ഒരു കാര്‍ വാങ്ങിയാല്‍ അതിന് ഇന്‍ഷുറന്‍സ് എടുക്കും. എന്തിന് ഒരു വില കൂടിയ മൊബൈല്‍ വാങ്ങിയാല്‍ അതിനു വരെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. എന്നാല്‍ നമ്മുടെ ജീവനോ. കാറിനെക്കാളും മൊബൈലിനെക്കാളുമെല്ലാം വിലപിടിപ്പില്ലാത്തതാണോ നമ്മള്‍. നമ്മുടെ നഷ്ടം നമ്മുടെ ആശ്രിതര്‍ക്ക് വരുത്തുന്ന പ്രയാസങ്ങള്‍ നമ്മള്‍ കണക്കിലെടുക്കാത്തതെന്താണ്. ഇവിടെയാണ് ടേം ഇന്‍ഷുറന്‍സിന്റെ പ്രാധാന്യവും.
ഇന്‍ഷുറന്‍സ് ഒരു നിക്ഷേപമല്ലെന്നതാണ് ആദ്യമേ മനസിലാക്കേണ്ടത്. വരുമാനം ലഭിച്ചുതുടങ്ങിയാല്‍ നിങ്ങളെ സമീപിക്കുന്ന സുഹൃത്തോ ബന്ധുവോ ആയ ഏജന്റ് നിര്‍ദേശിക്കുന്ന ഇന്‍ഷുറന്‍സിനെക്കുറിച്ചല്ല ഇവിടെ പറയുന്നത്. നിക്ഷേപത്തിന്റെ സാധ്യതകള്‍ കൂട്ടിക്കലര്‍ത്തിയുള്ള മണിബായ്ക്ക് പോളിസികളും എന്‍ഡോവ്‌മെന്റ് പോളിസികളുമൊക്കെയാകും ഇക്കൂട്ടര്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുക.
അടിസ്ഥാനപരമായി ഇന്‍ഷുറന്‍സ് എന്നാല്‍ നിക്ഷേപവുമായി അല്പംപോലും ബന്ധമില്ലാത്തതാണ്. കുടുംബത്തിലെ വരുമാനമുള്ളയാളുടെ അഭാവത്തില്‍ ആശ്രിതര്‍ക്കുവേണ്ടിയുള്ള കരുതലാണ് ഇന്‍ഷുറന്‍സ്. ഇതാ ടേം ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ നിങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇന്നത്തെ മണി ടോക് പറയുന്നത്.
എന്താണ് ടേം ഇന്‍ഷുറന്‍സ് കൊണ്ടുള്ള പ്രയോജനം?
ഒരു വ്യക്തി സ്വാഭാവികമായോ അപകടത്താലോ അസുഖം വന്നോ മരിക്കാനിടയുള്ളതിനാല്‍. അയാളെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബത്തിന് ജീവിതം ഇപ്പോഴുള്ളത്പോലെ ബുദ്ദിമുട്ടുകളില്ലാതെ മുന്നോട്ട് കൊണ്ട് പോകാനും ഭവനവായ്പയോ മറ്റോ പോലുള്ള ബാധ്യതകളുണ്ടെങ്കില്‍ അവ കൂടി ആ വ്യക്തിയുടെ അഭാവത്തില്‍ വീടാനുമുള്ള മാര്‍ഗമാണ് ടേം ഇന്‍ഷുറന്‍സ് നല്‍കുന്നത്. ചുരുക്കത്തില്‍ ഭാര്യയോ മക്കളോ അച്ഛനോ അമ്മയോ ഒക്കെ ആശ്രിതരായുള്ളവര്‍ നിര്‍ബന്ധമായും കരുതിവെയ്‌ക്കേണ്ട ഒന്നാണ് ടേം ഇന്‍ഷുറന്‍സ്.
എത്ര തുകയ്ക്ക് പരിരക്ഷ ഏര്‍പ്പെടുത്തണം?
അപകടത്തിലോ മറ്റോ ഒരാള്‍ മരിക്കുകയാണെങ്കില്‍ ആശ്രിതര്‍ക്ക് അല്ലലില്ലാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ എത്രതുകവേണം? എളുപ്പത്തില്‍ മനസില്‍ ആലോചിച്ച് പറയാവുന്ന ഒന്നല്ല ഇത്.
ഒരു വ്യക്തിയുടെ മാസ വരുമാനത്തിന്റെ 120 ഇരട്ടിയെങ്കിലും വേണം ഇന്‍ഷുറന്‍സ് കവറേജ് എന്നതാണ് സത്യം. ഇത്തരത്തില്‍ അഞ്ച് ലക്ഷം വാര്‍ഷിക വരുമാനമുള്ള ഒരാള്‍ക്ക് 50 ലക്ഷം മുതല്‍ ഒരു കോടി രൂപവരെയുള്ള ഇന്‍ഷുറന്‍സ് കവറേജ് ഉണ്ടായിരിക്കണം. പണപ്പെരുപ്പം മൂലമുള്ള ഭാവിയിലെ ജീവിതചെലവ് വര്‍ധനകൂടി കണക്കിലെടുത്തുവേണം തുക നിശ്ചയിക്കേണ്ടതെന്നത് മനസ്സില്‍ ഉണ്ടായിരിക്കണേ.
സ്വന്തമായി വീട്, വസ്തു, കുട്ടികളുടെ എണ്ണം, പങ്കാളിയുടെ വരുമാനം, കടബാധ്യതകള്‍ തുടങ്ങിയവകൂടി കണക്കിലെടുത്താകണം ഇന്‍ഷുറന്‍സ് തുക നിശ്ചയിക്കാന്‍. കൂടാതെ കടബാധ്യതകള്‍കൂടി ടേം ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തണം. ഉദാഹരണത്തിന് നിങ്ങള്‍ക്ക് 30 ലക്ഷം രൂപ ഭവനവായ്പ ഉണ്ടെന്നിരിക്കട്ടെ, വായ്പയോടൊപ്പം ഈ തുകയ്ക്കുള്ള ടേം ഇന്‍ഷുറന്‍സുകൂടി കൂടുതലായി എടുത്തിരിക്കണം. നിങ്ങളുടെ അഭാവത്തില്‍ ഈ വായ്പയുടെ ബാധ്യത കുടുംബാംഗങ്ങളുടെ ചുമലില്‍ പതിക്കാതിരിക്കാന്‍ ഇത് സഹായകരമാകും.
പോളിസി കാലാവധി എത്രയായിരിക്കണം?
സാധാരണ റിട്ടയര്‍മെന്റ് കാലം വരെയാകാം ഇത്. ഒരാള്‍ ജോലി ചെയ്യുകയും വരുമാനമുണ്ടാക്കുകയും ചെയ്യുന്ന കാലയളവ് എത്രയാണോ അതായിരിക്കണം ടേം പോളിസിയുടെയും കാലാവധിയെന്ന് ചുരുക്കം. ആശ്രിതര്‍ അപ്പോഴേയ്ക്കും സ്വയം പര്യാപ്തരാകും എന്നതുകൊണ്ടാണ് റിട്ടയര്‍മെന്റവരെയായി ഇന്‍ഷുറന്‍സ് കാലാവധി നിശ്ചയിക്കുന്നത്. അല്ലാതെ തൊഴില്‍നിന്ന് പിരിയുന്നതുമായി അതിന് ബന്ധമൊന്നുമില്ല.
ജോലിയില്‍നിന്ന് പിരിയാന്‍ 20 വര്‍ഷമാണ് അവശേഷിക്കുന്നതെങ്കില്‍ പോളിസി കാലാവധി 20 വര്‍ഷമായി നിശ്ചയിക്കുക. ഒരുകാര്യം മനസിലാക്കുകക. എത്രയും നേരത്തെ പോളിസി എടുക്കുന്നുവോ അതിനനുസരിച്ച് പ്രീമിയവും കുറവായിരിക്കും.
ഏത് പ്ലാന്‍ വേണം?
ഉയര്‍ന്ന തുകയുടെ കവറേജ് ലഭിക്കാന്‍ ടേം പ്ലാന്‍തന്നെയാണ് യോജിച്ചതെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. നിക്ഷേപം കൂടി കൂട്ടിക്കലര്‍ത്തിയുള്ള എന്‍ഡോവ്‌മെന്റ് പോളിസികളോ മണി ബാക്ക് പോളിസികളോ യുലിപ്പുകളോ വഴി ഉയര്‍ന്ന കവറേജ് ലഭിക്കണമെങ്കില്‍ പ്രീമിയം താങ്ങാന്‍ കഴിയുന്നതിലപ്പുറമാകും. കാലാവധിയും തുകയും നിശ്ചയിച്ചുകഴിഞ്ഞാല്‍ യോജിച്ച ടേം പ്ലാന്‍ തിരഞ്ഞെടുക്കാം.
30 വര്‍ഷകാലയളവില്‍ ഒരു കോടി രൂപയുടെ കവറേജ് ഏര്‍പ്പെടുത്താന്‍ വാര്‍ഷിക പ്രീമിയമായി ശരാശരി 10,000 രൂപയാണ് അടയ്‌ക്കേണ്ടിവരിക. ഈ പ്രീമിയം നിരക്കില്‍ കമ്പനികള്‍ക്കനുസരിച്ച് വ്യത്യാസപ്പെട്ടേക്കാം. കൂടുതല്‍ തുകയുടെ കവറേജ് ആവശ്യമാണെങ്കില്‍ രണ്ട് ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്നായി തുക വിഭജിച്ച് പരിരക്ഷ നേടുകയുമാകാം.
ഓണ്‍ലൈനിലൂടെ എടുക്കുന്നത് നല്ലതാണോ?
ഓണ്‍ലൈനിലൂടെ 10 ശതമാനമോ 20 ശതമാനമോ പ്രീമിയം കുറഞ്ഞ പോളിസികള്‍ ആകര്‍ഷകമായി തോന്നാമെങ്കിലും അതാകരുത് പോളിസി തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം.
നിങ്ങള്‍ക്കൊരു അസുഖമുണ്ടെങ്കില്‍ ഡോക്ടറുടെ അടുത്തു പോകുന്നതും മെഡിക്കല്‍ ഷോപ്പില്‍ നിന്നു മരുന്നു വാങ്ങുന്നതും തമ്മിലുള്ള വ്യത്യാസം അവിടെയുമുണ്ടാകും. ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ ക്ലെയിം സെറ്റില്‍മെന്റ് റേഷ്യോകൂടി കണക്കിലെടുത്തുവേണം പോളിസി തിരഞ്ഞെടുക്കാന്‍.
കമ്പനിക്ക് ലഭിച്ച മൊത്തം ക്ലെയിമുകളുടെ എത്രശതമാനം നോമിനിക്ക് അനുവദിച്ചുവെന്നാണ് ക്ലെയിം സെറ്റില്‍മെന്റ് റേഷ്യോ വ്യക്തമാക്കുന്നത്. അതൊക്കെ ഒരു ഇന്‍ഷുറന്‍സ് വിദഗ്ധന്റെയോ ബാങ്കിലെ ഇന്‍ഷുറന്‍സ് വിഭാഗത്തോട് ചോദിച്ചോ മാത്രം തെരഞ്ഞെടുക്കുക.
പോളിസിയുടമ ഇല്ലാതായാല്‍ തുക നോമിനിക്കാണ് ലഭിക്കുക. അത്കൊണ്ട് നോമിനിക്ക് പാളിസി എങ്ങനെ ക്ലെയിം ചെയ്യാം എന്നു കൂടി പറയാം.
ടേം കവര്‍ പോളിസികളില്‍ ക്ലെയിം ഉണ്ടായാല്‍ ആദ്യം വിവരം രേഖാമൂലം കമ്പനിയെ അറിയിക്കണം
കമ്പനി നല്‍കുന്ന ക്ലെയിം ഫോം പൂരിപ്പിച്ചു നല്‍കുക.
ഇതോടൊപ്പം മരിച്ചയാളിന്റെ 'മരണസര്‍ട്ടിഫിക്കറ്റ്' നല്‍കണം.
അപകടം മൂലം മരിച്ചതാണെങ്കില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കണം.
അസുഖമെങ്കില്‍ ആശുപത്രിയിലെ വിവരങ്ങള്‍.
എല്ലാ രേഖകളും പരിശോധിച്ച ശേഷം ഇന്‍ഷുറന്‍സ് കമ്പനി അവകാശിക്ക് ഇന്‍ഷുര്‍ ചെയ്ത തുക ക്ലെയിം ചെയ്ത് നല്‍കും.