Begin typing your search above and press return to search.
കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്താം; ഇതാ 5 വഴികള്‍
രാജ്യത്ത് ഏറ്റവുംകൂടുതല്‍ കടബാധ്യതയുള്ളത് മലയാളികള്‍ക്കാണെന്ന നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ സര്‍വെ റിപ്പോര്‍ട്ട് ഈ അടുത്ത കാലത്ത് പുറത്തുവന്നിരുന്നു. കൂടാതെ ക്രെഡിറ്റ് കാര്‍ഡും പേഴസണല്‍ ലോണും കടക്കെണിയിലാക്കിയവരിലും മലയാളികള്‍ തന്നെ മുന്നില്‍.
വളര്‍ന്നുവരുന്ന പ്രായത്തില്‍തന്നെ പണത്തിന്റെമൂല്യത്തെക്കുറിച്ചും ചെലവുചെയ്യലിനെക്കുറിച്ചും അവബോധം നല്‍കേണ്ടതിന്റെ ആവശ്യകതയാണ് ഇക്കാര്യങ്ങള്‍ മുന്നോട്ടുവെക്കുന്നത്. പാഠപുസ്തകങ്ങള്‍ക്ക് പുറത്തുള്ള അറിവുകള്‍ കൈമാറേണ്ടത് മാതാപിതാക്കളുടെ ചുമതലയാണ്.
1. എങ്ങനെ തുടങ്ങണം? എപ്പോള്‍ തുടങ്ങണം?
വീട്ടില്‍ നിന്നാണ് എല്ലാ ശീലങ്ങളെയും പോലെ സമ്പാദ്യശീലവും തുടങ്ങുക. കുട്ടികള്‍ക്ക് സാമ്പത്തികകാര്യങ്ങളെക്കുറിച്ച് പറഞ്ഞുകൊടുക്കാന്‍ നിശ്ചിതപ്രായമൊന്നും നിര്‍ദേശിക്കാന്‍ കഴിയില്ല. വീട്ടിലെ സാമ്പത്തികകാര്യങ്ങളില്‍ അല്‍പ്പാല്‍പമായി ഇടപെടുത്തി അതിന് തുടക്കമിടാം. കുടുംബ ബജറ്റ് തയ്യാറാക്കുമ്പോള്‍, പല ചരക്കുകടയില്‍ നിന്നു തിരികെ എത്തുമ്പോഴുള്ള ബില്ലുകള്‍ എഴുതി ഇട്ട് വരവ് ചെലവ് നോക്കുന്നത് മുതല്‍ പുറത്ത് ഷോപ്പിംഗിന് പോകുമ്പോള്‍ ഒക്കെ സാമ്പത്തിക കാര്യങ്ങള്‍ അവരോട് കൂടി പറയണം.
2. പോക്കറ്റ് മണി നല്‍കാം, സൂക്ഷിച്ച്
വീട്ടിലെ ചെറിയ ജോലികള്‍ ഏല്‍പ്പിക്കുകയും അതിന് പ്രതിഫലമായി പണംനല്‍കുകയുംചെയ്യാം. പൂന്തോട്ട പരിപാലനം, വീട് വൃത്തിയാക്കല്‍, വസ്ത്രങ്ങള്‍ ഒതുക്കിവെക്കല്‍, കാറ് കഴുകല്‍ തുടങ്ങിയവ അവരെ ഏല്‍പിക്കാം. പണത്തിന്റെ മൂല്യം മനസിലാക്കാന്‍ അധ്വാനം ഉപകരിക്കും.
3. നിക്ഷേപക്കുടുക്കകള്‍
കുട്ടികള്‍ക്ക് നല്‍കുന്ന പണം കാശുകുടുക്കയില്‍ സൂക്ഷിക്കാന്‍ ശീലിപ്പിക്കണം. രണ്ടോ മൂന്നോ മാസംകഴിയുമ്പോള്‍ കുടുക്കയില്‍നിന്ന് പണമെടുത്ത്, പലപ്പോഴായി അതില്‍ നിക്ഷേപിച്ച തുകയിലെ വളര്‍ച്ച അവരെ ബോധ്യപ്പെടുത്താം. പോക്കറ്റ് മണിയായ നല്‍കുന്ന പണത്തിലെ ഒരുഭാഗവും ഇത്തരത്തില്‍ നിക്ഷേപിക്കാന്‍ പരിശീലിപ്പിക്കാം. കുറച്ചുകൂടി വലുതാകുമ്പോള്‍ സേവിങ്സ് ബാങ്ക് അക്കൗണ്ട് തുറക്കാം. അവരുടെ ആവശ്യങ്ങള്‍ക്കായി ചെറിയതോതില്‍ ചെലവഴിക്കുകയുംചെയ്യാം.
4. സാമ്പത്തിക ലക്ഷ്യങ്ങള്‍ നിശ്ചയിക്കാന്‍ കൂടെ നില്‍ക്കാം
ഭാവിയിലേക്കുള്ള സാമ്പത്തിക ലക്ഷ്യങ്ങള്‍ നിര്‍ണയിക്കാന്‍ അവരെ സഹായിക്കാം. ചെലവാക്കാന്‍ മാത്രമുള്ളതല്ല സമ്പാദിക്കാനുമുള്ളതാണ് പണമെന്നും ബാധ്യപ്പെടുത്താം. കടംവാങ്ങിയോ ബാങ്ക് വായ്പയെടുത്തോ അല്ല സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റേണ്ടതെന്ന് പറഞ്ഞുകൊടുക്കാം. കളിപ്പാട്ടം, കോമിക് പുസ്തകം എന്നിവ വാങ്ങുന്നതായിരിക്കണം തുടക്കത്തിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍. കുറച്ചുകൂടി വലുതായാല്‍ രക്ഷിതാവിന്റെ നിയന്ത്രണത്തോടെ ഡെബിറ്റ് കാര്‍ഡ് നല്‍കാം.
5. മാതൃകയാകുക
കുടുംബത്തില്‍ കുട്ടികളുള്‍പ്പെടെയുള്ളവര്‍ സമ്പാദ്യശീലമുള്ളവരും ചെലവുചെയ്യലില്‍ മിതത്വം സൂക്ഷിക്കുന്നവരുമാകണമൈന്ന് ആഗ്രഹിക്കന്നുണ്ടെങ്കില്‍ അതിന് ഏറ്റവും മികച്ചമാര്‍ഗം അവര്‍ക്ക് മാതൃകയാകുകയെന്നതാണ്. ബുദ്ധിപൂര്‍വം ചെലവഴിക്കുന്നതും വരുമാനത്തില്‍നിന്ന് ഒരുഭാഗം നിക്ഷേപിക്കുന്നതും അവര്‍ കാണട്ടെ. പഠിപ്പിക്കുന്നതിനേക്കാള്‍ ചെയ്ത് കാണിക്കുന്നതാണ് എളുപ്പത്തില്‍ കുട്ടികളുടെ മനസില്‍ പതിയുക. കുട്ടികള്‍ ബുദ്ധിമുട്ടില്ലാതെതന്നെ ആ പാത പിന്തുരുകയുംചെയ്യും. ആവശ്യഘട്ടങ്ങളില്‍ വിദഗ്ധോപദേശം നല്‍കാം.
Next Story
Videos