എമർജൻസി ഫണ്ടിൽ എത്ര തുക വേണം? എങ്ങനെ സൂക്ഷിക്കണം?

എമര്‍ജെന്‍സി ഫണ്ട് സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ച് സാമ്പത്തിക വിദഗ്ധര്‍ നിരന്തരം പറയാറുണ്ട്. എന്നാല്‍ അത്തരമൊരു ഫണ്ടിന്റെ ആവശ്യകതയെ കുറിച്ച് ഇപ്പോഴാണ് പലര്‍ക്കും ബോധ്യം വന്നതാണ്. കോവിഡ് 19 പലരുടേയും ജീവിതം അത്രമേല്‍ മാറ്റിമറിച്ചു. ജോലി നഷ്ടപ്പെട്ടവരും ശമ്പളത്തില്‍ കുറവു വന്നവരുമൊക്കെ ഈ സമയം എങ്ങനെ തള്ളി നീക്കുമെന്ന ആധിയിലുമാണ്. ഒരു എമര്‍ജെന്‍സി ഫണ്ട് സൂക്ഷിച്ചിരുന്നെങ്കില്‍ താരതമ്യേന എളുപ്പത്തില്‍ ഈ അവസ്ഥയെ മറികടക്കാനാകുമായിരുന്നു.

ജീവിതം എപ്പോഴും അനിശ്ചതത്വങ്ങള്‍ നിറഞ്ഞതാണ്. ചിലപ്പോള്‍ നല്ലതായിരിക്കാം മറ്റു ചിലപ്പോള്‍ മോശവും. എന്തായാലും അതിനെ മറികടക്കാന്‍ നാം തയ്യാറെടുപ്പോടെയിരിക്കണം. കോവിഡ് കാലം അതിനൊരു നല്ല ഉദാഹരണമാണ്. വായ്പ അടയ്ക്കാനും ജീവിത ചെലവുകള്‍ മുന്നോട്ടു കൊണ്ടുപോകാനും എമര്‍ജെന്‍സി ഫണ്ട് കരുതുന്നതിലൂടെ സാധിക്കും.

എത്ര തുക കരുതണം?

ഓരോ വ്യക്തികള്‍ക്കും പലതരം സാമ്പത്തിക ആവശ്യങ്ങളാണ്. ജീവിത ശൈലി, ആശ്രിതര്‍, വരുമാനം, ഒഴിവാക്കാനാകാത്ത ചെലവുകള്‍ എന്നിങ്ങനെ പലതും ഉണ്ടാകും. അതുകൊണ്ടു തന്നെ ഓരോരുത്തരെയും അനുസരിച്ച് തുകയില്‍ വ്യത്യാസം വരും. തുക കണക്കാക്കും മുന്‍പ് നിങ്ങളുടെ ഒഴിവാക്കാനാകാത്ത ചെലവുകള്‍ മുഴുവന്‍ കണ്ടുപിടിക്കണം. അതായത് വീട്ടുവാടക, യൂട്ടിലിറ്റി ബില്ലുകള്‍, ഇഎംഐകള്‍ തുടങ്ങിയവ. അതേ സമയം സിനിമ, പുറത്തുള്ള കറക്കം, ഹോട്ടല്‍ ഫുഡ് എന്നിവയൊന്നും ഉള്‍പ്പെടുത്തുകയുമരുത്.

അതയാത് അത്യാവശ്യം വേണ്ട ചെലവുകള്‍ മാത്രം ഉള്‍പ്പെടുത്തിയാല്‍ മതി. നിങ്ങളുടെ മാസ ചെലവുകള്‍ കണ്ടു പിടിച്ചാല്‍ അടുത്തതായി അതിനുള്ള തുക സ്വരൂകൂട്ടണം. ചുരുങ്ങിയത് ആറ് മാസത്തേക്ക് ആവശ്യമായി വരുന്ന ചെലവുകള്‍ക്കുള്ള തുക കരുതണം. ''ആറു മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള ചെലവുകള്‍ക്കുള്ള പണം ഇത്തരത്തില്‍ നിക്ഷേപമായി നീക്കി വയ്ക്കുന്നതാണ് ശരിയായൊരു രീതി. ഇപ്പോഴത്തെ അവസ്ഥയില്‍ എല്ലാവര്‍ക്കും അതു ബോധ്യമായി കാണുമല്ലോ? .'' ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്‍വെസ്റ്റ്‌മെന്റ് അനലിസ്റ്റ് വിജശ്രീ കൈമള്‍ പറയുന്നു.

എവിടെ സൂക്ഷിക്കണം?

അടുത്തത് ഈ തുക എവിടെ നിക്ഷേപിക്കണം എന്നുള്ളതാണ്. നല്ലൊരു മാര്‍ഗം തെരഞ്ഞെടുത്തില്ലെങ്കില്‍ പിന്നെ അതുകൊണ്ട് കാര്യമില്ല. ലിക്വിഡിറ്റിയുള്ള നിക്ഷേപ മാര്‍ഗമെന്ന നിലയില്‍ സേവിംഗ്സ് അക്കൗണ്ടാണ് പലരും ഇതിനായി തെരഞ്ഞെടുക്കുന്നത്. പലിശ കുറവാണെങ്കിലും സുരക്ഷിതത്വം ഉള്ളതിനാല്‍ ഇത് ഒരു മാര്‍ഗമായി പരിഗണിക്കാം. അതേ പോലെ തന്നെ ഒരു മാര്‍ഗമാണ് ഫ്ളെക്സി എഫ്ഡികളും. സേവിംഗ്സ് അക്കൗണ്ടിനേക്കാള്‍ പലിശ ലഭിക്കും. അതേ സമയം ലിക്വിഡിറ്റിയും മികച്ച റിട്ടേണും നല്‍കുന്ന ഓവര്‍നൈറ്റ് ഫണ്ട്സ് പോലുള്ളവയാണ് എമര്‍ജെന്‍സി ഫണ്ടുകള്‍ സൂക്ഷിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമെന്ന് വിജയ ശ്രീ പറയുന്നു. ഇന്ന് നിക്ഷേപിച്ച് നാളെ പിന്‍വലിക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത.

നിങ്ങളുടെ ജീവിത ചെലവ് 40,000 രൂപയാണെന്ന് വിചാരിക്കുക. അപ്പോള്‍ 2 മുതല്‍ 2.5 ലക്ഷം രൂപ വരെ എമര്‍ജെന്‍സി ഫണ്ടായി നിങ്ങള്‍ കരുതണം. ജീവിത ചെലവുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്രയും തുക സ്വരുകൂട്ടാന്‍ സമയമെടുക്കും. അപ്പോള്‍ അതിനായി ഡെറ്റ് മ്യൂച്വല്‍ഫണ്ടുകളെ ഉപയോഗിക്കാം. ചുരുങ്ങിയ കാലത്തില്‍ മികച്ച റിട്ടേണും ഒപ്പം ലിക്വിഡിറ്റിയും ലഭിക്കുമെന്നതാണ് ഡെറ്റ് ഫണ്ടുകളുടെ ഗുണം.

ലിക്വിഡ് ഫണ്ട്സ്, അള്‍ട്രാ ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ട് എന്നിവയൊക്കെ ഡെറ്റ് ഫണ്ടുകളില്‍ വരുന്നതാണ്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പിന്‍വലിക്കാനാകുമെന്നു മാത്രമല്ല സേവിംഗ്സ് അക്കൗണ്ടിനെ അപേക്ഷിച്ച് 6 മുതല്‍ 8 ശതമാനം വരെ നേട്ടവും ഇവ നല്‍കുന്നു.

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ ഡെറ്റ് വഴി ഫണ്ടുകളില്‍ നിക്ഷേപിച്ചു തുടങ്ങാം. പെട്ടെന്ന് പണം സ്വരൂപിക്കണമെന്നുള്ളവര്‍ വര്‍ഷാവസാനം ലഭിക്കുന്ന ബോണസ് തുക ഇതിലേക്ക് നിക്ഷേപിക്കുന്നത് നന്നായിരിക്കും.

സാമ്പത്തിക ആസൂത്രണം നടത്തുമ്പോള്‍ തന്നെ എമര്‍ജെന്‍സി ഫണ്ടിലേക്കും ഒരു വിഹിതം നീക്കി വയ്ക്കുക. പക്ഷേ, നിക്ഷേപിക്കുന്നതിനു മുന്‍പ് പ്ലാനുകളെ കുറിച്ച് വ്യക്തമായി മനസിലാക്കിയിരിക്കണം. അല്ലാത്തവര്‍ സാമ്പത്തിക ഉപദേശകരുടെ അഭിപ്രായം തേടുന്നതാണ് നല്ലത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it