Top

ഹോളിഡേ ഷോപ്പിംഗ് സീസണില്‍ മറക്കേണ്ടതല്ല ഡിജിറ്റല്‍ സുരക്ഷ

സൈബര്‍ കുറ്റവാളികള്‍ക്ക് ഹരം പകരുന്ന കാലമാണ് ഹോളിഡേ ഷോപ്പിംഗ് സീസണ്‍. അക്കാരണത്താല്‍ തന്നെ ഇന്റര്‍നെറ്റ് തട്ടിപ്പില്‍ കുരുങ്ങി ധനനഷ്ടം സംഭവിക്കാതിരിക്കാന്‍ ഉപഭോക്താക്കള്‍ പ്രത്യേകം കരുതല്‍ നടപടിയെടുക്കേണ്ട സമയവുമാണിത്.

ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ ഹോളിഡേ ഷോപ്പിംഗ് സീസണില്‍ കോടിക്കണക്കിനു ഡോളറാണ് ഇ-കോമേഴ്‌സ് ഭീമന്മാര്‍ ഇന്ത്യയില്‍ നിന്നു കൊയ്തത്.ഇക്കാലത്ത് ഹാക്കര്‍മാരും അഴിഞ്ഞാടിയിട്ടുണ്ടാകുമെന്നു തീര്‍ച്ച.പക്ഷേ, അതിന്റെ കണക്കുകള്‍ ലഭ്യമായിട്ടില്ല.അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷത്തെ ഹോളിഡേ ഷോപ്പിംഗ് സീസണില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിലൂടെ എട്ട് ശതമാനം ഉപഭോക്താക്കള്‍ ഐഡന്റിറ്റി മോഷണത്തിനോ വഞ്ചനയ്ക്കോ ഇരയായിട്ടുണ്ടെന്ന് ആധികാരിക സര്‍വേയില്‍ പറയുന്നു.

ക്രസ്മസ്-നവവല്‍സരം പ്രാമാണിച്ച് ഡിസംബര്‍, ജനുവരിക്കാലം ആഗോള തലത്തില്‍ത്തന്നെ ഹോളിഡേ ഷോപ്പിംഗ് സീസണാണ്.ഇതിനായുള്ള പദ്ധതികള്‍ അണിയറയില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഹോളിഡേ ഷോപ്പിംഗിലൂടെ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള സമ്മാനങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുമ്പോള്‍, ഡാറ്റാ സുരക്ഷിതത്വം നഷ്ടമാകാതിരിക്കാന്‍ 13 സുരക്ഷാ നുറുങ്ങുകള്‍ മനസില്‍ സൂക്ഷിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു.

1. പൊതു വൈഫൈ ഒഴിവാക്കുക

എഴുപത് ശതമാനം സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളും യാതൊരു മടിയുമാല്ലാതെ ഓപ്പണ്‍ വയര്‍ലെസ് നെറ്റ്വര്‍ക്കുകളിലേക്ക് കണക്റ്റു ചെയ്യുന്നാതായാണ് ഒരു സര്‍വേയില്‍ കണ്ടെത്തിയത്.ഇത്തരം സുരക്ഷിതമല്ലാത്ത നെറ്റ്വര്‍ക്കുകള്‍ വഴി പാസ്വേഡുകള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, മറ്റ് വ്യക്തിഗത ഡാറ്റ എന്നിവ സൈബര്‍ കുറ്റവാളികള്‍ അപഹരിക്കും. പബ്ലിക് വൈ-ഫൈ, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍ എന്നിവ ഓണ്‍ലൈന്‍ ഷോപ്പിംഗിനും പണമിടപാടിനും ഉപയോഗിക്കാതിരിക്കുക.

അതുപോലെ നിങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ യാന്ത്രികമായി വൈഫൈ നെറ്റ്വര്‍ക്കുകളിലേക്ക് കണക്റ്റുചെയ്യുന്നത് തടയാന്‍ മൊബൈല്‍ ഉപകരണ ക്രമീകരണങ്ങള്‍ മാറ്റുന്ന കാര്യത്തില്‍ ശ്രദ്ധ ആവശ്യമാണ്. നിങ്ങള്‍ പതിവായി യാത്രയിലാണെങ്കില്‍, ഷോപ്പു ചെയ്യുന്നതിനോ ഓണ്‍ലൈനില്‍ ബാങ്കുചെയ്യുന്നതിനോ മുമ്പായി നിങ്ങളുടെ മൊബൈല്‍ ഡാറ്റ എന്‍ക്രിപ്റ്റ് ചെയ്യുന്നതിന് ഒരു വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് (വിപിഎന്‍) ഉപയോഗിക്കുന്നത് പരിഗണിക്കുക. നിങ്ങളുടെ ഹോം വൈഫൈ പോലുള്ള സുരക്ഷിതമായ വയര്‍ലെസ് നെറ്റ്വര്‍ക്കില്‍ നിന്ന് ഷോപ്പിംഗ് നടത്തുന്നതാണ് എല്ലായ്‌പ്പോഴും സുരക്ഷിതം. അല്ലെങ്കില്‍ ഇത്തരം കാര്യങ്ങള്‍ക്ക് മൊബൈല്‍ ഡാറ്റ ഉപയോഗിക്കുക.

2. സോഷ്യല്‍ മീഡിയയിലെ മൂടുപടങ്ങള്‍ നീക്കണം

സോഷ്യല്‍ മീഡിയയിലെ വ്യാജ ബിസിനസ് സംരംഭങ്ങള്‍ തിരിച്ചറിയാന്‍ വിവേകം ഉപയോഗിക്കുക. ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍ പിടിച്ചെടുക്കാന്‍ രൂപകല്‍പ്പന ചെയ്ത ഇ-കൊമേഴ്സ് കുതന്ത്രങ്ങളുമായുള്ള സോഷ്യല്‍ മീഡിയ പരസ്യങ്ങളുടെ പ്രളയം തന്നെയുണ്ട്. 'സൗജന്യ ട്രയല്‍ ഓഫറുകള്‍' അല്ലെങ്കില്‍ ചാരിറ്റി അപേക്ഷകളുടെ മുടുപടമുണ്ട് ഇവയില്‍ ഭൂരിപക്ഷത്തിനും.

ഫേസ്ബുക്കില്‍ അടിത്തട്ടു വിലയില്‍ പരസ്യം ചെയ്യുന്ന ഒരു ഉല്‍പ്പന്നം കാണുകയാണെങ്കില്‍, അതിനു പിന്നില്‍ തട്ടിപ്പു സംശയിക്കണം.പരസ്യക്കാരുടെ പേരുവിവരങ്ങള്‍ തിരയുക. ബന്ധപ്പെട്ട 'പരാതികള്‍' കൈകാര്യം ചെയ്യുന്ന സംവിധാനത്തിന്റെ ആധികാരികതയും ഒരു ദ്രുത തിരച്ചിലിലൂടെ വെളിപ്പെട്ടു കിട്ടാവുന്നതേയുള്ളൂ.

ഒരു പ്രമുഖ വ്യാപാരിയുടെയോ സ്ഥാപനത്തിന്റെയോ ബ്രാന്‍ഡിന്റെയോ പേരുമായി സാമ്യമുള്ളതും എന്നാല്‍ സമാനമല്ലാത്തതുമായ ഡൊമെയ്ന്‍ നാമം ഉപയോഗിക്കുന്നതില്‍ വലിയ ഭ്രമമുണ്ട് ഇത്തരം തട്ടിപ്പുകാര്‍ക്ക്.

തിരിച്ചെടുക്കല്‍ നയങ്ങള്‍ സൂക്ഷ്മമായി വായിച്ചുനോക്കുക. കോണ്‍ടാക്റ്റ് വിവരങ്ങളുടെ കൃത്യത ഉറപ്പാക്കുക. സാമ്പത്തിക ഡാറ്റ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന പോപ്പ്-അപ്പ് പരസ്യങ്ങളും തട്ടിപ്പാനായി വ്യാപകമായുപയോഗിക്കുന്നുണ്ട്.
മേഖലയിലെ എതിരാളികളുടേതിനേക്കാള്‍ വളരെ കുറഞ്ഞ വിലകളും സൗജന്യ ഉല്‍പ്പന്നങ്ങളുമായിരിക്കും ചൂഷകര്‍ പ്രഖ്യാപിക്കുന്നത്.

3. ഒരു ഡിജിറ്റല്‍ വാലറ്റ് ഉപയോഗിക്കുക

ഓണ്‍ലൈന്‍ വാങ്ങലുകള്‍ നടത്താന്‍ ഒരു ഡിജിറ്റല്‍ വാലറ്റ് ഉപയോഗിക്കുക. ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ നല്‍കുന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍ അധിക സുരക്ഷയ്ക്ക് ഇതു പ്രയോജനപ്പെടും. റീട്ടെയില്‍ വെബ്സൈറ്റുകളില്‍ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ സംരക്ഷിക്കുന്നത് ഒഴിവാക്കുക.

4.സൈറ്റ് സുരക്ഷ പരിശോധിക്കുക

ഒരു ഓണ്‍ലൈന്‍ വാങ്ങല്‍ നടത്തുന്നതിനായി നിങ്ങളുടെ സൈന്‍-ഇന്‍ ക്രെഡന്‍ഷ്യലുകള്‍ വെബ്സൈറ്റിലേക്ക് നല്‍കുന്നതിനുമുമ്പ് യുആര്‍എല്‍ നന്നായി പരിശോധിക്കുക, അതിനടുത്തായി ഒരു പാഡ്ലോക്ക് ഐക്കണ്‍ ഉണ്ടെന്ന് ഉറപ്പാക്കാന്‍. സെര്‍ച്ച് ബാറിലെ 'എച്ച്ടിടിപിഎസ്' ന്റെ അവസാനത്തിലുള്ള 'എസ്' വെബ്സൈറ്റ് എന്‍ക്രിപ്ഷന്റെ ഒരു പ്രധാന അടയാളമാണ്. കൂടാതെ, കോപ്പിക്യാറ്റ് റീട്ടെയില്‍ വെബ്സൈറ്റ് ഇല്ലെന്ന് ഉറപ്പാക്കാനും യുആര്‍എല്‍ പരിശോധനയിലൂടെ സാധ്യമാകും.

5. ഷിപ്പിംഗിലെ ക്രമക്കേടുകള്‍ക്കെതിരെ ജാഗ്രത വേണം

ചില്ലറ വ്യാപാരികളും ഉപഭോക്താക്കളും ഷിപ്പിംഗ് കാര്യത്തില്‍ ജാഗ്രത പാലിക്കണം. ഇതുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ പ്രതിരോധിക്കാന്‍ നടപടിയെടുക്കുകയും വേണം.ഓര്‍ഡറിന്റെ ഷിപ്പിംഗ് അപ്ഡേറ്റിനെക്കുറിച്ച് നിങ്ങള്‍ക്ക് ലഭിക്കുന്ന ഇമെയിലിലെ വസ്തുത ഉറപ്പാക്കാനും ഡെലിവറി തട്ടിപ്പു തടയാനും ഉപഭോക്തൃ സേവന വിഭാഗത്തെ വിളിക്കുന്നതു നന്ന്.

6. പരിഭ്രാന്തരാകരുത്; സംയമനം സുപ്രധാനം

അസാധാരണമായ അക്കൗണ്ട് പ്രവര്‍ത്തനത്തെക്കുറിച്ചോ അല്ലെങ്കില്‍ അടിത്തട്ടോളം താഴ്ത്തിയുള്ള വിലകളെക്കുറിച്ചോ നിങ്ങളെ അറിയിക്കുന്ന അസാധാരണമായ ഇമെയില്‍ അല്ലെങ്കില്‍ വാചക സന്ദേശത്തിന്റെ പേരില്‍ പരിഭ്രാന്തിയിലാഴരുത്. അടിയന്തര പ്രതികരണത്തിലൂടെ നിങ്ങളുടെ ഡാറ്റ മോഷ്ടിക്കുന്നതിനു രൂപകല്‍പ്പന ചെയ്ത ഒരു ഫിഷിംഗ് തന്ത്രമാകം ഇത്.

നിങ്ങള്‍ ഒരു ലിങ്കില്‍ ക്ലിക്കുചെയ്യുന്നതിനോ ഏതെങ്കിലും അറ്റാച്ചുമെന്റുകള്‍ തുറക്കുന്നതിനോ മുമ്പായി കൃത്രിമ സൂചനകള്‍ ഉണ്ടോയെന്നറിയാന്‍ എല്ലാ ഇമെയിലുകളും പരിശോധിക്കുക. നേരിയ സംശയമുണ്ടാകുന്നപക്ഷം പരിഹാരത്തിനുള്ള എളുപ്പമാര്‍ഗ്ഗമാണ് ഉപഭോക്തൃ സേവന വിഭാഗത്തിലേക്കുള്ള ഒരു ദ്രുത ഫോണ്‍ കോള്‍.

7. പോസ് തട്ടിപ്പ് ഒഴിവാക്കുക

പോയിന്റ് ഓഫ് സെയില്‍ (പോസ്) തട്ടിപ്പിന് പലരും ഇരയാകുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു.പോസ് വഴിയുള്ള കൃത്രിമങ്ങള്‍ക്കെതിരെ ചില്ലറ വ്യാപാരികള്‍ വിട്ടുവീഴ്ചയില്ലാത്ത മുന്‍കരുതലെടുക്കണം.ശക്തമായ നിരീക്ഷണവും വേണം. ചിപ്പ് സാങ്കേതികവിദ്യ ഉപയോഗിച്ച് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് പ്രധാന പരിരക്ഷയാണ്.പക്ഷേ ഇത് പൂര്‍ണ്ണമായും അപകടരഹിതമൊന്നുമല്ല.ഔട്ട്ഡോര്‍ എടിഎമ്മുകളിലും പെട്രോള്‍ പമ്പ് പോലുള്ള സ്ഥലങ്ങളിലും കാര്‍ഡ് സൈ്വപ്പു ചെയ്യുന്നത് പരമാവധി ഒഴിവാക്കുക.

8.ഉപകരണങ്ങള്‍ അപ്ഡേറ്റ് ചെയ്യുക

നിങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനായോ ബ്രൗസറിനായോ ഉള്ള അപ്ഡേറ്റ് അറിയിപ്പ് തള്ളിക്കളയരുത്.
ഈ അപ്ഡേറ്റ് അവഗണന ഗുരുതരമായ കേടുപാടുകള്‍ക്ക് കാരണമാകാം.ഡിജിറ്റല്‍ വാതില്‍ സദാ തുറന്നുകിടക്കാന്‍ ഇതു കാരണമാക്കും.ഡാറ്റ മോഷ്ടിക്കുന്നതിനും മൊബൈല്‍ വാലറ്റ് ഹാക്കുചെയ്യുന്നതിനും ഇത് ഇടയാക്കാം. അപ്ഡേറ്റ് ചെയ്ത ഉപകരണങ്ങളില്‍ നിന്ന് മാത്രം ഓണ്‍ലൈന്‍ വാങ്ങലുകള്‍ നടത്തുന്നത് ഉറപ്പാക്കുക.

9. നിങ്ങളുടെ അക്കൗണ്ടുകള്‍ പരിരക്ഷിക്കുക

ഈ സീസണില്‍ പേയ്മെന്റ് സുരക്ഷ തകര്‍ക്കാന്‍ സൈബര്‍ കുറ്റവാളികള്‍ പലതരം തന്ത്രങ്ങള്‍ ഉപയോഗിക്കുന്നു. ഉപഭോക്താവിനു ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം മികച്ച പാസ്വേഡ് സുരക്ഷാ രീതികള്‍ സ്വീകരിക്കുക എന്നതാണ്. ബന്ധമില്ലാത്ത നിരവധി പദങ്ങളും അക്കങ്ങളും മറ്റും സംയോജിപ്പിച്ച് 20 അക്ഷരങ്ങളെങ്കിലും ഉള്ളതാകണം പാസ്വേഡ്.

10. സ്‌കെച്ചി അപ്ലിക്കേഷനുകള്‍ ഒഴിവാക്കുക

ഔദ്യോഗിക അപ്ലിക്കേഷന്‍ സ്റ്റോറുകള്‍ ഒഴികെയുള്ള ഉറവിടത്തില്‍ നിന്ന് അപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡു ചെയ്യുന്നത് എല്ലായ്പ്പോഴും ഒഴിവാക്കുക. ടെക്സ്റ്റ് സന്ദേശം, ഇമെയില്‍ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ എന്നിവയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ ഒരിക്കലും ക്ലിക്ക് ചെയ്യരുത്. കാരണം അത് നിയമാനുസൃതമല്ല.

11. ചിപ്പ് സാങ്കേതികവിദ്യയുള്ള ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുക

ക്രെഡിറ്റ് കാര്‍ഡുകള്‍ സാധാരണയായി ഡെബിറ്റ് കാര്‍ഡുകളേക്കാള്‍ മികച്ച പേയ്മെന്റ് സുരക്ഷയും കൃത്രിമങ്ങളില്‍ നിന്നുള്ള പരിരക്ഷയും വാഗ്ദാനം ചെയ്യുന്നു. എങ്കിലും, ഓണ്‍ലൈന്‍ വാങ്ങലുകള്‍ക്കായി ഒരു താല്‍ക്കാലിക ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ ഉപയോഗിക്കുന്നത് പരിഗണിക്കുക. നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് സേവനം ഒടിപി അടിസ്ഥാനത്തിലായിരിക്കുന്നതാണ് ഏറ്റവും നന്ന്.

12. ഗിഫ്റ്റ് കാര്‍ഡ് തട്ടിപ്പ് സൂക്ഷിക്കുക

ഗിഫ്റ്റ് കാര്‍ഡുകള്‍ നിങ്ങള്‍ കരുതുന്നത്ര സുരക്ഷിതമായിരിക്കില്ല. കാര്‍ഡുകളില്‍ കൃത്രിമം കാട്ടിയുള്ള റീട്ടെയില്‍ തട്ടിപ്പ്, ഡിജിറ്റല്‍ മോഷണം എന്നിവ ആവര്‍ത്തിക്കപ്പെടാറുണ്ട്.എന്തായിരുന്നാലും ഗിഫ്റ്റ് കാര്‍ഡുകളില്‍ വളരെയധികം ബാലന്‍സ് ഇടരുത്. ഓണ്‍ലൈനില്‍ കാര്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഓപ്ഷന്‍ എല്ലായ്‌പ്പോഴും സ്വീകരിക്കുക.

13. ബാലന്‍സ് സൂക്ഷ്മതയോടെ പരിശോധിക്കുക

ഓണ്‍ലൈന്‍ വാങ്ങലുകള്‍ക്കായി ചിപ്പ് സാങ്കേതികവിദ്യയുള്ള ഒരു ക്രെഡിറ്റ് കാര്‍ഡ് അഥവാ ഡിജിറ്റല്‍ വാലറ്റ് മാത്രം ഉപയോഗിക്കുന്നത് പരിഗണിക്കുക. നിങ്ങളുടെ ബാലന്‍സ് പതിവായി പരിശോധിച്ച് ഡിജിറ്റല്‍ തട്ടിപ്പുകള്‍ക്കു വിധേയമാകുന്നില്ലെന്ന് ഉറപ്പു വരുത്തിക്കൊണ്ടിരിക്കുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it