ഉടനെ പണത്തിന് ആവശ്യമുണ്ടോ? ഉടനടി വായ്പയ്ക്ക് ചില വഴികളിതാ...

പണത്തിന് ആവശ്യം വരിക എപ്പോഴാണെന്ന് പറയാനാവില്ല. നിങ്ങളുടെ കൈയില്‍ ആവശ്യത്തിന് പണമില്ലെങ്കില്‍ വായ്പയെടുക്കുകയേ വഴിയുള്ളൂ. പക്ഷേ വായ്പ കിട്ടാന്‍ ദിവസങ്ങളെത്ര പിടിക്കും. ഇതാ ഇന്‍സ്റ്റന്റായി കൈയില്‍ പണം എത്തിക്കാനുള്ള ചില വഴികള്‍

1. പേഡൗണ്‍ ലോണ്‍

കുറഞ്ഞ കാലയളവിലേക്ക് കൂടിയ പലിശ നിരക്കില്‍ കിട്ടുന്ന വായ്പയാണിത്. നിമിഷ നേരം കൊണ്ട് കൈയില്‍ പണം കിട്ടും എന്നതാണ് ഇതിന്റെ ആകര്‍ഷണം. ക്രെഡിറ്റ് ബസാര്‍, ലോണ്‍ബാബ, റുപീലാന്‍ഡ് തുടങ്ങിയ ഓണ്‍ലൈന്‍ സംരംഭങ്ങളാണ് ഇത് ലഭ്യമാക്കുന്നത്. സാലറി സ്ലിപ്, ബാങ്ക് ഡീറ്റെയ്ല്‍സ്, പാന്‍കാര്‍ഡ് കോപ്പി എന്നിവ ഓണ്‍ലൈനായി നല്‍കുകയേ ഇതില്‍ ആവശ്യമുള്ളൂ. നിങ്ങളുടെ എക്കൗണ്ടില്‍ നിമിഷങ്ങള്‍ക്കകം പണമെത്തും.

2. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന്

ഹ്രസ്വകാലത്തേക്ക് ചെറിയ തുകകള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് പണം കടമായി നല്‍കുന്ന സ്ഥാപനങ്ങളുണ്ട്. കുറഞ്ഞ പലിശ നിരക്കോ അതല്ലെങ്കില്‍ പലിശരഹിതമായതോ ആകും വായ്പ. തുക ഒറ്റയടിക്ക് തിരിച്ചടക്കുന്നതിനു പകരം നിങ്ങളുടെ സാലറിയില്‍ അഡ്ജസ്റ്റ് ചെയ്യാനും തയാറാകും.

3. ക്രെഡിറ്റ് കാര്‍ഡിന്മേല്‍ വായ്പ

നിങ്ങളുടെ കൈവശം ക്രെഡിറ്റ് കാര്‍ഡ് ഉണ്ടോ, എങ്കില്‍ ഒരു വായ്പ സംഘടിപ്പിക്കാനാകും. പ്രീ അപ്രൂവ്ഡ് വായ്പകളാണ് സാധാരണ ഇങ്ങനെ ലഭിക്കുക. നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററിയും തിരിച്ചടവ് ശേഷിയും കാര്‍ഡിന്റെ ക്രെഡിറ്റ് ലിമിറ്റും ഒക്കെ പരിശോധിച്ച ശേഷമാണ് എത്ര തുക വായ്പയായി നല്‍കാം എന്നു തീരുമാനിക്കുക. നിങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പിന്‍വലിക്കാവുന്ന തുകയേക്കാള്‍ കൂടിയ തുക ഇത്തരത്തില്‍ വായ്പയായി പ്രതീക്ഷിക്കാം. വ്യക്തിഗത വായ്പയ്ക്ക് സമാനമായ പലിശ നിരക്കാണ് ഇതിനും സാധാരണ ഈടാക്കുക. മൂന്നു മാസത്തിനും രണ്ടു വര്‍ഷത്തിനും ഇടയില്‍ അടച്ചു തീര്‍ത്താല്‍ മതിയാകും.

4. മ്യൂച്വല്‍ ഫണ്ടിന്മേല്‍

നിങ്ങളുടെ മ്യൂച്വല്‍ ഫണ്ട് ഈടായി സ്വീകരിച്ച് വായ്പ നല്‍കുന്ന ബാങ്കുകളുണ്ട്. ഡെബ്റ്റ് ഫണ്ടുകളോ ഇക്വിറ്റി ഓറിയന്റഡ് ഫണ്ടുകളോ ആവട്ടെ ഇത്തരത്തില്‍ വായ്പ ലഭിക്കാം. നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററി വായ്പ അനുവദിക്കുന്നതില്‍ ഒരു മാനദണ്ഡമാകുന്നില്ല എന്നതാണ് ഇതിന്റെ നേട്ടം. പെട്ടെന്ന് തന്നെ വായ്പ അനുവദിക്കുകയും ചെയ്യും.

5. പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്മേല്‍ വായ്പ

നിങ്ങള്‍ സ്ഥിരമായി പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ (പിപിഎഫ്) നിക്ഷേപിച്ചു വരുന്നയാളാണെങ്കില്‍ നിങ്ങള്‍ക്ക് അതില്‍ നിന്ന് വായ്പ ലഭിക്കും. നിക്ഷേപത്തിന്മേല്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ രണ്ടു ശതമാനം പലിശ അധികമായി വായ്പയ്ക്ക് നല്‍കേണ്ടി വരും. എന്നിരുന്നാലും ഒരു വ്യക്തിഗത വായ്പയേക്കാള്‍ കുറഞ്ഞ പലിശ നിരക്കായിരിക്കും അത്. എന്നാല്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ വായ്പ അടച്ചു തീര്‍ത്തിരിക്കണം. അല്ലെങ്കില്‍ പലിശ ആറു ശതമാനം കൂടി ഉയരും. നിങ്ങളുടെ പിപിഎഫ് എക്കൗണ്ടില്‍ ഉള്ള ആകെ തുകയുടെ 25 ശതമാനം വരെ ഇങ്ങനെ വായ്പ ലഭിക്കും.

6. സ്വര്‍ണപ്പണയ വായ്പ

നിങ്ങളുടെ കൈവശമുള്ള സ്വര്‍ണം പണയം വെച്ച് വായ്പ നേടാമെന്നത് പുതിയ അറിവല്ല. എത്രയും പെട്ടെന്ന് വായ്പ ലഭിക്കുന്നുവെന്നതാണ് ഇതിന്റെ നേട്ടം. ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമെല്ലാം സ്വര്‍ണപ്പണയ വായ്പ നല്‍കുന്നുണ്ട്. മികച്ച പലിശ നിരക്ക് നോക്കി ഇത് പ്രയോജനപ്പെടുത്താം.
എല്ലാറ്റിലുമുപരി വായ്പയെടുക്കുന്നതിന് പകരം ഒരു എമര്‍ജന്‍സി ഫണ്ട് സ്വരൂപിച്ച് അതില്‍ നിന്ന ഫണ്ട് കണ്ടെത്തുകയാണ് വേണ്ടത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it