'പി എല്‍ ഐ സ്‌കീം 18 മേഖലകളില്‍, 5 വര്‍ഷത്തിനകം 520 ബില്യണ്‍ ഡോളറിന്റെ ഉല്‍പാദനം'

രാജ്യത്തെ സ്വയംപര്യാപ്തമാക്കുന്നതിനായി ആവിഷ്‌കരിച്ചു നടപ്പാക്കുന്ന പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പി എല്‍ ഐ) സ്‌കീം ഇന്ത്യയെ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 520 ബില്യണ്‍ ഡോളറിന്റെ ഉല്‍പാദനത്തിലേക്ക് നയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്, വിവിധ അനുമതികള്‍ വേഗത്തില്‍ ലഭ്യമാക്കല്‍, ലോജിസ്റ്റിക് ചെലവുകള്‍ കുറച്ചുകൊണ്ടുവരുന്നതിന് മള്‍ടി മോഡല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനം, ജില്ലാ തലങ്ങളില്‍ എക്സ്പോര്‍ട് ഹബ്ബുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ നടപടികളിലൂടെ സര്‍ക്കാര്‍ വ്യാവസായികോല്‍പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പുകളാണന് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡിപ്പാര്‍ട്മെന്റ് ഓഫ് പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്റര്‍നാഷണല്‍ ട്രേഡും നിതി ആയോഗും ചേര്‍ന്ന് സംഘടിപ്പിച്ച വെബിനാറില്‍ സംസാരി്ക്കുകയായിരുന്നു പ്രധാനമന്ത്രി.

ആഭ്യന്തര ഉല്‍പാദനവും കയറ്റുമതിയും വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പ്രഖ്യാപിച്ച പി എല്‍ ഐ സ്‌കീം ഇതുവരെ 18 വിവിധ മേഖലകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ബജറ്റില്‍ പി എല്‍ ഐ സ്‌കീമിന് വേണ്ടി 2 ട്രില്യണ്‍ രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ശരാശരി ഉല്‍പാദനത്തിന്റെ അഞ്ച് ശതമാനമാണ് ഇന്‍സെന്റീവായി നല്‍കുന്നത്. ഇതനുസരിച്ച് പി എല്‍ ഐ സ്‌കീം മുഖേന 520 ബില്യൺ ഡോളറിന്റെ ഉല്‍പാദനം രാജ്യത്ത് പ്രതീക്ഷിക്കപ്പെടുന്നു. പി എല്‍ ഐ നടപ്പിലാക്കുന്ന മേഖലകളില്‍ തൊഴില്‍സേനയുടെ എണ്ണം ഇരട്ടിയാകുമെന്നാണ് കണക്ക്.

ഓട്ടോമൊബൈല്‍, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലകളില്‍ പി എല്‍ ഐ നടപ്പാക്കുന്നതിലൂടെ ഓട്ടോ പാര്‍ട്സിനും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും മരുന്നു നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ക്കും വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയാനിടയുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി.
കൂടുതല്‍ മികച്ച സെല്‍ ബാറ്ററികളും സോളാര്‍ പി വി മോഡ്യൂളുകളും ഉള്‍പ്പെടെയുള്ളവയുടെ സഹായത്തോടെ ഊര്‍ജ മേഖലയില്‍ ആധുനിക വല്‍ക്കരണം സംഭവിക്കും. അതുപോലെ ടെക്സ്റ്റൈല്‍, ഫുഡ് പ്രോസസിംഗ് മേഖലകളില്‍ പി എല്‍ ഐ നടപ്പാക്കുന്നതിന്റെ പ്രയോജനം കാര്‍ഷിക മേഖലക്ക് ലഭിക്കും.
ഫാര്‍മ മേഖലയില്‍ അടുത്ത അഞ്ച്- ആറ് വര്‍ഷം കൊണ്ട് 15,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു. ഇതിലൂടെ മൂന്ന് ട്രില്യണ്‍ രൂപയുടെ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്ന വില്‍പനയും രണ്ട് ട്രില്യണ്‍ രൂപയുടെ കയറ്റുമതി വര്‍ധനയും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it