Begin typing your search above and press return to search.
മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
കേരളത്തില്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം മുന്‍ കാലത്തേക്കാള്‍ കൂടുന്നുണ്ടെങ്കിലും ഇപ്പോഴും ഗണ്യമായ വര്‍ധന ഇക്കാര്യത്തിലുണ്ടായിട്ടില്ല. മൂന്നരക്കോടി മലയാളികളില്‍ 10 ലക്ഷം പേരാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍. ഇപ്പോഴും ബാങ്ക് സ്ഥിര നിക്ഷേപം, റിക്കറിംഗ് ഡെപ്പൊസിറ്റ്, ചിട്ടി എന്നിവയൊക്കെ തന്നെയാണ് ഏറെ പഥ്യം. കേരളത്തില്‍ ബാങ്ക് സ്ഥിര നിക്ഷേപമായി 7.6 ലക്ഷം കോടി രൂപയോളമുണ്ട്.
എന്നാല്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം 72,000 കോടി രൂപയ്ക്കടുത്തേയുള്ളൂ. അതായത് പത്ത് ശതമാനത്തില്‍ താഴെ മാത്രം. മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തെ കുറിച്ച് കൃത്യമായ ധാരണ നല്‍കാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടക്കുന്നുണ്ടെങ്കിലും ജനങ്ങള്‍ക്കിടയില്‍ ഇപ്പോഴും ഏറെ തെറ്റിദ്ധാരണകളുണ്ട്. റിസ്‌ക് കൂടുതലാണ് എന്നതാണ് ഇതില്‍ പ്രധാനപ്പെട്ട ഒന്ന്. മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തന്നെ ഇതിനായി ആരെ സമീപിക്കണം, എന്ത് ചെയ്യണം എന്നതും അറിയില്ല. ഏത് ഫണ്ടില്‍ എങ്ങനെ നിക്ഷേപിക്കണമെന്നതും സാധാരണക്കാര്‍ക്ക് അറിയണമെന്നില്ല.
നേട്ടം ഡെറ്റ് ഫണ്ടില്‍
ഓഹരി വിപണിയിലും കടപ്പത്രങ്ങളിലും മറ്റ് ആസ്തികളിലും എല്ലാം നിക്ഷേപം നടത്തുന്ന മ്യൂച്വല്‍ ഫണ്ടുകളുണ്ട്. വീട്, വാഹനം, മക്കളുടെ വിദ്യാഭ്യാസം എന്നിങ്ങനെയുള്ള സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി 3/5/10 വര്‍ഷത്തെ കാലയളവുകള്‍ മുന്നില്‍ വെച്ചുകൊണ്ട് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്താം. അതായത് ദീര്‍ഘകാല നിക്ഷേപമെന്ന നിലയില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളെ കാണാം.
അതേസമയം കടപ്പത്രങ്ങള്‍, സര്‍ക്കാര്‍ ബോണ്ടുകള്‍ എന്നിവയില്‍ നിക്ഷേപം നടത്തുന്ന ഡെറ്റ് ഫണ്ടുകള്‍ ഹ്രസ്വകാല നിക്ഷേപത്തിന് അനുയോജ്യമാണ്.അതായത് എമര്‍ജന്‍സി ഫണ്ട് സൂക്ഷിക്കാനായി ഡെറ്റ് ഫണ്ടുകളെ പരിഗണിക്കാം.
അപ്രതീക്ഷിതമായി ജോലി പോയാലോ വരുമാനം നിലച്ചാലോ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടാതിരിക്കാന്‍ പ്രതിമാസ വരുമാനത്തിന്റെ ആറ് മടങ്ങ് എമര്‍ജന്‍സി ഫണ്ടായി കരുതണം. ഈ തുക സേവിംഗ്സ് അക്കൗണ്ടില്‍ സൂക്ഷിച്ചാല്‍ 3-3.5 ശതമാനം പലിശയൊക്കെയേ ലഭിക്കുകയുള്ളൂ. എന്നാല്‍ ഇത് ഡെറ്റ് ഫണ്ടില്‍ നിക്ഷേപം നടത്തിയാല്‍ 7-8 ശതമാനം പലിശ ലഭിക്കും. ഹ്രസ്വകാല സ്ഥിര നിക്ഷേപത്തേക്കാള്‍ കൂടുതല്‍ നേട്ടം ഡെറ്റ് ഫണ്ടുകളില്‍ നിന്നുണ്ടാകും.
നിക്ഷേപകര്‍ എന്ത് ശ്രദ്ധിക്കണം?
$ ഫണ്ടുകളുടെ കഴിഞ്ഞകാല പ്രകടനം പരിഗണിച്ച് നിക്ഷേപ തീരുമാനമെടുക്കരുത്. ഉദാഹരണത്തിന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്മോള്‍ ക്യാപ് ഓഹരികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. പക്ഷേ ഇനി വരും നാളുകളില്‍ അത് ആവര്‍ത്തിക്കണമെന്നില്ല. അതുകൊണ്ട് സാമ്പത്തിക ലക്ഷ്യങ്ങള്‍ മുന്നില്‍ വെച്ചാകണം ഫണ്ടുകള്‍ തിരഞ്ഞെടുക്കേണ്ടത്. സാധാരണ നിക്ഷേപകര്‍ക്ക് അതിനുള്ള വൈദഗ്ധ്യമുണ്ടാവണമെന്നില്ല. അങ്ങനെയെങ്കില്‍ ഒരു ഫിനാന്‍ഷ്യല്‍ അഡൈ്വസറുടെ സേവനം ഇതിനായി തേടണം.
$ എല്ലാ മുട്ടകളും ഒരു കുട്ടയില്‍ ഇടരുതെന്ന പഴമൊഴി മറക്കരുത്. വലിയ നേട്ടം പ്രതീക്ഷിച്ച് വന്‍തോതില്‍ ഇക്വിറ്റി ഫണ്ടില്‍ നിക്ഷേപിക്കരുത്. കേരളത്തിലെ 72,000 കോടി രൂപയുള്ള മൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ 80-82 ശതമാനം ഇക്വിറ്റി ഫണ്ടുകളിലാണ്. എന്നാല്‍ ബംഗളൂരു പോലുള്ള പട്ടണങ്ങളിലെ കണക്ക് നോക്കിയാല്‍ 50 ശതമാനമാണ് ഇക്വിറ്റി ഫണ്ടുകളിലുള്ള നിക്ഷേപം.
റിസ്‌ക് മാനേജ് ചെയ്യാനും എല്ലാ അസറ്റ് ക്ലാസുകളിലെയും നേട്ട സാധ്യത മുതലെടുക്കാനും സഹായിക്കുന്ന ഫണ്ടുകളില്‍ നിക്ഷേപമാകാം. ഇതിനായി മള്‍ട്ടി അസറ്റ് കാറ്റഗറി ഫണ്ടുകളും ഹൈബ്രിഡ് ഫണ്ടുകളും ലഭ്യമാണ്.
Next Story