സിബില്‍ സ്‌കോര്‍: ജോയിന്റ് ലോണ്‍ എടുത്തിട്ടുണ്ടോ? എങ്കില്‍ കരുതിയിരിക്കണം

ലോണ്‍ എടുക്കാന്‍ ഒരു ബാങ്കിനെയോ ധനകാര്യ സ്ഥാപനത്തെയോ സമീപിക്കുമ്പോള്‍ ആദ്യം നോക്കുന്നത് നിങ്ങളുടെ സിബില്‍ സ്‌കോറിന്റെ അവസ്ഥയാണ്. ഒരു വ്യക്തിയുടെ സാമ്പത്തികാവസ്ഥയുടെ കണ്ണാടിയാണ് സിബില്‍ സ്‌കോറെന്ന് വേണമെങ്കില്‍ പറയാം. സിബില്‍ സ്‌കോറിന്റെ പ്രാധാന്യം വര്‍ധിച്ചതോടെ പലരും ലോണ്‍ തിരിച്ചടവിന്റെ കാര്യത്തിലൊക്കെ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
വ്യക്തിഗത ലോണും ഇ.എം.ഐയും മാത്രമല്ല സിബില്‍ സ്‌കോറിനെ ബാധിക്കുക. മറ്റൊരാള്‍ക്കൊപ്പം ചേര്‍ന്നെടുക്കുന്ന വായ്പകളും സിബില്‍ സ്‌കോറില്‍ സ്വാധീനം ചെലുത്തും. മറ്റുള്ളവരുമായി ചേര്‍ന്ന് എതെങ്കിലും സംരംഭം ആരംഭിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ കുറച്ചുകൂടി ജാഗ്രത കാണിക്കണം. ഇല്ലെങ്കില്‍ അത് സിബില്‍ സ്‌കോറിനെയും ഭാവിയില്‍ വായ്പ കിട്ടുന്നതിനുള്ള സാധ്യതയെയും ബാധിക്കും.
ജോയിന്റ് അക്കൗണ്ടിലോ കമ്പനിക്കുവേണ്ടിയോ ലോണ്‍ എടുത്തിട്ടുണ്ടെങ്കില്‍ തിരിച്ചടവ് കൃത്യമായി പോകുന്നുവെന്ന് ഉറപ്പുവരുത്തിയിരിക്കണം. ജോയിന്റ് അക്കൗണ്ടില്‍ എടുക്കുന്ന ലോണുകളുടെ തിരിച്ചടവ് നല്ലരീതിയില്‍ പോയാല്‍ അതുമായി ബന്ധപ്പെട്ട എല്ലാവരുടെയും സിബില്‍ സ്‌കോറിന് ഗുണം ചെയ്യും.
സിബില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ചെയ്യേണ്ടത്
സാധാരണയായി 750ന് മുകളിലുള്ള സ്‌കോറുകളെയാണ് മികച്ച സിബില്‍ സ്‌കോറുകളായി കണക്കാക്കുന്നത്. സിബില്‍ സ്‌കോര്‍ ഉയര്‍ന്ന വ്യക്തിക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ പെട്ടെന്ന് ലഭിക്കാനും ഇവയുടെ ലിമിറ്റ് വര്‍ധിപ്പിക്കാനും എളുപ്പം സാധിക്കും. മാത്രമല്ല ലോണുകള്‍ എല്ലാം തന്നെ പെട്ടെന്ന് ലഭിക്കാനും സാധ്യതയുണ്ട്.
സിബില്‍ സ്‌കോര്‍ കുറഞ്ഞിരിക്കുകയാണെങ്കില്‍ ഇത് അനുകൂലമായ അവസ്ഥയിലേക്ക് എത്തിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. അതിലൊന്നാണ് ഒരേസമയം ഒന്നിലേറെ ലോണോ ഇ.എം.ഐയോ എടുക്കാതിരിക്കുകയെന്നത്. ഒരു ലോണ്‍ പൂര്‍ണമായും അടച്ചുതീര്‍ത്ത ശേഷം മറ്റ് ലോണിനായി ശ്രമിക്കുക.
ലോണിനായി ഒരു ബാങ്കിനെ സമീപിച്ചിട്ട് കിട്ടിയില്ലെന്ന് കരുതുക. ഈ അവസ്ഥയില്‍ ഒരിക്കലും ഉടനെ മറ്റൊരു ബാങ്കിനെ സമീപിക്കാതിരിക്കുക. സിബില്‍ സ്‌കോര്‍ പെട്ടെന്ന് ഇടിയാന്‍ ഇതു കാരണമാകും. അല്പം കാത്തിരുന്ന ശേഷം ലോണിനായി ശ്രമിക്കുന്നതാകും ഉചിതം.
വായ്പകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കുന്നത് ആരോഗ്യകരമായ സിബില്‍ സ്‌കോറിന് നല്ലതാണ്. അടിക്കടി ലോണ്‍ എടുക്കുന്നയാള്‍ സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയില്‍ അല്ലെന്ന സൂചന നല്‍കും.
Related Articles
Next Story
Videos
Share it