ഇന്ത്യയില്‍ ആമസോണിനെ പോലൊരു വമ്പനെ സൃഷ്ടിക്കാം; സണ്‍ടെക് സാരഥി നന്ദകുമാര്‍

കഴിഞ്ഞ ഏതാനും മാസങ്ങളായി കോവിഡ് മഹാമാരിയാണ് ലോകത്തിലെ 'great leveler'. മൂന്ന് പതിറ്റാണ്ടുമുമ്പ് സണ്‍ടെകിന് തുടക്കമിട്ട, സോഫ്റ്റ് വെയര്‍ പ്രോഡക്റ്റ് രംഗത്തേക്ക് കടന്നുവെന്ന മുതിര്‍ന്ന സംരംഭകന്‍ എന്ന നിലയ്ക്ക് എനിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ പറ്റുന്ന ഒന്നുണ്ട്; എല്ലാം ഓരോരുത്തരുടെ കാഴ്ചപ്പാടാണ്. നിങ്ങള്‍ കാണുന്നത് പകുതി നിറഞ്ഞ ഗ്ലാസാണോ അതോ പകുതി ശൂന്യമായ ഗ്ലാസാണോ? അതിലാണ് കാര്യം.

ഇന്ത്യയിലെ ഏറ്റവും താല്‍പ്പര്യമുണര്‍ത്തുന്ന കാലത്താണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. 1980കളുടെ മധ്യത്തില്‍ ഉദാരവല്‍ക്കരണവും സാങ്കേതിക വിദ്യാ രംഗത്തെ മുന്നേറ്റങ്ങളും, പ്രത്യേകിച്ച് സോഫ്റ്റ് വെയര്‍ രംഗത്ത്, നമുക്ക് മുന്നില്‍ അവസരങ്ങളുടെ പുതിയ ലോകം തുറന്നുതന്നു. സംരംഭകര്‍ക്ക് വളരാന്‍ അനുയോജ്യമായ കാലാവസ്ഥ കൂടിയായിരുന്നു അത്. വിപണിയില്‍ ദീര്‍ഘനാള്‍ നിലനില്‍ക്കണമെങ്കില്‍, നാം നല്‍കുന്ന സേവനമോ ഉല്‍പ്പന്നമോ, അത് ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ മൂല്യം പ്രദാനം ചെയ്യുന്നതാകണം.

ഒരു സൂപ്പര്‍പവറാകുക എന്ന ത്വരയോടെ മുന്നേറുന്ന സമ്പദ് വ്യവസ്ഥ എന്ന നിലയ്ക്ക് ഇപ്പോഴും ഭാവിയിലും വിവിധ മേഖലകളില്‍ അവസരങ്ങളുണ്ട്. ശരിയായ സാങ്കേതിക വിദ്യ ഉള്‍ച്ചേര്‍ത്തുള്ള സംരംഭകരുടെ മുന്നേറ്റത്തിലൂടെ മാത്രമേ മള്‍ട്ടി ട്രില്യണ്‍ സമ്പദ് വ്യവസ്ഥ എന്ന സ്വപ്നം സാക്ഷാത്കരിക്കാനാകൂ.

ആമസോണിനെ പോലൊരു വമ്പനെ സൃഷ്ടിക്കാം

ഇന്ത്യയുടെ സമ്പത്ത് അതിന്റെ വൈവിധ്യമാണ്. പ്രത്യേകമായി അതിന്റെ സാംസ്‌കാരിക വൈവിധ്യം. ഇത് വരുന്നതോ, പൗരാണികതയില്‍ നിന്നും. നമ്മുടെ കുടില്‍ വ്യവസായങ്ങളെടുക്കൂ അല്ലെങ്കില്‍ കരകൗശല രംഗം, കൈത്തറി - ടെക്സ്‌റ്റൈല്‍, പാരമ്പര്യ വൈദ്യം ... ഇവയ്ക്കെല്ലാം പറയാന്‍ നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. ഇവയെല്ലാം ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ നല്‍കുകയാണെങ്കില്‍ അതിവേഗം വന്‍ വരുമാനം സൃഷ്ടിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. ഉദാഹരണത്തിന്, നമ്മുടെ ടെക്സ്‌റ്റൈല്‍ ഇന്‍ഡസ്ട്രിയെടുക്കാം. ബിസി അഞ്ചാം നൂറ്റാണ്ട് മുതല്‍ തുടങ്ങുന്നു അതിന്റെ പാരമ്പര്യം. ചൈന, റോം, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇക്കാര്യത്തില്‍ ഇന്ത്യയുടെ ഇടം. നമ്മുടെ ഓരോ സംസ്ഥാനങ്ങളിലും തദ്ദേശീയമായി നിര്‍മിക്കുന്ന തുണിത്തരങ്ങളുണ്ട്. ദൗര്‍ഭാഗ്യവശാല്‍ ഇവയില്‍ പലതും നാശോന്മുഖമായിരിക്കുന്നു. നല്ലൊരു ടെക്നോളജി പ്ലാറ്റ്ഫോമും സിസ്റ്റവും ഇത്തരം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയും ആഭ്യന്തര ഉപഭോഗവും കൂട്ടും. കരകൗശല ഉല്‍പ്പന്നങ്ങളുടെ സെല്ലിംഗിനും വേണ്ടി മാത്രം ആമസോണിന് തുല്യമായ പ്ലാറ്റ്ഫോം സൃഷ്ടിക്കാനുള്ള സാധ്യത ഇവിടെയുണ്ട്.

രണ്ടാമതായി, ഹെല്‍ത്ത്കെയര്‍ രംഗത്തെ സാധ്യതയാണ്. ഇന്ത്യയുടെ ജനസംഖ്യയുടെ വലുപ്പം വളരെ വലുതാണ്. രാജ്യത്തിന്റെ വിദൂര ദേശത്തുള്ളവരെ പരിശോധിക്കാനും നിരീക്ഷിക്കാനുംമെഡിക്കല്‍ ഉപകരണങ്ങള്‍ വേണം. അത് അവിടങ്ങളിലേക്ക് കൊണ്ടുപോകണം. അതുകൊണ്ട് ഹെല്‍ത്ത് കെയര്‍ രംഗത്തെ ഉപകരണങ്ങളുടെ നിര്‍മാണം, ലോജിസ്റ്റിക്സ് എന്നീ മേഖലകളിലെല്ലാം വലിയ അവസരങ്ങളുണ്ട്.

നാം കൂടുതലും രോഗം വരാതെ നോക്കുന്നതിനുള്ള, വെല്‍നസിന് ഊന്നല്‍ നല്‍കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. നമ്മുടെ ഡോക്ടര്‍ ജനസംഖ്യാ അനുപാതം 1:1456 ആണ്. ജനങ്ങളെ ആരോഗ്യമുള്ളവരാക്കി കാത്തുപരിപാലിക്കുക എന്നത് അതുകൊണ്ടു തന്നെ സുപ്രധാനമായ കാര്യമാണ്.

മൂന്നാമതായി ചൂണ്ടിക്കാട്ടാനുള്ളത് എഡ്ടെക് രംഗത്തെ സാധ്യതകളാണ്. ജനസംഖ്യയില്‍ പകുതിയോളം ഇപ്പോഴും വേണ്ടത്ര സൗകര്യങ്ങളില്ലാതെ കഴിയുന്ന രാജ്യത്ത് പ്രത്യേകിച്ചും. ആറിനും 14 നും ഇടയില്‍ പ്രായമുള്ള 35 ദശലക്ഷം കുട്ടികളെങ്കിലും സ്‌കൂളില്‍ പോലും പോകുന്നില്ലെന്നാണ് കണക്ക്. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ലഭ്യമാക്കാന്‍ മൊബീല്‍ ഫോണ്‍, ഇന്റര്‍നെറ്റ് പശ്ചാത്തല സൗകര്യങ്ങള്‍ വലിയ അളവില്‍ ആവശ്യമാണ്. ഈ രംഗത്ത് സോഫ്റ്റ് വെയര്‍ സൗകര്യങ്ങള്‍ മാത്രമല്ല ഹാര്‍ഡ് വെയര്‍ സാമഗ്രികളും ആവശ്യമുണ്ട്.

നല്ലൊരു ആശയമുണ്ടെങ്കില്‍ ഒരു സോഫ്റ്റ് വെയര്‍ സൃഷ്ടിക്കുക എന്നത് വലിയ കാര്യമല്ല. ഫണ്ടിംഗ് ഒരു പ്രശ്നമല്ലെന്ന് നമുക്ക് അറിയാം. ഉല്‍പ്പാദന ചെലവ് വളരെ കുറവാണ്. വര്‍ക്ക് ഫ്രം ഹോം ശൈലിക്ക് സര്‍ക്കാര്‍ അടക്കമുള്ള സംവിധാനങ്ങള്‍ പിന്തുണ കൂടുതല്‍ നല്‍കുന്നത് കൊണ്ട് പ്രാരംഭ നിക്ഷേപംവളരെ കുറച്ചുകൊണ്ടു തന്നെ സംരംഭകര്‍ക്ക് സംരംഭം തുടങ്ങാന്‍ അവസരം ലഭിക്കുന്നുണ്ട്. ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചറും വിവിധ മേഖലകളിലെ പ്രൊഫഷണലുകളുടെ സഹകരണവും സംരംഭകരെ വേറിട്ട തലത്തിലേക്ക് വളര്‍ത്താന്‍ പിന്തുണയേകും.

Related Articles
Next Story
Videos
Share it