

കടമില്ലാതെ ചെലവുകള്‍ ക്രമീകരിച്ച് എങ്ങനെയെങ്കിലും മുന്നോട്ട് പോകണമെന്നു കരുതുമ്പോഴാണ് കോവിഡ് പോലുള്ള മഹാമാരി തേടിയെത്തിയത്. ബിസിനസും ജീവിതവുമെല്ലാം ആടിയുലഞ്ഞു. കണക്കെഴുതാന്‍ പോയിട്ട് നീക്കിയിരിപ്പ് പോലുമില്ലാതെയായി പലര്‍ക്കും. എന്നാല്‍ കണക്കെഴുത്ത് എന്ന് പറയുന്നത് ഓരോ മാസത്തെ ആവശ്യങ്ങളും അത്യാവശ്യങ്ങളും അനാവശ്യങ്ങളും അതത് മാസത്തെ സാഹചര്യങ്ങള്‍ മുന്നില്‍ കണ്ട് നിശ്ചയിച്ച് എഴുതി ഇടുക എന്നതാണ്. അതിനൊപ്പം വരുമാനവും ചെലവുകളും.
എങ്ങനെയാണ് കണക്കെഴുതേണ്ടത് എന്ന് നോക്കാം. ഇവിടെ വാരന്‍ ബഫറ്റിന്റെ ഫോര്‍മുല നോക്കാം, വരുമാനം - ചെലവ് = സമ്പാദ്യം എന്ന ഫോര്‍മുല മാറ്റി വരുമാനം - സമ്പാദ്യം = ചെലവ് എന്ന ലളിതമായി മാറ്റിയാല്‍ കടക്കെണിയും കൈയില്‍ കാശില്ലാത്ത അവസ്ഥയും ഒരു പരിധി വരെ ഒഴിവാക്കാന്‍ പറ്റും. പിന്നീട് അടയ്‌ക്കേണ്ട ബില്ലുകള്‍, മറ്റ് ചെലവുകള്‍ എന്നിവയ്ക്കായി തുക മാറ്റി വെയ്ക്കുക. ഇനിയും കൈയില്‍ ബാക്കി തുകയുണ്ടെങ്കില്‍ മാത്രം അടിച്ചുപൊളിക്കാം.
മാസവരുമാനത്തിന്റെ എത്ര ശതമാനം സമ്പാദിക്കണമെന്ന സംശയമുണ്ടാകാം. എന്തായാലും പത്തുശതമാനമെങ്കിലും മാറ്റിവെയ്ക്കണമെന്നാണ് പേഴ്സണല്‍ ഫിനാന്‍സ് രംഗത്തുള്ളവര്‍ പറയുന്നത്. പിന്നീട് ഇത് കൂട്ടിക്കൂട്ടി കൊണ്ടുവരാം.
കുടുംബ ബജറ്റിന്റെ കാര്യത്തില്‍ പേഴ്സണല്‍ ഫിനാന്‍സ് വിദഗ്ധര്‍ പറയുന്ന മറ്റൊരു റൂളുണ്ട്. 20 നാണ് ആദ്യപ്രാധാന്യം. ഈ 20 ശതമാനം സമ്പാദ്യത്തിനാണ്. 50:30:20. എന്നുവെച്ചാല്‍ മാസവരുമാനത്തിന്റെ 50 ശതമാനം ജീവിതത്തിലെ അത്യാവശ്യ ചെലവുകള്‍ക്ക്. 30 ശതമാനം ആവശ്യചെലവുകള്‍ക്ക്. ചില വിദഗ്ധര്‍ പറയുന്നത് 30-30-40 എന്നതാണ്.
ബിസിനസിലെപോലെ തന്നെ കടക്കെണിയില്‍ വീഴാതെ ചെലവുകള്‍ ക്രമീകരിക്കാന്‍ വ്യക്തികള്‍ക്കും പിന്തുടരാന്‍ പറ്റുന്ന രീതിയാണിത്. കഴിഞ്ഞ മാസം ചില ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ പതിനായിരം രൂപ ചെലവായി എന്നുവെച്ച് ഈ മാസവും അതിനായി അത്രയും തുക നീക്കിവെയ്ക്കരുത്. എന്തുതന്നെയായാലും മാസാവസാനം കൈയില്‍ പൈസയില്ലാതെ ജീവിക്കുന്ന സാഹചര്യം ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെയാകണം നിങ്ങളുടെ പ്രതിമാസ വരവ് ചെലവുകള്‍ ക്രമീകരിക്കേണ്ടത്.
നിലവില്‍ ലോണുകളുണ്ടെങ്കില്‍ അവ വീട്ടാന്‍ പുതിയൊരു ലോണ്‍ എടുക്കുന്നത് അത്ര നല്ല കാര്യമല്ല. രാജ്യത്ത് 21.9 ശതമാനം പേരും ഇത്തരത്തില്‍ ലോണ്‍ എടുത്തിട്ടുള്ളവരാണ്. എന്നാല്‍ പലിശ കുറയാനായി മറ്റൊരു ബാങ്കിന്റെ റീഫിനാന്‍സിങ് സൗകര്യം നേടുന്നതില്‍ തെറ്റില്ല. ക്രെഡിറ്റ് കാര്‍ഡ്, പേഴ്‌സണല്‍വായ്പ, സ്വര്‍ണം,വാഹനം, ഭവന വായ്പാ എന്നിങ്ങനെ ഓരോ വായ്പയും അടയ്ക്കാനുള്ളതും. അടച്ച് തീര്‍ത്തതും ഓരോ മാസവും കുറിച്ച് വയ്ക്കണം.
ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് മുടങ്ങുക എന്നതൊരു മുന്നറിയിപ്പാണ്. റീപേയ്മെന്റ് മുഴുവനായി ചെയ്യാത്തവരാണ് കൂടുതല്‍ പേരും. 21 ശതമാനം പേരും പേയ്‌മെന്റ് മുടക്കുകയോ മിനിമം തുക അടച്ച് മാസം തള്ളിനീക്കുകയോ ചെയ്യാറുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine