'ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ബിസിനസ് അവസരങ്ങള്‍': സാജന്‍ പിള്ള ചൂണ്ടിക്കാട്ടുന്നു
ഇന്ത്യയില്‍ നിന്നുള്ള വെഞ്ച്വര്‍ കാപ്പിറ്റലുകളില്‍ നിന്ന് സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് നിക്ഷേപം ലഭിക്കാനുള്ള സാഹചര്യം ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ട്. എല്ലാ രംഗത്തും ഇപ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പോലും നിക്ഷേപത്തിന് ഇത് മികച്ച സമയമാണ്. ഞാന്‍ മാനേജിംഗ് പാര്‍ട്ണറായ സീസണ്‍ ടു വെഞ്ച്വേഴ്‌സ് 10 കോടി ഡോളറിന്റെ വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടാണ്. ഡീപ് ടെക്, റീറ്റെയ്ല്‍& ലോജിസ്റ്റിക്‌സ്, എനര്‍ജി, ഹെല്‍ത്ത്‌കെയര്‍, ബാങ്കിംഗ് & ഫിനാന്‍സ് തുടങ്ങിയ രംഗങ്ങളിലെ ഹൈടെക് ഏര്‍ളി സ്റ്റേജ് സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപ സാധ്യതകളാണ് ഈ വി സി ഫണ്ട് തേടുന്നത്.
മികച്ച ആശയങ്ങളും വിഷനും മാത്രമല്ല, ഏറ്റവും പുതിയ മാറ്റങ്ങള്‍ പോലും അതിവേഗം സ്വാംശീകരിക്കാനുള്ള കഴിവ് കൂടി പരിഗണിച്ചാണ് ഞങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുന്നത്. സാമ്പത്തിക മാന്ദ്യകാലത്ത് നിക്ഷേപം നടത്തുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണെങ്കിലും നിങ്ങള്‍ ചുവടുവെപ്പുകള്‍ ശരിയായ ദിശയിലാണെങ്കില്‍ അതുകൊണ്ടുള്ള മെച്ചം അപാരമായിരിക്കും. പ്രശ്‌നങ്ങള്‍ അടങ്ങി, ജീവിതം സാധാരണ സ്ഥിതിയിലേക്ക് തിരിച്ചുവരുമ്പോള്‍, പ്രതിസന്ധിഘട്ടത്തെ എങ്ങനെ മറികടക്കാം എന്ന അനുഭവ സമ്പത്ത് ആര്‍ജ്ജിച്ചുകൊണ്ട് അതിജീവിച്ചവരെന്ന മേല്‍ക്കൈ കൂടിയുണ്ടാകും.
ഞാന്‍ എന്നും വിശ്വസിക്കുന്ന, യഥാര്‍ത്ഥത്തില്‍ വിജയകരമായി നടപ്പാക്കപ്പെട്ട, ആശയം 'Bloom locally and grow globally!' എന്നതാണ്. എല്ലാ ബഹളങ്ങളില്‍ നിന്നും ആരവങ്ങളില്‍ നിന്നും അകന്നുമാറി തിരുവനന്തപുരം നഗരത്തില്‍ 1999ല്‍ യുഎസ്ടി ഗ്ലോബല്‍ ആരംഭിക്കുമ്പോള്‍ എന്റെ വിഷന്‍ ഇതായിരുന്നു. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള 20 പേരില്‍ താഴെയുള്ള എന്‍ജിനീയര്‍മാരുമായി ആരംഭിച്ച യുഎസ്ടി ഗ്ലോബല്‍ ഇന്ന് ലോകമെമ്പാടുമുള്ള 25,000 പേര്‍ ജോലി ചെയ്യുന്ന സ്ഥാപനമാണ്. ലോകമെമ്പാടുമുള്ള ആയിരത്തിലേറെ മുന്‍നിര കമ്പനികള്‍ക്ക് സേവനങ്ങളും നല്‍കുന്നു.
വെഞ്ച്വര്‍ ഫണ്ട് സ്ഥാപിച്ചപ്പോഴും അടിസ്ഥാനമാക്കിയത് ഇതേ തത്വം തന്നെയാണ്. മ്തിയായ ഫണ്ട് നല്‍കുന്നവര്‍ എന്നതിലുപരിയായി നമ്മുടെ പ്രാദേശിക സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോളതലത്തിലേക്ക് വളരാന്‍ വേണ്ട പിന്തുണ നല്‍കുന്നവരായി നിലകൊള്ളുക എന്നതാണ് നയം. ഒരി ബിസിനസിനെ മുന്നോട്ട് നയിക്കാന്‍ വേണ്ട പ്രായോഗിക നൈപുണ്യമുള്ള സംരംഭക സമൂഹം ഇന്ത്യയിലുണ്ടെന്ന് എനിക്ക് ബോധ്യമുണ്ട്.
അവസരങ്ങളുടെ അഭാവം കേരളത്തിലെ ഒട്ടനേകം വൈദഗ്ധ്യമുള്ള യുവജനത മറ്റ് സംസ്ഥാനങ്ങളിലേക്കും ഇതര രാജ്യങ്ങളിലേക്കും കുടിയേറാന്‍ കാരണമായിട്ടുണ്ട്. കൂട്ടുകുടുംബ വ്യവസ്ഥിയില്‍ നിന്ന് നാം അണുകുടുംബമായി മാറുകയും ഒപ്പം കുട്ടികള്‍ ഇതര നാടുകളിലേക്ക് താമസം മാറ്റുകയും ചെയ്തതോടെ കേരളത്തിലെ വലിയ വീടുകളില്‍ സഹായിക്കാന്‍ ആരുമില്ലാതെ പ്രായമായവര്‍ തനിച്ച് കഴിയേണ്ട സ്ഥിതിയാണ്.
ലോക ജനത പ്രായമായി വരികയാണ്. 65 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യ മറ്റ് പ്രായപരിധിയിലുള്ളവരേക്കാള്‍ അതിവേഗം വര്‍ധിക്കുകയാണ്. നിരവധി രാജ്യങ്ങള്‍ അവരുടെ പ്രായാധിക്യമുള്ള പൗരന്മാരെ സംരംക്ഷിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തിരിച്ചറിഞ്ഞു കഴിഞ്ഞു.
മുതിര്‍ന്ന പൗരന്മാര്‍ക്ക് സുരക്ഷിതവും ശുചിത്വവും ആരോഗ്യകരവുമായ അന്തരീക്ഷം ഇപ്പോള്‍ അനിവാര്യമാണ്. നമ്മളെ ഇന്നത്തെ നമ്മളാക്കി മാറ്റാന്‍ ഒരു ആയുസ് മുഴുവന്‍ അധ്വാനിച്ച, വിയര്‍പ്പൊഴുക്കിയ, മുതിര്‍ന്ന പൗരന്മാര്‍ക്ക് ജീവിത സായാഹ്നത്തില്‍ നല്ല സൗകര്യം ഒരുക്കുക എന്നത് നമ്മുടെ സമൂഹത്തിന്റെ കടമയാണ്. സീസണ്‍ ടു (സീനിയര്‍ ലിവിംഗ്) നമ്മളെ വാര്‍ത്തെടുത്തവര്‍ക്കുള്ള ഞങ്ങളുടെ സമ്മാനമാണ്. വിരമിക്കാത്ത ജീവിതത്തിലേക്കുള്ള പുതിയ തുടക്കമാണത്.
പുതിയ അവസരങ്ങള്‍ ഇതാ
നമ്മള്‍ ഇന്ന് അറിയുന്ന വന്‍കിട കമ്പനികള്‍ മഹാമാന്ദ്യത്തിന് തൊട്ടുമുമ്പോ, ആ മാന്ദ്യകാലത്തോ, അല്ലെങ്കില്‍ അതിന് തൊട്ടുപിന്നാലെയോ സ്ഥാപിക്കപ്പെട്ടവയാണ്. ജനറല്‍ ഇലക്ട്രിക്, ജനറല്‍ മോട്ടോഴ്‌സ്, ഐബിഎം, ഡിസ്‌നി, ഹ്യുലറ്റ് പക്കാര്‍ഡ്, ഫെഡെക്‌സ്, മൈക്രോസോഫ്റ്റ് എന്നിവ ചില ഉദാഹരണങ്ങള്‍.
വിജയകരമായൊരു ബിസിനസ് തുടങ്ങുന്നതും അത് മുന്നോട്ടുകൊണ്ടുപോകുന്നതുമെല്ലാം പ്രയാസമുള്ള കാര്യമാണ്. മാന്ദ്യകാലത്താണെങ്കില്‍ തീര്‍ച്ചയായും അത് ദുഷ്‌കരമാകും. അവസരങ്ങള്‍ അപാരമാണ്. നിങ്ങളുടെ ഇടപാടുകാരുടെ യഥാര്‍ത്ഥ പ്രശ്‌നം തിരിച്ചറിഞ്ഞ് അനുയോജ്യമായ സൊലുഷന്‍ നല്‍കുന്നതിനെ ആശ്രയിച്ചിരിക്കും വിജയം എന്നുമാത്രം. ബിസിനസുകളുടെയും അതുപോലെ തന്നെ സര്‍ക്കാരുകളുടെയുമെല്ലാം പ്രധാന ഫോക്കസ് ബിസിനസ് രൂപാന്തരീകരണം അഥവാ ഡിജിറ്റല്‍ രൂപാന്തരീകരണത്തിലാണ്. ബിസിനസുകളുടെയും ഓപ്പറേഷന്‍ മോഡലുകളുടെയും കാര്യത്തില്‍ വലിയ മാറ്റത്തിന് അരങ്ങൊരുങ്ങുകയാണ്. അതുപോലെ തന്നെ ബിസിനസുകളെ പിന്തുണയ്ക്കുന്ന പശ്ചാത്തല സൗകര്യത്തിലും മാറ്റങ്ങള്‍ വരും. ഇന്നത്തെ കാലത്തെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കളിലേക്ക് ഇറങ്ങിച്ചെല്ലണം. അവര്‍ ഇങ്ങോട്ട് തേടിവരുന്നത് കാത്തിരിക്കാതെ. രൂപാന്തരീകരണത്തിന് വിധേയമാകുന്ന കമ്പനികളോ മറ്റുള്ളവരെ രൂപാന്തരീകരണത്തിന് പ്രാപ്തമാക്കുന്ന കമ്പനികളോ ആയിരിക്കും നമ്മുടെ സമ്പദ് വ്യവസ്ഥയുടെ ഭാവി തീരുമാനിക്കുക.
ഒരിടത്ത് ചെന്നിരുന്ന് ചെയ്താലെ ശരിയാവുകയുള്ളൂവെന്ന് നാം കരുതിയിരുന്ന പലതും ഇന്ന് ഓണ്‍ലൈനിലൂടെ ലഭ്യമാണ്. യോഗ ക്ലാസ് മുതല്‍ പ്ലേ സ്‌കൂളുകള്‍ വരെ, മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ മുതല്‍ പാര്‍ട്ടിയിംഗ് വരെ ഓണ്‍ലൈന്‍ വഴി നടക്കുന്നു. നമുക്ക് പരിചിതമായ എല്ലാ ബിസിനസുകളെയും ഓണ്‍ലൈനിലേക്ക് മാറ്റു. വിശാലമായ അവസരങ്ങളാണ് കാത്തിരിക്കുന്നത്. 1990കളുടെ Y2K ബൂമിനേക്കാളും 1700 കളിലെ വ്യാവസായിക വിപ്ലവത്തേക്കാളും വലിയ അവസരമാണ് ഇക്കാലം കൊണ്ടുവന്നിരിക്കുന്നത്.
കണക്കുകള്‍ പ്രകാരം 2050ല്‍ ലോകത്തിലെ ആറില്‍ ഒരാള്‍ 65 വയസിന് മുകളിലുള്ളതാകും. ചൈന, ജപ്പാന്‍, ജര്‍മനി, യൂറോപ്പിലെ മറ്റനേകം രാജ്യങ്ങള്‍ എല്ലാം ഇപ്പോള്‍ തന്നെ കുട്ടികള്‍ വേണ്ടെന്ന യുവദമ്പതികളുടെ തീരുമാനത്തിന്റെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയാണ്. കുറഞ്ഞ യുവതലമുറ എന്നാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ട പിന്തുണ കൊടുക്കേണ്ട യുവജനതയുടെ അഭാവം എന്ന് ചേര്‍ത്ത് വായിക്കാം. അതുകൊണ്ട് തന്നെ മുതിര്‍ന്ന പൗരന്മാര്‍ക്ക് സംരംക്ഷണം നല്‍കാന്‍ വലിയ അളവില്‍ സാങ്കേതിക വിദ്യയും ഓട്ടോമേഷനും അനിവാര്യമാണ്.
മുതിര്‍ന്ന പൗരന്മാര്‍ താഴെ വീണോ എന്നറിയാനുള്ള ഫാള്‍ ഡിറ്റക്ഷന്‍ ഡിവൈസ് മുതല്‍ റിമോട്ട് മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോമേറ്റഡ് ഹോം തുടങ്ങി വൃദ്ധജനങ്ങളെ മുന്നില്‍ കണ്ടുള്ള സേവനങ്ങളിലും ഉല്‍പ്പന്നങ്ങളിലും വളരെ കുറച്ചുപേരെ കടന്നുവന്നിട്ടുള്ളൂ.
കോവിഡ് പഠിപ്പിച്ച പാഠം
മാറ്റത്തിന്റെ വസന്തത്തിനാണ് കോവിഡ് കാരണമായത്. ഒന്നുകില്‍ ബിസിനസിന്റെ ദിശമാറ്റി മുന്നോട്ട് പോവുക അല്ലെങ്കില്‍ പരിഭ്രാന്തരാകുക. ഇതില്‍ ഏത് വേണമെന്നത് നിങ്ങളുടെ മാത്രം തീരുമാനമാണ്. അതിവേഗം കാര്യങ്ങള്‍ പഠിക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന സംരംഭകരാണ് മഹാമാരി കാലത്ത് മുന്നേറുക. വിപണി അങ്ങേയറ്റം അസ്ഥിരമാണ്.
നിങ്ങള്‍ നിങ്ങളുടെ വിശ്വാസ പ്രമാണത്തെ തന്നെ മുറുക്കിപിടിക്കുകയും നിങ്ങളുടെ മുന്നിലേക്ക് എത്തുന്ന സന്ദേശങ്ങളെ അവഗണിക്കുകയും പുതിയ വഴിയിലൂടെ ബിസിനസിനെ നയിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുകയും ചെയ്താല്‍ ഏറ്റവും അനുയോജ്യമായ അന്തരീക്ഷത്തിലാണെങ്കില്‍ പോലും നിങ്ങളുടെ ബിസിനസ് തകരും.
കോവിഡ് മഹാമാരി ജനങ്ങള്‍ക്ക് എവിടെയിരുന്നും ജോലി ചെയ്യാമെന്ന് തെളിയിച്ചു. കൊമേഴ്‌സ്യല്‍ റിയല്‍ എസ്‌റ്റേറ്റിന്റെ ഭാവി അത്ര ശോഭനമല്ല. വന്‍ നഗരങ്ങളില്‍ നിന്ന് പലതും ചെറു പട്ടണങ്ങളിലേക്ക് പോകുന്നു. ഇത് വലിയ നഗരങ്ങളിലെ ശ്വാസംമുട്ടല്‍ കുറയ്ക്കും. അതുപോലെ തന്നെ ചെറിയ പട്ടണങ്ങളില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കും. മുന്‍പ് ഉന്നതശ്രേണിയിലുള്ളവര്‍ക്ക് മാത്രം ലഭിച്ചിരുന്ന പല കാര്യങ്ങളും ഇപ്പോള്‍ ഗ്രാമങ്ങളിലും വില്ലേജുകളിലുമുള്ളവര്‍ക്കു കൂടി കരഗതമായിരിക്കുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine