Top

അഗ്രിപ്രണറാകൂ! കൃഷിയിലൂടെയും ലാഭം ഉറപ്പാക്കാം

റോഷന്‍ കൈനടി

സ്വാതന്ത്ര്യം ലഭിച്ചശേഷം ഭാരതസര്‍ക്കാര്‍ ആദ്യമായി മുന്നോട്ടുവെച്ച മുദ്രാവാക്യങ്ങളിലൊന്നായിരുന്നു ജയ് ജവാന്‍, ജയ് കിസാന്‍ എന്നത്. പട്ടാളക്കാര്‍ രാജ്യത്തെ സംരക്ഷിച്ചപ്പോള്‍ രാജ്യത്തെ ഊട്ടിയത് കര്‍ഷകരാണെന്ന് അന്നത്തെ നേതാക്കന്മാര്‍ മനസിലാക്കിയിരുന്നു. പക്ഷെ പിന്നീടെപ്പോഴോ നമ്മുടെ രാഷ്ട്രീയ നേതാക്കളും സര്‍ക്കാര്‍ സംവിധാനങ്ങളും ഈ ആശയം മറന്നു.

ഇന്ന് ഇന്ത്യയിലെ കാര്‍ഷികരംഗം തികച്ചും ദുര്‍ഘടമായ ഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കൃഷിയല്ലാതെ മറ്റേതെങ്കിലും തൊഴില്‍ സ്വീകരിക്കാന്‍ കര്‍ഷകര്‍ തങ്ങളുടെ മക്കളെ ഉപദേശിക്കുന്നു.

ഒരു ചോദ്യം നാം സ്വയം ചോദിക്കേണ്ടിയിരിക്കുന്നു. കര്‍ഷകര്‍ ഇല്ലാതായാല്‍ നമ്മുടെ രാജ്യത്തിന് ആര് അന്നം തരും? ഇന്ത്യയിലെ/കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് എന്താണ് സംഭവിച്ചത്? ദരിദ്രമായ രാജ്യത്ത് കര്‍ഷകന്‍ സമ്പന്നനാണ്. എന്നാല്‍ സമ്പന്നമായ രാജ്യത്തെ കര്‍ഷകന്‍ ദരിദ്രനാണ്. ഇത് ലോകത്തെല്ലായിടത്തും കാണുന്ന ഒരു പ്രതിഭാസമാണ്.

അതുപോലെ തന്നെ ഈയിടെയായി ഏറെ പ്രാധാന്യം കൈവന്നിരിക്കുന്ന ഒരു മുദ്രാവാക്യമാണ് ‘Disrupt or get Disrupted’. സ്വന്തം മേഖലയില്‍ തികച്ചും നൂതനമായ രീതികള്‍ കണ്ടെത്തിയില്ലെങ്കില്‍ കര്‍ഷകര്‍ Disruption എന്ന പ്രതിഭാസത്തിന്റെ ഇരകളായിത്തീരും. ഇതുതന്നെയാണ് കേരളത്തില്‍ ഇപ്പോള്‍ സംഭവിക്കുന്നതും. ഈ സാഹചര്യത്തില്‍ ഉയരുന്ന ചോദ്യങ്ങള്‍ ഇവയാണ് -- എങ്ങനെയാണ് കാര്‍ഷിക രംഗത്തെ തന്നെ കീഴ്‌മേല്‍ മറിക്കുന്ന ആശയങ്ങള്‍ സൃഷ്ടിക്കുന്നത്? എങ്ങനെ കൃഷി ലാഭകരമാക്കാം? യുവാക്കളെ കൃഷിയിലേക്ക് എങ്ങനെ ആകര്‍ഷിക്കാം?

വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തൂ

കൃഷി: തൊഴിലാളികളെ ആശ്രയിക്കുന്നത് കുറച്ചും യന്ത്രവല്‍ക്കരണം നടത്തിയും കൃഷിയില്‍ നിന്നുള്ള വരുമാനം കൂട്ടുകയും ചെലവ് കുറയ്ക്കുകയും വേണം. ഇറിഗേഷന്‍, പ്രിസിഷന്‍ ഫാമിംഗ് എന്നീ മാര്‍ഗങ്ങള്‍ അവലംബിക്കുകയും ഇടവിളയായി കന്നുകാലികള്‍ക്കുള്ള പുല്ല് നട്ടുപിടിപ്പിക്കുകയും വേണം.

മൃഗപരിപാലനവും മല്‍സ്യ കൃഷിയും: കോഴി, താറാവ്, ആട്, പോത്ത് എന്നി വയെ വളര്‍ത്തലും മല്‍സ്യകൃഷിയും ഒരു കര്‍ഷകന് കൃഷിയോടൊപ്പം കൊണ്ടുപോകാവുന്നതാണ്. ഇടവിള യായി നടുന്ന പുല്ല് ഇവയ്ക്കുള്ള തീറ്റയാക്കാം. ഇറച്ചി യും മല്‍സ്യവും റീറ്റെയ്ല്‍ ചെയ്‌നുകള്‍ക്ക് നല്‍കാം. തൊഴിലാളികളുമായി ലാഭം പങ്കുവെക്കുന്ന രീതിയിലുള്ള വേതനവ്യവസ്ഥ വെക്കാം.

ഇത് അവരെ പിടിച്ചുനിര്‍ത്താന്‍ സഹായിക്കും. പോത്ത്, ആട്, കോഴി എന്നിവയുടെ വിസര്‍ജ്യം വളമാക്കാം. പണം ഇതുവഴി ലാഭിക്കാം. ആടും പോത്തുമൊക്കെ കൃഷിയിടത്ത് മേയുമ്പോള്‍ കള പറിക്കാനുള്ള ചെലവും ലാഭിക്കാം.

ഫാം സ്‌റ്റേ: ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കിട്ടാത്ത അനുഭവം ടൂറിസ്റ്റിന് പ്രദാനം ചെയ്യാന്‍ ഒരു കര്‍ഷകന് കഴിയും. നഗരത്തില്‍ ജനിച്ചുവളര്‍ന്ന യുവാക്കളാണ് പ്രധാന ഉപഭോക്താക്കള്‍.

അയല്‍ നഗരങ്ങളായ ബാംഗ്ലൂര്‍, ചൈന്നൈ, ഹൈരാബാദ് എന്നിവിടങ്ങളിലെ ഐ.റ്റി ഉള്‍പ്പെടെയുള്ള പ്രൊഫ ഷണലുകളെ ലക്ഷ്യം വെക്കാം. ഫാം ലൈഫ് അനു ഭവിക്കാനുള്ള അവസരമാണ് നാം അവര്‍ക്ക് നല്‍കേണ്ടത്. ഇതിന് ചെലവേറിയ കെട്ടിടങ്ങളുടെ ആവശ്യ മില്ല. ടെന്റ് പോലെയുള്ള താല്‍ക്കാലിക സംവിധാന ങ്ങള്‍ മതി. അതാകുമ്പോള്‍ ഗവണ്‍മെന്റിന്റെ ബില്‍ഡിംഗ് റൂള്‍സില്‍ പെടുകയുമില്ല. എന്നാല്‍ നല്ല സൗ കര്യങ്ങളോടെ ഉയര്‍ന്ന പ്ലാറ്റ്‌ഫോമില്‍, എയര്‍കണ്ടീഷന്‍ ചെയ്ത ടെന്റുകള്‍ ഒരുക്കുകതന്നെ വേണം.

വൈവിധ്യമാര്‍ന്ന കാര്‍ഷിക വിഭവങ്ങളും പഴ വര്‍ഗങ്ങളും ടൂറിസ്റ്റിന് ആകര്‍ഷകമാണെന്ന് മാത്രമല്ല, ഫാമില്‍ നിന്ന് തയാറാക്കുന്ന ഭക്ഷണം മൂല്യം കൂട്ടുകയും ചെയ്യും.

ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് എം.എസ് സ്വാമിനാഥന്‍ എങ്ങനെ വിദ്യാഭ്യാസമുള്ള യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാം എന്ന വിഷയത്തില്‍ പഠനം നടത്തിയിരുന്നു. അഗ്രിപ്രണര്‍ഷിപ്പിലൂടെ മൂന്ന് വരുമാന മാര്‍ഗങ്ങള്‍ സൃഷ്ടിച്ചാല്‍ കൃഷിയെന്നത് സാമ്പത്തിക നേട്ടം ലഭിക്കുന്ന സംരംഭമായി മാറും. യുവാക്കള്‍ ഈ രംഗത്തേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്യും.

(2016 ജനുവരി 31-ലെ ധനം ബിസിനസ് മാഗസിനിൽ പ്രസിദ്ധീകരിച്ച ലേഖനം)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it