹെക്ടറില്‍ നിന്നു വിളവെടുപ്പ് നടത്താം. കരിമ്പിന്‍ തലക്കം നട്ട് പിടിപ്പിക്കുന്നതിനൊപ്പവും വളപ്രയോഗത്തിനൊപ്പവും ജലസേചനം ആവശ്യമാണ്. അധികം പരിചരണം ആവശ്യമില്ലാത്ത വിളയാണ് കരിമ്പ് എന്നതുകൊണ്ടും വിപണിക്ക് ആവശ്യമുള്ള വിള എന്ന നിലയിലും തരിശ് പ്രദേശങ്ങളില്‍ ധാരാളമായി കരിമ്പ്കൃഷി ചെയ്യാന്‍ സാധിക്കും. കര്‍ഷക ഗ്രൂപ്പുകള്‍ക്കും ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ക്കും വാണിജ്യാടിസ്ഥാനത്തില്‍ കരിമ്പ് കൃഷി ചെയ്യാന്‍ വലിയ സാധ്യതയാണുള്ളത്.
സംരംഭം - ശര്‍ക്കര
നദീതട പ്രദേശങ്ങളില്‍ 4 മാസം വരെയും ഉയര്‍ന്ന പ്രദേശങ്ങളില്‍ 7 മാസം വരെയും കരിമ്പിന്റെ ലഭ്യത ഉറപ്പ് വരുത്താന്‍ സാധിക്കും. വ്യാവസായിക അടിസ്ഥാനത്തില്‍ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ആദ്യം ഉറപ്പാക്കേണ്ടത് കരിമ്പിന്റെ ലഭ്യതയാണ്. കേരളത്തില്‍ പല സ്ഥലങ്ങളിലും പ്രാദേശീക കൃഷി എന്ന നിലയില്‍ കരിമ്പ് കൃഷി നടന്നു വരുന്നുണ്ട്.
പന്തളം, ഏറ്റുമാനൂര്‍, തിരുവല്ല, കിടങ്ങൂര്‍, പെരുന്പാവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൃഷിയും ശര്‍ക്കര ഉല്‍പ്പാദനവും നടന്നു വരുന്നു. ശര്‍ക്കര നിര്‍മാണം ആരംഭിക്കാന്‍ ഉദ്ദേശിക്കുംമ്പോള്‍ 4-5 ഏക്കര്‍ കരിന്പ് കൃഷി കൂടി ആരംഭിച്ചാല്‍ മുടക്കില്ലാതെ ഉല്‍പ്പാദനം നടത്താന്‍ സാധിക്കും.
ടൂറിസ്റ്റുകള്‍ക്കും പൊതുജനങ്ങള്‍ക്കും എത്തിപെടാന്‍ കഴിയുന്ന സ്ഥലത്ത് യൂണിറ്റ് സ്ഥാപിക്കുക എന്നുള്ളതാണ് മറ്റൊരു പ്രധാന ഘടകം. ഉത്തരവാദിത്വ ടൂറിസം പോലുള്ള സംവിധാനങ്ങളുമായി സഹകരിച്ച് കൂടുതല്‍ ആളുകളെ എത്തിക്കുന്നതിനും സാധിക്കും. നിര്‍മാണ പ്രക്രിയകള്‍ ഇപ്പോളും പരമ്പരാഗത രീതിയില്‍ തന്നെയാണ് തുടര്‍ന്ന് വരുന്നത്. വൃത്തിയുള്ള അന്തരീക്ഷത്തില്‍ നിര്‍മാണം നടത്തി ആകര്‍ഷകമായി പായ്ക്ക് ചെയ്ത് ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞാല്‍ വിപണി പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടാവുകയില്ല.
പതിയന്‍, ചുക്കുണ്ട, ഉണ്ട, വെല്ലം എന്നീ പേരുകളില്‍ അറിയപ്പെടുന്ന വിവിധ രൂപത്തിലുള്ള ശര്‍ക്കരകളാണ് പ്രധാനമായും നിര്‍മ്മിക്കുന്നത്. കൂടുതല്‍ മധുരം പ്രധാനം ചെയ്യുന്നതും ഉപയോഗിക്കാന്‍ എളുപ്പമുള്ളതും പതിയന്‍ ശര്‍ക്കരയാണ്.
നിലവില്‍ ഉപയോഗിക്കുന്ന പഞ്ചസാരയേക്കാള്‍ ഗുണമേന്മയുള്ളതും പോഷക സമൃദ്ധവുമായ ശര്‍ക്കര, ഉപയോഗിക്കാന്‍ എളുപ്പമുള്ളതരം ചെറിയ പായ്ക്കുകളില്‍ നല്കാന്‍ കഴിഞ്ഞാല്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പോലും വിപണി സാധ്യതയുണ്ട്. കൂടുതല്‍ വില ലഭിക്കുന്ന നിന്നുള്ള ശര്‍ക്കരയില്‍ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ വ്യത്യസ്ത ശ്രേണി തന്നെ രാജ്യത്തെ വിവിധ കരിന്പ് ഗവേഷണ കേന്ദ്രങ്ങള്‍ വികസിപ്പിച്ചിട്ടുമുണ്ട്.
നിര്‍മാണരീതി
വിളവെടുപ്പിന് പാകമായ കരിമ്പ് മുറിച്ചെടുത്ത് കരിമ്പ് ചക്കില്‍ കൂടി (ജ്യൂസ് എക്‌സ്ട്രാക്ടര്‍) കടത്തിവിട്ട് കരിമ്പിന്‍ നീര് ശേഖരിക്കും. തുടര്‍ന്ന് വലിയ അടുപ്പില്‍ സ്ഥാപിച്ചിട്ടുള്ള ചെമ്പിലേക്ക് നീര് പകര്‍ത്തും. നീരെടുത്തതിന് ശേഷം പുറത്ത് കളയുന്ന കരിമ്പിന്‍ ചണ്ടി ഉപയോഗിച്ചാണ് അടുപ്പ് കത്തിക്കുന്നത്.
കരിമ്പിന്‍ നീര് ചൂട് ക്രിമീകരിച്ച് ഇളക്കി വറ്റിച്ചെടുക്കുന്നതാണ് അടുത്ത പടി. ബ്രിക്സ് ലെവല്‍ 85ല്‍ എത്തിയതിന് ശേഷം കുറുക്കിയെടുത്ത കരിമ്പിന്‍ നീര് മരവി(മാവില്‍ പലകയില്‍ നിര്‍മ്മിച്ച ചതുരപാത്രം) ലേക്ക് പകര്‍ത്തും. തുടര്‍ന്ന് രണ്ട് മണിക്കൂര്‍ സമയം തണുപ്പിക്കും. അതിനുശേഷം ഈര്‍പ്പം കടക്കാത്ത പായ്ക്കറ്റുകളില്‍ നിറയ്ക്കും. ഏറ്റവും ചെറിയ യൂണിറ്റില്‍ പോലും പ്രതിദിനം 3 ടണ്‍ കരിന്പ് ശര്‍ക്കരയാക്കി മാറ്റാന്‍ സാധിക്കും.
മൂലധന നിക്ഷേപം
(പ്രതിദിനം 400 കിലോ ശര്‍ക്കര ഉല്‍പ്പാദിപ്പിക്കുന്നതിനാവശ്യമായ മൂലധന നിക്ഷേപം)
ചക്ക് - 1,50,000.00
ചെമ്പ്- 80,000.00
അടുപ്പ് നിര്‍മാണം- 50,000.00
മരവി - 25,000.00
പായ്ക്കിംഗ് യന്ത്രങ്ങള്‍ - 10,000.00
ആകെ = 3,15,000.00
പ്രവര്‍ത്തന വരവ് - ചെലവ് കണക്ക്
പ്രവര്‍ത്തന ചെലവ്
(പ്രതിദിനം 400 കിലോ ശര്‍ക്കര ഉല്പാദിപ്പിക്കുന്നതിന്റെ ചിലവ് )
കരിമ്പ് 3000kg*4 = 12,000.00
തൊഴിലാളികളുടെ വേതനം = 2,100.00
ഇതര ചിലവുകള്‍ = 500.00
ആകെ = 14,600.00
വരവ്
(400 കിലോ ശര്‍ക്കര വിറ്റഴിക്കുമ്പോള്‍ ലഭിക്കുന്നത്)
1സഴ വില്‍പ്പന വില = 100.00
ഉല്‍പാദകന് ലഭിക്കുന്നത് = 75.00
400kg*75.00= 30,000.00
ലാഭം = 30,000.00 14,600.00= 15,400.00
പരിശീലനം- യന്ത്രങ്ങള്‍
കാര്‍ഷിക സര്‍വകലാശാലയുടെ തിരുവല്ല കല്ലിംഗലിലുള്ള കരിമ്പ് ഗവേഷണ കേന്ദ്രത്തിലും പന്തളം കരിമ്പ് വിത്തുല്‍പ്പാദന കേന്ദ്രത്തിലും ശര്‍ക്കര നിര്‍മ്മാണത്തിന്റെ വിവിധ ഘടകങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ സൗകര്യമുണ്ട്.
യന്ത്രങ്ങള്‍ അഗ്രോപാര്‍ക്കില്‍ ലഭ്യമാണ്. ഫോണ്‍ നമ്പര്‍: 0485- 2999990
Next Story
Videos