ബാങ്ക് ലോക്കറില്‍ കാശ് സൂക്ഷിക്കല്ലേ; ഒരു കുടുംബത്തിന് നഷ്ടപ്പെട്ടത് ₹18 ലക്ഷം

മകളുടെ വിവാഹ ആവശ്യത്തിനായി ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 18 ലക്ഷം രൂപ ചിതലരിച്ചുപോയതായി ഒരു കുടുംബം കണ്ടെത്തിയത് കെ.വൈ.സി പുതുക്കാൻ എത്തിയപ്പോൾ. നഷ്ടമായ 18 ലക്ഷം രൂപയില്‍ ഒരു ചില്ലിക്കാശു പോലും ബാങ്ക് തിരികെ നല്‍കിയില്ല. കാരണം എന്താണെന്നറിയുമോ ലോക്കറില്‍ പണം സൂക്ഷിക്കരുതെന്നാണ് നിയമം.

ബാങ്ക് ലോക്കറില്‍ എന്താണെന്ന് ആരും കാണില്ലല്ലോ എന്നു കരുതി ഇത്തരത്തില്‍ പണം സൂക്ഷിച്ചാല്‍ ലോക്കര്‍ മോഷണമോ നാശനഷ്ടമോ സംഭവച്ചാൽ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ബാങ്ക് അധികൃതർ ഉണ്ടാകില്ല. കാരണം നിയമപ്രകാരം പണം, ആയുധം എന്നിവയൊന്നും തന്നെ ബാങ്ക് ലോക്കറില്‍ വയ്ക്കാനാകില്ല. അതിന്റെ ഉത്തരവാദിത്വവും ബാങ്കിനുണ്ടാകില്ല. നിയമപരമായി സൂക്ഷിക്കാനാകുന്ന വസ്തുക്കളിന്മേല്‍ മാത്രമേ ബാങ്ക് ഉത്തരവാദിത്വവും ഉണ്ടാകൂ.

ഡിസംബര്‍ 31 ന് മുമ്പ്

2021ലെ സുപ്രീം കോടതി ഉത്തരവനുസരിച്ച് ബാങ്കുകളും ലോക്കര്‍ ഉപയോക്താക്കളും തമ്മില്‍ ബാങ്ക് ലോക്കര്‍ സംബന്ധിച്ച് കരാറില്‍ ഒപ്പു വയ്‌ക്കേണ്ടതാണ്. ഈ ലോക്കര്‍ കരാര്‍ ഇല്ലാത്തവര്‍ ഈ ഡിസംബര്‍ 31 നു മുന്‍പായി പുതിയ കരാര്‍ ഒപ്പു വയ്ക്കണം. പുതിയ കരാര്‍ പ്രകാരം ആഭരണങ്ങളും, പ്രമാണങ്ങളും മാത്രമാണ് സൂക്ഷിക്കാന്‍ സാധിക്കുന്നത്. കണക്കില്ലാത്ത പണം, ആയുധങ്ങള്‍, കള്ളക്കടത്തു വസ്തുക്കള്‍, അപകടകരമായ വസ്തുക്കള്‍ സൂക്ഷിക്കാന്‍ ലോക്കറുകളില്‍ അനുവദിക്കില്ല.

ലോക്കറിന്റെ താക്കോല്‍ ദുരുപയോഗം, പാസ്വേഡ് ദുരുപയോഗം എന്നിവ ഉണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക്കര്‍ ഉപയോക്താവിനാണ്. അനധികൃതമായി ആരെങ്കിലും ലോക്കര്‍ താക്കോല്‍/പാസ്വേഡ് ഉപയോഗിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം ബാങ്കിനില്ല.

ലോക്കറില്‍ ഉള്ള വസ്തുക്കള്‍(പണമൊഴികെ)കളവ് പോവുകയോ, അഗ്‌നിക്ക് ഇരയാകുകയോ, കെട്ടിടം ഇടിയുകയോ ചെയ്താല്‍ ബാങ്ക് ചാര്‍ജുകളുടെ 100 ഇരട്ടി വരെ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കേണ്ടി വരും. ലോക്കറിന്റെ സുരക്ഷ ഉറപ്പ് വരുത്തേണ്ടത് ബാങ്കുകളാണ്. ബാങ്ക് ജീവനക്കാരുടെ തട്ടിപ്പ് മൂലം ലോക്കറിലെ വസ്തുക്കള്‍ നഷ്ടപ്പെട്ടാലും നഷ്ട പരിഹാരം ലഭിക്കും. ഓരോ തവണ ലോക്കര്‍ തുറക്കുമ്പോഴും ഉപഭോക്താവിന് മൊബൈലില്‍ സന്ദേശം ലഭിക്കും.

ലോക്കര്‍ കരാര്‍

ലോക്കര്‍ കരാര്‍, ഭവന വായ്പ പോലെ, സ്റ്റാമ്പ് പേപ്പറില്‍ ബാങ്കുമായി ലോക്കര്‍ എഗ്രിമെന്റ് ഒപ്പിടും. നിലവിലുള്ള ഉപയോക്താക്കളുടെ ഡോക്യുമെന്റേഷന്റെ ചെലവ് ബാങ്ക് വഹിക്കും. പുതുതായി ലോക്കര്‍ എഗ്രിമെന്റ് തയ്യാറാക്കേണ്ടവര്‍ക്ക് ഡോക്യുമെന്റേഷന്‍ ചാര്‍ജുകള്‍ ബാധകമാണ്.

കരാര്‍ ഡോക്യുമെന്റിന്റെ ഒരു പകര്‍പ്പ് ബാങ്ക് ഉപയോക്താവുമായി പങ്കിടുകയും വേണം. രേഖയില്‍ ഉപയോക്താവിന്റെയും ബാങ്കിന്റെയും അവകാശങ്ങളുടെയും കടമകളുടെയും വിശദാംശങ്ങള്‍, ലോക്കര്‍ വാടക, എസ്‌കലേഷന്‍ ക്ലോസ് തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ടാകണം.

ലോക്കറുകള്‍ സൂക്ഷിക്കുന്ന നിലവറകളുടെയും, പരിസരത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്ന നടപടികള്‍ ബാങ്കുകള്‍ സ്വീകരിക്കണം. ലോക്കര്‍ ഏഴു വര്‍ഷത്തേക്ക് പ്രവര്‍ത്തന രഹിതമായി തുടര്‍ന്നാല്‍, വാടകക്കാരനെ കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍, വാടക സ്ഥിരമായി അടക്കുന്നെണ്ടെങ്കിലും ലോക്കര്‍ നോമിനിക്കോ, മറ്റു അവകാശികള്‍ക്കോ കൈമാറുന്നതിനുള്ള സ്വാതന്ത്ര്യം ബാങ്കുകള്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.

മുന്‍കൂറായി ലോക്കര്‍ ഉപയോഗത്തിനുള്ള ചാര്‍ജുകള്‍ (പണം) നല്‍കാത്ത സാഹചര്യത്തില്‍ വാടകയും മറ്റ് ചാര്‍ജുകളും ഉപയോക്താവിന്റെ അക്കൗണ്ടല്‍ നിന്നും തിരിച്ചെടുക്കാന്‍ ബാങ്കിന് അവകാശമുണ്ട്. ചാര്‍ജുകള്‍, എഗ്രിമെന്റ്, മതിയായ രേഖഖള്‍ എന്നിവ സമര്‍പ്പിക്കാത്ത ഉപയോക്താക്കളെ ലോക്കര്‍ ഉപയോഗത്തില്‍ നിന്നും തടയാന്‍ ബാങ്കിന് അധികാരമുണ്ടാകും. നിലവിലുള്ള ലോക്കര്‍ ഉപഭോക്താക്കളില്‍ നിന്ന് ബാങ്കുകള്‍ക്ക് അത്തരം ടേം ഡെപ്പോസിറ്റുകള്‍ ആവശ്യപ്പെടാന്‍ കഴിയില്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it