ക്രെഡിറ്റ് ലിമിറ്റ് ഉയര്‍ത്താന്‍ ഇപ്പോള്‍ തന്നെ ചെയ്യേണ്ട 5 കാര്യങ്ങള്‍

ഹൗസിംഗ് ലോണോ (Housing Loan) കാര്‍ ലോണോ (Car Loan) എടുക്കണമെങ്കില്‍. അല്ലെങ്കില്‍ ഒരു വിദേശ വിസ ലഭിക്കാനോ പോലും ഇന്ന് ക്രെഡിറ്റ് സ്‌കോര്‍ (Credit Score) ഏറെ പ്രധാനമാണ്. എന്നാല്‍ കോവിഡിന് ശേഷം വരുമാന അസ്ഥിരത മൂലവും കുറഞ്ഞ അക്കൗണ്ട് തുക മൂലവും പലര്‍ക്കും ക്രെഡിറ്റ് സ്‌കോര്‍ താഴ്ന്ന നിലയിലാണ് തുടരുന്നത്. നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറാണ് ക്രെഡിറ്റ് പരിധി നിശ്ചയിക്കുന്നതിലുള്ള പ്രധാന മാനദണ്ഡം. ക്രെഡിറ്റ് ലിമിറ്റ് ഉയര്‍ത്താന്‍ എന്തുചെയ്യണം?

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം
ക്രെഡിറ്റ് കാര്‍ഡ് (Credit Card) ഉള്ളവരാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോഴുള്ള പെര്‍ഫോമന്‍സാണ് ക്രെഡിറ്റ് സ്‌കോര്‍ നിശ്ചയിക്കുന്നത്. നിങ്ങളുടെ പ്രതിമാസ തവണകള്‍ അടയ്ക്കുന്നതില്‍ നിങ്ങള്‍ ഒരിക്കലും വീഴ്ച വരുത്തിയിട്ടില്ലെങ്കില്‍, ഉയര്‍ന്ന ക്രെഡിറ്റ് പരിധി നേടുന്നത് എളുപ്പമായിരിക്കും. അതിനാല്‍, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തുന്നതില്‍ നിങ്ങള്‍ ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കണം. പ്രതിമാസ ബില്ലുകള്‍ അടയ്ക്കാന്‍ നിങ്ങള്‍ക്ക് കാര്‍ഡ് ഉപയോഗിക്കാം. അങ്ങനെ കാര്‍ഡ് ഉപയോഗത്തിലൂടെ കാര്‍ഡ് ഉപയോഗിക്കുന്നുണ്ടെന്നും ഉയര്‍ന്ന പരിധി ആവശ്യമാണെന്നും ക്രെഡിറ്റ് കാര്‍ഡ് ബ്യൂറോ വിലയിരുത്തും.
നിങ്ങളുടെ ക്രെഡിറ്റ് പരിധി വര്‍ദ്ധിപ്പിക്കാന്‍ ക്രെഡിറ്റ് ബ്യൂറോയെ ബോധ്യപ്പെടുത്തുന്ന കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. നിങ്ങള്‍ ആദ്യം ക്രെഡിറ്റ് കുടിശ്ശിക അടയ്ക്കേണ്ടത് പരമപ്രധാനമാണ്. മുന്നോട്ട് കൊണ്ടുപോകുന്ന മുന്‍ മാസത്തെ കുടിശ്ശിക എന്തെങ്കിലും നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ അത് ആദ്യം ക്ലിയര്‍ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക.
പുതിയ കാര്‍ഡിന് അപേക്ഷിക്കുക
നിങ്ങളുടെ നിലവിലുള്ള കാര്‍ഡിനേക്കാള്‍ ഉയര്‍ന്ന ക്രെഡിറ്റ് ലിമിറ്റ് ഉള്ള ഒരു പുതിയ കാര്‍ഡിന് അപേക്ഷിക്കുക എന്നതാണ് ക്രെഡിറ്റ് കാര്‍ഡ് പരിധി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും എളുപ്പ മാര്‍ഗം. നിങ്ങളുടെ പേയ്‌മെന്റുകളില്‍ നിങ്ങള്‍ അച്ചടക്കം പാലിച്ചിട്ടുണ്ടെങ്കില്‍, ഉയര്‍ന്ന ക്രെഡിറ്റ് പരിധിയുള്ള ഒരു കാര്‍ഡ് നിങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭിക്കും.
ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോ
ക്രെഡിറ്റ് ലിമിറ്റിലുള്ള തുക പൂര്‍ണമായും ഉപയോഗിക്കാതിരിക്കുക. ഈ ക്രെഡിറ്റ് പരിധി ഉപയോഗിക്കുന്നതിനെ അളക്കുന്നതിനെയാണ് ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോ എന്ന് പറയുന്നത്. ഈ റേഷ്യോ 30 ശതമാനത്തില്‍ താഴെയായിരിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നമുക്ക് ക്രെഡിറ്റ് പരിധി ഉയര്‍ത്തിക്കിട്ടാന്‍ ഇത് നല്ലൊരു മാര്‍ഗമാണ്. ഒന്ന് ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോ കുറയ്ക്കുക.ബില്ലുകളൊക്കെ കൃത്യമായി മാനേജ് ചെയ്യുന്നതും അടക്കുന്നതും ഈ റേഷ്യോ കുറയാന്‍ സഹായിക്കും. അതുവഴി ക്രെഡിറ്റ് സ്‌കോര്‍ ഉയരുകയും പരിധി കൂട്ടിക്കിട്ടുകയും ചെയ്യും.
വരുമാനം വര്‍ധിച്ചതിന്റെ തെളിവ്
ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ ക്രെഡിറ്റ് പരിധി നിശ്ചയിക്കുമ്പോള്‍ പരിഗണിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം വരുമാന സാധ്യതയും കുടിശ്ശിക കൃത്യസമയത്ത് തിരിച്ചടക്കാനുള്ള കഴിവുമാണ്. അതിനാല്‍, നിങ്ങളുടെ ശമ്പളത്തില്‍ വര്‍ദ്ധനവ് ലഭിക്കുകയാണെങ്കില്‍ അല്ലെങ്കില്‍ നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു ബദല്‍ മാര്‍ഗം നിങ്ങള്‍ കണ്ടെത്തിയാല്‍, ക്രെഡിറ്റ് കമ്പനിക്ക് അതിന്റെ തെളിവ് സമര്‍പ്പിക്കുകയും ക്രെഡിറ്റ് പരിധി വര്‍ദ്ധിപ്പിക്കുകയും ചെയ്യുക.
സാമ്പത്തിക ബാധ്യതകള്‍ കുറയ്ക്കുക
ക്രെഡിറ്റ് കാര്‍ഡ് പരിധി വര്‍ധിപ്പിക്കാന്‍ നിങ്ങള്‍ അഭ്യര്‍ത്ഥിക്കുമ്പോള്‍, ബാങ്കുകളോ ക്രെഡിറ്റ് കാര്‍ഡ് കമ്പനിയോ നിങ്ങള്‍ക്ക് ഇതിനകം ഉള്ള കടത്തിന്റെ അളവ് തീര്‍ച്ചയായും പരിഗണിക്കും. ഇതില്‍ ഹോം ലോണ്‍ ഇഎംഐകള്‍, മറ്റ് ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍, പേഴ്സണല്‍ ലോണ്‍ മുതലായവ ഉള്‍പ്പെടുന്നു. നിങ്ങള്‍ക്ക് വളരെയധികം ബാധ്യതകളുണ്ടെങ്കില്‍, ആദ്യം അവ കുറയ്ക്കുകയും ക്രെഡിറ്റ് പരിധി വര്‍ദ്ധിപ്പിക്കാന്‍ ആവശ്യപ്പെടുന്നതിന് മുമ്പ് നിങ്ങള്‍ എല്ലാ മാസവും അടയ്ക്കുന്ന നിശ്ചിത കുടിശ്ശിക ഒഴിവാക്കുകയും ചെയ്യുന്നതാണ് ഉചിതം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it