ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാന്‍ ഒരുങ്ങുകയാണോ, എന്നാല്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍!
ബുദ്ധിപൂര്‍വ്വം വിനിയോഗിച്ചാല്‍ ഏറ്റവും മികച്ചൊരു സാമ്പത്തിക ഉപകരണമാണ് ക്രെഡിറ്റ് കാര്‍ഡ്. സൗകര്യപ്രദമാണെന്നതു മാത്രമല്ല മികച്ച ക്രെഡിറ്റ് സ്‌കോര്‍ നേടാന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും. ഭവന വായ്പ പോലുള്ളവയ്ക്കായി ബാങ്കിനെ സമീപിക്കേണ്ടി വന്നാല്‍ ഇത് നിങ്ങള്‍ക്ക് ഗുണപ്രദമാകും.
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിലൂടെ ക്യാഷ് ബാക്ക്, റിവാര്‍ഡ് പോയ്ന്റ്‌സ്, യാത്രാ ആനൂകൂല്യങ്ങള്‍ എന്നിവ നേടാനും അവസരമുണ്ട്. എന്നാല്‍ ഈ ആനുകൂല്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെങ്കില്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പ്രവര്‍ത്തനത്തെയും ഉപയോഗത്തയെും കുറിച്ച് മനസിലാക്കണം. കാര്‍ഡിന് അപേക്ഷിക്കും മുന്‍പ് ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍.
ചെലവഴിക്കല്‍ ശീലങ്ങള്‍ കണ്ടെത്തുക
ക്രെഡിറ്റ് കാര്‍ഡ് തെരഞ്ഞെടുക്കും മുന്‍പു തന്നെ നിങ്ങളുടെ ചെലവഴിക്കല്‍ ശീലങ്ങള്‍ എങ്ങനെയാണെന്ന് കണ്ടെത്തണം. അതായത് നിങ്ങള്‍ സ്ഥിരമായി യാത്ര ചെയ്യുന്ന ഒരാളാണെങ്കില്‍ ട്രാവല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡ് തെരഞ്ഞെടുക്കാം. അതേപോലെ ഷോപ്പിംഗിനായാണ് ക്രെഡിറ്റ് കാര്‍ഡ് കൂടുതല്‍ ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ സാധനങ്ങള്‍ വാങ്ങുന്നതിന് ഡിസ്‌കൗണ്ടും റിവാര്‍ഡുമൊക്കെ നല്‍കുന്ന തരം ക്രെഡിറ്റ് കാര്‍ഡുകള്‍ വേണം തെരഞ്ഞെടുക്കാന്‍.
ബോണസുകള്‍
മിക്ക ക്രെഡിറ്റ് കാര്‍ഡുകളും ഒരു നിശ്ചിത കാലയളവിനുള്ളില്‍ നിശ്ചിത തുക ചെലവഴിക്കുകയാണെങ്കില്‍ പുതിയ ഉപഭോക്താക്കള്‍ക്ക് വെല്‍കം ബോണസ് നല്‍കാറുണ്ട്. കാര്‍ഡിന് അപേക്ഷിക്കുന്ന സമയത്ത് തന്നെ ബോണസ് ലഭിക്കാന്‍ വേണ്ടി എത്ര തുക മിനിമം ചെലവാക്കേണ്ടി വരുമെന്നതിനെ കുറിച്ച് വ്യക്തത വരുത്തണം.
ബില്‍ തുക മുഴുവന്‍ അടയ്ക്കുക
എല്ലാ മാസവും ക്രെഡിറ്റ് കാര്‍ഡ് തുക കൃത്യമായി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് മറ്റൊരു കാര്യം. മികച്ച ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്താനും പലിശ തുക കുമിഞ്ഞു കൂടുന്നത് ഒഴിവാക്കാനും ഇതു സഹായിക്കും. ഏതെങ്കിലും മാസം പേമെന്റ് മുടങ്ങുകയോ അല്ലെങ്കില്‍ ബാലന്‍സ് കിടക്കുകയോ ചെയ്താല്‍ പലിശ കൂടുമെന്ന് മാത്രമല്ല ക്രെഡിറ്റ് സ്‌കോറിനെ നെഗറ്റീവായി ബാധിക്കുകയും ചെയ്യും. ചെലവഴിക്കല്‍ നിരീക്ഷിക്കാനും പ്രമോഷണല്‍ ഓഫറുകള്‍ നേടിയെടുക്കാനും റിവാര്‍ഡുകള്‍ ശരിയായി വിനിയോഗിക്കാനും ബില്‍ തുക മുഴുവനായി അടയ്ക്കുന്നതു വഴി സാധിക്കുന്നതാണ്.
ബില്ലിംഗ് സൈക്കിള്‍
ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകളുണ്ടെങ്കില്‍ എല്ലാത്തിന്റേയും ബില്ലിംഗ് സൈക്കിള്‍ ഒറ്റ ദിവസമാക്കി മാറ്റുക. മറക്കാതെ പേമെന്റ് നടത്താന്‍ കാര്‍ഡ് ഉടമയെ സഹായിക്കുമെന്ന് മാത്രമല്ല ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്താനും സാധിക്കും.
ന്യൂസ് ലെറ്ററുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ക്രെഡിറ്റ് കാര്‍ഡ് ദാതാക്കള്‍ എക്‌സ്‌ക്ലൂസീവ് ഓഫറുകളും അപ്‌ഡേറ്റുകളും ഉള്‍പ്പെടുത്തിയുള്ള ന്യൂസ് ലെറ്ററുകള്‍ സ്ഥിരമായി അയ്ക്കാറുണ്ട്. ഇത് സബ്‌സ്‌ക്രൈബ് ചെയ്താല്‍ പുതിയ റിവാര്‍ഡുകളെ കുറിച്ചും നേട്ടങ്ങളെ കുറിച്ചും അറിഞ്ഞിരിക്കാനും കൃത്യമായി പ്രയോജനപ്പെടുത്താനും സഹായിക്കുന്നതാണ്.