ആവുന്നത്ര സമ്പാദിക്കാം, മുപ്പതാം വയസിൽ റിട്ടയർ ചെയ്യാം!
ചുരുങ്ങിയത് ഒരു പത്തു ലക്ഷം രൂപയെങ്കിലും ബാങ്ക് എക്കൗണ്ടിൽ ഇട്ട് മുപ്പതാമത്തെ വയസിൽ റിട്ടയർ ചെയ്ത് ബാക്കിയുള്ള ജീവിതം ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ചെയ്ത് ആസ്വദിച്ച് ജീവിച്ച് തീർക്കാം. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്നൊക്കെ ചിന്തിക്കാൻ വരട്ടെ.
വിദേശരാജ്യങ്ങളിൽ പലരും നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഒരു ആശയമാണിത്. ഇന്ത്യയിലെ മിലേനിയെലുകൾക്ക് (1980-90 കളുടെ കാലഘട്ടത്തിൽ ജനിച്ചവർ) ഇടയിലും ഇതൊരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ്.
ഫയർ മൂവ്മെന്റ്
ഉയരുന്ന വരുമാനത്തോടൊപ്പം വളരുന്ന ജോലിഭാരവും സമ്മർദ്ദവും വ്യക്തി ജീവിതത്തിന്റെ നിറം കെടുത്തി തുടങ്ങിയപ്പോഴാണ് ഇത്തരമൊരു ആശയം രൂപപ്പെട്ടത്. ഫിനാൻഷ്യൽ ഇൻഡിപെൻഡൻസ്-റിട്ടയർ ഏർലി അഥവാ ഫയർ (FI-RE) എന്നാണ് ഈ മൂവ്മെന്റ് അറിയപ്പെടുന്നത്.
ഫയർ എന്ന ആശയത്തിന് ആധാരമായ ചിന്താ ധാരകൾ പുതിയതല്ല. 1700 കളിൽ തന്നെ 'ക്വിറ്റിങ് ദി റാറ്റ് റേസ്' എന്ന ആശയം പ്രബലമായിരുന്നു.
ഫയർ മൂവ്മെന്റിന്റെ പ്രധാന തത്വങ്ങളിൽ ഒന്ന് 'നിങ്ങളുടെ പണം, നിങ്ങളുടെ ജീവിതം' എന്നതാണ്. പരമാവധി ചെലവ് ചുരുക്കി ജീവിക്കുന്നതെങ്ങനെയെന്നുള്ള ടിപ്സ് ഫയറിന്റെ വക്താക്കള്‍ തന്നെ നമുക്ക് പറഞ്ഞു തരും.
റിട്ടയർമെന്റ് ഹാക്ക്സ്
ഉപഭോക്‌തൃ സംസ്ക്കാരം വളർത്തിയെടുത്ത ഒരു സമ്പദ് ഘടനയും അതിന്റെ നിയമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ജനവിഭാഗവും പിന്തുടരുന്ന രീതികളെ തീർത്തും ജീവിതത്തിൽ നിന്ന് ഒഴിവാക്കുകയാണ് ഫയറിന്റെ വക്താക്കൾ ചെയ്യുന്നത്.
ഫയർ മൂവ്മെന്റിനെ കുറിച്ച് ചർച്ച ചെയ്യുന്ന റെഡിറ്റ് മെസ്സേജ് ബോർഡുകളും മിസ്റ്റർ മണി മസ്റ്റാഷ് (Mr. Money Mustache) പോലുള്ള ബ്ലോഗ്ഗുകളും പ്രധാനമായും നിങ്ങളുടെ ഫിനാൻസ് എങ്ങനെ വിദഗ്ധമായി കൈകാര്യം ചെയ്യാം എന്ന് പറഞ്ഞുതരുന്നവയാണ്. പലതും അസാധ്യമെന്ന് തോന്നാമെങ്കിലും പലരും പരീക്ഷിച്ച് വിജയിച്ച വഴികളാണ് ഇവ.
ഉദാഹരണത്തിന് വരുമാനത്തിന്റെ 70 ശതമാനവും സേവിങ്സിലേക്ക് മാറ്റുന്നതെങ്ങിനെ. വിമാനയാത്രയുടെ ചെലവുകൾ എങ്ങനെ ചുരുക്കാം? പലചരക്ക് വാങ്ങുമ്പോൾ പണം എങ്ങനെ ലാഭിക്കാം? എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഇതിൽ പ്രധാനമായും പറയുന്നത്.
ഫയറിന് പലതരത്തിലുള്ള ഫിനാൻസ് ഹാക്‌സ് ഉണ്ട്.
1) ലീൻ ഫയർ (lean FIRE) അതായത് അതിതീവ്രമായ ചെലവുചുരുക്കല്‍
2) ഫാറ്റ് ഫയർ (fat FIRE)- സമ്പാദ്യവും നിക്ഷേപവും ഉൾപ്പെടുന്ന മാതൃകാപരമായ ഒരു ജീവിതചര്യ
3) ബാരിസ്റ്റ ഫയർ (barista FIRE) അതായത് സേവിങ്സിനായി പാർട്ട് ടൈം ജോലികൾ ഉൾപ്പെടെ ചെയ്ത് കൂടുതൽ പണം സമ്പാദിക്കുന്ന രീതി.
നിങ്ങളുടെ വരുമാനവും സമ്പാദ്യവും ചെലവും പരിശോധിച്ച് അതിനനുസരിച്ച് റിട്ടയർമെന്റ് എപ്പോൾ വേണം (30 വയസ്സിലോ അതോ 40 വയസ്സിലോ) എന്ന് തീരുമാനിക്കണം.
ചുരുക്കത്തിൽ ഫയർ എന്നാൽ ഒരു വ്യക്തിയുടെ ചെലവുകൾ ഗണ്യമായി ചുരുക്കി, സമ്പാദ്യം കൂട്ടി, വരുമാനം വർധിപ്പിക്കാൻ ഉതകുന്ന നിക്ഷേപങ്ങൾ നടത്തി നമ്മുടെ സാമ്പത്തിക നില ഭദ്രമാക്കുക എന്നതാണ്.
ഒന്നോർത്താൽ നമ്മുടെ കുടുംബത്തിലെ പ്രായം ചെന്നവർ ചെയ്തിരുന്നത് ഇതു തന്നെയല്ലേ. ജീവിതത്തിന്റെ നല്ല കാലത്ത് റിട്ടയർ ചെയ്തിരുന്നില്ല എന്ന വ്യത്യാസം മാത്രമേ ഉള്ളൂ.