ഭാരത് ബോണ്ട് ഇടിഎഫില്‍ ഇന്നുമുതല്‍ നിക്ഷേപിക്കാം; വിശദാംശങ്ങള്‍

സാധാരണക്കാര്‍ക്കും സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കാനുള്ള അവസരമൊരുക്കുന്ന ഭാരത് ബോണ്ട് ഇടിഎഫില്‍ ഇന്നുമുതല്‍ നിക്ഷേപം നടത്താം. ഡിസംബര്‍ ഒമ്പതുവരെ നിക്ഷേപിക്കാനാണ് അവസരം. പൊതുമേഖല സ്ഥാപനങ്ങളുടെ ഉയര്‍ന്ന റേറ്റിംഗ് (ട്രിപ്പിള്‍ എ) ഉള്ള കടപ്പത്രങ്ങളിലാണ് ഭാരത് ബോണ്ട് ഇടിഎഫ് നിക്ഷേപം നടത്തുക.

ഡെറ്റ് ഉപകരണങ്ങളില്‍ നിക്ഷേപിക്കുന്ന ഫിക്സ്ഡ് മെച്യൂരിറ്റി പ്ലാനാണ് ഈ ബോണ്ടുകള്‍. 2021 ഒക്ടോബര്‍ 31 പ്രകാരം 36,359 കോടി രൂപയാണ് ഭാരത് ബോണ്ട് ഇടിഎഫിന്റെ മൊത്തം ആസ്തി.
ഇപ്പോള്‍ നിക്ഷേപിക്കുന്ന ബോണ്ടുകള്‍ക്ക് 2031 ഏപ്രില്‍ 15നാണ് കാലാവധിയെത്തുക. എന്‍എസ്ഇയിലാകും ബോണ്ട് ലിസറ്റ്ചെയ്യുക. 2031വരെ കാലാവധിയുണ്ടെങ്കിലും എക്സ്ചേഞ്ച് വഴി എപ്പോള്‍വേണമെങ്കിലും നിക്ഷേപം പിന്‍വലിക്കാനും വില്‍ക്കാനും കഴിയും. 1000 കോടി രൂപയാണ് സമാഹരിക്കാനാണ് ബോണ്ടുകളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അപേക്ഷകള്‍ക്കനുസരിച്ച് തുകവര്‍ധിപ്പിച്ചേക്കാം.
ഇന്ത്യന്‍ റെയില്‍വെ ഫിനാന്‍സ് കോര്‍പറേഷന്‍, പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍, പവര്‍ഗ്രിഡ് കോര്‍പറേഷന്‍, എന്‍ടിപിസി, നബാര്‍ഡ്, എക്സ്പോര്‍ട്ട് ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യ, എന്‍എച്ച്പിസി, ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുടെ കടപ്പത്രങ്ങളിലാണ് ഇടിഎഫ് നിക്ഷേപം നടത്തുക.
നിക്ഷേപിക്കും മുമ്പ് അറിയേണ്ട കാര്യങ്ങള്‍:
  • ഇന്ത്യന്‍ പൗരന്മാരായിരിക്കണം
  • 1000 രൂപയാണ് മിനിമം നിക്ഷേപം.
  • നെറ്റ് ബാങ്കിംഗ്, യുപിഐ തുടങ്ങിയവ വഴി ഓണ്‍ലൈനായി നിക്ഷേപം നടത്താന്‍ അവസരമുണ്ട്.
  • ഫണ്ട് കൈകാര്യം ചെയ്യുന്നതിന് ചെറിയതുകയാണ് ചെലവിനത്തില്‍ ഈടാക്കുക. അതും വളരെ തുച്ഛമായ തുകയായിരിക്കും.
  • രണ്ടുലക്ഷം രൂപയുടെ നിക്ഷേപത്തിന്മേല്‍ ചെലവിനത്തില്‍ വരുന്ന പരമാവധി ബാധ്യത ഒരു രൂപമാത്രമാണ്.
  • സര്‍ക്കാരിനുവേണ്ടി എഡല്‍വെയ്സ് മ്യൂച്വല്‍ ഫണ്ടാണ് ബോണ്ട് കൈകാര്യംചെയ്യുക.
  • മെച്യുരിറ്റി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നികുതി കിഴിച്ച് 6.87ശതമാനമാകും ആദായം ലഭിക്കുക.

ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ടുകൾ ഇല്ലാത്ത നിക്ഷേപകർക്ക്, ഇടിഎഫിനൊപ്പം ഒരു ഫണ്ട് ഓഫ് ഫണ്ട് (FoF) ഉണ്ട്. എഫ്ഒഎഫ് ഇടിഎഫിന്റെ യൂണിറ്റുകളിൽ നിക്ഷേപിക്കുകയും നിക്ഷേപകർക്ക് ഇടിഎഫിന് സമാനമായ വരുമാനം നൽകുകയും ചെയ്യും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it