Begin typing your search above and press return to search.
ഇപിഎഫ് തുക സര്‍ക്കാര്‍ അടയ്ക്കുമോ? ഗുണം ലഭിക്കുന്നത് ആര്‍ക്ക്? ഇതാ അറിയേണ്ടതെല്ലാം
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗര്‍ യോജന എന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ ഇപിഎഫ് ഓര്‍ഗനൈസേഷന്‍ പുറപ്പെടുവിച്ചു. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതി പ്രകാരം, പുതിയ തൊഴിലാളികളുടെയും ലോക്ഡൗണ്‍ കാലയളവില്‍ തൊഴിലില്‍ നിന്ന് ഒഴിവാകുകയും പിന്നീട് പുനര്‍ നിയമനം ലഭിക്കുകയും ചെയ്തവരുടെയും പേരിലുള്ള ഇപിഎഫ് വിഹിതം 2 വര്‍ഷത്തേക്ക് കേന്ദ്രസര്‍ക്കാര്‍ അടയ്ക്കുമെന്നതാണ് പുതിയ വിവരം. 2020 സെപ്റ്റംബറില്‍ ഇപിഎഫിലേക്ക് വിഹിതം അടയ്ക്കുന്ന 1000 തൊഴിലാളികള്‍ വരെയുള്ള സ്ഥാപനത്തിലെ ജീവനക്കാരുടെയും തൊഴിലുടമയുടെയും ഇപിഎഫ് വിഹിതം കേന്ദ്രസര്‍ക്കാര്‍ അടയ്ക്കും.
സര്‍ക്കാര്‍ കുറിപ്പിലെ പ്രധാന വസ്തുതകള്‍ ചുവടെ:
ജീവനക്കാരുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍
01.10.2020 മുതല്‍ 30.06.2021 വരെയുള്ള കാലയളവില്‍ തൊഴിലാളിയെ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. രജിസ്റ്റര്‍ ചെയ്ത തീയതി മുതല്‍ 24 മാസം വരെ ആനുകൂല്യം ലഭിക്കും. തൊഴിലാളിക്ക് 01.10.2020നു മുന്‍പ് ഇപിഎഫ് നമ്പര്‍ ഉണ്ടാകരുത്. മുമ്പ് ഇപിഎഫ് അംഗത്വം ഉണ്ടായിരുന്ന തൊഴിലാളി 01.03.2020നും 30.09.2020നും ഇടയില്‍ ജോലിയില്‍നിന്ന് ഒഴിവായിട്ടുണ്ടെങ്കില്‍ അത്തരം തൊഴിലാളി വീണ്ടും ജോലിയില്‍ പ്രവേശിച്ചാലും ഈ ആനുകൂല്യം ലഭിക്കും.
തൊഴിലാളിയുടെ വേതനം 15000 രൂപയേക്കാള്‍ കുറവായിരിക്കണം. വേതനം പിന്നീട് 14,999 രൂപയെക്കാള്‍ വര്‍ധിക്കുന്നപക്ഷം ഈ ആനുകൂല്യം തുടര്‍ന്നു ലഭിക്കില്ല. വേതനത്തില്‍ വീട്ടുവാടക ബത്ത, കമ്മിഷന്‍ എന്നിവ ഉള്‍പ്പെടില്ല.
തൊഴിലാളിക്ക് യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ (UAN) ഉണ്ടായിരിക്കണം.
സ്ഥാപനവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍
01.10.2020നു ശേഷം ഇപിഎഫ് പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്യപ്പെടുന്ന സ്ഥാപനത്തിലെ തൊഴിലാളികളുടെ എണ്ണം പൂജ്യം എന്നായിരിക്കും കണക്കാക്കുക.
20ല്‍ കുറവ് തൊഴിലാളികളുള്ള സ്ഥാപനത്തിനും ഇപിഎഫ് പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്ത് ഈ പദ്ധതിയുടെ ആനുകൂല്യം കൈപ്പറ്റാം.
50 ല്‍ കുറവ് തൊഴിലാളികള്‍ ഉള്ള സ്ഥാപനം 2 പുതിയ തൊഴിലാളികളെയും 50 ല്‍ കൂടുതല്‍ തൊഴിലാളികള്‍ ഉള്ള സ്ഥാപനം അഞ്ച് പുതിയ തൊഴിലാളികളെയും എങ്കിലും പുതുതായി നിയമിക്കേണ്ടതും അവര്‍ ജോലിയില്‍ തുടരേണ്ടതും നിര്‍ബന്ധമാണ്.
തൊഴിലുടമാ വിഹിതം പ്രധാന തൊഴിലുടമയില്‍ നിന്നു കരാറുകാരന്‍ കൈപ്പറ്റുന്നുണ്ടെങ്കില്‍ അത്തരം തൊഴിലാളികളുടെ പേരിലുള്ള തൊഴിലുടമാ വിഹിതം കരാറുകാരനു ലഭിക്കില്ല.
ഓരോ തൊഴിലാളിയുടെയും പേരില്‍ അവരുടെ വേതനത്തിന്റെ 24% എന്ന നിരക്കിലായിരിക്കും കേന്ദ്രസര്‍ക്കാര്‍ വിഹിതം അടയ്ക്കുന്നത്. സെപ്റ്റംബറിനു ശേഷം തൊഴിലാളികളുടെ എണ്ണം ആയിരത്തേക്കാള്‍ കൂടിയാലും ഈ ആനുകൂല്യം തുടര്‍ന്നും ലഭിക്കും. സെപ്റ്റംബറില്‍ ആയിരത്തേക്കാള്‍ കൂടുതല്‍ തൊഴിലാളികള്‍ ഉണ്ടായിരുന്നുവെങ്കില്‍, തൊഴിലാളികളുടെ വിഹിതം മാത്രമേ കേന്ദ്രസര്‍ക്കാര്‍ അടയ്ക്കൂ.
ഈ ആനൂകൂല്യത്തിന് അര്‍ഹതയുള്ള സ്ഥാപനങ്ങള്‍ ഇപിഎഫ് പോര്‍ട്ടല്‍ വഴി റജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.
പുതിയ തൊഴിലാളികളെ ജോലിക്ക് എടുക്കുന്നതിനുമുന്‍പായി അവര്‍ക്ക് ഇപിഎഫ് പദ്ധതിയില്‍ മുന്‍പ് അംഗത്വം ഉണ്ടായിരുന്നോ എന്നതു സംബന്ധിച്ചുള്ള പ്രസ്താവന അവരില്‍നിന്നു നിര്‍ദ്ദിഷ്ട ഫോമില്‍ തൊഴിലുടമ കൈപ്പറ്റേണ്ടതുണ്ട്.
ഓരോ മാസവും സ്ഥാപനം അടയ്‌ക്കേണ്ടതായ വിഹിതം സംബന്ധിച്ച ഇസിആര്‍ 60 ദിവസത്തിനകം ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്.
തൊഴിലുടമകളുടെ വിഹിതം കേന്ദ്രസര്‍ക്കാര്‍ അടയ്ക്കുന്നതിനാല്‍ തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്ന് അതു പിടിക്കാവുന്നതല്ല.
Next Story
Videos