ഇപിഎഫ്; പെന്‍ഷന്‍ പ്രായപരിധി ഉയര്‍ത്തുന്നതോടെ ഗുണഭോക്താക്കള്‍ക്ക് നേട്ടം ലഭിക്കുന്നതെങ്ങനെ
എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ തുക പിന്‍വലിക്കാനുള്ള പ്രായപരിധി 60 വയസ്സാക്കാന്‍ ധാരണയായി. അന്താരാഷ്ട്ര രീതികളുമായി സമാനപ്പെടുത്തി ഇ.പി.എഫ്. പെന്‍ഷന്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഇതിനായി ആവശ്യമുള്ള നിയമഭേദഗതി വരുത്താന്‍ നടപടി തുടങ്ങിക്കഴിഞ്ഞു. നിലവില്‍ 58 വയസ്സായാല്‍ പെന്‍ഷന്‍ പറ്റാമെന്നതാണ് വ്യവസ്ഥ. 58 വയസ്സില്‍ വിരമിക്കുന്നവര്‍ക്കും 60 വയസ്സുവരെ തുക ഇ.പി.എഫില്‍ നിക്ഷേപമായി സൂക്ഷിക്കാന്‍ വഴിയൊരുക്കുന്നതാണ് പുതിയ വ്യവസ്ഥ.
അടുത്ത മാസം ചേരുന്ന ഇപിഎഫ്ഒ യോഗത്തിനുശേഷം ഇത് കേന്ദ്ര തൊഴില്‍ മന്ത്രാലയം ശുപാര്‍ശ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടും. മന്ത്രിസഭ അംഗീകരിച്ചാല്‍ നിയമം പ്രാബല്യത്തിലാകും. എന്നാല്‍ പ്രായപരിധി ഉയര്‍ത്തുന്നത് വഴി ഗുണഭോക്താക്കള്‍ക്ക് എങ്ങനെ നേട്ടമുണ്ടാക്കാം എന്നതാണ് സ്വാഭാവികമായും ഉയര്‍ന്നു വരുന്ന സംശയം. പ്രായപരിധി ഉയര്‍ത്തുന്നതോടെ 58 വയസ്സില്‍ വിരമിക്കുന്നവര്‍ക്കും 60 വയസ്സുവരെ തുക ഇപിഎഫില്‍ നിക്ഷേപമായി സൂക്ഷിക്കാം എന്നതാണ് പ്രഥമികമായും ഉണ്ടാകുന്ന മാറ്റം. അതായത് ഇതുവഴി രണ്ടു വര്‍ഷത്തെ അധികപലിശ ലഭിക്കും എന്നതു തന്നെ.
രണ്ട് വര്‍ഷം കൂടി അധികമായി നിക്ഷേപത്തിന് പലിശ ലഭിക്കുമെന്നത് വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ മികച്ച നേട്ടമാണ്. നിലവില്‍ 60 വയസ്സില്‍ വിരമിക്കുന്നവര്‍ക്ക് 58 വയസ്സ് വരെ മാത്രമേ പെന്‍ഷന്‍ വിഹിതം അടയ്ക്കാന്‍ അവസരമുണ്ടായിരുന്നുള്ളു. നിക്ഷേപം അധികമായി രണ്ട് വര്‍ഷം സൂക്ഷിക്കാന്‍ അവസരം നല്‍കുന്നതിന് സമാനമായി പെന്‍ഷന്‍ അടയ്ക്കാന്‍ രണ്ട് വര്‍ഷം അധികമായി നല്‍കുമോ എന്നത് ഇപ്പോള്‍ വ്യക്തമായിട്ടില്ലെങ്കിലും അടുത്ത മാസം ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകുമെന്നാണ് അറിയുന്നത്.