ക്രെഡിറ്റ് സ്‌കോര്‍ കുറവാണോ? വഴികളുണ്ട്, പേഴ്‌സണല്‍ ലോണ്‍ കിട്ടാന്‍

വ്യക്തിഗത വായ്പകള്‍ എടുക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. മക്കളുടെ വിവാഹം, വീടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍, ചികിത്സ തുടങ്ങിയ അത്യാവശ്യ കാര്യങ്ങള്‍ക്കായി പണം കണ്ടേത്തേണ്ട ആവശ്യകത, അവധിക്കാലത്ത് നടത്തുന്ന യാത്രകൾ തുടങ്ങി പല കാര്യങ്ങള്‍ക്കായാണ് ആളുകള്‍ പേഴ്‌സണല്‍ ലോണ്‍ എടുക്കാന്‍ ശ്രമിക്കാറുളളത്.
പേഴ്സണല്‍ ലോണുകള്‍ ഈട് കൂടാതെ നല്‍കുന്ന വായ്പയായതിനാൽ ബാങ്കുകള്‍ അടക്കമുളള ധനകാര്യ സ്ഥാപനങ്ങൾ ക്രെഡിറ്റ് സ്കോറിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. അപേക്ഷകന്റെ ക്രെഡിറ്റ് സ്കോർ താഴ്ന്നു നിന്നാൽ പൊതുവെ ബാങ്കുകള്‍ വായ്പ അനുവദിക്കാറില്ല.
അപേക്ഷകന്റെ തിരിച്ചടവ് സംബന്ധിച്ച വിവരങ്ങളാണ് ക്രെഡിറ്റ് സ്കോറില്‍ നിന്ന് വ്യക്തമാകുക. ഉത്തരവാദിത്തത്തോടെ തിരിച്ചടവുകൾ നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് ധനകാര്യ സ്ഥാപനങ്ങള്‍ ക്രെഡിറ്റ് സ്കോര്‍ വിലയിരുത്തുന്നത്.
700 ൽ മുകളിലുളള സ്കോർ മികച്ച ക്രെഡിറ്റ് സ്കോറായാണ് സാധാരണ പരിഗണിക്കാറുളളത്. ക്രെഡിറ്റ് സ്കോര്‍ എത്ര ഉയർന്നു നിൽക്കുന്നുവോ പേഴ്സണല്‍ ലോണ്‍ ലഭിക്കാനുളള സാധ്യതയും വളരെ കൂടുതലാണ്.
ക്രെഡിറ്റ് സ്കോര്‍ കുറവുളളവര്‍ക്ക് വായ്പ ലഭിക്കുന്നതിനുളള ചില മാര്‍ഗങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.
ഒരു കോ-ആപ്ലിക്കന്റിനെ ചേർത്ത് അപേക്ഷിക്കാം
കുടുംബാംഗങ്ങളില്‍ വരുമാനമുള്ളവരെ കോ-ആപ്ലിക്കന്റായി വായ്പാ അപേക്ഷകള്‍ നല്‍കുന്നത് പരിഗണിക്കാവുന്നതാണ്. ഇത്തരത്തിൽ സഹ അപേക്ഷരാകുന്നവര്‍ക്ക് നല്ല ക്രെഡിറ്റ് സ്കോര്‍ ആണ് ഉളളതെങ്കില്‍ ബാങ്കുകള്‍ക്ക് ക്രെഡിറ്റ് റിസ്ക് കുറയുന്നതാണ്. ഇത് വായ്പ ലഭിക്കാനുളള സാധ്യത വർധിപ്പിക്കുന്നു. പക്ഷെ സഹ അപേക്ഷകനും വായ്പാ തിരിച്ചടവിൽ തുല്യ ഉത്തരവാദിത്തമുണ്ട് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
എൻ.ബി.എഫ്.സി/ഫിൻടെക് സ്ഥാപനങ്ങളെ സമീപിക്കാവുന്നതാണ്
ചില ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും ഫിൻടെക് സ്ഥാപനങ്ങളും ക്രെഡിറ്റ് സ്കോർ കുറഞ്ഞവര്‍ക്കും
വായ്പ നല്‍കുന്നതിന് തയാറാകുന്നുണ്ട്.
ഇത്തരം സ്ഥാപനങ്ങൾ കുറച്ചു കൂടി ലളിതമായ നയങ്ങളാണ് ഉപയോക്താക്കളുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്നത്. എന്നാല്‍ ബാങ്കുകൾ ഈടാക്കുന്ന പലിശയേക്കാൾ ഉയർന്ന നിരക്കുകളായിരിക്കും ഇവിടെ ഈടാക്കുക എന്ന കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ബാങ്കിൽ വായ്പാ അപേക്ഷ നൽകിയ ശേഷം, അത് നിരസിക്കപ്പെട്ടാൽ നിങ്ങളുടെ സിബിൽ സ്കോർ താഴുന്നതിന് ഇടയാക്കുമെന്നും അറിഞ്ഞിരിക്കേണ്ടതാണ്.
ചെറിയ വായ്പകൾക്ക് ശ്രമിക്കാവുന്നതാണ്
കുറഞ്ഞ ക്രെഡിറ്റ് സ്കോറുള്ളവർക്ക് വായ്പ നൽകാൻ ബാങ്കുകള്‍ തയാറാകാത്തത് കാരണം തൽക്കാലികമായി ചെറിയ വായ്പകൾക്ക് അപേക്ഷിക്കാവുന്നതാണ്. തിരിച്ചടവ് ഇതു മൂലം എളുപ്പമാകുകയും അതിലൂടെ ക്രെഡിറ്റ് സ്കോർ ഉയരാൻ സഹായിക്കുകയും ചെയ്യും. തുടര്‍ന്ന് മികച്ച ക്രെഡിറ്റ് സ്കോറിലേക്കെത്തിയ ശേഷം വലിയ വായ്പകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
ഈട് നല്‍കിയുളള വായ്പ പരിഗണിക്കാവുന്നതാണ്
ചില ധനകാര്യ സ്ഥാപനങ്ങൾ ഈട് സ്വീകരിച്ച് വ്യക്തിഗത വായ്പകൾ അനുവദിക്കുന്നുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുറഞ്ഞ ക്രെഡിറ്റ് സ്കോർ പരിഗണിക്കാറില്ല. അടിയന്തിരമായി ഫണ്ട് ആവശ്യമുള്ളവർക്ക് ഇത് പരിഗണിക്കാം. സ്വർണം, വസ്തു, സെക്യൂരിറ്റീകൾ തുടങ്ങിയവ പണയമായി നൽകാം. ഇവിടെ ഈട് ലഭിക്കുന്നതിനാൽ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വായ്പ നൽകുന്നതിലെ റിസ്ക് കുറവായിരിക്കും. അതിനാൽ ലോൺ ലഭിക്കാൻ സാധ്യത കൂടുതലാണ്. ഇതു കൂടാതെ, ഒരു ഗ്യാരണ്ടറെ നൽകിയും കുറഞ്ഞ ക്രെഡിറ്റ് സ്കോറുള്ളവർക്ക് വായ്പ നേടാന്‍ ശ്രമിക്കാം.
Related Articles
Next Story
Videos
Share it