Top

പെട്രോകെമിക്കല്‍, ഊര്‍ജ്ജമേഖലകള്‍ ഒരുക്കുന്നത് വന്‍ അവസരങ്ങള്‍; പ്രസാദ് കെ പണിക്കര്‍

സമീപകാല മനുഷ്യ ചരിത്രത്തില്‍ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടമായാകും 2020 അടയാളപ്പെടുത്തുക. കോവിഡ് മഹാമാരിയും അത് സാമ്പത്തിക രംഗത്ത് സൃഷ്ടിച്ച ആഘാതവും തന്നെയാണ് ഇതിന് പ്രധാന കാരണം. കോവിഡ് വാക്‌സിന്‍ സംബന്ധമായ ശുഭവാര്‍ത്തകള്‍ സാമ്പത്തിക രംഗത്തെ തിരിച്ചുവരവിനുള്ള നല്ല പ്രതീക്ഷകളും നല്‍കുന്നു. സാമ്പത്തികമായും മറ്റെല്ലാ തരത്തിലും കശക്കിയെറിയുന്ന മഹാമാരികള്‍ക്ക് ശേഷം ലോകം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുമെന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. 1919നു ശേഷമുള്ള സംഭവഗതികള്‍ തന്നെ അതിനുള്ള ഉദാഹരണം.

വളര്‍ച്ചാ ഘട്ടവും ഡെമോഗ്രാഫിയും പരിഗണിക്കുമ്പോള്‍ പുതിയ ദശകത്തില്‍ ഇന്ത്യയില്‍ ഡിമാന്റ് വന്‍തോതില്‍ ഉയരാന്‍ തന്നെയാണ് സാധ്യത. ആ അവസരം കേരളത്തിലും വളരെ നന്നായി ഉപയോഗിക്കാം.

സവിശേഷ പെട്രോകെമിക്കല്‍, കെമിക്കല്‍ രംഗത്ത് അവസരം

മാനുഫാക്ചറിംഗ് രംഗത്തുനിന്നുള്ള സംഭാവന കുറവാണെന്നതാണ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ഒരു പ്രധാന അപാകത. സന്തുലിതവും സുസ്ഥിരവുമായ വളര്‍ച്ച ഉറപ്പാക്കാന്‍ മാനുഫാക്ചറിംഗ് രംഗം ശക്തിപ്പെടുത്തേണ്ടതുണ്ട്. സവിശേഷമായ പെട്രോകെമിക്കല്‍, കെമിക്കല്‍ മാനുഫാക്ചറിംഗ് രംഗത്ത് ഇപ്പോള്‍ അവസരങ്ങളുണ്ട്. ബിപിസിഎല്‍ കൊച്ചി റിഫൈനറി, പെട്രോകെമിക്കല്‍ ഇന്റര്‍മീഡിയറി ഉല്‍പ്പാദനത്തിന് വന്‍ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. അവ അസംസ്‌കൃത വസ്തുക്കളാക്കി ഒട്ടനവധി ഉല്‍പ്പന്നങ്ങള്‍ നിര്‍മി്ക്കാനുള്ള അവസരമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. ലോകത്തിന്റെയും രാജ്യത്തിന്റെയും മറ്റിടങ്ങളില്‍ വന്‍കിട റിഫൈനറികള്‍ ഒരു മാതൃ വ്യവസായമായി നിലകൊള്ളുകയും അനുബന്ധമായി ഒട്ടനവധി മാനുഫാക്ചറിംഗ് യൂണിറ്റുകള്‍ സൃഷ്ടിക്കപ്പെടാന്‍ ത്വരകമാവുകയും ചെയ്യാറുണ്ട്. പക്ഷേ കേരളത്തില്‍ അത് ഇതുവരെയുണ്ടായിട്ടില്ല. എന്നാല്‍ ഇപ്പോള്‍, ബിപിസിഎല്‍ കൊച്ചി റിഫൈനറിയോട് ചേര്‍ന്ന് വലിയൊരു പെട്രോ കെമിക്കല്‍ പാര്‍ക്ക് സര്‍ക്കാര്‍ സ്ഥാപിക്കുകയാണ്. സംരംഭകര്‍ ആ അവസരം വേണ്ട രീതിയില്‍ ഉപയോഗിക്കണം. ഇതിനു പുറമേ സര്‍ക്കാര്‍ ഭൂമിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും താങ്ങാവുന്ന നിരക്കില്‍ സംരംഭകര്‍ക്ക് നല്‍കണം. പാര്‍ക്കില്‍ നടത്തുന്ന നിക്ഷേപം സാമ്പത്തികമായി നീതികരിക്കപ്പെടാന്‍ അത് സഹായിക്കും. കേരളത്തില്‍ തിരിച്ചെത്തിയിരിക്കുന്ന പ്രവാസികള്‍ക്ക് ഇവിടത്തെ നിക്ഷേപ അവസരങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.

ഗ്രീന്‍ എനര്‍ജിയിലേക്കുള്ള മാറ്റം അവസരങ്ങള്‍ തുറക്കും

ഗ്രീന്‍ എനര്‍ജിയിലേക്ക് ലോകം അതിവേഗം മാറുകയാണ്. കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കാന്‍ വേണ്ടിയുള്ള ഒന്നാണ് ഇതെങ്കിലും ഈ മാറ്റം ഇന്ത്യക്ക് ഏറെ അനുയോജ്യമാണ്. കാരണം ഫോസില്‍ എനര്‍ജി ഇറക്കുമതി നമുക്ക് വന്‍തോതില്‍ കുറക്കാം. അടുത്ത രണ്ടുദശകങ്ങളില്‍ ഈ മാറ്റത്തിനാകും ലോകവും ഇന്ത്യയും സാക്ഷ്യം വഹിക്കുക. അതുകൊണ്ട് ഈ രംഗത്ത് പുതിയ ഉല്‍പ്പന്നങ്ങള്‍, സിസ്റ്റം, സോഫ്റ്റ് വെയര്‍ എന്നിവയുടെ ഡി്മാന്റും ഉയരും. ഹ്രസ്വകാല സാഹചര്യങ്ങള്‍ വിലയിരുത്തിയാല്‍, എല്ലാത്തരത്തില്‍ പെട്ട ഊര്‍ജ്ജവും പുനരുപയോഗക്ഷമമോ, ഓയ്ല്‍, ഗ്യാസ്, കോള്‍ എന്തുമാകട്ടേ അതിന്റെ വില വിപണി സാഹചര്യങ്ങളും മറ്റും ആശ്രയിച്ച് തന്നെയാകും. അതുകൊണ്ട് നാം ഈ പുതിയ സാഹചര്യങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാകണം. പുതിയ തരത്തിലുള്ള ഊര്‍ജ്ജങ്ങള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ എന്ന തലത്തില്‍ മാത്രമല്ല, ഊര്‍ജ്ജ ഉപഭോഗരംഗത്ത് വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ആ മേഖലയിലെ മാനുഫാക്ചറിംഗ് രംഗത്ത് ഇടപെടുന്നവര്‍ എന്ന നിലയില്‍ കൂടി ഇതുള്‍ക്കൊള്ളുക തന്നെ വേണം.
ഇത് കൂടാതെ വൈദ്യുത വാഹനങ്ങളുടെ കംപോണന്റ്‌സ്, ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ നിര്‍മാണ രംഗത്തും ഒട്ടേറെ അവസരങ്ങള്‍ വരും. ഏതൊരു സമൂഹത്തിലും സന്തുലിതമായ വളര്‍ച്ച സാധ്യമാകുന്നത്, ആ സമൂഹത്തിന്റെ കരുത്തിന് അനുസൃതമായുള്ള വ്യത്യസ്ത രംഗങ്ങളില്‍ ഇടപെടുമ്പോള്‍ മാത്രമാണ്. വിദ്യാസമ്പന്നരും വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ച്് അനുഭവസമ്പത്ത് നേടിയവരുമാണ് നമ്മുടെ സമൂഹത്തിന്റെ ഏറ്റവും വലിയ ആസ്തി. അവര്‍ക്ക് കേരളത്തിന്റെ നിര്‍മാണ മേഖലയെ റീബൂട്ട് ചെയ്യാന്‍ സാധിക്കും. കോവിഡ് മഹാമാരിപോലുള്ള വന്‍ പ്രതിസന്ധികളില്‍ ഉലയാതെ പിടിച്ചുനില്‍ക്കാന്‍ ഇത്തരം കാര്യങ്ങള്‍ അനിവാര്യമാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it