ശമ്പളക്കാര്‍ക്ക് വലിയ ആശ്വാസമില്ല; പിഎഫ് പലിശ നിരക്ക് 8.15 ശതമാനം
പിഎഫ് (പ്രൊവിഡന്റ് ഫണ്ട്) പലിശ നിരക്ക് പുതുക്കി. ശമ്പളക്കാര്‍ക്ക് വലിയ ആശ്വാസമില്ലാത്ത നിരക്കിലേക്കാണ് ഇ പി എഫ് ഓ (Employees' Provident Fund Organization ) നിരക്കുകൾ പുതുക്കിയത്. 8.1 ശതമാനമായിരുന്ന പിഎഫ് പലിശ നിരക്ക് 8.15 എന്ന നിലയിലേക്കാണ് ഉയര്‍ത്തിയത്. ഉയര്‍ത്തി എന്നു പറയാമെങ്കിലും പ്രായോഗികതയില്‍ ഇത് ഒരു ഉയര്‍ച്ചയായി പ്രതിഫലിക്കില്ല.
8.1 ല്‍ നിന്നും
പിഎഫ് നിക്ഷേപത്തിന്റെ 2022-23 വര്‍ഷത്തെ പലിശനിരക്ക് നിശ്ചയിക്കുന്നതിനായി ഇന്നലെ ചേര്‍ന്ന ഇപിഎഫ്ഒയുടെ കേന്ദ്ര ട്രസ്റ്റി ബോര്‍ഡ് യോഗത്തിലാണ് തീരുമാനമായത്. 8.1 പലിശനിരക്ക് നിലനിര്‍ത്തുകയോ എട്ട് ശതമാനത്തിലേക്ക് കുറയ്ക്കുകയോ ചെയ്തേക്കുമെന്നായിരുന്നു സൂചന.
ബാങ്ക് പലിശനിരക്കുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പിഎഫ് പലിശനിരക്കും ഉയര്‍ത്തണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ പ്രതീക്ഷകളെ മറികടന്ന് പലിശ നിരക്ക് അതേപടി നിലനിര്‍ത്തിയത് പോലെ മാത്രമേ തീരുമാനത്തെ കാണാനാകൂ.
പലിശ വര്‍ധനവ് '50 രൂപ'
ഒരു ലക്ഷം രൂപ പിഎഫ് നിക്ഷേപമായി അക്കൗണ്ടില്‍ കിടക്കുന്ന ഒരു വ്യക്തിക്ക് മുമ്പ് 8100 രൂപ വാര്‍ഷിക പലിശ ലഭിക്കുമായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 8150 രൂപയാകും. വ്യത്യാസം വെറും 50 രൂപ. ഇത് വലിയൊരു ഉയര്‍ച്ചയായി കാണാനാകില്ല.
40 വര്‍ഷത്തെ താഴ്ച
1977-78 വര്‍ഷം 8 ശതമാനമായിരുന്നു പലിശ. ഇതാണ് ഇപിഎഫ്ഒ നിശ്ചയിച്ചിട്ടുള്ള ഏറ്റവും താഴ്ന്ന പലിശ നിരക്ക്. 2018-19 8.65 ശതമാനവും, 2016-17 ലും 2019-20 ലും 8.5 ശതമാനമായിരുന്നു പലിശ നിരക്ക്. 2015-16 ലാണ് ഭേദപ്പെട്ട പലിശ നിരക്കായിരുന്ന 8.8 ശതമാനം പിഎഫിന് ലഭിച്ചത്.
വാര്‍ഷിക പലിശ
പിഎഫ് നിധിയിലെ പണത്തിന്റെ വിവിധ നിക്ഷേപങ്ങളില്‍നിന്നുള്ള വരുമാനം കണക്കാക്കിയാണ് ട്രസ്റ്റി ബോര്‍ഡ് ഓരോ വര്‍ഷത്തെയും പലിശനിരക്ക് തീരുമാനിക്കുന്നത്. വരുന്ന ഏപ്രില്‍ മാസം മുതല്‍ പുതുക്കിയ പലിശ നിരക്കായിരിക്കും പിഎഫിന് ലഭിക്കുക.