Top

സംരംഭകരെ മോഹിപ്പിച്ച് ആഫ്രിക്ക


ആനന്ദ് ഹാല്‍ബെ

ആഫ്രിക്ക! ഇരുണ്ട ഈ ഭൂഖണ്ഡത്തെ നമ്മള്‍ മനസിലാക്കി വരുന്നതേയുള്ളൂ. പ്രത്യേകിച്ചും ഇന്ത്യന്‍ സംരംഭകര്‍. വിസ്തൃതമായ ഇന്ത്യന്‍ വിപണിയില്‍ മാത്രം ശ്രദ്ധയൂന്നിയാണ് നമ്മള്‍ ഇതുവരെയും ബിസിനസ് നടത്തിയത്. അത് വന്‍കിട സ്ഥാപനങ്ങളായാലും ചെറുകിട സംരംഭങ്ങളായാലും. അതിനപ്പുറത്തേക്ക് നോക്കുമ്പോള്‍ ആദ്യം മനസിലെത്തുക യുഎസും യൂറോപ്പും ഏഷ്യന്‍ രാജ്യങ്ങളുമാകും. വിപുലമായ സാധ്യകള്‍ ഈ വിപണിയിലുണ്ടെങ്കിലും കടുത്ത മത്സരങ്ങളും ഏറി വരുന്ന ചെലവുകളും തടസമാകുന്നുണ്ട്. അവിടെയാണ് തുറന്ന വിപണിയും ആരെയും സ്വീകരിക്കാനുമുള്ള മനസുമായി ആഫ്രിക്ക അവസരങ്ങള്‍ തുറക്കുന്നത്.

ചില കമ്പനികളും രാജ്യങ്ങളും ആഫ്രിക്കയുടെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ആഫ്രിക്കയിലേക്ക് ശ്രദ്ധ തിരിക്കാന്‍ കുറേ നല്ല കാരണങ്ങളുമുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മക്കിന്‍സി & കമ്പനി പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ ഈ കാരണങ്ങളെ കുറിച്ച് പറയുന്നുണ്ട്.

1. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ആഫ്രിക്കയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (GDP) വളര്‍ച്ച ആഗോളതലത്തില്‍ തന്നെ ഏറ്റവും മികച്ചവയില്‍ ഒന്നായി മാറും.

2. ലോകത്തിന്റെ മറ്റു ഭാഗങ്ങളേക്കാള്‍ ഉയര്‍ന്ന തോതില്‍ കണ്‍സ്യൂമര്‍ സ്‌പെന്‍ഡിംഗ് വളരും.

3. മറ്റിടങ്ങളേക്കാള്‍ കൂടുതല്‍ വരുമാന വളര്‍ച്ചയും ലാഭക്ഷമതയുടെ വളര്‍ച്ചയും ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

ആഫ്രിക്കയെ അടുത്തറിയുക

വലുതും വൈവിധ്യപൂര്‍ണവുമായ ആഫ്രിക്കയെ മൊത്തമായി പരിഗണിച്ച് ബിസിനസ് സാഹചര്യം വിലയിരുത്താനാവില്ല. കഴിഞ്ഞ നൂറ്റാണ്ടില്‍ ഇന്ത്യയെ പോലെ തന്നെ യൂറോപ്യന്‍മാരുടെ കീഴിലായിരുന്നു ആഫ്രിക്കയും. അതുകൊണ്ടു തന്നെ വ്യത്യസ്ത തരത്തിലുള്ള ബിസിനസ് അന്തരീക്ഷത്തെയാകും നേരിടേണ്ടി വരിക. ആഫ്രിക്കയെ പല തരത്തില്‍ വേര്‍തിരിക്കാം.

ഇംഗ്ലീഷ് സംസാരിക്കുന്നവ, ഫ്രഞ്ച് സംസാരിക്കുന്നവ, ജര്‍മന്‍ അടക്കമുള്ള മറ്റു ഭാഷകള്‍ സംസാരിക്കുന്നവ എന്നിങ്ങനെ. ഭാഷ മാത്രമല്ല, നിയമങ്ങളും ഇവിടങ്ങളില്‍ ഒന്നിനൊന്ന് വ്യത്യസ്തങ്ങളാണ്. റോഡില്‍ ഏതു ഭാഗത്തു കൂടി വാഹനം ഓടിക്കണം എന്നതു തുടങ്ങി നിരവധി വ്യത്യസ്തതകള്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ തമ്മിലുണ്ട്.

പിന്തുണയുമായി സര്‍ക്കാരും

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇന്ത്യന്‍ വ്യവസായം വ്യാപിക്കുന്നതിനായി കൂടുതല്‍ പിന്തുണ ഇപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിവരുന്നുണ്ട്. പവര്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, മൈനിംഗ് പോലുള്ള വന്‍കിട പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഉത്തരവാദിത്തത്തില്‍ തന്നെ എക്‌സിം ബാങ്ക് അടക്കമുള്ളവ കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ നല്‍കി വരുന്നുണ്ട്. സംരംഭകര്‍ക്കും ബിസിനസ് ലീഡേഴ്‌സിനും ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി തങ്ങളുടെ ലക്ഷ്യം നിറവേറ്റാനാകും.

ആഫ്രിക്കയെങ്ങനെ?

തൊണ്ണൂറുകളുടെ ആദ്യം കുറേ വര്‍ഷം താമസിച്ച ആള്‍ എന്ന നിലയിലും കഴിഞ്ഞ ഏഴു വര്‍ഷമായി എല്ലാ മാസവും ആഫ്രിക്ക സന്ദര്‍ശിക്കുന്ന ഒരാളെന്ന നിലയിലും, പല ആഫ്രിക്കന്‍ രാജ്യങ്ങളിലെയും ജീവിതം മികച്ചതാണെന്നാണ് എന്റെ അഭിപ്രായം. വിദ്യാഭ്യാസ നിലവാരം വീടുകളുടെ നിലവാരവുമെല്ലാം ഓരോ രാജ്യങ്ങളിലും വ്യത്യസ്തമാണ്. എന്നാല്‍ ഇംഗ്ലീഷ് സംസാരിക്കുന്നയിടങ്ങള്‍ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അന്യതാബോധം ഉണ്ടാക്കില്ല.

ആഫ്രിക്കയെ ഭയക്കണോ?

ആഫ്രിക്കയെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ഉയര്‍ന്നു കേള്‍ക്കാം സുരക്ഷയെ കുറിച്ചുള്ള ആശങ്ക. അതില്‍ വലിയ കാര്യമില്ല. പലപ്പോഴും ആ ഭൂഖണ്ഡം സന്ദര്‍ശിച്ചപ്പോഴെല്ലാം നമ്മുടെ രാജ്യത്തു നിന്ന് വിഭിന്നമായി സ്വയമറിഞ്ഞ് പെരുമാറാന്‍ ശ്രദ്ധിക്കാറുണ്ട്. ചില സമയങ്ങളില്‍ ചില സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാനും. ഇത് ലോകത്തിലെ എല്ലാ ഭാഗങ്ങളിലും അങ്ങനെ തന്നെയല്ലേ? നമ്മള്‍ താമസിക്കുന്നയിടത്തിന്റെ ചുറ്റുപാടിനെ കുറിച്ച് മനസിലാക്കിയാല്‍ സാധാരണയായി ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്നതാണ് കാര്യം. എനിക്ക് ഒരിക്കലും മോശമായ അനുഭവം അവിടെ നിന്ന് ഉണ്ടായിട്ടില്ല. പക്ഷേ മുന്‍കരുതല്‍ എല്ലായ്‌പ്പോഴും നല്ലതാണ്.

അവസരങ്ങള്‍ എവിടെയൊക്കെ?

ഇത്തരം അവസരങ്ങള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ എല്ലായിടത്തും ഉണ്ടെങ്കിലും വലുപ്പവും വൈവിധ്യതയും പരിഗണിക്കുമ്പോള്‍ മുന്നില്‍ നില്‍ക്കുന്ന ഏതാനും രാജ്യങ്ങളുണ്ട്. കെനിയ, ദക്ഷിണാഫ്രിക്ക, നൈജീരിയ, ബോട്‌സ്വാന, നമീബിയ, ഘാന, താന്‍സാനിയ, ഉഗാണ്ട, റുവാണ്ട, എത്യോപ്യ എന്നിവയാണവ. ഏത് മേഖല തെരഞ്ഞെടുക്കുന്നു എന്നതും എന്ത് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുവെന്നതുമാകും രാജ്യം തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം. ഓരോ രാജ്യത്തും അവരവരുടേതായ നിയമങ്ങളും ചട്ടങ്ങളുമുണ്ട്. അത് പൊതുവായി വിശദീകരിക്കാനാവില്ല.

അടുത്ത 20 വര്‍ഷം

വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വ്യത്യസ്ത മേഖലകളിലുണ്ടാകുന്ന വളര്‍ച്ചയും കാര്‍ഷികോല്‍പ്പാദന വര്‍ധനയും നഗരവല്‍കരണവുമെല്ലാം അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഇനിയും ഉയരുമെന്ന പ്രതീക്ഷയാണ് ഉള്ളത്. ആഫ്രിക്കയിലെ അവസരങ്ങള്‍ വര്‍ധിപ്പിക്കാനുള്ള സാഹചര്യങ്ങളെന്തൊക്കെയെന്ന് മക്കിന്‍സിയുടെ റിപ്പോര്‍ട്ടില്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്.

1. മൊബീല്‍ ഫോണുകളും ഡിജിറ്റല്‍ സാങ്കേതിക വിദ്യയും വ്യാപകമാകുന്നു.

2. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന സേവനങ്ങളുടെ വര്‍ധിച്ചു വരുന്ന ആവശ്യകത

3. അടിസ്ഥാന സൗകര്യങ്ങളുടെ പുരോഗതി

4. ഉപഭോക്തൃ ചെലവഴിക്കലില്‍ ഉണ്ടാകുന്ന മുന്നേറ്റം

5. റിന്യൂവബ്ള്‍ എനര്‍ജിയുടെ വര്‍ധിച്ചു വരുന്ന ഉപഭോഗം

6. ധാതു സമ്പത്തിന്റെ ധാരാളിത്തം

7. കാര്‍ഷികോല്‍പ്പാദനം വര്‍ധിക്കാനുള്ള സാധ്യത


ഇന്ത്യന്‍ സാന്നിധ്യം

ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഇന്ത്യന്‍ സാന്നിധ്യത്തിന് ഏറെ കാലത്തെ പഴക്കമുണ്ട്. റെയ്ല്‍വേ തൊഴിലാളികളായി വരെ അവിടെ എത്തിപ്പെട്ടവരുണ്ട്. ദശാബ്ദങ്ങള്‍ നീണ്ട കഠിനാധ്വാനത്തിന്റെയും മറ്റും ഫലമായി പല ആഫ്രിക്കന്‍ രാജ്യങ്ങളിലും വലിയ സാമ്പത്തിക ശക്തിയായി വളര്‍ന്നവരുണ്ട്. പശ്ചിമ, പൂര്‍വ, ദക്ഷിണ ആഫ്രിക്കന്‍ രാജ്യങ്ങളിലെല്ലാം എന്തിന് സുഡാന്‍ ഉള്‍പ്പടെയുള്ള ഉത്തര ആഫ്രിക്കയില്‍ വരെ പടര്‍ന്നു കിടക്കുന്നു ഇന്ത്യന്‍ സാന്നിധ്യം. ഇപ്പോഴും അത് വര്‍ധിച്ചു കൊണ്ടിരിക്കുന്നു. കിഴക്കന്‍, തെക്കന്‍ ആഫ്രിക്കയില്‍ ഗുജറാത്തികളും പടിഞ്ഞാറന്‍ ഭാഗത്ത് സിന്ധികളും കൂടുതലായി കാണപ്പെടുമ്പോള്‍ സിഖുകളെയും പഞ്ചാബികളെയും എല്ലാ ഭാഗങ്ങളിലും കാണാം.

ആഫ്രിക്കയില്‍ ബിസിനസ് സ്ഥാപിക്കാന്‍ കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കുന്നതില്‍ വിദഗ്ധനാണ് ലേഖകന്‍. anand.halbe@gmail.com

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it