Begin typing your search above and press return to search.
ഇന്ത്യക്കാരുടെ ക്രെഡിറ്റ് കാര്‍ഡിലെ കടം രണ്ടുലക്ഷം കോടി രൂപ!
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചത് പ്രകാരം ഇന്ത്യക്കാര്‍ ബാങ്കുകളിലേക്ക് തിരിച്ചടയ്ക്കാനുള്ള മൊത്തം തുക ചരിത്രത്തിലാദ്യമായി രണ്ടുലക്ഷം കോടി രൂപ കടന്നു. ഏപ്രിലിലെ കണക്കുപ്രകാരം മൊത്തം ക്രെഡിറ്റ് കാര്‍ഡ് കടം 2,00,258 കോടി രൂപയാണെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. 2022 ഏപ്രിലിനേക്കാള്‍ 29.7 ശതമാനം അധികമാണിത്.
സാമ്പത്തിക പ്രതിസന്ധിയില്ല
ക്രെഡിറ്റ് കാര്‍ഡിലെ കടം കൂടാന്‍ കാരണം ഇടപാടുകാര്‍ സാമ്പത്തിക ഞെരുക്കം നേരിടുന്നതാണെന്ന വാദങ്ങള്‍ ബാങ്കുകള്‍ നിഷേധിക്കുന്നു. ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളുടെ വര്‍ദ്ധന, ഉപയോഗത്തിലെ വര്‍ദ്ധന, പണപ്പെരുപ്പം എന്നിവയാണ് തുക ഉയരാന്‍ കാരണമെന്ന് ബാങ്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഏപ്രിലില്‍ ക്രെഡിറ്റ് കാര്‍ഡ് സ്വൈപ്പിംഗ്, ഓണ്‍ലൈന്‍ ഷോപ്പിംഗ് എന്നിവ വഴി മാത്രം നടന്ന ഇടപാടുകളുടെ മൂല്യം 1.3 ലക്ഷം കോടി രൂപയാണ്.
മൂന്നാംസ്ഥാനത്ത്
വ്യക്തിഗത വായ്പകള്‍ പരിഗണിച്ചാല്‍ ക്രെഡിറ്റ് കാര്‍ഡ് കടത്തിന്റെ വിഹിതം 1.4 ശതമാനമാണ്. 14.1 ശതമാനവുമായി ഭവന വായ്പകളാണ് മുന്നില്‍. രണ്ടാംസ്ഥാനത്ത് വാഹന വായ്പകള്‍; 3.7 ശതമാനം.
ക്രെഡിറ്റ് കാര്‍ഡ് വിഹിതം ആദ്യമായി 1.2 ശതമാനം പിന്നിട്ടത് ആഗോള സാമ്പത്തിക മാന്ദ്യം ആഞ്ഞടിച്ച 2008ലാണ്. തുടര്‍ന്ന് ഒരു ദശാബ്ദത്തിലേറെ ഒരു ശതമാനത്തിന് താഴെ നിലനിന്ന ശേഷമാണ് ഇപ്പോള്‍ 1.4 ശതമാനത്തിലെത്തിയത്.
നിലവില്‍, വിശ്വാസ്യമായ സാമ്പത്തിക ഭദ്രതയുള്ള ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കുന്നതെന്നും ക്രെഡിറ്റ് കാര്‍ഡ് കടം വര്‍ദ്ധിക്കുന്നത് ആശങ്കയല്ലെന്നും ബാങ്കുകള്‍ അഭിപ്രായപ്പെടുന്നു.
Next Story
Videos