Begin typing your search above and press return to search.
രാജ്യത്തെ സ്വര്‍ണ വായ്പകള്‍ കൂടുന്നു, നെഗറ്റീവ് വളര്‍ച്ചയില്‍ വിദ്യാഭ്യാസ വായ്പ
രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന വായ്പാ വിഭാഗം സ്വര്‍ണപ്പണയം ആണെന്ന് ആര്‍ബിഐ. ഓഗസ്റ്റ് 27 വരെയുള്ള കണക്ക് അനുസരിച്ച് 62,926 കോടി രൂപയാണ് സ്വര്‍ണ വായ്പാ ഇനത്തില്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ലഭിക്കാനുള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കള്‍ 66 ശതമാനത്തിന്റെ വളര്‍ച്ചയാണ് സ്വര്‍ണ വായ്പയില്‍ ഉണ്ടായത്.
കൊവിഡ് പ്രതിസന്ധിയില്‍ റിസ്‌ക് കുറഞ്ഞ സ്വര്‍ണ വായ്പകള്‍ നല്‍കാനാണ് സ്ഥാപനങ്ങളും താല്‍പ്പര്യപ്പെട്ടത്. കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായുള്ള സ്വര്‍ണപ്പണയങ്ങളുടെ വായ്പ-മൂല്യ അനുപാതം(loan -to- value) 75ല്‍ നിന്ന് 90 ശതമാനമായി 2020 ഓഗസ്റ്റില്‍ ആര്‍ബിഐ ഉയര്‍ത്തിയിരുന്നു.
ഉപഭോക്തൃ സാധനങ്ങള്‍ക്ക് (consumer durable) വേണ്ടിയുള്ള ലോണുകളാണ് ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടിയ രണ്ടാമത്തെ വിഭാഗം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 29.4 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. 10,258 കോടി രൂപയുടെ തിരിച്ചടനാണ് ഈ വിഭാഗത്തില്‍ ലഭിക്കാനുള്ളത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള വായ്പ എടക്കലും 10.3 ശതമാനം ഉയര്‍ന്നു. 1,15,612 കോടി രൂപയാണ് ഈ വിഭാഗത്തിലെ വായ്പ തുക.
വളര്‍ച്ച 9.2 ശതമാനം ആണെങ്കിലും ഏറ്റവും കൂടുതല്‍ പണം തിരിച്ചു കിട്ടാനുള്ളത് ഹൗസിംഗ് ലോണ്‍ വിഭാഗത്തിലാണ്. 14,69,744 കോടി രൂപയാണ് ഹൗസിംഗ് ലോണുകളില്‍ നിന്ന് സ്ഥാപനങ്ങള്‍ക്ക് ലഭിക്കാനുള്ളത്. അതേ സമയം വിദ്യാഭ്യാസ വായ്പയുടെ വളര്‍ച്ച നിരക്ക് നെഗറ്റീവ് ആണ്. 62,964 കോടിയാണ് വിദ്യാഭ്യാസ വായ്പ നല്‍കിയ ഇനത്തില്‍ ബാങ്കുകള്‍ക്ക് ലഭിക്കാനുള്ളത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 3.2 ശതമാനം കുറവാണിത്. ഓഹരി, ബോണ്ടുകള്‍ എന്നിവയ്ക്ക് മേലുള്ള വായ്പ എടുക്കലും 26.6 ശതമാനം കുറഞ്ഞു.
Next Story
Videos