ഡോ. വിജു ജേക്കബ് പറയുന്നു, പ്രതിസന്ധികള്‍ക്കിടയിലും മികച്ച അവസരങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്

സ്വന്തമായൊരു പാത വെട്ടിതെളിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ കടമ്പകള്‍ക്ക് ആയുസ്സ് അധികം കാണില്ല. ഇപ്പോള്‍ സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടത് പുതിയൊരു പാത തുറന്ന് മുന്നോട്ടുപോകാനുള്ള ഉള്‍ക്കരുത്താണ്. മറ്റുള്ളവര്‍ ചെയ്ത്‌വിജയിച്ച അവസരങ്ങള്‍ ആവര്‍ത്തിക്കാനല്ല, മറിച്ച് പുതിയ അവസരങ്ങള്‍ കണ്ടെത്തി അതില്‍ മുന്നേറാനാണ് ശ്രമിക്കേണ്ടത്. ഇക്കാര്യത്തില്‍ മൗലികമായ ചില ആശയങ്ങള്‍ പങ്കുവെയ്ക്കുകയാണ് കേരളത്തിലെ പ്രമുഖ ബിസിനസ് സാരഥികള്‍. ഇവരുടെ വാക്കുകള്‍ പുതിയ ചിന്തകള്‍ക്കുള്ള വിത്താകും സംരംഭകര്‍ക്കുള്ളില്‍ വിതയ്ക്കുക. ഓര്‍ഗാനിക് ഫാമിംഗ് ആണ് കാര്‍ഷിക രംഗത്തെ മികച്ച അവസരമെന്ന് സിന്തൈറ്റ് ഇന്‍ഡസ്ട്രീസിന്റെ ഡോ. വിജു ജേക്കബ് പറയുകയാണ്. എങ്ങനെയാണ് മാറിയ സാഹചര്യങ്ങളിലും ഓര്‍ഗാനിക് ഫാമിംഗ് വളരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ആഗോള നിയന്ത്രണങ്ങള്‍ സഹായകമാകും

കാര്‍ഷിക മേഖലയില്‍ അനന്തമായ അവസരങ്ങളാണുള്ളത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഈ രംഗത്ത് അവസരങ്ങള്‍ കൂടിയിട്ടേയുള്ളൂ. കേരളത്തിലെ സംരംഭകരെ സംബന്ധിച്ചിടത്തോളം ഒട്ടേറെ ബിസിനസ് അവസരങ്ങള്‍ കാര്‍ഷിക രംഗത്തുണ്ട്. എന്നിരുന്നാലും ഓര്‍ഗാനിക് കാര്‍ഷികോല്‍പ്പന്നങ്ങളുടെ രംഗത്തെ സാധ്യതയ്ക്ക് ഊന്നല്‍ നല്‍കണമെന്നാണ് എന്റെ അഭിപ്രായം. ആഗോളതലത്തില്‍ തന്നെ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ കാര്യത്തിലുള്ള നിയന്ത്രണങ്ങള്‍ ശക്തമായി വരികയാണ്. കീടനാശിനികളുടെ അംശമടങ്ങിയ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ രാജ്യാന്തര വിപണിയിലേക്ക് എത്തിക്കാന്‍ സാധിക്കില്ല. അതുപോലെ ആഭ്യന്തര വിപണിയിലും ഓര്‍ഗാനിക് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്കാണ് സാധ്യത.

വിലയും മൂല്യവും ഏറെയുണ്ടാകുക ഓര്‍ഗാനിക് കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് തന്നെ. മലയാളികളെ സംബന്ധിച്ചിടത്തോളം ഓര്‍ഗാനിക് ഫാമിംഗിലേക്ക് ഇറങ്ങാന്‍ അനുയോജ്യമായ അവസരമാണിപ്പോള്‍. ഗള്‍ഫ് പ്രതിസന്ധിമൂലമൊക്കെ നാട്ടില്‍ തിരിച്ചെത്തിയിരിക്കുന്ന പ്രവാസികള്‍ക്കും നിലവിലെ കൃഷിക്കാര്‍ക്കും കാര്‍ഷിക മേഖലയില്‍ സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമെല്ലാം ഓര്‍ഗാനിക് ഫാമിംഗ് ആരംഭിക്കാം. സ്വദേശത്തും വിദേശത്തും കേരളത്തിന്റെ ഓര്‍ഗാനിക് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയും വിലയുമുണ്ട്.

വിപണിയെ അറിയാം

സംരംഭകരെ സംബന്ധിച്ചിടത്തോളം കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിപണനമാണ് തലവേദന സൃഷ്ടിക്കുക. ഇത് മറികടക്കാന്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കുന്ന, ഭക്ഷ്യോല്‍പ്പന്ന രംഗത്തെ കമ്പനികളുമായി ബന്ധപ്പെടുക. അവരുമായി ധാരണയിലെത്തിയ ശേഷം ഓര്‍ഗാനിക് ഫാമിംഗ് ആരംഭിച്ചാല്‍ വിപണിയോ വിലയോ ലഭിക്കാത്ത സാഹചര്യമുണ്ടാകില്ല. അത്തരം കമ്പനികള്‍ കേരളത്തില്‍ തന്നെയുണ്ട്. മികച്ച ഉല്‍പ്പന്നം, കൃത്യമായ ഗുണമേന്മയില്‍ നല്‍കാന്‍ സാധിച്ചാല്‍ കാര്‍ഷിക സംരംഭകര്‍ക്ക് നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോകാനാകും.

അടുത്തഘട്ടത്തില്‍ മൂല്യവര്‍ധിത ഉല്‍പ്പന്ന മേഖലയിലേക്ക് ശ്രദ്ധിക്കാം. പക്ഷേ ആ രംഗത്ത് മത്സരം കൂടുതലാണ്. ആ മത്സരത്തെ അതിജീവിക്കാന്‍ ശേഷിയുള്ളവര്‍ക്ക് സ്പൈസസ് പൗഡര്‍, മറ്റ് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ എന്നിവയിലേക്ക് കടക്കാം. ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് കേരളത്തില്‍ യഥേഷ്ടം ലഭിക്കുന്ന പഴങ്ങളുടെ സംസ്‌കരണ രംഗത്ത് ഇനിയും അവസരങ്ങളുണ്ട്. സീസണല്‍ ആയാണ് പഴങ്ങള്‍ ലഭിക്കുക. ഈ ഘടകങ്ങള്‍ പരിഗണിച്ചശേഷം അനുയോജ്യമായ മേഖലയിലേക്ക് ഇറങ്ങുക.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it