സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ക്രെഡിറ്റ് കാര്‍ഡിന്റെ കടം വീട്ടാം; വഴികളിതാ

ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക അധികമായാല്‍ ഒന്നുകില്‍ ബില്‍ തുക ഇഎംഐ ആക്കി മറ്റുകയോ അതല്ലെങ്കില്‍ നിശ്ചിത തുക അടയ്ക്കുകയും ശേഷിക്കുന്ന തുക തുടര്‍ന്നുള്ള ബില്ലിംഗിലേയ്ക്ക് മാറ്റുകയോ ആണ് ചെയ്യുക. എന്നാല്‍ ഇത് രണ്ടും അത്ര പ്രായോഗിക പരിഹാര മാര്‍ഗങ്ങളല്ല. കാരണം ക്രെഡിറ്റ് കാര്‍ഡിന്റെ പലിശ നിരക്ക് ഉയര്‍ന്നതാണെന്നതിനാല്‍ തലയൂരാന്‍ കഴിയാത്ത കടക്കെണിയിലേക്ക് അവ നിങ്ങളെ വീഴ്ത്തിയേക്കാം. ക്രെഡിറ്റ് സ്‌കോറിനെയും ഇത് ബാധിക്കും. അതിനാല്‍ മറ്റ് വായ്പാ അവസരങ്ങള്‍ പ്രയോജനപ്പെടുത്തി നിലവിലുള്ള ക്രെഡിറ്റ് കാര്‍ഡ് ബാധ്യതയെ ഒഴിവാക്കാനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ നോക്കുകയാണ് ഉചിതം. നിങ്ങള്‍ക്ക് അപകടം കുറഞ്ഞ ചില പ്രശ്‌നപരിഹാര മാര്‍ഗങ്ങളാണ് ഇവിടെ പറയുന്നത്.

ഇഎംഐ
ക്രഡിറ്റ് കാര്‍ഡ് ബാധ്യത കുറയ്ക്കുന്നതിന് തിരഞ്ഞെടുക്കാവുന്ന ഏറ്റവും എളുപ്പമുള്ള വഴികളില്‍ ഒന്നാണ് ക്രഡിറ്റ് കാര്‍ഡ് ഇഎംഐ ഓഫറുകള്‍ . എന്നാല്‍, നിരക്കുകള്‍ 15 മുതല്‍ 22 ശതമാനം വരെയാണ് . കൂടാതെ ഉയര്‍ന്ന പ്രീപേയ്മെന്റ് ചെലവ് പോലുള്ള മറ്റ് നിയന്ത്രണങ്ങളും ഉണ്ടാകാം. ബാധ്യത കുറയ്ക്കുന്നതിന് ഏറ്റവും കുറഞ്ഞ പലിശ നിരക്കും ഏറ്റവും കൂടുതല്‍ പലിശ രഹിത കാലയളവും വാഗ്ദാനം ചെയ്യുന്ന ക്രഡിറ്റ് കാര്‍ഡിലേക്ക് നിങ്ങളുടെ ശേഷിക്കുന്ന കുടിശ്ശിക മാറ്റാം. അതല്ലെങ്കില്‍ കുടിശ്ശിക ഇഎംഐയാക്കാം. എന്നാല്‍, സ്ഥിര നിക്ഷേപം, ഇന്‍ഷൂറന്‍സ് , ആസ്തി, സ്വര്‍ണ്ണം എന്നിവ ഈടായി നല്‍കി കുറഞ്ഞ പലിശ നിരക്കിലും താങ്ങാവുന്ന ഇഎംഐയിലും നിങ്ങള്‍ക്ക് വ്യക്തിഗത വായ്പ നേടാന്‍ കഴിയുമെങ്കില്‍ നിങ്ങളുടെ കടം വീട്ടാനുള്ള ഏറ്റവും മികച്ച വഴി ഇതായിരിക്കും. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ക്രഡിറ്റ് കാര്‍ഡ് ഇഷ്യു ചെയ്ത ബാങ്കില്‍ നിന്നും ഇഎംഐ ഓപ്ഷന്‍ ലഭിക്കാതിരിക്കാനുള്ള സാധ്യതയും ഇപ്പോള്‍ ഉണ്ട്. ഇഎംഐ സൗകര്യം ലഭിക്കുകയാണെങ്കില്‍ തന്നെ ചിലപ്പോള്‍ കുറഞ്ഞ കാലയളവിലേക്ക് മാത്രമായിരിക്കും . മാത്രമല്ല ഉപഭോക്താവിന്റെ തിരിച്ചടവ് ചരിത്രം അനുസരിച്ച് പലിശ നിരക്കുകള്‍ ഉയര്‍ന്നേക്കാം.
ഭവന വായ്പ ടോപ് അപ്
നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡിന്റെ കടബാധ്യത കുറയ്്ക്കുന്നതിനായി നിലവിലെ ഭവന വായ്്പയില്‍ ഒരു ടോപ് അപ് വായ്പ തിരഞ്ഞെടുക്കാം. പക്ഷേ ഭവന വായ്പകള്‍ക്ക് അനുവദിച്ചു കിട്ടാന്‍ സമയം എടുക്കും. മാത്രമല്ല കുറഞ്ഞ പലിശ നിരക്കിലാണ് ടോപ് അപ് വായ്പ എടുക്കുന്നതെങ്കിലും നീണ്ട കാലയളവ് വലിയ പലിശ അടയ്ക്കലിന് കാരണമാകും. അതിനാല്‍, ഒരു വര്‍ഷത്തിനുള്ളില്‍ തിരിച്ചടച്ച് കുടിശ്ശിക തീര്‍ക്കാന്‍ ശ്രമിക്കണം. പലിശ ലാഭിക്കാന്‍ ഇത് സഹായിക്കും. ഈ വായ്പകള്‍ നിലവില്‍ ഭവന വായ്പ ഇഎംഐ അടയ്ക്കുന്നവര്‍ക്ക് മാത്രമെ ലഭ്യമാകൂ.
ക്യാഷ്ബാക്ക്, റിവാര്‍ഡ് പോയിന്റുകള്‍
ചില ബാങ്കുകള്‍ നിങ്ങളുടെ റിവാര്‍ഡ് പോയിന്റുകള്‍ ഉപയോഗിച്ച് ക്രഡിറ്റ് കാര്‍ഡ് ബില്ലുകള്‍ അടയ്ക്കാന്‍ അനുവദിക്കും. ബാങ്ക് ക്രഡിറ്റ് കാര്‍ഡ് ബില്‍ തയ്യാറാക്കുന്നതിന് മുമ്പായി നിങ്ങളുടെ റിവാര്‍ഡ് പോയിന്റുകള്‍ റിഡീം ചെയ്യുക. അതുപോലെ ക്യാഷ് ബാക്ക് പോയിന്റുകള്‍ ഉണ്ടെങ്കില്‍ ക്രഡിറ്റ് കാര്‍ഡ് ബില്‍ അടയ്ക്കാന്‍ ഇതും ഉപയോഗിക്കാം.
ആപ്പ് അധിഷ്ഠിത വായ്പകള്‍
ഫിനാന്‍ഷ്യല്‍ ടെക്നോളജി കമ്പനികള്‍ ലഭ്യമാക്കുന്ന വായ്പകള്‍ എടുക്കുകയാണ് മറ്റൊരു വഴി. എന്നാല്‍ സുരക്ഷിത ആപ്പുകള്‍ മാത്രം ഉപയോഗിക്കുക. മുന്‍കാല വായ്പ ചരിത്രം ഇല്ലാത്തവര്‍ക്കോ 20,000 രൂപ വരെ പ്രതിമാസ ശമ്പളം ഉള്ളവര്‍ക്കോ ആപ്പ് അധിഷ്ഠിത വായ്പകള്‍ തെരഞ്ഞെടുക്കാം. മറ്റുള്ളവര്‍ക്ക് ആപ്പ് അധിഷ്ഠത വായ്പകളേക്കാള്‍ മികച്ച വ്യക്തിഗത വായ്പ ഓഫറുകള്‍ ബാങ്കുകലിലൂടെയും മറ്റ് ധനകാര്യസ്ഥാപനങ്ങളിലൂടെയും ലഭ്യമാകും.
ആപ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ തന്നെ ഫോണിലുള്ള വിവരങ്ങള്‍ അപ്പാടെ ഉപയോഗിക്കാന്‍ അനുവാദം കൊടുക്കരുത്. ഏതു ബാങ്ക് അല്ലെങ്കില്‍ ധനകാര്യസ്ഥാപനമാണ് വായ്പ ലഭ്യമാക്കുന്നതെന്നു വ്യക്തമല്ലെങ്കില്‍ വായ്പ വാങ്ങരുത്. ദിവസക്കണക്കിനോ മാസക്കണക്കിനോ പറയുന്ന പലിശ നിരക്കുകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ എത്ര വരുമെന്നു മുന്‍കൂട്ടി മനസ്സിലാക്കണം. കഴിവതും മറ്റ് മാര്‍ഗങ്ങളുണ്ടെങ്കില്‍ ആപ്പ് അധിഷ്ഠിത വായ്പകള്‍ ഒഴിവാക്കുന്നതാണ് ഉചിതം.
നിക്ഷേപങ്ങളില്‍ നിന്നുള്ള വായ്പ
ടോപ് അപ് വായ്പകളും വ്യക്തിഗത വായ്പകളും ഇഎംഐ കൃത്യമായി അടയ്ക്കാന്‍ വരുമാനമുള്ളവര്‍ക്കേ ഉപകരിക്കൂ. ബിസിനസുകാര്‍ക്ക് കൂടുതലും നിക്ഷേപങ്ങളില്‍ നിന്നും വായ്പ എടുക്കുന്നതിനെ കുറിച്ച് ചിന്തിക്കാം. ക്രഡിറ്റ് കാര്‍ഡിന്റെ കട ബാധ്യത കുറയ്ക്കുന്നതിനായി നിലവിലുള്ള സ്ഥിര നിക്ഷേപങ്ങള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികള്‍, സ്വര്‍ണം എന്നിവ ഈടായി നല്‍കി വായ്പ എടുക്കാം. ഓഹരി വിപണിയുടെ പ്രകടനം മികച്ചതാണെങ്കില്‍ ഓഹരി നിക്ഷേപങ്ങളുടെ ലാഭം എടുത്തും മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളുടെ കുറച്ച് യൂണിറ്റുകള്‍ വിറ്റും ക്രഡിറ്റ് കാര്‍ഡ് കുടിശ്ശിക അടയ്ക്കുന്നതിനെ കുറിച്ച് ചിന്തിക്കാം. ഇന്‍ഷൂറന്‍സ് സ്‌കീമുകളില്‍ നിന്നും ഭാഗികമായി പിന്‍വലിക്കാന്‍ അനുവദിക്കുമെങ്കില്‍ അതും പരിഗണിക്കാം. കാരണം ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ ആണ് മുന്‍ഗണനാ ക്രമത്തില്‍ വീട്ടേണ്ട കടബാധ്യത എന്നത് ഓര്‍ക്കണം.
എന്നാല്‍ നിലവിലെ കുടിശ്ശിക തിരിച്ചടയ്ക്കുന്നതിനായി വായ്പ എടുക്കുന്നതിനാല്‍ തന്നെ. പലിശ നിരക്ക്, പ്രീ-പേമെന്റ് നിബന്ധനകള്‍, മറ്റ് ചെലവുകള്‍ എന്നിവ മനസിലാക്കി തീരുമാനം എടുക്കുക. സ്വന്തം വരുമാന സ്രോതസ്സുകള്‍ അറിഞ്ഞുമാത്രം വായ്പകളും ചെലവുകളും ക്രമീകരിക്കുക.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it